വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം പതിനൊന്ന്

വൈഗ - ഭാഗം പതിനൊന്ന്

3 mins
138


"മോളെ... ദീപേ..." ഗീതമ്മ ഉറക്കെ വിളിച്ചു. ഒച്ച പുറത്തേയ്ക്ക് വരുന്നില്ല. വീണ്ടും വീണ്ടും ഉച്ചത്തിൽക്കരഞ്ഞു വിളിച്ചു...

"അരുതേ..." ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു...

"അമ്മേ..." വൈഗ പതിയെ വിളിച്ചു കൊണ്ട് ചാരിയിട്ട കതക് തുറന്ന് അകത്തു കയറി.


"അമ്മ... ഉറക്കമാണല്ലോ...?" വൈഗ കട്ടിലിനടുത്തു ചെന്നു. 

ഗീതമ്മ എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്... പാവം വല്ല സ്വപ്നവും കാണുന്നതാവും... വൈഗ കയ്യിൽ തൊട്ടു.


"മോളെ...ദീപേ..." ഗീതമ്മ വൈഗയുടെ കയ്യിൽ മുറുകെ പിടിച്ചു

"അമ്മേ... അമ്മേ... എണീറ്റേ... ദീപയല്ല... വൈഗയാ..."

ഗീതമ്മ പെട്ടെന്ന് കണ്ണുതുറന്നു.


"ദീപയെവിടെ...?"

"ദീപയോ...അതാരാ...?"

"അപ്പോൾ... ഞാൻ കണ്ടത്..." ഗീതമ്മയ്ക്ക് താൻ കണ്ടത് സ്വപ്നമാണ് കരുതാൻ കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു.

"മോളാണോ...? ഞാനൊന്നു മയങ്ങി... ചീത്ത സ്വപ്നം കണ്ടു..."


"സ്വപ്നമാണെന്ന് മനസിലായി.. ഞാൻ നോക്കുമ്പോൾ ഗീതമ്മ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു... കൂടാതെ മോളെ...ദീപേ... എന്നു വിളിക്കുന്നുണ്ടായിരുന്നു. ദീപ ആരാ, ഗീതമ്മേ...?"

"ആരേലും ആവട്ടെ മോളെ... ഓരോ ദിവസവും ഓരോ സ്വപ്നങ്ങളാ കാണുന്നത്... ഉണരുമ്പോൾ സ്വപ്നത്തിൽ കണ്ടയാളുടെ പേരു പോലും ഓർമ്മയുണ്ടാവില്ല..."


"അതു ശരിയാ... സ്വപ്നത്തിൻ്റെ പിറകെ നമ്മൾ പോകാറില്ല... അതു പോട്ടെ... എനിക്ക് വേണ്ടപ്പെട്ട ഒരാൾ എൻ്റെ കൂടെ വന്നിട്ടുണ്ട്, ഗീതമ്മയെ കാണാൻ... മുഖം കഴുകി മിടുക്കിയായി വാ..."

"എന്തിനാ മോളെ എന്നെ കാണാൻ കൂട്ടിക്കൊണ്ടു വന്നത്? വെറുതെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്?"

"ഒരു ബുദ്ധിമുട്ടുമില്ല... അവർക്ക് സന്തോഷമേ ഉള്ളൂ... ഗീതമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടോ...? ഉണ്ടെങ്കിൽ പറ. ഞാനിനി ആരേയും കൂട്ടിക്കൊണ്ടു വരില്ല..." വൈഗ പിണക്കം നടിച്ചു.


"എനിക്കൊരു ബുദ്ധിമുട്ടുമില്ല. മോളു പിണങ്ങേണ്ട... ഒന്നുമുഖം കഴുകട്ടെ..."

"പിന്നെ ആളെ കണ്ടു കഴിഞ്ഞാൽ എന്നോടുള്ള ഇഷ്ടം കുറയരുത്..."

"എനിക്കാരാ മോളെ ഉള്ളത്, നീയല്ലാതെ...? നീയെ എനിക്കുള്ളു..."

"ആരും ഇല്ലെന്ന തോന്നലിൽ ഇങ്ങനൊക്കെ എല്ലാവരും പറയും..."

"എല്ലാവരും ഒരു പോലെ അല്ല മോളെ..."

"എൻ്റെ ഗീതമ്മ ആ എല്ലാവരിലും പെടില്ലാന്ന് എനിക്കറിയാം... വാ..." വൈഗ ഗീതമ്മയുടെ കയ്യിൽ പിടിച്ചു.


വൈഗ അകത്തേക്ക് പോയിട്ട് വരാൻ എന്താവും താമസം...? ദീപ മനസ്സിൽ പറഞ്ഞു.

"ചേച്ചി, എന്തേലും ചോദിച്ചോ...?"പ്രതീക്ഷ് ചോദിച്ചു.

"ഇല്ല... അമ്മയെ കണ്ടില്ലല്ലോ എന്നോർത്തതാണ്..."

"ഇപ്പോൾ വരും..."

"ഉംം..."


മുറ്റത്തു നിൽക്കുന്ന പൂവാകയിൽ അപ്പോൾ വന്നിരുന്ന കിളിയിലായി ദീപയുടെ കണ്ണ്... കിളിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്.


"ഗീതമ്മേ... ഇതാണ് എൻ്റെകൂടെ വന്നയാൾ..."

വൈഗ പറയുന്നത് കേട്ട ദീപ പെട്ടെന്ന് എണീറ്റു.

"അമ്മേ..." ദീപയുടെ മിഴി രണ്ടും നിറഞ്ഞൊഴുകി.

"മോളെ... നീ... ഇവിടെ...?"

ഗീതമ്മയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.


"അമ്മേ..." ദീപ ഗീതമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"എന്തിനാ അമ്മ ആരോടും പറയാതെ പോന്നത്? ഞാനില്ലാരുന്നോ അമ്മയ്ക്ക്...? എവിടാന്നറിയാതെ..." ദീപയ്ക്ക് വാക്കുകൾ കിട്ടാതായി...

"ഇങ്ങനെ കരയാനാണോ... ഇവിടം വരെ വന്നത്? ദീപേച്ചിക്ക് തിരിച്ചു പോകേണ്ടതല്ലെ... അമ്മെ കണ്ടല്ലോ ...?" വൈഗ പറഞ്ഞു.


"കണ്ടു... എനിക്ക് അമ്മെ കൂട്ടിക്കൊണ്ടു പോകണം... അതിനെന്താ ചെയ്യേണ്ടത്...?"

"ഇല്ല മോളെ... അമ്മ ഒരിടത്തോട്ടുമില്ല. ഇവിടെ എനിക്ക് സുഖമാണ്. ഈ മോൾ എന്നും രാവിലെയും വൈകിട്ടും വരും... ഇവൾ എൻ്റെ മോളാ... വൈകി കിട്ടിയ എൻ്റെ മോൾ..." ഗീതമ്മയുടെ കണ്ണുകളിൽ വാത്സല്യം പ്രതിഫലിച്ചു.


"മോളെ, നിങ്ങൾ എങ്ങനെ ഇവളെ കണ്ടുമുട്ടി?"

"എന്തായാലും ഗീതമ്മയുടെ സഹായം ഇതിൽ ഇല്ല..." ചിരിച്ചു കൊണ്ട് പ്രതീക്ഷ് പറഞ്ഞു.

"നിങ്ങൾ സംസാരിക്ക്... ഞങ്ങൾ ഇപ്പോൾ വരാം..." പ്രതീക്ഷ് വൈഗയെക്കൂട്ടി പറത്തേക്കിറങ്ങി.


"ദീപേ... നീയെങ്ങനെ ഇവരെ കണ്ടുമുട്ടി...?"

"അവർ എന്നെ തിരക്കി വന്നതാണ്... ചേട്ടായിയുടെ അടുത്തും പോയി... അമ്മ എവിടെ എന്നു ചോദിച്ചു." ദീപ നടന്ന കാര്യങ്ങൾ എല്ലാം ഗീതമ്മയോട് പറഞ്ഞു.

"അമ്മയ്ക്ക് എങ്ങനെയാണ് ഇവരെ പരിചയം...?"


ഗീതമ്മ വൈഗയുടെ വണ്ടിയുടെ മുന്നിൽപ്പെട്ടതും എല്ലാം പറഞ്ഞു.

"എന്നാൽ എൻ്റെ വിട് എവിടാന്നോ നിങ്ങളെക്കോറിച്ചോ പറഞ്ഞിട്ടില്ല."

"ഉംം... ചേട്ടായി വന്നില്ലേ ഇവിടെ...?"

"വന്നു കൂട്ടിക്കൊണ്ട് പോവാനാ വന്നത്. ഞാൻ വരുന്നില്ല പറഞ്ഞു."

"അമ്മ എൻ്റൊപ്പം വരൂ... നമുക്ക് ഉള്ളതു കൊണ്ട് കഴിയാം..."

"ഇല്ല കുട്ടീ... ഞാൻ വരുന്നില്ല... ഇവിടെ എനിക്ക് സുഖാണ്, നല്ല ഭക്ഷണം... കിടക്കാൻ കട്ടിൽ ... അതു മാത്രമല്ല, എന്നെപ്പോലെയുള്ളവർ കൂട്ടായുണ്ട്... രാജേഷ് എന്തു പറഞ്ഞു?"


"ഷാജേട്ടൻ പറഞ്ഞു അമ്മേ കൂട്ടിക്കൊണ്ട് വരാൻ..."

"വാടകയൊക്കെ എങ്ങനെ കൊടുക്കും... മോളെ?"

"അറിയില്ലമ്മേ... അവിടം മടുത്തമ്മേ... രാജേട്ടനെ വിട്ട് എങ്ങനെ ജോലിക്ക് പോകും ഒരു സഹായത്തിന് ആരും അടുത്തില്ലാതെ... അമ്മ കൂടെയുണ്ടേൽ ..."

"വേണ്ട മോളെ... നിനക്ക് ഞാനൊരു ബാധ്യത ആവും, എനിക്ക് വയസായി... താമസിയാതെ അവിടുന്ന് ഇറങ്ങേണ്ടി വരും. എങ്ങോട്ട്... അതോർത്തിട്ട് ഒരു സമാധാനവും ഇല്ല..." എത്ര നിയന്ത്രിച്ചിട്ടും ദീപയുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു.


"ആഹാ ഇതിപ്പോ ആര് ആരേയാ സമാധാനിപ്പിക്കുന്നത്...? അമ്മ മോളെയോ...? മോൾ അമ്മേയോ...?" അവർക്കടുത്തേയ്ക്ക് വന്ന വൈഗ ചോദിച്ചു.

ദീപ പെട്ടെന്ന് കണ്ണു തുടച്ചു.


"കരയാതെ ദീപേച്ചി... തോറ്റു കൊടുക്കാനല്ല ജീവിതം . അഭിമാനത്തോടെ ജീവിച്ചു തീർക്കണം. ദീപേച്ചിയുടെ അവസ്ഥ ഏകദേശം എനിക്കു മനസിസായി... ഒരു ജോലി, താമസിക്കാൻ വീട്... അതല്ലേ വേണ്ടത്...? വീട് ഓക്കെയാണ്... ജോലി നമുക്ക് അന്വേഷിക്കാം... ഈ നാട്ടിൽ ആണ് വീടുള്ളത്. ദീപേച്ചിയ്ക്ക് സമ്മതമാണേൽ... ഞാൻ ഇടപാടാക്കി തരാം ..."


"നിലയില്ലാക്കയത്തിൽ ആണ് ഞാൻ... രക്ഷപെടാൻ ഉള്ള വഴി ഇതാണേൽ എനിക്ക് സമ്മതാ... വൈഗ കണ്ടതല്ലേ ... ഞങ്ങളുടെ അവസ്ഥ...? രാജേട്ടനെ ഒറ്റയ്ക്കാക്കി എങ്ങനെ ജോലിക്ക് പോകും ...?" ദീപ സങ്കടത്തോടെ പറഞ്ഞു.


"ഈ നാട്ടിലാണേൽ ഞങ്ങൾ ഉണ്ടാവും സഹായത്തിന്... അപ്പോൾ ചേച്ചിക്ക് ജോലിക്ക് പോകാം. അമ്മയും കൂടെ വരും... വിഷമിക്കേണ്ട, രണ്ടു ദിവസത്തിനുള്ളിൽ എല്ലാം ഓക്കെ ആവും. ദീപേച്ചിക്ക് വീട്ടിൽ പോകേണ്ടേ...സമയം പോകുന്നു..." വൈഗ ഓർമ്മിപ്പിച്ചു.

"മോളു പൊക്കോ... എന്നെ ഓർത്ത് വിഷമിക്കേണ്ട..."


"ഗീതമ്മയും വിഷമിക്കേണ്ട," വൈഗ ചിരിയോടെ പറഞ്ഞു.

"ദീപേച്ചിയെ കൊണ്ടു വിടണം ... മോളെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഞാൻ എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇത്രയൊക്കെ ..." ഗീതമ്മയ്ക്ക് ബാക്കി പറയാൻ കഴിഞ്ഞില്ല. സങ്കടം വന്ന് കണ്ണുനിറഞ്ഞു. സെറ്റിൻ്റെ തുമ്പാൽ കണ്ണും മുഖവും തുടച്ചു.


"അമ്മേ... അടുത്ത ദിവസം വരാം..." ദീപ യാത്ര പറഞ്ഞു.

പ്രതീക്ഷും വൈഗയും ദീപയും പോകുന്നത് ഗീതമ്മ നോക്കി നിന്നു.


...............    ..............      ..............


"ദീപേച്ചിയെ നിനക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നല്ലോ...?" വൈഗ പ്രതീക്ഷിനോട് ചോദിച്ചു.

"ഒരുപാട് ..." ആ വാക്കുകളിൽ സ്നേഹം നിറഞ്ഞിരുന്നു. ദീപയെ കൊണ്ടാക്കിയിട്ട് തിരിച്ചു വരികയായിരുന്നു അവർ.


"ദീപേച്ചിയുടെ കാര്യം വലിയ കഷ്ടമാണ്. കിടപ്പാടം ഇല്ല. നിത്യവരുമാനമില്ല. രാജേട്ടൻ്റെ അവസ്ഥയും... മിക്കവാറും ഈ ആഴ്ച തന്നെ അവർക്ക് ആ വീട് ഒഴിയേണ്ടി വരും..."

"നിയെങ്ങനെ അറിഞ്ഞു?"

"ഗീതമ്മയോട് പറയുന്നത് കേട്ടു."


"അവരെ നമ്മുടെ അടുത്തെവിടേലും ഒരു വീട് എടുത്തു കൊടുക്കാം... ഇവിടാവുമ്പോൾ ഗീതമ്മയ്ക്കും ദീപേച്ചിക്കൊപ്പം നിൽക്കാലോ...?"

"നീയൊരു വീടന്വേഷിക്ക് പ്രതീക്ഷ്..."


കുറച്ചു നേരം മിണ്ടാതെ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏന്തോ കാര്യമായ ആലോചനയിലാണെന്ന് വൈഗയ്ക്ക് മനസിലായി.


"നീയെന്താ ആലോചിക്കുന്നത്...?"

"വീടിനെപ്പറ്റി... വാടക കൊടുക്കേണ്ടേ.. ദീപേച്ചിക്ക് ജോലിയും ഇല്ല ... വാടക വേണ്ടാത്ത ഒരു വീടുണ്ട്..." പ്രതീക്ഷ് പറഞ്ഞു...

"എതേത്...? വൈഗ ആകാംക്ഷയോടെ പ്രതീക്ഷിൻ്റെ മുഖത്തു നോക്കി...


തുടരും.....


Rate this content
Log in

Similar malayalam story from Drama