Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sangeetha S

Tragedy Action Classics

4.5  

Sangeetha S

Tragedy Action Classics

ഏകാഗ്നി

ഏകാഗ്നി

1 min
357


ഓർമ്മയാം സിരകളിന്നകന്നുതുടങ്ങിയോ, 

തൂങ്ങിനടന്നൊരീ തൂവിരൽ തുമ്പുകൾ

തെന്നലിൽ ആടിയുലഞ്ഞുവോ…. 

നീയാം പൈതൃകം,നീയാം ഭൂമികയിന്നകലെ-

യെവിടോ നൊമ്പരം തന്നൊരീ

ഭിക്ഷാപാത്രത്തിൽ ഒരുമണിയരിക്കായ്;

പെയ്യുവാൻ വെമ്പുന്നൊരാ പേമാരിയായ്…. 

സ്മൃതിവിഭ്രമമല്ലിന്നെനിക്ക് തെളിയുന്നു 

പൈതലേ നിൻ മുഖം,


കണ്ടുഭയന്നൊരാ

പടയണിക്കോലത്തിലേക്കൊന്നു നോക്കാതെ

എൻ കസവുതുമ്പിലേക്കു നിൻ കൊച്ചു-

കരങ്ങളമർത്തി പിടിച്ചതും, തേങ്ങലടക്കുവാനാതെ പൊട്ടിപ്പോയൊരാ

കളിപ്പാട്ടമതെന്നിലേക്കു നീട്ടിയതും,

ആർദ്രമാം ഈ കൈതലത്തിനുള്ളിൽ നിൻ

വിരലുകളുണർത്തി ആദ്യാക്ഷരമതു

പകർന്നതും, 


ശർക്കരയിൽ തൂവിയൊരാ ഉണ്ണിയപ്പം

കൊതിയോടെ പങ്കിട്ടതും, 

ഈറൻമിഴിയതെന്നിലേയ്ക്കു നോക്കിയന്നാ-

ദ്യദിനമങ്ങു പള്ളിക്കൂടത്തിൻ വരാന്തയിൽ

നിന്നതും, നീ പാടിപ്പുകഴ്ത്തിയൊരാ നിന്റെ

നാവിൽ കിനിഞ്ഞൊരീ സ്വാദും, വാരിപ്പുണർന്നീണത്തിൽ ചൊല്ലിയൊരാ

താരാട്ടും ഓർമ്മയിലങ്ങനെ കിടക്കുന്നു-

വെന്നാൽ അതല്ലാതെ മറ്റെന്താണീ വൃദ്ധ-

യ്ക്കു കൂട്ടാനായി…

 

അറിയില്ല പൈതലേ നിനക്കു ഞാനന്യയായി-

ത്തീർന്നൊരാ മൂകരാവ്, ഞരമ്പുകൾ ഭേദിക്കുന്നൊരാ സ്മൃതിസ്തൂപത്തിൽ

ചിന്നിച്ചിതറിയൊരീ ചിത്രമതാ കലാലയവീഥി-

യിലാളൊഴിഞ്ഞൊരാ കോണിൽ നീ തന്നൊരീ 

വാക്കുകൾ മാത്രം; "വന്നിടരുതെൻ പിന്നിലായി.. . "

അന്നു നിനക്കു ഞാൻ ഭ്രാന്തിയായ് മാറിയത-

റിഞ്ഞില്ല പൈതലേ, എങ്കിലും വീണ്ടുമാ കൈത്തലമിതൊന്നു പുണരുവാൻ 

കൊതിയുണ്ടേറെയെൻ നെഞ്ചിലായ്..... 


കാലമതിരുളുന്നപോലൊരു തീക്കനൽ

മറച്ചുവെച്ചിട്ടുണ്ടെൻ കുരുന്നിനോടായ്:

"നീയൊരു തെരുവിൻ്റെ സന്തതിയെന്ന സത്യം", 

കുറിച്ചിട്ടൊരാ ദിനമതു : നിൻ പോറ്റമ്മ നിൻ പെറ്റമ്മയായതും,

തനിയെ ഞാൻ കടന്ന പാതയും ഇരുളിലേക്കു മാത്രമോ

മറന്നുവോ നീ പൊക്കിൾക്കൊടിക്കതീതമാ-

യൊരാ മാതൃത്വമെന്ന വെളിച്ചത്തെ.... 

നുറുങ്ങുന്നൊരീ ഹൃദയരേണുവിൽ വിധി

പുൽകും നേരമെത്തും മുൻപേ, ഒരു നോക്കു-

കാണുവാൻ നിനവുണ്ടു മകനേ, ആ

വിളിയൊന്നു കേൾക്കുവാനായ് കാതോർക്കുന്നു ഞാൻ:

ഇന്നീ പോറ്റമ്മ നിനക്കന്യയായൊരു അപരിചിത മാത്രമല്ലെ, 

നീങ്ങുകയാണു നിൻ വഴിയിൽ നിന്നകലെയായ്,

ഓർമ്മകൾക്കു മരണമില്ലല്ലോ മരിച്ചോരാത്മാവിലും....... 



Rate this content
Log in