വൈഗ വസുദേവ്

Drama Romance Tragedy

4  

വൈഗ വസുദേവ്

Drama Romance Tragedy

വൈഗ - ഭാഗം പത്ത്

വൈഗ - ഭാഗം പത്ത്

4 mins
220


"നിങ്ങൾ എന്താണ് പറയുന്നത്? ഇവളെ കളിപ്പിച്ചെന്നോ...?" രാജഷ് ചോദിച്ചു.

"അതെ, നല്ലതിനു വേണ്ടി ഒരുകള്ളമൊക്കെ പറയാം..." പ്രതീക്ഷ് പുഞ്ചിരിയോടെ പറഞ്ഞു.

"നല്ലതിനു വേണ്ടിയോ...?"

"അതെ... നിങ്ങളുടെ അമ്മ എവിടെയാണെന്ന് ഞങ്ങൾക്കറിയാം..."


"എന്നിട്ട് ആദ്യമേ പറഞ്ഞില്ല...?"

"മായേച്ചിയോടും പറഞ്ഞില്ല. രാഹുലിന് അറിയാം. അമ്മയുടെ അടുത്ത് വരികയും ചെയ്തു."

"ഈശ്വരാ... എന്നിട്ട് ഇക്കാര്യം ഞാനറിഞ്ഞത് ഇന്നലെ. മറ്റൊരാൾ പറഞ്ഞ്," ദീപയ്ക്ക് സങ്കടവും സന്തോഷവും ഒരുമിച്ചായി കണ്ണുനിറഞ്ഞു.


"അമ്മ എവിടുണ്ട്... പറയൂ...?"

"പറയാം... അമ്മ സുരക്ഷിതയാണ്... ആകെയുള്ള സങ്കടം ദീപേച്ചിയെ ഓർത്താണ്." 

"രാജേട്ടന് സമ്മതമാണെങ്കിൽ ദീപേച്ചി ഞങ്ങൾക്കൊപ്പം പോന്നോളൂ..തിരികെ കൊണ്ടുവിടാം..."വൈഗ പറഞ്ഞു.

"അതെ, അതാണ് നല്ലത്..." പ്രതീക്ഷ് പറഞ്ഞു.


ദീപ സമ്മതത്തിനായി രാജേഷിന്റെ മുഖത്തു നോക്കി...

"പോയി അമ്മെകൂട്ടിക്കൊണ്ടു വരട്ടെ, രാജേട്ടാ..."

രാജേഷ് ഒന്നാലോചിച്ചു.

"ശരി... പോയി കൂട്ടിവാ..."


ദീപ വേഗം തന്നെ ഫ്രഷ്‌ ആയിവന്നു.

"അപ്പോൾ ശരി, ഇനിയും കാണാം..." അവർ യാത്ര പറഞ്ഞിറങ്ങി.


.............  ............  ............


"ഗീതമ്മയ്ക്കിന്നെന്താ ഒരു സന്തോഷവും ഇല്ലാത്തെ... " അതിലെ വന്ന റഹീമ ചോദിച്ചു.

"ഏയ് ഒന്നുമില്ല..."

"വൈഗ വന്നു പോയതിനു ശേഷം ഒരേ ഇരുപ്പാണല്ലോ...? ഞാൻ രണ്ടുമൂന്നു തവണ ഇതുവഴിപോയപ്പോഴും ഗീതമ്മ ഈ ഇരിപ്പാണ്. എന്തിനാ സങ്കടപ്പെടുന്നത്...? നാളെയും വൈഗ വരമല്ലോ...?"


"അവൾ വരും... അതറിയാം. എന്നാലും... അവർ പോയിക്കഴിഞ്ഞപ്പോൾ തൊട്ട് മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടം."

"ആവശ്യമില്ലാത്തതൊന്നും ഓർക്കാതെ... ഓർത്തിട്ട് എന്താ നേട്ടം? മനസ് വിഷമിക്കും എന്നുമാത്രം... ഒന്നു മയങ്ങ്..."

ഗീതമ്മ തലകുലുക്കി.


ഗീതമ്മ കിടക്കുന്നത് കണ്ടിട്ടാണ് റഹീമ പോയത്... കുറേനേരം കഴിഞ്ഞപ്പോൾ മയക്കം കൂട്ടിനെത്തി.


............    ..............    ..............


ദീപയുടെ മുഖത്ത് സങ്കടത്തിനു പകരം ആകാംക്ഷയായി.

"നിങ്ങൾ എന്തിനാ എന്നോട് കള്ളം പറഞ്ഞത്?"


"ദീപേച്ചി അമ്മെ തിരക്കി വന്നതാണെന്ന് ഞങ്ങൾക്ക് മനസിലായി... ഞങ്ങൾക്ക് ചേച്ചീടെ അമ്മ എവിടാണെന്നു അറിയാം എന്നു പറഞ്ഞാൽ ചേച്ചി വിശ്വസിക്കുമോ...? ഇല്ല... ഞങ്ങളുടെ കൂടെ വാ അമ്മയെ കാണിച്ചു തരാം എന്നുപറഞ്ഞാൽ കൂടെ വരുമോ... ഇല്ല... അപ്പോൾ കള്ളം പറയാം എന്നു കരുതി. ആ കള്ളം പറഞ്ഞതു കൊണ്ട്... ഗുണം ഉണ്ടായി. ചേച്ചിയുടെ വീടും ചേട്ടനെയും കണ്ടു. നല്ലതിനു വേണ്ടിയല്ലേ ചേച്ചി...?" പ്രതീക്ഷ് ചിരിയോടെ പറഞ്ഞു.


"ദീപേച്ചിയുടെ വീട് സ്വന്തമാണോ...?" വൈഗ ചോദിച്ചു.

"അല്ല... വാടകയ്ക്കാണ്..."

"ചേട്ടന് വീടൊന്നുമില്ലാരുന്നോ...?"

"ഉണ്ടായിരുന്നു... അത് കൊടുത്തു... ചെറിയ വാടകയ്ക്ക് ഈ വീടെടുത്തു."

"ഉംം..."


"അമ്മയെ എങ്ങനെ കണ്ടുമുട്ടി...?"

"അതൊക്കെ ഒരു കഥയാണ്... ദീപേച്ചി... പിന്നെ പറയാം..."

"ദീപേച്ചി നല്ലോരു വീടെടുത്തു കൂടെ... അമ്മയെയും കൂട്ടാലോ...?"

ദീപയുടെ മുഖം മങ്ങി.


"വിഷമിപ്പിക്കാനല്ല... അമ്മയെ കൂടെ കൂട്ടണമെന്ന് ചേച്ചിക്കുണ്ടോ...?"

"ഉണ്ട്... അമ്മ അഭിമാനിയാണ്, അതാ എൻ്റൊപ്പം നിൽക്കാത്തെ... എന്നാലും വീടുവിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. അച്ചൻ്റെ മരണശേഷം കൂലിപ്പണി എടുത്താണ് ഞങ്ങളെ പഠിപ്പിച്ചതും... "

"അതൊക്കെ സാധാരണയല്ലേ...? അച്ഛനില്ലേൽ അമ്മ മക്കളെ വളർത്തിയല്ലേ പറ്റൂ... അതല്ലല്ലോ കാര്യം. അച്ഛൻ എങ്ങനെയുള്ള ആളായിരുന്നു... അമ്മയോട് സ്നേഹമുള്ള ആളായിരുന്നോ...?" പ്രതീക്ഷ് ചോദിച്ചു.


"ഉംം.. ഞങ്ങളുടെ ചെറുപ്പത്തിൽ മരിച്ചു പോയതാണ്... ആ സ്നേഹം ഞങ്ങൾക്ക് വിധിച്ചിട്ടില്ല. അമ്മയ്ക്കും..."

"അമ്മ അച്ഛനെപ്പറ്റി ഇഷ്ടമില്ലാത്ത രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ...?"

പ്രതീക്ഷ് എന്തൊക്കയാ ഈ ചോദിക്കുന്നത്. ദീപേച്ചിയുടെ അച്ഛനെക്കുറിച്ചറിഞ്ഞിട്ട് എന്തുകാര്യം...? വൈഗ മനസ്സിൽ പറഞ്ഞു.


"ഇല്ല... എന്താ ഇങ്ങനൊക്കെ ചോദിക്കാൻ...?"

"ഏയ്, ചുമ്മാ ചോദിച്ചതാണ്..."

"ഇനിയും ഒരുപാട് ദൂരമുണ്ടോ... വൈഗേ...?"

"ഇല്ല ചേച്ചി, ഒരു പത്തു മിനിറ്റ്.., അത്രേ ഉള്ളൂ."


കാർ തണലിൻ്റെ ഗേറ്റ് കടന്ന് നിന്നു. ദീപ കാറിലിരുന്ന് ബോർഡ് വായിച്ചു.

തണൽ അഗതി മന്ദിരം... 

"ഈശ്വരാ അമ്മ ഇവിടെയോ...?" ദീപ ചോദ്യരൂപേണ വൈഗയെ നോക്കി.

"ദീപേച്ചി ഇറങ്ങിവരൂ... അമ്മ ഇവിടാണ്..." വൈഗ കാറിൽ നിന്നും ഇറങ്ങിയിട്ട് പറഞ്ഞു.

"ഞാനിപ്പോൾ വരാം..." വൈഗ പറഞ്ഞു.


പ്രതീക്ഷ് ദീപയെ കൂട്ടി വിസിറ്റിങ് റൂമിൽ എത്തി.

"ഇവിടെ ഇരിക്ക് ചേച്ചി... അവൾ അമ്മെക്കൂട്ടി വരും..."

ദീപ കസേരയിൽ ഇരുന്ന് അവിടെമാകെ നോക്കി...


  .............   ..............    ............


"രാജേട്ടാ... ഇങ്ങനെ എത്രനാൾ ജീവിക്കും...? കടക്കാരുടെ മുന്നിൽ എത്രനാൾ അവധി പറയും...? നമ്മളെ സഹായിക്കാൻ ആരുമില്ല... അഥവാ സഹായിച്ചാൽ തന്നെ അതും എത്രനാൾ...? ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ. മടുത്തു. ജീവിതത്തിൽ ഒരിക്കൽ എങ്കിലും സന്തോഷം വേണ്ടേ...?"


"കുഞ്ഞിലെ മുതൽ ദുരിതങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ ഉണ്ടായിരുന്നപ്പോൾ അമ്മയും അച്ഛനും തമ്മിൽ കാരണമില്ലാതെ വഴക്കുണ്ടാക്കുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നിയിരുന്നത്. വളർന്നപ്പോൾ ആണ് അറിയുന്നത് അച്ഛന് മറ്റൊരു ഭാര്യയും മോനുമുണ്ടെന്ന്... അതാണ് അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിൻ്റെ കാരണം എന്ന്... അച്ഛൻ്റെ മരണത്തോടെ ആകാര്യം സൗകര്യം പോലെ എല്ലാവരും മറന്നു. അവകാശം പറഞ്ഞ് അവർ ഒരിക്കൽ പോലും വന്നിട്ടില്ല . അവർ എവിടാണോ...? അറിയില്ല. തിരക്കിയിട്ടും ഇല്ല.  


അമ്മയുടെ മനസ്സിൽ കുറ്റബോധമാണ്. അവർക്കും കൂടി അവകാശപ്പെട്ടത് കൊടുക്കാത്തതിൽ. അതിൻെറ ശിക്ഷയാണ് അമ്മ അനുഭവിക്കുന്നത് എന്നാണ്. ആ വസ്തുവിൽ കുറച്ചു ഭാഗം വിറ്റിട്ടല്ലെ എന്നെ കെട്ടിച്ചത്? എനിക്കും ഇതാണ് അവസ്ഥ. ഞാനും അമ്മ പറയുന്നത് വിശ്വസിച്ചു പോവാണ്. കിടപ്പാടം പോലും ഇല്ലാണ്ടായില്ലേ...? കിടപ്പാടം പോലുമില്ലാതെ മുന്നോട്ടെങ്ങനെ ജീവിക്കും രാജേട്ടാ...?"


"രാജേട്ടന് ജീവിക്കാൻ കൊതിയുണ്ടോ... എനിക്കില്ല."

"നീ പറഞ്ഞതാ ശരി... ഈ കടങ്ങൾ വീട്ടാനോ... ഒന്നും നമുക്കാവില്ല. മക്കൾ... അവർ..."

രാജേഷ് അത്രയേ പറഞ്ഞുള്ളൂ.


"നമ്മൾ ഇല്ലാത്ത ലോകത്ത് നമ്മുടെ മക്കളും വേണ്ട..." ദീപ രാജേഷിൻ്റെ നെഞ്ചിൽ തലചായ്ചു. കണ്ണിൽ നിന്നും കണ്ണുനീരൊഴുകി രാജേഷിന്റെ നെഞ്ചിൽ വീണു.

"കരയാതെ... കരയാതെ... മക്കൾ കാണും... കണ്ണുതുടയ്ക്ക്..." രാജേഷ് ദീപയുടെ മുടിയിൽ തലോടി.


"നമുക്ക് ഈ ജീവിതം വേണ്ട രാജേട്ടാ..." കണ്ണീരിൽ കുതിർന്ന വിക്കുകളാൽ ദീപ പറഞ്ഞു.

"ഉംം..." രാജേഷ് മൂളി.

"ഞാനിപ്പോൾ വരാം, രാജേട്ടാ ..."

അല്പ നിമിഷങ്ങൾക്കുശേഷം ദീപ പറഞ്ഞു.


"അച്ഛാ... !!"

മഹിയും ഗിരിയും രാജേഷിന്റെ അടുത്തേയ്ക്ക് ഓടി വന്നു. മുറ്റത്ത്‌ കളികഴിഞ്ഞു വരുന്ന വഴിയാണ്.

"ആകെ വിയർത്തുകുളിച്ചല്ലോ...? പോയി കുളിച്ചിട്ടുവാ..."


"അമ്മേ..." അവർ അടുക്കളയിലേയ്ക്ക് ഓടി...

"മക്കൾ വേഗം കുളിച്ചു വാ..."

"ഉംം... എന്നാ അമ്മേ ഉണ്ടാക്കുന്നത്...?" മഹി ആകാംഷയോടെ ചോദിച്ചു.

"മക്കൾക്ക് ഇഷ്ടമുള്ള ഇലയട..."

"ശർക്കരയും തേങ്ങയും അകത്തുവെച്ചതാണോ അമ്മേ...?" ഗിരിയുടെ വക ചോദ്യം.

"ഉംം... അതേടാ... "


തങ്ങളുടെ അവസാന ഭക്ഷണമാണ്. നാളെ മുതൽ നാലുപേരുടെ ഭാരം ഭൂമിദേവി ചുമക്കേണ്ടി വരില്ലല്ലോ... നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും അടയ്ക്കുള്ള മാവ് ഇലയിൽ പരത്താൻ തുടങ്ങി.


പത്തുമിനിറ്റിനകം മഹിയും ഗിരിയും കുളികഴിഞ്ഞെത്തി.

"താ... അമ്മേ... വിശന്നിട്ടു വയ്യ..." രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

"വാ അച്ഛനും ഒന്നിച്ച് കഴിയ്ക്കാം..."


ദീപ അടയും ചായയും എടുത്തു കൊണ്ട് രാജേഷിൻ്റെ അടുത്തേയ്ക്ക് നടന്നു. കൂടെ മക്കളും.


"അച്ഛാ... നോക്കിയെ അമ്മ ഇലയടയാണ് ഉണ്ടാക്കിയത്... " മഹി ഓടിവന്ന് രാജേഷിനോട് പറഞ്ഞു.

"അച്ഛാ... ഈ അമ്മയുടെ മുഖമെന്താ ഇങ്ങനെ...? സങ്കടപ്പെട്ട്. അച്ഛൻ വഴക്കുപറഞ്ഞോ...?"

ഗിരിക്കറിയേണ്ടത് അതാണ്.


"ഇല്ലല്ലോ... നീയെന്തിനാ ദീപേ സങ്കടപ്പെടുന്നത്? നമ്മുടെ സങ്കടമെല്ലാം തീരാൻ പോകുവല്ലേ...?" രാജേഷ് പറഞ്ഞു.

"അങ്ങനെ പറ. അച്ഛാ ഞാനും ഗിരിയും വലുതാവുമ്പോൾ എല്ലാ കടവും വീട്ടാലോ...? അമ്മ സങ്കടപ്പെടാതെ ..." മഹി ദീപേ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

"അതു മതി അമ്മയ്ക്ക്..." ദീപ മഹിയേയും ഗിരിയേയും കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.


"താമസിക്കേണ്ട അട ചൂടോടെ കഴിക്കണം... അടയെടുത്തു മക്കൾക്ക് കൊടുക്കു ദീപേ... അവരെ വിഷമിപ്പിക്കാതെ..." രാജേഷ് സങ്കടം പുറത്തു കാണിക്കാതെ പറഞ്ഞു.

ദീപ അടയെടുത്തു മൂന്നുപേർക്കും കൊടുത്തു.

"അമ്മ ചായയ്ക്ക് മധുരമിട്ടോണ്ട് വരാം... "


ദീപ ചായയെടുത്ത കപ്പുമായി അടുക്കളയിലേയ്ക്ക് നടന്നു. മേശപ്പുറത്ത് കപ്പ് വെച്ചിട്ട് അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പൊതി എടുത്തു.


"എൻ്റെ ദേവീ... ഊട്ടിയ കൈകൊണ്ട് തന്നെ ..."

ദീപയുടെ കൈ വിറച്ചു. ആ പൊടി ചായയിൽ ചേർത്തിളക്കി. ആ കപ്പുമായി അവർക്കടുത്തെത്തി ഗ്ലാസിൽ ചായ പകർന്നു. ഒരു ഗ്ലാസ് ചായയെടുത്ത് രാജേഷിനു നീട്ടി..


തുടരും...


Rate this content
Log in

Similar malayalam story from Drama