പുതിയ തുടക്കങ്ങൾ
പുതിയ തുടക്കങ്ങൾ
അർക്കൻ തുടിക്കുന്ന പുലരിയിൽ,
മെല്ലെ മിഴി തുറന്നെന്നോ ഞാനും!
വസന്തം പിറക്കും എന്നാശയാൽ,
ജനാല വിരി മാറ്റി കൺ തിരുമ്മി.
ഹാ! നിഗൂഡം!, ഇനിയും മുളച്ചില്ല,
ഞാൻ നട്ട തൈകളും വിത്തും!
വിശ്വാസ വീചികൾ ചൊല്ലിയ പോലെ,
കൺ കെട്ടി വീണ്ടും വിരിമൂടി ഞാൻ.
പയ്യെ ഞാൻ ചെറുതായി അധരങ്ങളിൽ,
ചാലിച്ചു ചേർത്തൊരു ഹാസ കാവ്യം.
തുറക്കുന്ന മുന്നേ കൺപോള ഉള്ളിൽ,
തമസ്സെന്ന ആശാന്തിയെ കീറി മുറിച്ച്,
മറുഹാസം നൽകി കുറിയ മിഴി ഇണകൾ.
അധരങ്ങൾ കാണ്മാനായ് ഏന്തി ഞാൻ,
പക്ഷേ, ആ വദനം എന്തോ മറക്കുന്ന പോലെ!
എങ്കിലും മിഴികളിൽ ഞാൻ കണ്ട ഹാസം,
ഇരുളിൽ തെളിയുന്ന നിലവിന്റെ പ്രഭ പോൽ.
അസംഭവ്യം എന്ന് ഞാൻ ഉറപ്പിച്ച കാഴ്ചയോ?
കൺതുറക്കാൻ എന്റെ വെമ്പലും ഏറി.
മെല്ലെ ഞാൻ മിഴികൾ മിടിപ്പോടെ നീർത്തി,
ഹോ! എന്ത് ഭംഗി! ഇത് ഏദൻ വസന്തം!
ഇവിടെ തുടങ്ങുന്നു നവവത്സരങ്ങൾ,
ഇവിടെ ഒടുക്കണം എന്റെ ഈ ആയുസ്സും.
