N N

Drama Romance Tragedy

3  

N N

Drama Romance Tragedy

വൈഗയുടെ 30 ദിവസങ്ങൾ - മാനസി

വൈഗയുടെ 30 ദിവസങ്ങൾ - മാനസി

2 mins
153


ദിനം 4: 4 മെയ്‌ 2020


വൈഗയുടെ സ്കൂട്ടറിന്റെ ശബ്ദം കേട്ടെങ്കിലും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് ശാരദ മുറിയിൽ ചെന്നു നോക്കി.

"ഇവളിത് എവിടെപ്പോയി; കാണാനില്ലല്ലോ, ഇനി തോന്നിയതാണോ എനിക്ക്?"

ശാരദ മുൻവശത്തേക്ക് വന്ന് നോക്കി.

"ആഹാ, നീ ഇവിടെ തന്നെ ഇരിക്കുവാണോ? പോയി കുളിക്കെടി."

വൈഗ മിണ്ടാതിരുന്നു.


"വൈഗേ, നിനക്ക് ചെവിയില്ലേ?"

"അമ്മേ, ഞാനൊരു ചോദ്യം ചോദിക്കട്ടെ? ഇന്ന് മിനി എന്നോട് ചോദിച്ച ഒരു ചോദ്യമാണ്. ഞാൻ ആയിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ചിന്തിച്ചതാ."

"എന്താ?"

ശാരദ തിണ്ണയിലിരുന്നു.


"ഞാൻ ചുരുക്കി പറയാം." വൈഗ ഉഷാറായതു പോലെ നിവർന്നിരുന്നു.

"മിനിയുടെ വീടിനടുത്തുള്ള ഒരു കുട്ടിയാ. നല്ല കൂട്ടുകാരാ രണ്ടു പേരും. പേര് മാനസി. ഈ കുട്ടിയും ഒരാളും നാലുവർഷമായി പ്രണയത്തിലാണ്. ഇവരുടെ വീടിനടുത്ത് തന്നെയാണ് അയാളും. രണ്ട് വർഷം മുമ്പ് ഇയാൾ ദുബായിൽ ജോലിക്ക് പോയി. കൺസ്ട്രക്ഷൻ വർക്ക് ആയിരുന്നു. ഏഴു മാസം മുമ്പ് ജോലിക്കിടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണതാ, തളർന്നു പോയി. മിണ്ടാനൊന്നും വയ്യ. ചുരുക്കി പറഞ്ഞാൽ ഒരു കോമാ സ്റ്റേജ്. ഈ കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടിയുടെ കല്ല്യാണമായിരുന്നു. വരൻ ഈ തളർന്ന കാമുകനല്ലെന്ന് മാത്രം. എന്ത് ദുഷ്ടത്തിയാ ആ പെണ്ണ്! അതും ഈ തളർന്ന ചെക്കനോട് പോയി പറഞ്ഞു മാപ്പ് ചോദിച്ചുവത്രേ. പാവം ചെക്കൻ അത് അറിയാതെ ആയിരുന്നുവെങ്കിൽ പിന്നെയും ഭേദമായിരുന്നു. ദുഷ്ടത്തി!"

"എന്ത് ദുഷ്ടത്തരം?"


"ആഹാ, അമ്മ കൊള്ളാലോ! അവളാ ചെയ്തത് ശരിയാണോ? നാലുവർഷം പ്രണയിച്ചിട്ട് ആ ചെക്കന് ഒരു ആപത്തു വന്നപ്പോൾ ഇട്ടിട്ടു പോയി. ഇങ്ങനൊക്കെയുള്ള കണ്ണി ചോരയില്ലാത്ത പ്രവർത്തികൾ മനുഷ്യന്മാർ ചെയ്യരുത്."

"എനിക്കൊരു തെറ്റായ പ്രവർത്തിയും തോന്നുന്നില്ല, വൈഗേ. യാതൊരു ഉറപ്പും ഇല്ലാത്ത ഒരു ജീവിതമാണ് ആ പയ്യന്റെ. ആരും കെട്ടിച്ചു കൊടുക്കില്ല അങ്ങനൊരാൾക്ക്. "

"അതു കൊടുക്കത്തില്ല,അപ്പൊ തന്റെടമില്ലെങ്കിൽ പ്രേമിക്കാൻ പോകരുതായിരുന്നു. അല്ല, അമ്മ ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ?"

"അത് പറയാം. അതിനു മുമ്പ് നീ ആയിരുന്നെങ്കിലോ?"

"ഞാനായിരുന്നെങ്കിൽ വേറൊരാളെയും കെട്ടില്ല, സുഖപ്പെടുമെന്ന വിശ്വാസത്തിൽ ആ പുള്ളിക്ക് താങ്ങും തണലും ആകും."

"ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കാൻ കൊള്ളാം, നീ ഉൾപ്പെടെ ആ പെൺകുട്ടി ചെയ്തതേ ചെയ്യുള്ളു, വൈ."

"അമ്മക്ക് തോന്നുന്നതാ!"


"അത് എന്തെങ്കിലുമാകട്ടെ, ഞാനാണെങ്കിൽ നീ പറഞ്ഞത് പോലെ തന്നെ ചെയ്യുള്ളു."

"ആഹാ, എന്നിട്ടാണോ എന്നെ പുച്ഛിച്ചത്?"

"പക്ഷേ ഇപ്പൊ എനിക്ക് മറ്റൊരു മറുപടി കൂടിയുണ്ട്. ഞാൻ ഒരു അമ്മയാണ്, രണ്ട് പെൺകുട്ടികളുമുണ്ട്. അങ്ങനെ ഒരു ചെറുക്കനെ കൊണ്ട് എന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കില്ല. ഒരിക്കലും. നാല് അല്ല പത്തു വർഷം ആണെങ്കിലും ശരി. നടക്കില്ല, അല്ലെങ്കിൽ അവൾ ധിക്കരിച്ചു പോകണം. "

"ഓഹോ, അപ്പൊ കെട്ടിച്ചു വിട്ടതിനുശേഷം ആണെങ്കിലോ ഇങ്ങനെ സംഭവിക്കുന്നത്?"

"അത് വിധിയാണ്, അനുഭവിക്കാൻ വിധിച്ചിരിക്കുന്ന അദൃശ്യമായ വിധി. എന്നാൽ ഇതു പോലെ അറിഞ്ഞു കൊണ്ട് ആ ഒരു വിധിയിലേക്ക് വിടില്ല. ഒരുവിധപ്പെട്ട  പെൺകുട്ടികൾ ഹൃദയവേദനയോടെ അത് സമ്മതിക്കുകയും ചെയ്യും. നാലു വർഷത്തെക്കാളേറെ പത്തിരുപത് വർഷം വളർത്തിയ അച്ഛനമ്മമാരോടുള്ള പ്രണയം കാരണം. അവർക്കൊക്കെ നീ ഉൾപ്പെടെയുള്ള സമൂഹം ദുഷ്ടത്തി എന്നോ കണ്ണിൽ ചോരയില്ലാത്തവളെന്നോ ഒക്കെ വിളിക്കും".


വൈഗ ഒരു നിമിഷം ചിന്തിച്ചു.

"വീരവാദം മുഴക്കി ഇവിടെ കുത്തിപ്പിടിച്ചിരിക്കാണ്ട് പോയി കുളിക്കെടി!"

"അല്ല അമ്മേ, അപ്പൊ മാനസി ചെയ്തതിൽ തെറ്റില്ലേ?"

"ഇവിടെയിരുന്ന് മോൾ തന്നെ ചിന്തിച്ചു കണ്ടുപിടിക്ക്, എന്നിട്ട് കൊറോണയും കൊണ്ടകത്തേക്ക് വാ. മാസ്കും ഊരി താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുവാ, പോടീ അകത്തേക്ക്!"

ശാരദ കയ്യോങ്ങി.

"ആ... തല്ലല്ലേ അമ്മേ, പോകുവാ!"

വൈഗ അമ്മയെ അനുസരിച്ച് അകത്തേക്കൊടി. ശാരദ ചിരിച്ചു.


Rate this content
Log in

Similar malayalam story from Drama