വൈഗ വസുദേവ്

Drama Tragedy

4  

വൈഗ വസുദേവ്

Drama Tragedy

വൈഗ - ഭാഗം പതിനെട്ട്

വൈഗ - ഭാഗം പതിനെട്ട്

4 mins
345


ഗീതയ്ക്ക് വിശ്വാസം വന്നില്ല, ഒന്നു കൂടി ആ ശബ്ദത്തിനു കാതോർത്തു...

"ഗീതേ... കുട്ടികളെ ഇവിടെ നിർത്താൻ പറ്റില്ല. അതു കൊണ്ട് അവരെ ലീലയ്ക്കൊപ്പം പറഞ്ഞു വിട്ടു."

രാഘവേട്ടൻ്റെ ശബ്ദമാണല്ലോ... ഭാർഗ്ഗവേട്ടൻ്റെ ശബ്ദം പോലെയാണ് തോന്നിയത്...

"എനിക്ക് എന്താ പറ്റിയത് രാഘവേട്ടാ...?"


രാഘവേട്ടനെ കൂടാതെ അയൽപക്കക്കാർ ഒന്നു രണ്ടു പേരു കൂടി അവിടെ ഉണ്ടായിരുന്നു. 

"ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്."

"രാഹുൽ ഓടി വന്നു പറഞ്ഞു നീ വീണെന്ന്. വന്നു നോക്കുമ്പോൾ ബോധമില്ല. പെട്ടെന്ന് ഇവിടെ കൊണ്ടു വന്നു..."

"ഞാനൊന്ന് ഡോക്ടറെ കണ്ടിട്ടു വരട്ടെ..." രാഘവനും കൂടെ നിന്നവരും മുറിക്കു പുറത്തിറങ്ങി.


.............   ............    ............


മാസങ്ങൾ പിന്നെയും കടന്നു പോയി. വർഷം രണ്ടു കഴിഞ്ഞു. ഭാർഗ്ഗവൻ തിരിച്ചു വരും എന്ന നേരിയ പ്രതീക്ഷയും ഇല്ലാതായി. ഗീത അരിശപ്പെടുന്നതിനാൽ രാഹുലും ദീപയും അച്ഛനെപ്പറ്റി ചോദിക്കാറില്ല. 


രാഘവൻ മുഖേന ഗീത ഭാർഗ്ഗവൻ്റെ വിവരങ്ങൾ അറിഞ്ഞിരുന്നു. അവർക്ക് ഒരു കുട്ടി ഉണ്ടെന്ന് രാഘവൻ പറഞ്ഞറിഞ്ഞപ്പോൾ ഗീതയ്ക്ക് ഭാർഗ്ഗവനോടുള്ള അരിശം വെറുപ്പിനു വഴിമാറി.


പിന്നീടുള്ള ചിന്ത ഈ വീടിനും പറമ്പിനും അവകാശം പറഞ്ഞ് അവർ വരുമോ എന്നതായി. എന്നെങ്കിലും അവർ വന്നാൽ, ഗീതയുടെ സമാധാനം നഷ്ടപ്പെട്ടു.


~~~~~~~  ~~~~~~  ~~~~~~


"ലീലേച്ചീ... ലീലേച്ചീ..." ഗീത മുറ്റത്തു നിന്നു വിളിച്ചു.

"ഓ... നീയോ...? കേറിവാ..." ലീല അകത്തു നിന്നും ഇറങ്ങി വന്നു.

"ഇല്ല ലീലേച്ചി... രാഘവേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു."

"നീ കേറിവാ... രാഘവേട്ടൻ കാപ്പി കുടിക്കുന്നു."

"എന്താ ഗീതേ...നിനക്ക് പറയാനുള്ളത്...?" രാഘവൻ തിണ്ണരിലേയ്ക്ക് വന്നു .


"അത്... രാഘവേട്ടൻ പറഞ്ഞില്ലേ... അവർക്ക് ഒരു മോനുണ്ടെന്ന്...?"

"ആർക്ക്...?" രാഘവൻ ഒരു നിമിഷം ആലോചിച്ചു. "ശരിശരി... പറഞ്ഞിരുന്നു. അത് ഇപ്പോൾ ഇവിടെ പറയാൻ എന്താ കാര്യം...? നീ അവരെ കണ്ടോ...?"

"ഇല്ല... പക്ഷെ..." ഗീതയ്ക്ക് എങ്ങനെ പറയണം എന്നറിയാതായി..

"പിന്നെ... നിനക്കവരെ കാണണോ...?"


"അയ്യോ... വേണ്ട... ഒരുപകാരം ചെയ്തു തന്നാമതി..."

"നിനക്ക് പൈസയ്ക്ക് വല്ല കാര്യവും വന്നോ...?"

"നാളെ ഒരു സമയത്ത് അവർ ഇവിടെ വന്നാലോ...? വീതം ചോദിച്ച്."

"നീ അവിടംവരെ ചിന്തിച്ചോ...?"

"ചിന്തിക്കാതെങ്ങനെ രാഘവേട്ടാ...? എൻ്റെ മക്കൾക്ക് വേണ്ടി ചിന്തിക്കാൻ ഞാനല്ലേ ഉള്ളൂ...?"

"ഉംം... ഞാനവനോട് ഇതേപ്പറ്റി സംസാരിക്കാം..."


"രാഘവേട്ടൻ പോകുന്നത് എന്നാണെന്നു പറയണം..."

"സമയംകിട്ടുമ്പോലെ പോകാം... എന്തേ...?"

"അത് എനിക്കൊന്നു കാണാൻ... സംസാരിക്കാൻ അല്ല. എന്നാലും ഒന്നു കാണണം." ഗീതയുടെ മുഖം കുനിഞ്ഞു.

"ശരി പറയാം..."


"പാവം അവൾക്ക് ഇപ്പോഴും ഭാർഗ്ഗവേട്ടനെ ഇഷ്ടാ..." ഗീത പോകുന്നത് നോക്കി നിന്ന ലീല പറഞ്ഞു.


~~~~~~  ~~~~~~ ~~~~~~~


മുണ്ടക്കയം സ്റ്റാൻഡിൽ നല്ല തിരക്ക്. ഗീത ആദായ വിൽപ്പനക്കടയുടെ മുന്നിൽ നിന്നു. കടയുടെ മുന്നിൽ നിന്നാൽ കുറച്ചു മാറി നിൽക്കുന്ന രാഘവേട്ടനെ കാണാം. പതിനഞ്ചു മിനിറ്റായിക്കാണും. ഭാർഗ്ഗവൻ എത്തി.


"രാഘവാ... നീ എന്തിനാ എന്നെ അർജൻ്റായി കാണണം എന്നു പറഞ്ഞത്? എന്താടാ...? ഗീതയും മക്കളും... അവർക്ക് എന്തേലും...?"

"അവർക്ക് കുഴപ്പമൊന്നുമില്ല..."

"പിന്നെ... എൻ്റെ മക്കളേയോ... അവളെയോ മറന്നിട്ടല്ല. മറക്കാൻ ശ്രമിച്ചിട്ടുമല്ല. തിരികെ ചെല്ലുന്നത് തിരിച്ചു പോക്കില്ല എന്നുറപ്പിച്ചിട്ടു വേണമെന്ന്, വീണ്ടും പോകാൻ ആണെങ്കിൽ മൂന്നു ശവങ്ങൾ കാണാം എന്ന്. ... അപ്പോൾ ഞാൻ വരാതിരീക്കുന്നതല്ലേ നല്ലത്....?"


"അവൾ പറയുപോലെ ചെയ്യും... എനക്കറിയാം... എനിക്ക് പറയാൻ ഉള്ളത് മറ്റൊരു കാര്യമാണ്..."

"പറയെടാ....ഇപ്പോൾ നിന്നിലൂടെയാ ഞാനെന്റെ മക്കളെയും ഗീതയേയും അറിയുന്നത്..."

"നിൻ്റെ മോനും ഭാര്യയും ആ വീടിന് അവകാശം പറഞ്ഞു വരമോ എന്നതാണ്. വളച്ചു ചുറ്റാതെ ചോദിക്കയാണ്."


ഭാർഗ്ഗവൻ രാഘവനെ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

"നിനക്ക് ഒന്നും പറയാൻ ഇല്ലേ... അതോ...?"

"എൻ്റെ മോൻ... അവൻ ഇപ്പോൾ തീരെ, അവൻ ചെറിയ കുട്ടിയല്ലെ...? നാളെ... എന്നുവെച്ചാൽ... എൻ്റെ കാലശേഷം എന്താവും എന്നറിയില്ല. ഞാൻ ഉള്ളപ്പോൾ അവർ ഒരവകാശവും പറഞ്ഞു വരില്ല. ആ ഉറപ്പേ എനിക്ക് തരാൻ പറ്റു." ഭാർഗ്ഗവൻ്റെ മനസ്സിൽ ഒരു നോവ് നിന്നു.

"ഭാർഗ്ഗവാ... എനിക്കു വേണ്ടിയല്ല...ഗീതയ്ക്കും നിൻ്റെ മക്കൾക്കും വേണ്ടിയാണ് ഇങ്ങനെ നിന്നെ വേദനിപ്പിക്കേണ്ടി വന്നത്..." രാഘവൻ ഭാർഗ്ഗവൻ്റെ തോളത്ത് പതിയെ തട്ടി.

"എനിക്കറിയാടാ... നീ ഗീതയോട് പറയണം ഷീലയോ മോനോ ഒരവകാശവും പറഞ്ഞു വരില്ലെന്ന്. എന്നാ പോട്ടെടാ..." ഭാർഗ്ഗവൻ യാത്ര പറഞ്ഞു.


അവർ സംസാരിക്കുന്നത് ഗീത കാണുന്നുണ്ടായിരുന്നു. രാഘവൻ ഗീതയുടെ അടുത്തെത്തി.

"വാ പോകാം..."

"ഭാർഗ്ഗവേട്ടൻ എന്തു പറഞ്ഞു?"

"നീയെന്താണോ ആഗ്രഹിച്ചത് അതവൻ സമ്മതിച്ചു."

"സത്യാണോ രാഘവേട്ടാ...?"

"ഞാനെന്തിനു കള്ളം പറയണം...?" രാഘവൻ്റെ മനസിലും വേദന തിങ്ങി.


..............    .............   ...............


ഗീത ആറുമണിയായപ്പോൾ ഉണർന്നു.

"രാഹുൽ... ദീപമോളെ..." തൻ്റെ അടുത്തോകിടന്നുറങ്ങുന്ന മക്കളെ തട്ടി വിളിച്ചു. അവർ ഒന്നു ഞരങ്ങി ...ഒന്നുകൂടി പുതച്ചു കിടന്നു.


ഗീത അടുക്കളയിലേക്കു പോയി. ചായയ്ക്ക് വെള്ളംവെച്ചിട്ട് തിണ്ണതൂത്തിടാൻ ചൂലെടുത്തു. മുൻവശത്തെ കതകു തുറന്നു, തിണ്ണയിലിറങ്ങിയ ഗീത ഒന്നു പേടിച്ചു. ആരോ ഒരാൾ തിണ്ണയിൽ കമിഴ്ന്നു കിടക്കുന്നു.


നന്നായി നേരം വെളുത്തിട്ടുണ്ട്. അടുത്തു ചെന്നു.

"ആരാ..." ആൾക്ക് അനക്കമില്ല...

"ആരാന്ന്...?" ഗീത ഉറക്കെ ചോദിച്ചു...

കിടന്നയാൾ പെട്ടെന്ന് എണീറ്റു.

"ഞാനാ... ഭാർഗ്ഗവൻ..."


ഗീതയുടെ കണ്ണിൽ ഇരുട്ടു കയറി. കയ്യിൽ നിന്നും ചൂൽ താഴെ വീണു. ചൂലിനു മുകളിൽ ഗീതയും...

"ഗീതേ... ഗീതേ..." ഭാർഗ്ഗവൻ പരിഭ്രാന്തനായി വിളിച്ചു.

വേഗം അടുക്കളയിൽ ചെന്ന് വെള്ളം എടുത്തു കൊണ്ടു വന്ന് മുഖത്തു തളിച്ചു.

"ഗീതേ..."

"ഉംം..." ഗീത കണ്ണുതുറന്നു.


"എപ്പോൾ വന്നു ...?"

"പതിനൊന്നായി കാണും..."

"വിളിക്കാഞ്ഞതെന്തേ...?"

"കഴിഞ്ഞില്ല... സമാധാനത്തോടെ ഉറങ്ങുമ്പോൾ ശല്യപ്പെടുത്തേണ്ട എന്നു കരുതി." 

"ഞങ്ങളെ കാണണം എന്നു തോന്നാൻ എന്താ കാര്യം...?"

"തോന്നി... അത്ര തന്നെ..."


എങ്ങനെ പറയും? ഇന്നലെ രാഘവനെ കണ്ടതും, നിനക്കിടയ്ക്കിടെ നെഞ്ചുവേദനയും തലകറക്കവും ഉണ്ടാകുന്നുണ്ടെന്നും, ഡോക്ടർ സൂക്ഷിക്കണം എന്നു പറഞ്ഞെന്നും; ഭാർഗ്ഗവൻ മനസ്സിൽ ഓർത്തു.

"അകത്തു വാ... ചായയെടുക്കാം..." ഗീത പറഞ്ഞു.


ഭാർഗ്ഗവന് വിശ്വസിക്കാനായില്ല ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചാണ് വന്നത്. ഇറക്കി വിടുമെന്നും... ഇതുരണ്ടും ഉണ്ടായില്ല. സാധാരണ രീതിയിൽ സംസാരിച്ചു. 


ഇവൾക്ക് എങ്ങനെ ഇത്ര ശാന്തമായി സംസാരിക്കാൻ കഴിഞ്ഞു. 


 ............    ...........    ..........


ഒരിക്കൽ പോലും ഭാർഗ്ഗവനോട് ഷീലയെപറ്റിയോ മോനെപ്പറ്റിയോ ഗീത ചോദിച്ചില്ല. ഭാർഗ്ഗവൻ ആ സ്ഥലവും പുരയും ഗീതയുടെ പേർക്ക് എഴുതികൊടുത്തു.


മാസം ഒന്നു കഴിഞ്ഞു.


ഭാർഗ്ഗവനെ അറ്റാക്കിൻ്റെ രൂപത്തിൽ മരണം കൂട്ടിക്കൊണ്ടു പോയി.


മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയി. താനും മക്കളും...


  ...........  .............   .............


"ഗീതമ്മെ... ഗീതമ്മെ... എൻ്റെ അമ്മയോട് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു, ഞാനോ അമ്മയോ ഒരിക്കലും ഗീതമ്മയുടെ അടുത്ത് ചെല്ലരുതെന്ന്. അമ്മ അനുസരിച്ചു. എന്നാൽ ഞാൻ അന്വേഷിച്ചു ചെല്ലാതെ തന്നെ എൻ്റെ അടുത്തെത്തി. അതാണ് ഈശ്വര നിശ്ചയം. ഗീതമ്മയ്ക്ക് ഞാൻ ഇപ്പോഴും ശത്രുവാണോ...? പറയ് ഗീതമ്മേ...? ഞാൻ ഗീതമ്മയെ സ്നേഹിച്ചത് ഗീതമ്മ ആരെന്നറിഞ്ഞിട്ടല്ല." 

"നീയെങ്ങനെ അറിഞ്ഞു, ദീപ നിൻ്റെ സോദരിയാണെന്ന്...?" ഗീതമ്മയ്ക്ക് ചോദിക്കാതിരിക്കാനായില്ല.


"ഗീതമ്മയുടെ വീടന്വേഷിച്ച് ചെന്നപ്പോൾ... അവിടെ വച്ച് ഫോട്ടോ കണ്ടു... ബാക്കി എന്താന്ന് ദീപേച്ചിക്കറിയാം... ദീപേച്ചിയുടെ വീട്ടിൽ വന്നത് എൻ്റെ ചേച്ചിയാണെന്നറിഞ്ഞു തന്നെയാണ്... ദീപേച്ചിക്കെന്നെ സഹോദരനായി കാണാൻ ആവില്ലേ... അതോ ഞാനാരെന്നറിഞ്ഞാൽ വരില്ലാരുന്നോ...?"


"സത്യം പറഞ്ഞാൽ, ഇതിനൊന്നും ഉത്തരം പറയാൻ പറ്റില്ല. എനിക്ക് അറിയാരുന്നു ഞങ്ങൾക്ക് ഒരു സഹോദരൻ ഉണ്ടെന്ന്... അത് നിയാണെന്ന് ഇപ്പോൾ അറിഞ്ഞു. സഹോദരസ്നേഹം എന്താണെന്നും നീ കാട്ടി തന്നു. ഇങ്ങനെയൊരു അനിയനെ ഈശ്വരൻ ഇത്ര നാളും അകറ്റി നിർത്തി. നീയെൻ്റെ അനിയനാ...  അത്രേ ദീപേച്ചിക്ക് പറയാനുള്ളൂ... അമ്മേ... അമ്മ പറയ്... പ്രതീക്ഷിനോട് എന്തിനാ അമ്മയ്ക്ക് അരിശം?"


"ഗീതമ്മേ... പ്രതീക്ഷ് എന്ത് തെറ്റു ചെയ്തു...?" വൈഗ ചോദിച്ചു.

പ്രതീക്ഷ് ഗീതമ്മയുടെ കയ്യിൽ പിടിച്ചു.

"ഗീതമ്മേ..."

"എൻ്റെ മോനെ..." ഗീതമ്മ പ്രതീക്ഷിനെ സ്നേഹത്തോടെ വിളിച്ചു.


"ഈ ഗീതമ്മ നിന്നോട് ചെയ്ത തെറ്റിന് പൊറുക്കണം. ഒരിക്കൽ പോലും നിന്നെ അന്വേഷിച്ചില്ല. നിനക്കും കൂടി അവകാശപ്പെട്ട സ്വത്ത് തരാതെ ഇവർക്ക് കൊടുത്തു." ഗീതമ്മയുടെ കണ്ണുകൾ നിറഞ്ഞു.

"എൻ്റെ അമ്മേ... ഇങ്ങനൊന്നും പറയാതെ. സ്വത്ത് എനിക്കെന്തിന്? ഒന്നും വേണ്ട. ഗീതമ്മ എൻ്റമ്മയാ... എനിക്കിപ്പോ അമ്മയും ചേച്ചിയും ചേട്ടനും ഉണ്ട്..."


"അച്ചൂ... കിച്ചൂ... വാ... ഇത്... നിങ്ങളുടെ അങ്കിളാ..."

"അപ്പോൾ ഇതാരാ...?" വൈഗയെ ചൂണ്ടി അച്ചു ചോദിച്ചു.


തുടരും...


Rate this content
Log in

Similar malayalam story from Drama