N N

Drama Inspirational Children

3  

N N

Drama Inspirational Children

വൈഗയുടെ 30 ദിവസങ്ങൾ - വഞ്ചന

വൈഗയുടെ 30 ദിവസങ്ങൾ - വഞ്ചന

2 mins
213


ദിനം 6: 8 ജൂൺ 2020


തലവേദന കഠിനമായതോടെ വൈഗ മെഡിക്കൽ ഷോപ്പിൽ പോകേണ്ടന്ന് വച്ചു. അവൾ മിനിയെ വിളിച്ച് ലീവ് പറഞ്ഞു.


"അമ്മേ, നല്ല കടുപ്പത്തിൽ ഒരു കട്ടൻ കാപ്പി തരോ?"

"നീ പോയി കിടന്നോ, ഞാൻ ഉണ്ടാക്കി കൊണ്ടുവരാം."

"ഉം..."

കിടക്കാൻ തോന്നിയില്ല, അവൾ ഇറയത്തു വന്നിരുന്നു.


"ആഹാ നീ ഇവിടെ ഇരിക്കുവാണോ, ദാ കട്ടൻകാപ്പി."

"കിടക്കാൻ തോന്നുന്നില്ല അമ്മേ,മൈഗ്രേൻ വീണ്ടും തുടങ്ങിയെന്നാ തോന്നണെ."

"അതെങ്ങനാ, നീ ഒരു മരുന്ന് തീർത്ത് കഴിക്കോ? നൂറുകൂട്ടം സംശയങ്ങളും, സൈഡ് എഫക്ടുകളും. പിന്നെങ്ങനെ കുറയും?ഫാർമസിസ്റ്റ് ആകാൻ പോയപ്പോ ഇത്രയും തലവേദന ആകുമെന്ന് ആര് കണ്ടു!"

"അമ്മ അകത്തേക്ക് ചെല്ല്, എനിക്ക് തല്ലു കൂടാൻ വയ്യ."

ശാരദ പിന്നെ ഒന്നും മിണ്ടിയില്ല.


"ഗൗരി, എവിടെ അമ്മേ?"

"അവൾ മുറിയിൽ ഉണ്ട് ഇന്ന് മോഡൽ എക്സാം ആണ്."

 ഗൗരി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സെന്റ് മേരീസ് ഹൈസ്കൂളിൽ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തു പഠിക്കുന്നു.


"വെറുതെയല്ല കാണാത്തത്, പാവം എക്സാം എഴുതുവാല്ലേ?"

"എന്ത് എക്സാം, ഇതൊക്കെ ആണോ എക്സാം. അവൾക്ക് ഒരു കൂസലുമില്ല, ഒന്നും പഠിക്കാതെ പോയിരിപ്പുണ്ട്. ഞങ്ങളുടെ കാലത്തൊക്കെ പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. ഓണപ്പരീക്ഷക്ക് പോലും പഠിക്കാതെ പോയിട്ടില്ല. ഇവളൊക്കെ എന്ത് വേഷംകെട്ടാ കാണിക്കുന്നത്. ഓൺലൈൻ കൂടി ആക്കിയപ്പോൾ സുഖമായി, ഫോണിന്റെ അടിയിൽ ബുക്ക് വെച്ചിട്ടാണെഴുത്ത്‌. ഇത് പരീക്ഷയാണോ!"

ശാരദ നെടുവീർപ്പെട്ടു.


"നോക്കിയെഴുതുന്നോ, എന്ത്... ഉത്തരമോ...?"

"ഉത്തരമല്ലാതെ ചോദ്യമാണോടി നോക്കി എഴുതുന്നത്?"

"ഓഹോ കോപ്പിയടി അല്ലേ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ വഞ്ചന...ടീച്ചറോട് കാണിക്കുന്ന വഞ്ചന."

"എന്തു പറയാനാ?"

"അമ്മ എന്നിട്ട് ഒന്നും പറയാതെ അനുവാദം കൊടുത്തിട്ട് പോന്നല്ലേ?"

"ഞാനെന്ത് ചെയ്യാനാടി അനുസരിക്കണ്ടേ, പറയാനല്ലേ പറ്റൂ?"


 വൈഗ അകത്തേക്ക് പോയി. ഗൗരി എഴുതിക്കൊണ്ടിരിക്കുകയാണ്, തന്നെ കാണാത്ത വിധം വൈഗ ഫോൺ സ്ക്രീനിലേക്ക് നോക്കി. ഒന്നുമറിയാതെയോ, അറിഞ്ഞോ വഞ്ചിക്കപ്പെട്ട ടീച്ചർ കുട്ടികളെ വീക്ഷിക്കുന്നുണ്ട്. അവൾ പതിയെ ചെന്ന് ഗൗരിയുടെ തുറന്നുവച്ച ബുക്ക് വലിച്ചെടുത്തു. ഗൗരി അമർഷത്തോടെ വൈഗയെ നോക്കി.


"എന്താ ഇത്?"

"എന്താ ഗൗരി പ്രശ്നം?"

 ഗൗരിക്ക് പെട്ടെന്ന് സ്ഥലകാലബോധം വന്നു.

"ഒന്നുമില്ല ടീച്ചറെ."

"എങ്കിൽ മര്യാദക്ക് ഇരുന്നു എഴുത്."

 വൈഗ പുറത്തേക്കിറങ്ങി പോയി.


..........................


"ചേച്ചി എന്ത് പണിയാ കാണിച്ചത്?"  ഗൗരി വൈഗക്ക് നേരെ ചീറി.

"അത് മനസ്സിലായില്ലേ?"

"ഞാൻ എങ്ങാനും പരീക്ഷയ്ക്ക് തോറ്റാൽ അപ്പൊ കാണാം ബാക്കി."

"മര്യാദയ്ക്ക് പഠിച്ചു എഴുതണം ഞങ്ങളൊക്കെ അങ്ങനെയായിരുന്നു, അല്ലാതെ നിന്നെപ്പോലെ കള്ളത്തരം കാണിച്ചു ജയിക്കുവല്ല."

"അത് താൻ നോക്കണ്ട, ഞാനെന്റെ ഇഷ്ടംപോലെ ചെയ്യും."

"ചെയ്തോ, ആരു പറഞ്ഞു വേണ്ടെന്ന്. പക്ഷേ ആ ടീച്ചറെ വിഡ്ഢിയാക്കാൻ പറ്റത്തില്ല. നീയൊക്കെ ശരിക്കും ക്ലാസ്സിൽ ആയിരുന്നെങ്കിൽ എങ്ങനെ എഴുതും. ഇതുപോലെ ബെഞ്ചിനടിയിൽ തുറന്നു വെക്കോ?"


ഗൗരി അവളുടെ കയ്യിൽ നിന്നും ബുക്ക്‌ തട്ടിപ്പറിച്ചെടുത്തു.

"ഞാനിനിയും എനിക്കിഷ്ടമുള്ള പോലെ ചെയ്യും."

വൈഗ അവളുടെ ചുണ്ടിൽ പരിഹാസം വരുത്തി.

"ഹാ... ചെയ്‌തൊന്നേ, നീ എന്താന്ന് വെച്ചാ ചെയ്യ്. പക്ഷെ ടീച്ചറെ ഞാനറിയിക്കും."

 വൈഗ ഫോണെടുത്ത് ഗൗരിയുടെ ക്ലാസ് ടീച്ചറുടെ നമ്പർ എടുത്തു.


"ഞാൻ വിളിക്കണോ വേണ്ടേ?"

 ഗൗരിക്ക് കുലുക്കം ഒന്നുമുണ്ടായില്ല.

"വൈഗേ വേണ്ട, നീയൊന്നടങ്ങ്"

ശാരദ അവളോട് കെഞ്ചി.

"നാണമില്ലല്ലോ അമ്മയ്ക്ക്, മകൾക്ക് തെറ്റ് ചെയ്യാൻ വളം വെച്ചു കൊടുക്കുന്നു. അമ്മ അറിഞ്ഞിട്ടു കൂടി പ്രതികരിച്ചോ? അതാ ഇവളിത്രെയും തന്റേടിയായത്. ഞാൻ വിളിക്കാൻ പോകുവാ."

 

വൈഗ ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചു. ഗൗരിക്ക് പരിഭ്രാന്തിയായി.

"അയ്യോ വേണ്ട ചേച്ചി, ഞാൻ ഇനി ചെയ്യത്തില്ല. പറയല്ലേ...ഞാൻ ചെയ്യത്തില്ല..."

അവൾ കെഞ്ചി.


"ഹലോ സുമി ടീച്ചറല്ലേ ഞാൻ ഗൗരിയുടെ ചേച്ചിയാ, വൈഗ."

............


"ഗൗരിയുടെ ഒരു കാര്യത്തിനു വേണ്ടി വിളിച്ചതാണ്."

.............


 ഗൗരിക്ക് ശ്വാസമെടുക്കാൻ പോലും തോന്നിയില്ല. ക്ലാസ് ടീച്ചറുടെ ഇഷ്ട വിദ്യാർത്ഥിയായ താൻ കള്ളിയാകാൻ പോവുകയാണ്. അവളുടെ കണ്ണ് നിറഞ്ഞു.


"ഗൗരി എങ്ങെനെയുണ്ട് ടീച്ചർ, പഠിക്കുന്നുണ്ടോ, ക്ലാസ്സൊക്കെ അറ്റൻഡ് ചെയ്യുന്നുണ്ടോ?"

..............


"ടോപ്പർ ആണല്ലേ, ഓക്കേ ടീച്ചർ. അവൾ ഒഴപ്പുന്നുണ്ടോ എന്നറിയാനാ വിളിച്ചത്."

...........

"ഓ. കെ ടീച്ചർ, താങ്ക് യു."


 വൈഗ ഫോൺ വെച്ചിട്ട് ഗൗരിക്ക് നേരെ തിരിഞ്ഞു, വലിയൊരാശ്വാസം അവളുടെ മുഖത്ത് നിഴലിച്ചു.


"ക്ലാസ്സ്‌ ടോപ്പർ ആയ നിനക്ക് മടി കയറിയിട്ട് കൊറോണ കാലത്തെ മുതലെടുക്കുവാ, അല്ലേടി. മേലിൽ ഇതാവർത്തിക്കരുത്. ആവർത്തിച്ചാൽ ഒന്നും നോക്കത്തില്ല ഞാൻ പറഞ്ഞേക്കാം."


 വൈഗ അവൾക്കു താക്കീതു നൽകി.

"കയറി പോടീ..."


 ഗൗരിയുടെ തല താഴ്ന്നു അവൾ കണ്ണുനീർ തുടച്ചു കൊണ്ട് അകത്തേക്ക് പോയി.


"അമ്മയിനി കൂട്ട് നിന്നാൽ അമ്മയെയും കൂടി ചേർത്തായിരിക്കും ടീച്ചറോട് പറയാൻ പോകുന്നത്, പറഞ്ഞില്ലെന്ന് വേണ്ട."

"എന്നെ വിട്ടു പിടിക്ക്, എനിക്ക് മല്ലിടാൻ വയ്യ."

ശാരദ അടുക്കളയിലേക്ക് പോയി.


വൈഗ ടീച്ചറുടെ നമ്പറിലേക്ക് ഒന്ന് കൂടി വിളിച്ചു. അവളുടെ ചുണ്ടിൽ ചിരി വിടർന്നു.

"മതിയായ ബാലൻസില്ലാത്തതു മൂലം താങ്കൾക്ക് ഈ കാൾ ചെയ്യുവാൻ സാധ്യമല്ല. കൂടുതൽ ഓഫറുകൾ അറിയുവാനായി 121 ലേക്ക് വിളിക്കുക".


Rate this content
Log in

Similar malayalam story from Drama