വി റ്റി എസ്

Drama Romance Others

3  

വി റ്റി എസ്

Drama Romance Others

വെളുത്ത ചെമ്പരത്തി

വെളുത്ത ചെമ്പരത്തി

4 mins
1.1K



" ആരാ...സരസൂ.."

" ഓപ്പയാ ശശിയേട്ടാ.. അവിടംവരെ ചെല്ലാൻ.."

" നാലുമണിയാവട്ടെ...അപ്പോളേയ്ക്കും ഒന്നുറങ്ങാം.." ശശി മുറിയിലേക്ക് നടന്നു.

" എന്തിനാവും ഓപ്പ ചെല്ലാൻ പറഞ്ഞത് ." അതാലോചിച്ച് സരസൂ അടുക്കളയിലേയ്ക്കും നടന്നു.

****** ******** ******* ******

ഒരു കല്യാണാലോചനയോടെ ഈ വീട്ടിൽ ആരും പരസ്പരം മിണ്ടാതായി. അച്ചു ഓർത്തു.

പഴയ സന്തോഷം തിരിച്ചു കിട്ടാൻ എന്താ മാർഗം. ഒറ്റവഴിയെ ഉള്ളൂ .ഈ കല്യാണത്തിനു സമ്മതിക്കുക. അതിനു തനിക്കാവുമോ..എല്ലാവരേയും സങ്കടപ്പെടുത്തി മുന്നോട്ടുപോകാൻ തനിക്കാവില്ല. പക്ഷേ ശരത് പറയുന്നത് ദേവേട്ടൻ വാക്കുതന്നിട്ടുണ്ടെന്നാണ്.

ഈശ്വരാ ആരേയും സങ്കടപ്പെടുത്താതെ ഒരുമാർഗം കാട്ടിത്തരേണേ. അച്ചു മനമുരുകി പ്രാർത്ഥിച്ചു.

" ലളിതേ... ലളിതേ...".സുകു നീട്ടി വിളിച്ചു.

" അച്ചനല്ലേ..വിളിക്കുന്നത്.. " അച്ചു ഓടിയെത്തി.

" എന്താ അച്ഛാ.. "

" അമ്മയെന്തിയേ അച്ചൂ.."

" അടുക്കളയിൽ ഉണ്ട് ".

" നീ അമ്മേ വിളിക്ക് എനിക്ക് ഉമ്മറത്തിരിക്കണം . "

" ഞാൻ ഉണ്ടല്ലോ ..അച്ഛൻ എണീക്ക് .."

അച്ചു സുകുവിനെ താങ്ങിയെണീപ്പിച്ചു.

സുകു അച്ചുവിൻ്റെ കയ്യിൽ ഇറുകെപിടിച്ചു.പതിയെ നടന്ന് ഉമ്മറത്തെത്തി.

ചാരുകസാരയിൽ ഇരുത്തി.

" ഇനി നീ പൊക്കോ ..അമ്മയോട് വരാൻ പറ "

അച്ചു അടുക്കളയിലെത്തി.

" അമ്മേ അച്ഛൻ വിളിക്കുന്നു. ഉമ്മറത്തുണ്ട്."

" ഈശ്വരാ..ഈ സുകുവേട്ടൻ എന്തു ഭാവിച്ചാ ..റെസ്റ്റ് പറഞ്ഞിരിക്കുന്നതാ.." ലളിത തന്നത്താൻ പറഞ്ഞുകൊണ്ട് ഉമ്മറത്തെത്തി.

" എന്താ സുകുവേട്ടാ കുട്ടികളെപ്പോലെ.."

" അവരെ കണ്ടില്ലല്ലോ ലളിതേ..."

" നാലുമണിയായതല്ലേ ഉള്ളൂ ഇപ്പോൾ വരും.

ശശിയേട്ടന് ഉച്ചയുറക്കം പതിവല്ലേ.."

" ഉംം.. കല്യാണം ആകുമ്പോൾ ഈ വീടൊന്ന് വൃത്തിയാക്കണം. പെയിന്റിങ്ങ് ചെയ്യണം . കാവുംപുറം സുകുവിൻ്റെ മകളുടെ കല്യാണം ഒരു കുറവും ഉണ്ടെന്ന് ആരും പറയരുത്."

" അതിന് ശശിയേട്ടൻ എല്ലാം വേണ്ടപോലെ ചെയ്യും. സുകുവേട്ടൻ ടെൻഷൻ അടിക്കേണ്ട.

പോരാത്തതിന് വസും അവളുടെ മോനും ഉണ്ടല്ലോ .."

" അതും ശരിയാ.."

" ദാ..അവർ വരുന്നുണ്ടല്ലോ..." ലളിത പറഞ്ഞു.

ശശിയും സരസുവും കണ്ടു ഉമ്മറത്തിരിക്കുന്ന സുകുവിനെ.

" നിങ്ങളെന്നാ താമസിക്കുന്നത് എന്നും ചോദിച്ചു നോക്കിയിരിക്കുവാ .." ലളിത പറഞ്ഞു.

" സരസൂ വാ നമുക്ക് ചായയെടുക്കാം.." ലളിതയും സരസുവും അകത്തേക്ക് പോയി.

" എന്നാ സുകു വരാൻ പറഞ്ഞത്."

" കാര്യം ഉണ്ട്. ശരത് ഈ കല്യാണത്തിന് സമ്മതിക്കില്ല. എന്നാ ചെയ്യും.."

" എങ്കിൽ വേണ്ടെന്നു വെക്കണം. വേറെ നോക്കാം..എൻ്റെ മനസ്സിൽ വേറൊന്ന്ഉണ്ട് ."

" അതു മാത്രമല്ല ..ശരത് വേറൊന്നുകൂടി പറഞ്ഞു. ഈ കല്യാണം നടത്താൻ ആണെങ്കിൽ അവർ രണ്ടുപേരും ഉണ്ടാവില്ലെന്ന്.എന്താ അതിനർത്ഥം..നീ പറയ് ..അവ പലതും പറഞ്ഞു

പറഞ്ഞതൊക്കെ ശരിയുമാ."

" അവൻ എന്താ പറഞ്ഞത്. "

" അവൻ ലളിതയോടുപറഞ്ഞു .ചേച്ചിക്കുള്ള ചെറുക്കനെ അവൻ കണ്ടുപിടിച്ചോളാമെന്ന്.

എന്നോടുപറഞ്ഞു വസുധേടെമോൻ ദേവിനെകൊണ്ട് കെട്ടിച്ചാൽ മതിയെന്ന്. എന്താ നിൻ്റെ അഭിപ്രായം. " സുകു ചോദിച്ചു

" അവൻ കാര്യബോധമുള്ളവനാ.കണ്ടെത്തിയ ചെറുക്കൻ മിടുക്കനും. നടന്നാൽ നല്ലത്.സരസു എന്നോട് കുറച്ചു മുമ്പ് ഈ കാര്യം പറഞ്ഞതാണ്. നിനക്ക് സമ്മതാണോ .എങ്കിൽ നമുക്ക് ആലോചിക്കാം ."

" എനിക്ക് സന്തോഷമേ ഉള്ളൂ..ചോദിച്ചിട്ടു പറ്റില്ലാന്നുപറഞ്ഞാൽ അത് താങ്ങാൻ ഉള്ള കെൽപ് ഇപ്പോൾ എനിക്കില്ല. അതുകൊണ്ട് ആ ആഗ്രഹം മനസ്സിൽ വച്ചതാ.ശരത് പറഞ്ഞപ്പോൾ പിന്നെയും ആഗ്രഹിച്ചു പോകുന്നു.അതിനാ നിന്നെ വിളിച്ചത്‌.നമുക്കിത് ആലോചിക്കാം . .ഞാനും നീയും ശരത്തും അതാണ് ആഗ്രഹിക്കുന്നത്.

ആര് ചോദിക്കും .."

" ഞാൻ ചോദിക്കാം.. നാളെയാവട്ടെ .."

******* ******* ****** *****

കോളിംഗ് ബെൽ തുടരെത്തുടരെ അടിക്കുന്ന ശബ്ദം മുറിയിലായിരുന്ന ദേവ് കേട്ടു.

" ആരാവും ...അമ്മ എവിടെപോയി ." ദേവ് ഇറങ്ങിവന്നു. കതക് തുറന്നു .ആശ്ചര്യപ്പെട്ടു പോയി. ചിറ്റയും അമ്മാവനും ..

" കേറിവാ..ദേവ് " സന്തോഷത്തോടെ പറഞ്ഞു.

" ആരാ ദേവ് .." എന്നുചോദിച്ചുകൊണ്ട് വന്ന വസുധയ്ക്ക് സന്തോഷം അടക്കാൻ ആയില്ല.

വസുധയുടെ കണ്ണുനിറഞ്ഞു.

"ശശിയേട്ടാ ...വാ ..ഇരിക്ക് ..സരസൂ..വാടി ."

വസുധ പഴയ വസുധയായി എന്ന് സരസൂന് തോന്നി.

സരസു കണ്ടു വസുധയുടെ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ..

" വസുധേച്ചീ..ഇത്.. ഇത്രയും സ്നേഹം ഉണ്ടായിട്ടും ഒരു തവണപോലും എൻ്റെ അടുത്ത് വന്നില്ലല്ലോ.. "സരസു കരഞ്ഞുകൊണ്ട് പറഞ്ഞു.

" ഞാൻ വന്നേനെ സരസൂ ..നമ്മുടെ ഓപ്പയ്ക്ക് ഇനി നീയെ ഉള്ളൂ..നമ്മൾ പരസ്പരം കണ്ടാൽ അത് ഓപ്പയ്ക്ക് നിന്നോട് പൊറുക്കാൻ പറ്റാതാവും .നീയെങ്കിലും ഓപ്പയ്ക്കൊപ്പം ഉണ്ടാവണം . ഓപ്പയോടു ചെയ്ത തെറ്റിന് ഞാൻ സ്വീകരിച്ച ശിക്ഷയാണ്.

അതൊക്കെ കഴിഞ്ഞില്ലേ.. സാരമില്ല. വാ ശശിയേട്ടനോട് നന്നായി സംസാരിച്ചു പോലുമില്ല.."

അവർ ദേവിനും ശശിയുടേയും അടുത്തെത്തി.

" കല്യാണക്കാര്യം എന്തായി ശശിയേട്ടാ.. " വസു ചോദിച്ചു.

" അത് വേണ്ടെന്നുവച്ചില്ല..."

" ഞങ്ങൾ വന്നത് വേറൊരു കാര്യം ചോദിക്കാനും കൂടിയാ.."

ദേവും വസുധയും പരസ്പരം നോക്കി .

" ചോദിക്കാനോ... എന്താ..ശശിയേട്ടാ.

എന്നോട് ചോദിക്കുന്നതിന് മുഖവുര വേണമോ..കാര്യം പറ ശശിയേട്ടാ.."

ശശി സരസുവിനെ നോക്കി ..

" അത് ..കേട്ടുകഴിഞ്ഞാൽ ...അനുകൂലമായാലും പ്രതികൂലമായാലും ഇപ്പോൾ ഉള്ള സന്തോഷം കുറയരുത്.."

" കാര്യം പറയ് ശശിയേട്ടാ ടെൻഷൻ അടിപ്പിക്കാതെ.."

" ദേവിന് നമ്മുടെ അച്ചൂനെ ആലോചിച്ചാലോ.." ശശി പറഞ്ഞു നിർത്തി.

സരസു കണ്ടു വസുധയുടെ മുഖത്തെ പ്രസന്നത മാഞ്ഞ് ഗൗരവം സ്ഥാനം പിടിച്ചത്.

****** ***** ******* ****** *******

" സുകുവേട്ടാ എത്ര നേരായി ഈ ഇരിപ്പു തുടങ്ങിയിട്ട്. എണീക്ക് മുറിയിൽ പോകാം. കുറച്ചു നേരം കിടക്ക് .ഈ ഇരിപ്പ് ശരിയല്ല. "

ലളിത കുറെനേരമായി വിളിക്കുന്നു .സുകു കേൾക്കുന്ന മട്ടില്ല.

" അവർ വരട്ടെ ...കടയിലൊന്നും അല്ലല്ലോ പോയത്. പോയിട്ട് പെട്ടെന്ന് വരാൻ. വെറുതെക്കാരുടെ വീട്ടിലുമല്ല. സാവകാശത്തിലല്ലേ ഈ കാര്യം പറയാൻ പറ്റൂ."

" അവർ വരാതെ ഞാൻ കിടക്കില്ല. അവൾ എന്തു പറയും .അതറിയാതെ എനിക്ക് കിടക്കാൻ പറ്റില്ല.യാത്ര ചെയ്യാൻ എനിക്കാവുമായിരുന്നെങ്കിൽ ഞാനും പോയേനെ. " ഇടയ്ക്കിടയ്ക്ക് സുകു നെഞ്ച് തടവിക്കൊണ്ടിരുന്നു.

അച്ചുവിന് കാര്യം ഒന്നും മനസ്സിലായില്ല. അച്ഛനും അമ്മയും ശശിയമ്മാവനും ചിറ്റയും കൂടി ഇന്നലെ മുതൽ ഒതുക്കത്തിൽ എന്തൊക്കയോ സംസാരിക്കുന്നതും അവർ ഇന്നെവിടേയ്ക്കോ പോകുന്നതും കണ്ടു. എവിടേയ്ക്കാവും ശരത്തിനും യാതൊന്നും അറിയില്ല. അച്ഛൻ അവരെ നോക്കിയിരിക്കയാണ്.. അമ്മയോട് ചോദിച്ചാൽ ദേഷ്യപ്പെടും . ചിറ്റ വരുമ്പോൾ ചോദിക്കാം .. അച്ചു അങ്ങനെ സമാധാനിച്ചു.

****** ***** ***** ****** *****

"വസു.. നീ ഒന്നും പറഞ്ഞില്ല. "

" എന്തുപറയണം ശശിയേട്ടാ.. ഓപ്പ അറിഞ്ഞോ ഈ വരവ്.."

" ഓപ്പ അറിഞ്ഞില്ല വസുധേച്ചി .." സരസു ഇടയ്ക്ക് കടന്നുപറഞ്ഞു.

" ഓപ്പയറിയാതെ അച്ചൂന് ദേവിനെ ആലോചിച്ചാൽ ..ശരിയാവുമോ .."

" നിൻ്റെയും ദേവിൻ്റെയും അഭിപ്രായം അറിഞ്ഞിട്ടു പറയാം എന്നുകരുതി. " ശശി പറഞ്ഞു.

" ഓപ്പ പറ്റില്ലാന്നു പറഞ്ഞാൽ ..അല്ലേൽ അച്ചു വേണ്ടെന്നു പറഞ്ഞാൽ .."

വസുധയുടെ ചോദ്യത്തിന് ശശി മറുപടി പറഞ്ഞില്ല.

" ശശിയേട്ടാ.... ഇതിനുള്ള മറുപടി ഓപ്പയോട് നേരിട്ട് പറയാം ..ശശിയേട്ടൻ എന്നോട് ക്ഷമിക്കണം.. ഒരുനിമിഷം ദേവ് വരൂ.." വസൂവും ദേവും മുറിയിലേക്ക് പോയി.

ശശിയുടേയും സരഹുവിൻ്റെയും മുഖം നിരാശപൂണ്ടു.

അഞ്ചു മിനിറ്റിനുള്ളിൽ തിരികെ വന്ന് വസുധ പറഞ്ഞു.

" ശശിയേട്ടാ ഞങ്ങൾ കൂടെ വരുന്നു ഓപ്പയുടെ അടുത്തേക്ക്.."

" ഓപ്പയോട് വസുധേച്ചി എന്താവും നേരിട്ട് പറയാൻ പോകുന്നത് .." സരസു അതോർത്ത് വിഷമിച്ചു.

***** ***** ****** ****** *******

സുകുവിൻ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പടിപ്പുരകടന്ന് ഒരു കാർ മുറ്റത്തു വന്നു നിന്നു.

കാറിൽ നിന്നും ഇറങ്ങിയവരെ കണ്ട് സുകുവിൻ്റെ നെഞ്ചിടിപ്പ് കൂടി ..

തുടരും....




Rate this content
Log in

Similar malayalam story from Drama