N N

Drama Inspirational Children

3.5  

N N

Drama Inspirational Children

വൈഗയുടെ 30 ദിവസങ്ങൾ - കേക്ക്

വൈഗയുടെ 30 ദിവസങ്ങൾ - കേക്ക്

4 mins
236


ദിനം 13: 10 സെപ്റ്റംബർ 2020


നാളെ അച്ഛന്റെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്. അച്ഛന് ഈ വർഷത്തെ ലീവ് ഇതുവരെയും കിട്ടിയിട്ടില്ല മിക്കവാറും അടുത്ത മാർച്ചിൽ ആയിരിക്കും കിട്ടുക. അച്ഛനൊപ്പമില്ലാത്തതുകൊണ്ട് തന്നെ അമ്മ വെഡിങ് ആനിവേഴ്സറി ആഘോഷിക്കാറില്ല. അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് ആശംസിക്കും, ചിരിക്കും, പിന്നെ കരയും. പതിവ് കാര്യങ്ങൾ വൈഗ ആലോചിച്ചിരുന്നു. എന്നാൽ സമാധാനവും,സ്നേഹവും, യുദ്ധവും കോർത്തിണക്കിയ 25 വർഷം ആണ് ഈ ആനിവേഴ്സറി. അമ്മ ആഘോഷിച്ചില്ലെങ്കിലും വെറൈറ്റി ആക്കണം എന്ന് അവൾ ചിന്തിച്ചു.


 ഷോപ്പിൽ തിരക്ക് കുറഞ്ഞ സമയത്ത് വൈഗ മിനിയോട് അഭിപ്രായം ചോദിച്ചു.


"എന്തെങ്കിലും വെറൈറ്റി ആയി ചെയ്യണം."

"നീ എന്താ ഉദ്ദേശിക്കുന്നത്, അമ്മ ആഘോഷിച്ചില്ലെങ്കിൽ പിന്നെ വെറൈറ്റി ആക്കിയിട്ട് കാര്യമുണ്ടോ? "

"ഇല്ല, അതു കൊണ്ടു തന്നെ വീട്ടിൽ പരിപാടിയൊന്നുമില്ല. 25 വർഷം എന്ന് പറയുമ്പോൾ കാൽനൂറ്റാണ്ട് തികഞ്ഞില്ലേ, അതിന്റെ ഭാഗമായി ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് എന്തെങ്കിലും ചെറിയൊരു കാര്യം. "

"ഓ... അങ്ങനെ നോക്കുമ്പോൾ... "

മിനി ആലോചിച്ചു. വൈഗ അവൾക്കൊരു ഉദാഹരണം ഇട്ടു കൊടുത്തു.


"ഞാൻ ആദ്യം വിചാരിച്ചു ഭണ്ടാരത്തിൽ പൈസ ഇടാമെന്ന്, പിന്നെ ചിന്തിച്ചു വല്ല അനാഥാലയങ്ങൾക്കും കൊടുത്താലോന്ന്. പക്ഷേ പൈസ കൊടുക്കണ്ട എന്ന് കരുതി. "

"പിന്നെ...?"

"വലിയൊരു കേക്കുണ്ടാക്കാം, എന്നിട്ട് അത് കൊടുക്കാം. അപ്പൊ വെറൈറ്റിയുമാകും, ആരും അങ്ങനെയൊന്നും ചെയ്യാറില്ലല്ലോ? വെഡിങ് ആനിവേഴ്സറി എന്നൊക്കെ പറയുമ്പോൾ കേക്ക് ഒക്കെയല്ലേ മുറിക്കുക. "

"അത് നല്ല കാര്യമാണ്. അങ്ങനെയെങ്കിൽ പറ്റിയ ഒരു സ്ഥലമുണ്ട്. നെയ്യാറ്റിൻകരയിൽ നിന്ന് കുറച്ചു ഉള്ളിലായി ഒരു അനാഥാലയം ഉണ്ട്. അവിടെ കൊടുക്കാം, അധികം വരുമാനം ഒന്നും ഇല്ലാത്ത ഒരു അനാഥാലയമാണ്. ആ കുഞ്ഞുങ്ങൾക്കും മോഹം കാണില്ലേ കേക്ക് ഒക്കെ കഴിക്കാൻ."


"എങ്കിൽ അവിടെ കൊടുക്കാം. എത്ര കുട്ടികൾ ഉണ്ടാകും ? "

"നൂറിൽ താഴെയുള്ളു. കുറച്ച് ട്രാവൽ ചെയ്യേണ്ടി വരും, ഒന്നരമണിക്കൂർ യാത്ര ഉണ്ടാകും."

"അത് സാരമില്ല, നാളെ മൂന്നുമണിക്ക് ഇറങ്ങിയാൽ പോരെ?"

"ആ എങ്കിൽ എത്തും."

"അപ്പൊ ഇതുറപ്പിച്ചു."

 വൈഗയും മിനിയും കൈ കൊടുത്തു.


 ടിയ ആമോ കേക്ക് കഫേയിൽ ഓർഡർ കൊടുത്ത 4 കിലോഗ്രാം വരുന്ന വലിയൊരു സെറ്റ് ഐസൻ വിത്ത് ക്രിസ്പല്ലോ അവൾ സ്കൂട്ടറിൽ വെച്ചു. പറഞ്ഞതു പോലെ അവർ നന്നായി പൊതിഞ്ഞിട്ടുണ്ട്. അഡ്രസ്സ് ചോദിച്ചും ഗൂഗിൾ മാപ്പിന്റെ സഹായത്തോടും അവൾ സന്നിധി ഓർഫനേജിൽ എത്തി. ആദ്യമായി വന്നതു കൊണ്ടും വഴി പരിചയം ഇല്ലാത്തതു കൊണ്ടും രണ്ടുമണിക്കൂർ സമയമെടുത്തു.


നല്ല ശാന്ത പ്രദേശം. ചുറ്റും മരങ്ങളും, പൂക്കൾ നിറഞ്ഞ പൂന്തോട്ടവും,കരിങ്കൽ പാകിയ ഭിത്തികളും, ലൗ ബേർഡ്സിന്റെ കളി ഒച്ചകളും... എല്ലാംകൂടി ഒരു മനോഹര കാഴ്ചയാണ് സന്നിധി അവൾക്ക് സമ്മാനിച്ചത്. നല്ലൊരു ഉന്മേഷം തോന്നി വൈഗക്ക്. തന്റെ തീരുമാനം നന്നായെന്നവൾ മനസ്സിൽ പ്രശംസിച്ചു.


"വൈഗ, നിന്റെ പ്രവർത്തികൾ അംഗീകാരം അർഹിക്കുന്നത് തന്നെയാണ്...'

"ആരാ എന്തുവേണം? " പിന്നിൽ നിന്നും കപ്യാരുടെ ചോദ്യം വന്നു.

"ആ... ഞാൻ വൈഗ. കുറച്ചുദൂരെ നിന്നാണ്... ഈ അനാഥാലയത്തെ പറ്റി പറഞ്ഞു കേട്ടിട്ട് വന്നതാണ്." വൈഗ അവളുടെ ഉദ്ദേശ്യം വിവരിച്ചു. കപ്യാർ ചിരിച്ചു.

"ഇവിടെ ആദ്യമായി കിട്ടുന്ന ഒരു പുതുമയുള്ള സംഭാവനയാണിത്. കുട്ടി വരൂ, അച്ഛനെ കാണാം."

 കപ്യാരുടെ വാക്കുകൾ കേട്ടതും അവൾ തന്നെ ഒന്നുകൂടി പ്രശംസിച്ചു.

"ഇവിടെ നിന്നോളൂ കുട്ടി, ഞാൻ അച്ഛനോട് സംസാരിക്കട്ടെ "

"ഓ... ശരി."

കപ്യാർ അകത്തേക്ക് പോയി.


പഴക്കമേറിയതാണെങ്കിലും കരിങ്കല്ലിൽ തീർത്ത ഭംഗിയുള്ള കെട്ടിടങ്ങൾ. താൻ ഏതോ പതിനെട്ടാം നൂറ്റാണ്ടിൽ എത്തിയ പോലൊരു നൊസ്റ്റാൾജിയ അവൾക്കനുഭവപ്പെട്ടു. "ഫാദർ ബെന്നി തകരൻ." അവൾ പുറത്ത് തൂക്കിയ മരത്തിന്റെ ചീളിൽ കൊത്തിയ പേര് വായിച്ചു.


"കുട്ടി അകത്തേക്ക് വന്നോളൂ."

"ഇരിക്കൂ."

 ബെന്നി അച്ഛൻ കസേരയിലേക്ക് കൈ ചൂണ്ടി പറഞ്ഞു.

"താങ്ക് യു ഫാദർ." വൈഗ ചിരിച്ചു.

വെളുത്ത താടിരോമങ്ങളും, സ്വർണ കണ്ണടയും, ചുളിവുകൾ വന്നു തുടങ്ങിയതും, ദയ നിറഞ്ഞതുമായ മുഖം... എല്ലാം കൂടി ഒരു ക്രിസ്മസ് അപ്പൂപ്പനേ പോലൊരച്ഛൻ.


"കൊച്ചിന്റെ 

 ഉദ്ദേശം നല്ലതുതന്നെ

. ഇവിടുള്ളത് തീർത്തും അനാഥരായ കുഞ്ഞുങ്ങളാണ്.86 കുട്ടികളാണ് എനിക്ക് ഉള്ളത്. അച്ഛനമ്മമാർ ഇല്ലാത്ത അവരുടെ ആഗ്രഹങ്ങളും, സന്തോഷവും നിറവേറ്റി കൊടുക്കാൻ എനിക്ക് പരിമിതികളുണ്ട്. ഈ അനാഥാലയത്തിനുള്ള ഏക വരുമാനം ഇടവകക്കാർ നൽകുന്ന സംഭാവനകൾ തന്നെയാണ്,പിന്നെ എന്റെ ശമ്പളവും.

 അതുകൊണ്ട് അതുങ്ങൾക്ക് മുടങ്ങാതെ അന്നം കൊടുക്കാൻ കഴിയുന്നുണ്ട്. അതിനിടയിൽ ഇതുപോലുള്ള വിലപിടിച്ച കേക്ക് അവർ കഴിച്ചിട്ടില്ല.ആഗ്രഹങ്ങൾ കാണുമായിരിക്കും. അവർക്കറിയാവുന്ന രുചി ക്രിസ്മസിനു നൽകുന്ന പ്ലം കേക്ക് മാത്രമായിരിക്കും.


 അപൂർവ്വമായി വന്ന ഈ സംഭാവനയിൽ ഞാൻ കുഞ്ഞിനോട് നന്ദി പറയുന്നു."

"അതിന്റെ ആവശ്യമൊന്നുമില്ല ഫാദർ." അവൾക്ക് തന്റെ പ്രവർത്തിയിൽ അഭിമാനം തോന്നി.

"ഇതെടുത്ത് വെക്കൂ പൗലോസ്," അച്ഛൻ കപ്യാരോട് പറഞ്ഞു.

 വൈഗ ടേബിളിൽ വച്ച കേക്ക് പൊതി അയാൾ രണ്ടുകൈകൊണ്ടും സൂക്ഷ്മതയോടെ എടുത്തു കൊണ്ടു പോയി.

"കുഞ്ഞേ, നിന്റെ പ്രവർത്തി നല്ലതാണ്. അതിന് നിനക്ക് ദൈവം നന്മ വരുത്തും. ഈ കേക്ക് കഴിക്കുന്നതിലൂടെ അതിന്റെ രുചി എന്റെ കുഞ്ഞുങ്ങളറിഞ്ഞു ഇത് എത്തിച്ച അവരറിയാത്ത ഈ മാലാഖക്ക് വേണ്ടി പ്രാർത്ഥിക്കും. അവർ ഇനിയും രുചി ഓർക്കുമ്പോൾ ഈ മാലാഖ വീണ്ടും എത്തിക്കുമോ? "

 വൈഗക്ക് മനസ്സിലായില്ല. അവൾ വാക്കുകൾ കിട്ടാതെ പരതുന്നത് കണ്ടു അച്ഛൻ മൃദുവായി ചിരിച്ചു.


"പറ്റില്ല അല്ലേ? 6 മാസത്തിലൊരിക്കൽ മതി."

വൈഗ അന്തം വിട്ടു.

"അല്ല ഫാദർ, ഞാൻ കുറച്ചു ദൂരെ നിന്നാണ് വർഷത്തിലൊരിക്കൽ മതിയെങ്കിൽ തീർച്ചയായിട്ടും ഞാൻ ഉറപ്പു തരാം."

"എത്ര രൂപ ചിലവായി കുട്ടിക്ക്?"

"എന്ത്‌ പറ്റി ഫാദർ?"

"പറഞ്ഞോളൂ."

"2500"

"കുട്ടിക്കത് നിസ്സാരമാണല്ലേ?"

വൈഗ ഒന്നും മിണ്ടിയില്ല.


"ഈ ഒരു മുറി കേക്ക് അവരുടെ രുചി മാത്രമേ അകറ്റുള്ളൂ, വിശപ്പകറ്റില്ല. പിന്നെയും ആ രുചി കൊതിപ്പിക്കും,എന്നാൽ ആഗ്രഹം നിറവേറില്ല. അവർ തങ്ങൾക്ക് ലഭിക്കാത്ത ഭാഗ്യത്തെ ഓർത്ത് നിരാശപ്പെടും. ഒന്നില്ലെങ്കിൽ ആ ആഗ്രഹത്തെ നിറവേറ്റി കൊണ്ടിരിക്കണം. നിനക്കതിന് കഴിയില്ല. 2500 രൂപക്ക് 60, 65കിലോ  അരി നീ സംഭാവന ചെയ്തിരുന്നെങ്കിൽ അതുങ്ങളുടെ ഒരു ദിവസത്തെ വിശപ്പകറ്റാമായിരുന്നു. നിന്റെ തീരുമാനം നല്ലതു തന്നെയാണ്. അതിന്റെ പുണ്യം കുട്ടിയുടെ അച്ഛനുമമ്മയ്ക്കും ലഭിക്കും.എന്നാൽ വിവേകത്തോടെ ചിന്തിച്ച് തീരുമാനമെടുത്താൽ അത് മാറ്റ് നിറഞ്ഞ 

പുണ്യമായി തീരും. യാചിക്കുന്ന എല്ലാവർക്കും നീ പണം കൊടുക്കുമ്പോൾ നീ ധരിക്കും പുണ്യമാണെന്ന്, എന്നാൽ അതിൽ നിന്നും അർഹതപ്പെട്ടവരെ തിരഞ്ഞു അതേ പണം നീ കൊടുക്കുമ്പോൾ ആ പുണ്യത്തിനു മാറ്റു കൂടും. ഞാൻ ഉദ്ദേശിച്ചത് മനസ്സിലായില്ലേ കുട്ടി നിനക്ക്? "

വൈഗ നിശബ്ദയായി.

"ഞാൻ നിന്നെ പരിഹസിക്കുകയല്ല, പഠിപ്പിക്കുകയാണ്. നീ നഷ്ടപ്പെടുത്തുന്ന പണത്തിന്റെ മാറ്റുകൂട്ടുവാൻ വേണ്ടിയാണ് കുഞ്ഞേ... "


വൈഗ ചിന്തിച്ചു മനസ്സിലാക്കി തന്റെ തീരുമാനം തെറ്റായിപ്പോയെന്ന്. രുചിയറിയുന്നതിലുപരി ഈ കുട്ടികൾ ശരിക്കും ആഗ്രഹിക്കുന്നത് വിശപ്പകറ്റുവാനാണ്. തന്റെ ബുദ്ധി ഇല്ലായ്മയിൽ അവൾ പരിതപിച്ചു. സ്വയം പ്രശംസിച്ചു കൊണ്ടിരുന്ന താൻ ആ വലിയ മനുഷ്യനു മുന്നിൽ ചെറുതായി കൊണ്ടിരിക്കുന്നത് പോലെ അവൾക്ക് തോന്നി.

"സോറി ഫാദർ, എനിക്ക് തെറ്റ് പറ്റി പോയി. ഞാനിനി ഇതുപോലുള്ള തെറ്റുകൾ ആവർത്തിക്കില്ല. "

 അവൾ ഫാദറിന് ഉറപ്പുനൽകി. തകരനച്ഛൻ പുഞ്ചിരിച്ചു. അവൾ സന്നിധി യുടെ കോൺടാക്ട് വിലാസം മേടിച്ചു കൊണ്ട് അച്ഛനോട് യാത്ര പറഞ്ഞു.

"ഗോഡ് ബ്ലെസ് യു!"

അച്ഛൻ അവളെ അനുഗ്രഹിച്ചു.


അവൾ സ്കൂട്ടർ വച്ച മാവിൻ ചുവട്ടിലേക്ക് നടന്നു. സന്നിധിയുടെ മുറ്റത്ത്, അനുഗ്രഹിക്കുന്ന ഒരു ഈശോയുടെ പ്രതിമയ്ക്കു മുന്നിൽ സംഭാവനകൾ ഇടുന്ന ഭണ്ഡാര കുറ്റി വൈഗ ശ്രദ്ധിച്ചു. അവൾ ബാഗ് തുറന്ന് 2500 രൂപ എടുത്താ കുറ്റിയിൽ ഇട്ടു, സന്തോഷത്തോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്കിറങ്ങി. സായാഹ്ന വെയിലിന്റെ ചുവപ്പുനിറം മാവിലകളിൽ തട്ടി ഭണ്ഡാര കുറ്റിക്കു മുകളിൽ എഴുതി വച്ചിരിക്കുന്ന വാക്കുകളിൽ പ്രതിഫലിച്ചു.

"നീ ദാനം നൽകുന്ന ഓരോ രൂപയ്ക്കും എന്റെ കുഞ്ഞുങ്ങൾ നിന്നോട് കടപ്പെട്ടിരിക്കുന്നു".


Rate this content
Log in

Similar malayalam story from Drama