വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം പതിനഞ്ച്

വൈഗ - ഭാഗം പതിനഞ്ച്

4 mins
59


"എന്തുപറ്റി പെട്ടെന്ന്, മുഖത്തെ സന്തോഷം എവിടെ പോയി?" വൈഗ ചോദിച്ചു.

"ഒന്നുമില്ല... മോളെ... അതൊന്നും ശരിയാവുമെന്ന് തോന്നുന്നില്ല."

"എന്താ ശരിയാവാതെ വരാൻ...?"

"അവൾക്ക് ഒരു ജോലിരും ഇല്ല. അവരെ നോക്കാൻ പോലും ആവില്ല, ഞാനും കുടെ ചെന്നാൽ ... ഞാൻ... ഞാനവൾക്ക് ഭാരമാവില്ലേ... എന്നേക്കൊണ്ട് ഒരു സഹായവും ഉണ്ടാവില്ല. പിന്നെ എങ്ങനെ...?"


"ഓഹോ അതാണോ കാര്യം... അതിനൊക്കെ വഴിയുണ്ടാക്കും...?"

"എന്നാലും മോളെ, എത്രയെന്നു വെച്ചാണ് മറ്റൊരാളെ ബുദ്ധിമുട്ടിക്കുക? ഇപ്പോൾ തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു തന്നു."

"ഗീതമ്മ ഞങ്ങളെ അന്യരായി കാണുന്നതു കൊണ്ടാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്..." വൈഗ സങ്കടത്തോടെ പറഞ്ഞു.

"അയ്യോ... അങ്ങനല്ല മോളെ... നിങ്ങളെ എൻ്റെ മോളായി തന്നെയാ കാണുന്നത്."


"ആണോ? എങ്കിൽ മറുത്തൊന്നും പറയേണ്ട. ദീപേച്ചിയുടെ അവസ്ഥ ഗീതമ്മയ്ക്കറിയാലോ...? ഗീതമ്മ കൂടെയുണ്ടെങ്കിൽ ദീപേച്ചിക്ക് ധൈര്യമായി ജോലിക്ക് പോകാം. രാജേട്ടനെ ഈ അവസ്ഥയിൽ അടുത്താരുമില്ലാതെ ഇട്ടിട്ടു എങ്ങനെ ജോലിക്ക് പോകും...? വസ്തുവും പണവും കൊടുത്തു മാത്രമല്ല സഹായിക്കാവുന്നത്. ഇപ്പോൾ ദീപേച്ചിക്കാവശ്യം ഗീതമ്മ അവർക്കൊപ്പം നിൽക്കണം എന്നതാണ്. ഉത്തരവാദിത്വത്തോടെ രാജേട്ടനേയും മക്കളേയും ഏൽപ്പിച്ചു ജോലിക്ക് പോകാലോ...?"


"ഉംം...മോളു പറഞ്ഞതാ ശരി. ഞാൻ എന്നെപ്പറ്റി മാത്രേ ചിന്തിച്ചുള്ളൂ... ഞാൻ ആർക്കും ഭാരമാവരുത് എന്നു മാത്രം ചിന്തിച്ചു. വീടു വിട്ടിറങ്ങിയപ്പോൾ ദീപയ്ക്ക് ഞാൻ ആൾ സഹായമാവും എന്നു ചിന്തിച്ചിരുന്നേൽ... മക്കളെ സ്നേഹിക്കാതെ സ്വന്തം കാര്യം മാത്രം ചിന്തിച്ചു നടന്ന ഞാനാണ് തെറ്റുകാരി. എൻ്റെ മോളെ ഈ ഗീതമ്മയ്ക്ക് ഇങ്ങനൊക്കെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ... അത്രയ്ക്കുള്ള അറിവേ ഉള്ളൂ..." ഗീതമ്മ പറഞ്ഞു. ഇടയ്ക്ക് നേര്യതു കൊണ്ട് കണ്ണും മുഖവും തുടച്ചു.


"സാരമില്ല ഗീതമ്മേ... അതൊക്കെ കഴിഞ്ഞു പോയില്ലേ...? അതൊക്കെ ഇനി എന്തിനാ ഓർക്കുന്നേ...? ഇപ്പോൾ സന്തോഷിക്കേണ്ട സമയമാണ്. ദീപേച്ചി സുരക്ഷിതയാണ്. നല്ലൊരു വീട് കിട്ടി. ആരും ഇറക്കി വിടില്ല. ഇനി ഗീതമ്മയും അവർക്കൊപ്പം ആയാൽ മതി. ഞാനും പ്രതീക്ഷും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തും എന്നതാണ് ഒരു പ്രശ്നം..." വൈഗ കളിയായി പറഞ്ഞു.


ഗീതമ്മയ്ക്ക് തൻെറ മനസ്സിലെ സങ്കടം കുറഞ്ഞതായി തോന്നി. എത്രയും പെട്ടെന്ന് ദീപയുടെ അടുത്തെത്താൻ മനസ് കൊതിച്ചു. മനസിലെ സന്തോഷം ഗീതമ്മയുടെ മുഖത്ത് നിഴലിച്ചു. 


"ദീപേച്ചിയെ കാണാൻ തോന്നുന്നുണ്ടല്ലേ...?" ഗീതമ്മയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് വൈഗ പറഞ്ഞു.

"സത്യാ മോളെ... കാണേണ്ട... പോകേണ്ട എന്നൊക്കെ പറയുമെങ്കിലും എല്ലാ അമ്മമാരുടെയും മനസ് അവർക്കൊപ്പമാണ്. തണലിൽ കഴിഞ്ഞ ഓരോ ദിവസവും ഞാൻ പ്രാർത്ഥിച്ചതും അവർക്കു വേണ്ടിയാണ്. എൻ്റെ മോളെ കാണാൻ ഒരുപാട് കൊതിച്ചു. ആരോട് പറയും, മോളോട് പറയണേൽ ഞാൻ എന്നെപ്പറ്റി എല്ലാം പറയേണ്ടേ... എൻ്റെ മക്കളെപ്പറ്റി പറയുമ്പോൾ അവരുടെ ചീത്തവശവും ഞാൻ പറയേണ്ടി വരില്ലേ...? എനിക്കതിനാവില്ല. എൻ്റെ നാവു കൊണ്ട് അവരെപ്പറ്റി അങ്ങനെ പറയാൻ ആവില്ല. എന്നെപ്പോലെ മിക്ക അമ്മമാർക്കും." 


"വീണ്ടും അതൊക്കെ ഓർത്ത് വിഷമിക്കണോ...? കൊച്ചുമക്കളുടെ കൂടെ സന്തോഷായി കഴിയാലോ...? അതുമാത്രം ചിന്തിച്ചിൽ മതി..."

എന്നാൽ ഗീതമ്മയ്ക്ക് മറ്റെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. വേണ്ടെന്നു വച്ചു.


............    ..............    ............


"അമ്മേ... ആ അങ്കിൾ വരാന്നു പറഞ്ഞതല്ലേ? എന്നിട്ട് കൊറേനേരമായല്ലോ പോയിട്ട്...? അടുക്കളയിൽ പണിയിലാരുന്ന ദീപയോട് അച്ചു ചോദിച്ചു.

"വരും ... കിച്ചു എവിടെ ...?"

"അവൻ അവിടുണ്ട്... അമ്മേ നമുക്ക് ഈ വീട്ടീന്ന് പോകേണ്ട കേട്ടോ...? എനിക്കീവീട് ഒത്തിരി ഇഷ്ടായി. ഇവിടുത്തെ സ്കൂളിൽ ആണോ ചേർക്കുന്നെ...?

"അതെ..."


"ആ അങ്കിൾ നമ്മുടെ ആരാ ...?"

ദീപയ്ക്ക് എന്തു പറയണം എന്നതായി.

"അമ്മേ... കാറിന്റെ ഒച്ച. അങ്കിളാവും... അച്ചു മുറ്റത്തേയ്ക്ക് ഓടിപ്പോയി."

കാറിന്റെ ഒച്ച കേട്ടതിനാൽ കിച്ചുവും മുറ്റത്തെത്തി. പിൻവശത്തെ ഡോർ തുറന്ന് വൈഗ ഇറങ്ങി. വൈഗ ഗീതമ്മയെ കൈപിടിച്ച് ഇറക്കി.

ഗീതമ്മയെ കണ്ട കുട്ടികൾ അകത്തേക്ക് ഓടി.


"അച്ഛാ... അമ്മമ്മ ആ അങ്കിളിനൊപ്പം വന്നു." കിച്ചു ഓടിവന്ന് രാജേഷിനോട് പറഞ്ഞു.

"അമ്മേ വാ... അമ്മമ്മ വന്നു." അച്ചു ദീപയുടെ നൈറ്റിയിൽ പിടിച്ചു വലിച്ചു.

"അമ്മമ്മയോ... എവിടെ...?" ദീപ സന്തോഷത്തോടെ ഓടി തിണ്ണയിൽ എത്തി.

"അമ്മേ..."


വൈഗയുടെ കൈ പിടിച്ച് തിണ്ണയിലേയ്ക്ക് കയറിയ ഗീതമ്മയെ ദീപ കെട്ടിപ്പിടിച്ചു.

"ദീപേച്ചി, അമ്മയ്ക്ക് ക്ഷീണമുണ്ട് ആദ്യം ഒന്നുകിടക്കട്ടെ... എന്നിട്ട് സംസാരിക്കാം..." വൈഗ പറഞ്ഞു.

"ഗീതമ്മ ഇവിടെ കിടന്നോ..." ഹാളിലെ സോഫയിൽ കൊണ്ടിരുത്തി.

"ദീപേച്ചി അമ്മയ്ക്ക് കുടിക്കാൻ എടുക്കുമ്പോഴേയ്ക്കും ഞാൻ ബെഡ് വിരിക്കാം..."


"ദീപേച്ചി... ഇതാ പാൽ, അമ്മയ്ക്ക് ചായയെടുക്കാൻ... ദീപേച്ചി അത്യാവശ്യസാധനങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ...?" ദീപയുടെ കയ്യിൽ ഒരു പാക്കറ്റ് കൊടുത്തു കൊണ്ട് പ്രതീക്ഷ് ചോദിച്ചു.

"ഉണ്ട്... എല്ലാം ഉണ്ട്... നോക്കി എടുക്കേണ്ടതേ ഉള്ളൂ..."

"ഉംം..." പ്രതീക്ഷിനു സന്തോഷമായി...


"പ്രതീക്ഷ്..." ദീപ വിളിച്ചു.

"എന്താ ദീപേച്ചി...?"

ദീപ ഒരു നിമിഷം മിണ്ടാതിരുന്നു.

"ഒന്നുമില്ല... ഞാൻ ചായയെടുക്കാം..."


"ശരി... ദീപേച്ചീ. ഇത് ദീപേച്ചിയുടെ സ്വന്തം വീടാന്നു കരുതിയാൽ മതി. ഞാൻ ചേച്ചീടെ അനിയനും, അപ്പോൾ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ല. ...എനിക്കറിയാം ദീപേച്ചിയുടെ മനസിൽ എന്നോട് ചോദിക്കാൻ എന്തൊക്കയോ ഉണ്ടെന്ന്. ഇവിടെ എന്താണ് കുറവ് അതു മാത്രം ചോദിച്ചോ... എന്നെക്കൊണ്ട് ആവുന്നതാണേൽ സാധിച്ചു തരും..."

പ്രതീക്ഷ് പറഞ്ഞതു കേട്ടിട്ട് ദീപയുടെ കണ്ണുനിറഞ്ഞു.


"എൻ്റെ ദീപേച്ചി ഇങ്ങനെ തുടങ്ങിയാൽ കഷ്ടമാണ് കേട്ടോ...ഇനിയെങ്കിലും ഒന്നു ചിരിക്ക്... ഒരുപാട് കരഞ്ഞതല്ലേ..." 

"എപ്പോഴും ഏതു കാര്യത്തിനും നിങ്ങൾക്ക് ഞാനുണ്ട്... ഇനിയും പറഞ്ഞാൽ ഞാനും കരഞ്ഞു പോകും..." പ്രതീക്ഷിൻ്റെയും കണ്ണുനിറഞ്ഞു വന്നു.


"ആഹാ... ഇവിടെ എന്താ സംഭവം? ചായ ഞാൻ ഇടാം. രണ്ടുപേരും കരഞ്ഞു തീർത്തോ... എന്നും ഈ കരച്ചിൽ വേണ്ട. നാളെ മുതൽ ചിരിമാത്രം..." വൈഗ ദീപയുടെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി അടുക്കളയിലേയ്ക്ക് പോയി.

"ദീപേച്ചി ഗീതമ്മയുടെ അടുത്തേക്ക് പൊക്കോളൂ... അവൾ ചായയിടും..."

പ്രതീക്ഷ് വൈഗയുടെ അടുത്തെത്തി.


"നീയെന്തിനാ കരഞ്ഞത്? ദീപേച്ചി കരഞ്ഞത് മനസിലാക്കാം... നീ കരഞ്ഞതെന്തിനെന്ന് മനസിലായില്ല..." വൈഗ ചായയ്ക്ക് വെള്ളം അടുപ്പിൽ വെക്കുന്നതിനിടയ്ക്ക് പറഞ്ഞു.

"പറയാം, ഇപ്പോൾ അല്ല പിന്നെ... ഇന്നലെയും ഇന്നും ബിസിയല്ലാരുന്നോ...?"

"ഉംം... എനിക്ക് നിന്നെ മനസിലാക്കാൻ പറ്റുന്നില്ല. ഇങ്ങനൊക്കെ ചെയ്യാൻ നിനക്കേ പറ്റൂ..."

"നമ്മളെപ്പോലെ എന്നുപറയ്..." പ്രതീക്ഷ് തിരുത്തി.


"തണൽ വരെ പോകണം. നീയും വരണം. ഗീതമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് ദീപേച്ചി ഒപ്പിട്ടു കൊടുക്കണം. മോൾക്കല്ലേ നമ്മളെക്കാൾ അവകാശം..."

"ദീപേച്ചിയോട് പറഞ്ഞോ...?"

"ഇല്ല... പറയണം... നീ ചായയെടുക്ക്... ദീപേച്ചി ചോറൊക്കെ വെച്ചിട്ടുണ്ടല്ലോ...?" പ്രതീക്ഷ് ഒരു പാത്രത്തിൻ്റെ മൂടി മാറ്റി നോക്കിയിട്ടു പറഞ്ഞു.


................    ................      ..............


"രാജേട്ടാ... മക്കളോട് അടങ്ങിയിരിക്കാൻ പറയ്... വന്നപ്പോൾ മുതൽ തുടങ്ങിയ ഓട്ടമാ രണ്ടാളും..." ദീപ രാജേഷിനോടായി പറഞ്ഞു.

"അമ്മേ... ഈ കിച്ചു ജനലേൽ കേറുവാ..." അച്ചു വിളിച്ചു പറഞ്ഞു.

"അവരോടിക്കളിക്കട്ടെ ദീപേച്ചി.." അങ്ങോട്ട് ചായയുമായി വന്ന വൈഗ പറഞ്ഞു.

വൈഗ എല്ലാവർക്കും ചായയെടുത്തു കൊടുത്തു.


"പ്രതീക്ഷ്... ഇപ്പോൾ ചോദിക്കുന്നത് ശരിയല്ല എന്നാലും ചോദിക്കാതിരിക്കാൻ ആവുന്നില്ല," രാജേഷ് തുടർന്നു. "ഞങ്ങൾക്ക് ഇത്രയേറെ സഹായം ചെയ്യാൻ എന്താ കാരണം?"

"ഒരു ദിവസം ഞങ്ങളെ അന്വേഷിച്ചു വരുന്നു. കൂടെ കൂട്ടി. ഇപ്പോൾ കിടക്കാൻ വീടും തന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും മനസിലാവുന്നില്ല."


"എന്തു മനസിലാവാൻ രാജേട്ടാ...? ഗീതമ്മയെ യാദൃശ്ചികമായി വൈഗ കണ്ടുമുട്ടി. അവൾ വഴി ഞാനും. അന്നു മുതൽ ഞങ്ങൾക്ക് ഗീതമ്മ സ്വന്തം അമ്മയെപ്പോലെയാണ്. ഇപ്പോൾ ഗീതമ്മ വഴി നിങ്ങളും."  

"അമ്മയാണോ ഞങ്ങളുടെ അവസ്ഥ പറഞ്ഞത്?" ദീപ ചോദിച്ചു.

"അല്ല... ഗീതമ്മ ഇന്നുവരെ നാടിനെപ്പറ്റിയോ മക്കളെപ്പറ്റിയോ പറഞ്ഞിട്ടില്ല. വൈഗ പലപ്പോഴായി ചോദിച്ചു പക്ഷെ പറഞ്ഞില്ല."

"പിന്നെ എങ്ങനെ അറിഞ്ഞു...?"


"രാഹുലേട്ടൻ ഗീതമ്മയെ തിരക്കി തണലിൽ വന്നു. അതു പോലും ഗീതമ്മ ഞങ്ങളോട് പറഞ്ഞില്ല. എൻ്റെ കൂട്ടുകാരൻ അവിടുത്തെ സ്റ്റാഫാണ്. ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് ഗീതമ്മയെ കാണാൻ രാഹുലേട്ടൻ വന്നത് അവൻ പറഞ്ഞു. അങ്ങനെ നാടൊക്കെ മനസിലാക്കി. അങ്ങനെയാ അന്വേഷിച്ചു വന്നത്. മായേച്ചിയുടെ സംസാരത്തിൽ നിന്നും ചില പൊരുത്തക്കേടുകൾ ഞങ്ങൾക്ക് തോന്നി. ആ പൊരുത്തക്കേടുകൾ ആണ് ഇവിടെ വരെ എത്തിയത്."


"ഈ വീട്ടിൽ അല്ലേ നിങ്ങൾ താമസിക്കുന്നത്?" ദീപ ചോദിച്ചു.

"ഞാൻ മാത്രം. ഇവൾ ഇവളുടെ വീട്ടിൽ..."

"അതെന്നാ അങ്ങനെ?" 

"ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല ദീപേച്ചി. ഉടനെ ഉണ്ടാകും..." വൈഗയുടെ മുഖം ചുവന്നു.

"അതു ശരി അപ്പോൾ ഞങ്ങളോട് കള്ളം പറഞ്ഞാണല്ലേ? ഭാര്യാണെന്നു പറഞ്ഞല്ലേ പരിചയപ്പെടുത്തിയത്...?"

"അതൊക്കെ അങ്ങനല്ലേ പറയാൻ പറ്റൂ... നല്ലതിനു വേണ്ടി ചില കള്ളങ്ങൾ പറയാം..."


"ദീപേച്ചി തണൽ വരെ വരണം. ഗീതമ്മയെ കൊണ്ടു പോന്നപ്പോൾ ഒപ്പിട്ടു കൊടുക്കേണ്ടതാരുന്നു. ദീപേച്ചി ഉള്ളപ്പോൾ ദീപേച്ചി വേണം ഒപ്പിട്ടു കൊടുക്കാൻ. പിന്നെ ദീപേച്ചിയോട് പറഞ്ഞില്ലെന്നേ ഉളളൂ. ഗീതമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റാരുന്നു. ഡിസ്ചാർജ് ചെയ്തു കൊണ്ടു വന്നതാണ്..."

"ഈശ്വരാ... അമ്മയ്ക്ക് എന്താ പറ്റിയത്...?"


"പെട്ടെന്ന് തലകറങ്ങി... ഞങ്ങളോട് പറഞ്ഞിട്ടില്ലെങ്കിലും ഞങ്ങൾക്കറിയാം ദീപേച്ചിയുടെ അവസ്ഥയാണ് ഗീതമ്മയെ അലട്ടുന്നതെന്ന്. അതാണ് ഞാൻ രാവിലെ അവിടെ എത്താൻ കാരണം. ഗീതമ്മയെ വീണ്ടും തണലിൽ ആക്കാൻ ഞങ്ങൾക്ക് ഇഷ്ടമല്ല... ഇപ്പോൾ എല്ലാം ശരിയായി... ഗീതമ്മയ്ക്കിനി ദീപേച്ചിയെ ഓർത്ത് വിഷമിക്കേണ്ടല്ലോ...?" പ്രതീക്ഷ് പറഞ്ഞു നിർത്തി.


ഹാളിലിരുന്ന് അവർ പറയുന്നത് കേട്ടുകൊണ്ട് കിടക്കുകയായിരുന്ന ഗീതമ്മ . തൻെറ മനസറിഞ്ഞ് ഇങ്ങനെ ചെയ്യാൻ ഇവർ തൻെറ ആരാണ്...? അതിനുതക്ക എന്തു പുണ്യമാണ് താൻ ചെയ്തിട്ടുള്ളത്...? തന്റെ കഷ്ടപ്പാടിന് ദൈവം തന്നതാവും ഇവരെ... കണ്ണു നിറഞ്ഞൊഴുകി തലയിണയിൽ വീണു... എപ്പോഴോ... മയങ്ങി.


"ട്ർണീം..." ഗീതമ്മ ഞെട്ടി ഉയർന്നു. "മോളെ... വൈഗേ..."

കണ്ണുതുറന്ന ഗീതമ്മയ്ക്ക് താൻ എവിടാണെന്ന് മനസിലാവാൻ കുറച്ചു സമയം എടുത്തു.

"ദീപേ..." ആരു വിളികേട്ടില്ല. ഗീതമ്മ എണീറ്റു ഹാളിലെത്തി. അവിടെയും ആരുമില്ല.


അച്ഛൂ... കിച്ഛൂ... പതിയെ പറയുന്നത് കേൾക്കാം... ഗീതമ്മ ചെവിയോർത്തു. മുറിക്കകത്തു നിന്നാണ്. ഗീതമ്മ അടച്ചിരുന്ന കതക് തുറന്നു...


"അച്ചൂ... എന്താ നിങ്ങൾ പെറുക്കിയെടുക്കുന്നത്...? എന്താ പൊട്ടിച്ചത്...?" അച്ചുവും കിച്ചുവും തങ്ങളുടെ കയ്യിലിരുന്ന ചില്ലുകഷണങ്ങൾ തറയിലിട്ടു. തലതാഴ്ത്തി നിന്നു. താഴെ വീണുകിടന്നതിൽ ഗീതമ്മ ഒന്നേ നോക്കിയുള്ളൂ...


ഗീതമ്മയ്ക്ക് കണ്ണിൽ ഇരുട്ടുകയറി.... 


തുടരും...


Rate this content
Log in

Similar malayalam story from Drama