Read #1 book on Hinduism and enhance your understanding of ancient Indian history.
Read #1 book on Hinduism and enhance your understanding of ancient Indian history.

N N

Drama Inspirational


4  

N N

Drama Inspirational


വൈഗയുടെ 30 ദിവസങ്ങൾ - പെണ്ണുകാണൽ

വൈഗയുടെ 30 ദിവസങ്ങൾ - പെണ്ണുകാണൽ

3 mins 140 3 mins 140

ദിനം 15: 14 ഒക്ടോബർ 2020


"ശാരദ ചേച്ചി, അപ്പോ ചെക്കൻ കൂട്ടരോട് ഈ ഞായറാഴ്ച വരാൻ പറയട്ടായോ? "

"ഞാനവളോട് ഒന്ന് ചോദിച്ചിട്ട് പറയാം, ഷാജി."

"ഓ... കൊച്ചിനോടെന്ത് ചോദിക്കാൻ,23 അല്ലേ... കെട്ടുപ്രായം തികഞ്ഞു. ഇനി എന്നാ ചോദിക്കാനാ...?"

"അതല്ല ഷാജി, ആദ്യത്തെ കാര്യം കൊണ്ടു വന്നപ്പോൾ തന്നെ കാലു പിടിച്ചിട്ടാ ചെറുക്കന്റെ മുന്നിൽ വന്നു നിന്നത്. ഒരാഴ്ച പോലും കഴിഞ്ഞിട്ടില്ല, അവൾക്ക് ദേഷ്യം കേറുമായിരിക്കും."

"നമ്മൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പിന്നെന്തിനാ ചേച്ചി നമ്മൾ തന്തയും തള്ളയുമായിരിക്കുന്നത്?"

"എന്നാ വരാൻ പറ, അവൾക്ക് ജോലി ഒന്നുമില്ലാത്തതുകൊണ്ട് കുഴപ്പമില്ല, ഞാൻ സമ്മതിപ്പിച്ചോളാം."

"അപ്പൊ പറഞ്ഞതു പോലെ."


ഷാജി ഗേറ്റിന് അവിടെ എത്തിയതും വൈഗയുടെ സ്കൂട്ടർ കയറി വന്നു. ശാരദയുടെ ഉള്ളൊന്നു കിടുങ്ങി, അയാൾ അവളെ നോക്കി ചിരിച്ചിട്ട് കടന്നു പോയി.


"അയാൾ എന്തിനാ അമ്മേ വന്നത്? ആദ്യത്തെ കാര്യം വേണ്ടെന്നു പറഞ്ഞില്ലേ?"

"അത് വേറൊന്നിനും അല്ല, വേറൊരാലോചന..."


 ശാരദ മുഴുവൻ പറയുന്നതിനു മുന്നേ അവൾ ചൂടായി.


"ഞാൻ അമ്മയോട് പറഞ്ഞതല്ലേ എനിക്ക് ഇപ്പോ നോക്കണ്ടെന്ന്. എന്റെ അനുവാദം പോലും ചോദിക്കാതെ ഒരാളെ കൊണ്ടു വന്നു, നാണം കെടുത്തണ്ട എന്ന് വിചാരിച്ച് മാത്രമാണ് വന്നു നിന്നത്."

"എടീ, നിന്റെ കല്യാണം അല്ലല്ലോ ഒരു പെണ്ണുകാണൽ അല്ലേ?"

"എന്ത് കുന്തമാണെങ്കിലും ഇപ്രാവശ്യം ഞാൻ വഴങ്ങി തരും എന്നമ്മ വിചാരിക്കേണ്ട."

"മോളെ നല്ല ബന്ധമാ... ആ ചെക്കൻ ഡോക്ടറാണ്."

"എന്ത് ഡോക്ടർ ആണെങ്കിലും ശരി അമ്മേ, നടക്കില്ല. അവർ നാണംകെട്ട് പോകേണ്ടി വരും."


"നിനക്ക് വയസ്സ് 23 ആണ്. നീ എന്താ വിചാരിക്കുന്നത്?"

"എന്താ 23 എന്ന് പറഞ്ഞാൽ കുഴിയിലോട്ട് പോകാറായോ...?"

"വൈഗ നിനക്ക് നാവ് കൂടുന്നുണ്ട്, മിണ്ടാതിരിയെടി. ഞാൻ പറയും, നീ അനുസരിക്കും. അച്ഛൻ പറയുന്നതും നോക്കി തുടങ്ങിക്കൊന്നാ... "

"അപ്പോ എന്റെ സമ്മതം നോക്കണ്ടേ, നിങ്ങളാണോ കെട്ടാൻ പോണേ? എനിക്ക് പിജി എടുക്കണം, ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആയിട്ട് കയറണം, പുറത്തേക്ക് പോകണം... ഈ സ്വപ്നങ്ങൾ ഒക്കെ ബാക്കിയാക്കി എന്നെ തളച്ചിടാം എന്ന് വിചാരിക്കേണ്ട. ഡോക്ടർ എന്ന് കേട്ടപ്പോൾ നിങ്ങളുടെ മനസ്സിളകി കാണും."


"എടി, കെട്ടിയാലും പഠിക്കാലോ?"

"ഇല്ല പറ്റില്ല, കെട്ടിയാൽ എത്ര പഠിപ്പു നടക്കുമെന്നറിയാം. ഇനി സമ്മതിച്ചാലും എനിക്കൊരു സമയം ഒന്നേ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുള്ളൂ. ഷോപ്പിലെ ജോലി, വീട്ടു ജോലി, പഠനം ഇതെല്ലാം കൂടി എനിക്ക് പറ്റത്തില്ല."

"ശരി, നീ എന്ന് കെട്ടാനാ ഉദ്ദേശിക്കുന്നത്?"

"27 വയസ്സിനപ്പുറം പോകില്ല."

"അയ്യോ 27 വയസ്സിനപ്പുറം പോകില്ല പോലും... എന്നാ എന്റെ മോള് പിന്നെ കെട്ടേണ്ട കാര്യമില്ല." അവർ അവളെ കളിയാക്കി.

"ഓ അങ്ങനെയെങ്കിൽ സൗകര്യം... " അവളും വിട്ടുകൊടുത്തില്ല.


"നീ ഒന്നും പറയണ്ട ഞങ്ങൾ പറയുന്നത് അനുസരിച്ചാൽ മതി. ആ ബ്രോക്കറിന്റെയും, ചെറുക്കന്റെയും 

മുന്നിൽ നാണംകെടുത്താൻ നിൽക്കരുത്."

"ഞാൻ ഒന്നുകൂടി ഉറപ്പിച്ചു പറയുകയാണ്, നിങ്ങൾ നാണം കെട്ടാൽ എന്നെ കുറ്റം പറയാൻ നിൽക്കരുത്," വൈഗ ഉറഞ്ഞുതുള്ളി.

"നിക്കെടീ, നിനക്ക് വല്ല പ്രേമം ഉണ്ടോ "

"ഓ കല്യാണം വേണ്ട എന്ന് പറഞ്ഞാൽ പിന്നെ പ്രേമം ആണല്ലോ. അമ്മയെന്താ പൊട്ടിയാണോ? എന്റെ പ്ലാൻ ഞാൻ പറഞ്ഞതല്ലേ, എനിക്ക് പഠിക്കണം. ഇനി പ്രേമത്തിന്റെ സംശയമാണെങ്കിൽ അതും ഉണ്ടെന്ന് കൂട്ടിക്കോ."

 വൈഗ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.


ഞായറാഴ്ച രാവിലെ.


"എടീ, നീ എഴുന്നേറ്റ് ഒരുങ്ങ്."

"എനിക്ക് ഉറങ്ങണം."

"വൈഗ, നീ കിടന്നു കളിക്കരുത്."

"എന്ത്‌ ശല്യമാ ഇത്? ഇളയ മോളെ കൊണ്ടു പോയി നിർത്ത്."


 ശാരദ ഒന്നും മിണ്ടാതെ പുറത്തേക്ക് വന്നു. സമയം പത്താകാറായി. ശാരദക്ക് ആദി കയറി തുടങ്ങി. അവർ വൈഗയുടെ പുതപ്പ് വലിച്ചു മാറ്റി അവളുടെ ചുമലിൽ ആഞ്ഞൊരടി കൊടുത്തു.

"എഴുന്നേല്ക്കെടീ അനുസരണയില്ലാത്തവളെ, അതിങ്ങപ്രസംഗി!"

 അവർ വീണ്ടും അവൾക്കൊരടി കൊടുത്തു.


ഏറെ നേരത്തെ പറച്ചിലിനൊടുവിൽ അവൾ എഴുന്നേറ്റു ഒരുങ്ങി. ശാരദ പറഞ്ഞപ്രകാരം എല്ലാം അവൾ ചെയ്തു, ഭംഗിയായി ഒരുങ്ങിക്കഴിഞ്ഞു. 11 മണി കഴിഞ്ഞപ്പോൾ ചെറുക്കനും കൂട്ടരും എത്തി. വൈഗ ചായ കൊണ്ടു പോയി കൊടുത്തു.

"ഇതാണ് പയ്യൻ, പേര് വരുൺ."

വരുൺന്റെ അമ്മ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. പയ്യനെ മോശം പറയാൻ പറ്റില്ല സുമുഖൻ, സുന്ദരൻ. ഒരു ഡോക്ടറുടെ എല്ലാ ലുക്കുമുണ്ട്, അല്പം ഗൗരവക്കാരൻ ആണെന്ന് തോന്നുന്നു.

"ധർമ്മഗിരിയിൽ കാർഡിയോളജിസ്റ്റ് സർജനാണ് "

 വൈഗ അതിനും ചിരിച്ചു.

 അവർ വീണ്ടും തുടർന്നു.

"കുട്ടി ഫർമസിയാണല്ലേ പഠിച്ചത്?"

"അതെ."

"എന്താ അവിടെ കൊണ്ട് നിർത്തിയത്?"

"പിജി എടുക്കണം "

"ഉം..." അവർ മൂളി.

"ഹോസ്പിറ്റലിൽ ഒന്നും ജോലി കിട്ടിയില്ലേ കുട്ടിക്ക്. മെഡിക്കൽഷോപ്പിൽ ഒക്കെ കയറിയിട്ട് വലിയ കാര്യമൊന്നുമില്ല. കല്യാണം കഴിഞ്ഞാൽ ധർമ്മഗിരിയിൽ തന്നെ നോക്കാം."

അവരുടെ സംസാര രീതി അവൾക്കത്ര പിടിക്കുന്നുണ്ടായിരുന്നില്ല.


"ഇവർ മാത്രം തീരുമാനിച്ചാൽ മതിയോ?" വൈഗയുടെ ഉള്ളിൽ പുച്ഛം ഉറവെടുത്തു.

 "മെഡിക്കൽ ഷോപ്പിൽ കയറിയിട്ടു കാര്യമില്ല പോലും...അതുകൊണ്ട് എനിക്കൊരു വരുമാനമുണ്ട്."

അവൾ ഉള്ളിൽ ചിന്തിച്ചു കൂട്ടി.

"പിള്ളേർക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ."

ആരോ ഒരാൾ പറയുന്നത് കേട്ടവൾ വിയർത്തു. കാലുകൾക്ക് ബലം ഇല്ലായ്മ പോലൊരു തോന്നൽ അവൾക്കനുഭവപ്പെട്ടു. സകല ധൈര്യവും കൈവരിച്ചവൾ താൻ കണ്ടുവച്ച വാക്കുകൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.


"എനിക്ക് സംസാരിക്കാൻ ഒന്നുമില്ല... കാരണം എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല. ഇതെന്നല്ല, എന്റെ സ്വപ്നങ്ങൾ പൂർത്തിയാകുന്നതു വരെ... നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ആവുന്നത് ഞാൻ പറഞ്ഞതാണ്, കേൾക്കാതെ വന്നപ്പോൾ എനിക്ക് ഒരു വഴിയും ഇല്ലാതായി. അതു കൊണ്ടാണ് ഈ വേഷം കെട്ടിയത്."

അതും പറഞ്ഞ് വൈഗ അകത്തേക്കോടി, മുറിയിൽ കയറി വാതിലടച്ചു. ശ്വാസം വലിച്ചു വിട്ടു, കൈകാലുകൾ ഇപ്പോഴും വിറച്ചു കൊണ്ടിരിക്കുകയാണ്. അവൾ ദീർഘ ശ്വാസം എടുത്തു. പുറത്ത് എന്തോ ഒച്ചയൊക്കെ നടക്കുന്നുണ്ട്. വൈഗ വാതിൽ പാതി തുറന്ന് ചെവി കതകിനോട് ചേർത്തു.


"എന്തായാലും ഇത്രയ്ക്ക് വേണ്ടായിരുന്നു ചേച്ചി, ഞാനിനി അവരോട് എന്ത് സമാധാനം പറയും? പെണ്ണിന് വല്ല പ്രേമം ഉണ്ടെങ്കിൽ അത് നടത്തിക്കൊടുക്ക്."

ബ്രോക്കറുടെ കോപം നിറഞ്ഞ സംസാരം വൈഗ വ്യക്തമായി കേട്ടു. ഏതാനും മിനിറ്റുകൾ നിശബ്ദമായിരുന്നു. ശാരദ അവളുടെ കതക് തള്ളി തുറന്നു.

"എന്താടി നീ കാണിച്ചത്? എന്തിനാ ഇങ്ങനെ നാണം കെടുത്തിയത്?"

ശാരദയിൽ കാണാത്ത ഒരു ഭാവം വൈഗ കണ്ടു. അവൾ ഒന്നു പതറിയെങ്കിലും അടുത്ത നിമിഷം സകല ധൈര്യവും വീണ്ടെടുത്തു പറഞ്ഞു.


"ഇത് നിങ്ങൾക്കുള്ള പാഠമാണ്, എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാണ്. ആ ബ്രോക്കറെ കൊണ്ട് പ്രേമമാണെന്നൊക്കെ പറയിപ്പിച്ചപ്പോ സമാധാനമായില്ലേ നിങ്ങൾക്ക്? എന്നാലും വീണ്ടുമിതാവർത്തിച്ചു കൊണ്ടിരിക്കും. ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു ട്രയൽ സാമ്പിൾ ഞാൻ കാണിച്ചെന്നേയുള്ളൂ... എന്റെ പ്രായവും, നിങ്ങളുടെ സൗകര്യവുമല്ല... ഞാൻ മാനസികമായി എന്ന് തയ്യാറെടുക്കുന്നോ, അന്നേ എന്റെ കല്യാണം നടക്കുള്ളൂ... അതെനിക്ക് 30 ആയാലും ശരി 35 ആയാലും ശരി അതിനുപറ്റിയ ഒരാൾ ഉണ്ടാകും, ഇല്ലെങ്കിൽ വേണ്ട."

ശാരദയെ പുറത്തേക്ക് തള്ളി വൈഗ കതകടച്ചു. ഗൗരി ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്. ശാരദ ശബ്ദിക്കാനാകാതെ വാതിലിനു പുറത്ത് പ്രതിമ കണക്കെ തറഞ്ഞു നിന്നു.


Rate this content
Log in

More malayalam story from N N

Similar malayalam story from Drama