വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം ഒമ്പത്

വൈഗ - ഭാഗം ഒമ്പത്

4 mins
153


ചേട്ടായിയെ കണ്ടിട്ട് എപ്പോൾ വീട്ടിൽ ചെല്ലും? നാരങ്ങാവെള്ളം കുടിക്കുമ്പോഴും ദീപയുടെ മനസ്സിൽ തൻ്റെ വീടായിരുന്നു. താൻ ചെന്നിട്ടു വേണം രാജേട്ടന് ചോറു കൊടുക്കാൻ. പാവം ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കണേൽ താൻ ചെല്ലണം... എൻ്റെ ദേവീ...! എന്തിനാ എന്നെ ഇങ്ങനെ ശിക്ഷിക്കണേ...? ഇത്രയും വയസിനിടയ്ക്ക് ആരേയും ദ്രോഹിച്ചിട്ടില്ല. എന്നിട്ടും.. ദീപയുടെ കണ്ണുകൾ നിറഞ്ഞു വന്നു.


കണ്ണുകൾ തുടച്ചിട്ട് ചുറ്റുപാടും നോക്കി. ആളുകൾ കുറവാണ്. കരഞ്ഞാലും ആരും കാണില്ല. ആശ്വാസം. പാവം എൻ്റെ അമ്മ ഇപ്പോൾ എവിടെയാവുമോ...? വിശന്നിരിക്കയാവും... ഓർക്കുന്തോറും കണ്ണുനിറഞ്ഞു വന്നു.


"ചേച്ചീ... ദീപച്ചേച്ചീ..."

ങേ... തന്നെയാണല്ലോ... ദീപ പെട്ടെന്ന് മുഖമുയർത്തി.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും...

"എന്നെ... എന്നെ... എങ്ങനെ...?" ദീപ ചോദ്യഭാവത്തിൽ അവരെ നോക്കി.


"ഞങ്ങളെ ചേച്ചിയ്ക്കറിയില്ല. എന്നാൽ കണ്ടു കാണും..." ചെറുപ്പക്കാരൻ പറഞ്ഞു.

"അറിയില്ല... പക്ഷെ... കണ്ടപോലെ..."

"കണ്ടു കാണും... ഇന്നു രാവിലെ... രാഹുലിന്റെ വീട്ടിൽ വച്ച്. ഞാൻ രാഹുലിന്റെ ഫ്രണ്ട് ആണ്... പേരു പ്രതീക്ഷ്. ഇതെൻ്റെ ഭാര്യ വൈഗ..." "ഞങ്ങൾ അവിടെ വന്നപ്പോൾ ചേച്ചി അവിടുന്ന് പോകുന്നത് കണ്ടു." വൈഗ പറഞ്ഞു.


"ആണോ...?" ദീപ ഒന്നു ചിരിച്ചു. 

"മായേച്ചി എന്നെപ്പറ്റി പറഞ്ഞോ...?"

"രാഹുലിന്റെ സിസ്റ്റർ ആണെന്നു പറഞ്ഞു."

"ചേച്ചി ഇവിടെ...?" വൈഗ ചോദിച്ചു

വൈഗയും പ്രതീക്ഷും ദീപയ്ക്ക് എതിരായി ഇരുന്നു.


"ചേട്ടായിക്ക് എൽ.ഐ.സി ഓഫീസിലാണ് ജോലി ..."

"എന്നിട്ട് കണ്ടില്ലേ...?"

"ഇല്ല... ആരേയോയെ കാണാൻ പോയതാ."

"എന്തുപറ്റി മുഖമാകെ വല്ലാതെ...?" വൈഗ ചോദിച്ചു

"ഏയ്... ഒന്നുമില്ല..."


"അമ്മയെ കാണാൻ വന്നതാരുന്നോ രാവിലെ...?"

"അത്..." ദീപയ്ക്ക് എന്തുപറയണം എന്നറിയാതായി.

"ഞങ്ങൾക്ക് അമ്മയെ കാണണം എന്നുണ്ടായിരുന്നു. ചോദിച്ചപ്പോൾ മായേച്ചി പറഞ്ഞു ദീപചേച്ചിയുടെ വീട്ടിൽ പോയതാണ്, നാളയെ വരൂ എന്നും." പ്രതീക്ഷ് ദീപയുടെ മുഖത്തുനോക്കി പറഞ്ഞു.

ദീപയുടെ മുഖം വല്ലാതായി. കണ്ണുനിറഞ്ഞു... പെട്ടെന്ന് മുഖം കുനിച്ചു.


എന്നാൽ ദീപയുടെ കണ്ണു നിറഞ്ഞത് പ്രതീക്ഷ് കണ്ടിരുന്നു. പാവം അമ്മയെപ്പറ്റി ഒന്നും അറിയാതെ വിഷമിക്കുന്നുണ്ട്.


"ദീപചേച്ചിക്കെന്നെ അനിയനായി കാണാം. മായേച്ചി പറഞ്ഞത് കള്ളമാണെന്ന് ദീപചേച്ചിയുടെ മുഖത്തു നിന്നും ഞങ്ങൾക്ക് മനസിലായി. അമ്മ എവിടാന്ന് നിങ്ങൾക്കു രണ്ടു പേർക്കും അറിയില്ല. ചേച്ചി രാവിലെ വന്നത് അമ്മയെപ്പറ്റി അറിയാനല്ലേ...?" 


"ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം? ഞാൻ എൻ്റെ വീട്ടിൽ വന്നു. അത്രേ ഉള്ളൂ..."

"ദീപേച്ചി കരഞ്ഞു കൊണ്ടാണല്ലോ ഇറങ്ങിപ്പോയത്... അതെന്തിന്...? വൈഗ ചോദിച്ചു.

"അതൊക്കെ നിങ്ങൾ എന്തിനറിയണം?" ദീപയ്ക്ക് വൈഗയുടെ ചോദ്യം ഇഷ്ടായില്ല.


"അറിയണം. ഞങ്ങൾ വന്നത് നിങ്ങളുടെ അമ്മ വീടുവിട്ടിറങ്ങാനുള്ള കാരണം തേടിയാണ്... അവർ എന്തിനു വീടുവിട്ടിറങ്ങി...?"

"ങേ... ഇതൊക്കെ ആരു പറഞ്ഞു നിങ്ങളോട്...? അമ്മ എൻ്റടുത്തുണ്ട്...?" ദീപ നിലനിൽപ്പിനായി പറഞ്ഞു.

"ആണോ...? എന്നാൽ ഞങ്ങൾക്കൊന്ന് കാണണം..."


"എൻ്റെ അമ്മയെ നിങ്ങൾ എന്തിനു കാണണം...?"

"കണ്ടേ പറ്റൂ... ദീപേച്ചി... ഞങ്ങൾ വനിതാ കമ്മീഷനിൽ നിന്നും വന്നതാണ്. അല്ലാതെ രാഹുലിന്റെ ഫ്രണ്ട് അല്ല. നേരിട്ടു കണ്ടു ബോദ്ധ്യപ്പെടണം. വരൂ... ഞങ്ങളുടെ വണ്ടിയിൽ പോകാം," പ്രതീക്ഷ് എണീറ്റു കൊണ്ട് പറഞ്ഞു.

ദീപ അത്രയ്ക്കും പ്രതീക്ഷിച്ചില്ല. പേടിച്ചു പോയി. സത്യം പറഞ്ഞില്ലേൽ കുഴപ്പമാവും.


"സാറേ... ഞാൻ ആളറിയാതെ എന്തൊക്കയോ പറഞ്ഞു പോയതാ... ക്ഷമിക്കണം..." ദീപ എണീറ്റു കൊണ്ട് പറഞ്ഞു.

കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി. വൈഗയ്ക്ക് സങ്കടം തോന്നി. ഒന്നാമതെ ദീപേച്ചി സങ്കടത്തിലാണ്. പ്രതിക്ഷ് എന്തിനുള്ള പുറപ്പാടാണ്.


"ഓക്കെ... എന്നാൽ പറയൂ, ദീപേച്ചിയുടെ അമ്മ എവിടെ...?"

"എനിക്കറിയില്ല. അമ്മ എവിടാണെന്നു അറിയാനാണ് ഞാൻ എൻ്റെ വീട്ടിൽ ചെന്നത്. ചോദിച്ചപ്പോൾ മായേച്ചിക്ക് അറിയാല്ലാന്ന്, ചേട്ടായിക്ക് അറിയാമെന്നും. അതാണ് ഞാൻ ഇവിടെ വന്നത്. 

കുറച്ചു ദിവസം മുന്നേ അമ്മ എൻ്റടുത്ത് വന്നിട്ടു പോയതാ... ഇന്നലെയാണ് അറിയുന്നത് എൻ്റെ അമ്മ വീട്ടിൽ ഇല്ലെന്ന്. എവിടാണെന്നു അറിഞ്ഞാൽ ഞാൻ ചെന്നു കൂട്ടിക്കൊണ്ടു പോന്നേനെ..." ദീപയ്ക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല. "എങ്ങനെ കണ്ടുപിടിക്കും...? ആരുമില്ല ഒരു സഹായത്തിന്..."


"ഞങ്ങൾ സഹായിക്കാം..."

"എനിക്ക് എൻ്റെ അമ്മ ബാദ്ധ്യത അല്ല. ഞാൻ പറഞ്ഞതാ പോകേണ്ട എന്ന്. അമ്മ സമ്മതിച്ചില്ല."

"ഇവടിങ്ങനെ ഇരുന്നു സമയം കളയാം എന്നല്ലാതെ എന്തുനേട്ടം? എത്രയും വേഗം അമ്മയെ അന്വേഷിക്കാൻ നോക്കൂ..."

"ചേട്ടായി വരട്ടെ .ചോദിക്കാം ..."


"ദീപേച്ചി രാഹുലിനെ കോൾ ചെയ്തു ചോദിക്ക്..."

ദീപ നിസ്സഹായതയോടെ... നിന്നു.

"ചേച്ചിക്ക് ഫോണില്ലേ...?" വൈഗ ചോദിച്ചു. 

"ഉണ്ട് എടുത്തില്ല... വേഗം തിരിച്ചു ചെല്ലാമല്ലോ എന്നു കരുതി..."

"നമ്പർ പറയ് എൻ്റെ ഫോണിൽ നിന്നും വിളിക്കാം..." പ്രതീക്ഷ് പറഞ്ഞു.


പ്രതീക്ഷ് ദീപ പറഞ്ഞ നമ്പരിൽ കോൾ ചെയ്തു. ബെല്ലടിച്ചു നിന്നതല്ലാതെ കോൾ എടുത്തില്ല. പലതവണ ശ്രമിച്ചിട്ടും കാൾ എടുത്തില്ല.

"എടുക്കുന്നില്ല ദീപേച്ചി... ചേച്ചി വരൂ... ഇനി ഇവിടെ നിൽക്കണ്ട."

"വാ ചേച്ചീ..." വൈഗയും പറഞ്ഞു.


ദീപയ്ക്ക് അനുസരിക്കയെ നിവൃത്തിയുണ്ടായുള്ളൂ. അവളും അവർക്കൊപ്പം കാറിനടുത്തേയ്ക്ക് നടന്നു. ബാക്ക്സീറ്റിൽ ദീപയ്ക്കൊപ്പം വൈഗ ഇരുന്നു. ദീപയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു.


"ഇവിടുന്ന് ഒരുപാട് ദൂരമുണ്ടോ വീട്ടിലേക്ക്...?"

"ഇല്ല, പത്തു കിലോമീറ്റർ കാണും..."

"വീട്ടിൽ ആരുണ്ട്...?"

"ഭർത്താവ് രാജേട്ടൻ."

"മക്കൾ...?"

"അവർ സ്കൂളിൽ പോയി..."


"ഭർത്താവിന് എന്താ ജോലി...?"

"ജോലിയൊന്നും ഇല്ല..."

"അപ്പോൾ നിങ്ങളെങ്ങനെ ജീവിക്കും...?"

"എനിക്ക് തയ്യൽ ഉണ്ട്..."


പ്രതീക്ഷ് ഡ്രൈവ് ചെയ്യുന്നതിനിടയിലും വൈഗയും ദീപയും പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ദീപേച്ചി... ഈ വഴിയല്ലെ...? കറക്റ്റ് സ്ഥലം എത്തുമ്പോൾ പറയണം..." പ്രതീക്ഷ് ഓർമ്മിപ്പിച്ചു.

"ഉംം... കുറച്ചു കൂടിയുണ്ട്... ദാ... ആ... വളവുകഴിഞ്ഞ് ഒരു മുക്കവല ഉണ്ട്... അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് പോയാൽ മതി..."

"ഓക്കെ ചേച്ചി..."


ദീപ പറഞ്ഞ വഴിയിൽ കൂടി മുന്നോട്ടു പോയതും,

"ആ ഓടിട്ട വീടാണ്" ദീപ കൈചൂണ്ടിപ്പറഞ്ഞു.

പ്രതീക്ഷ് ഓടിട്ട വീടിനു മുന്നിൽ കാർ നിർത്തി. ദീപയും വൈഗയും ഇറങ്ങി.


"ഞങ്ങൾ പാവങ്ങളാണ്... കയറിവരൂ. രണ്ടുപേരും..." ദീപ വേഗം നടന്ന് തിണ്ണയിൽ കയറി.

വൈഗയും പ്രതീക്ഷും അവിടം മൊത്തം കണ്ണോടിച്ചു. പഴക്കംചെന്ന വീട്, അങ്ങിങ്ങ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .


"മുറ്റത്തു നിൽക്കുവാണോ...? വരൂ..." ദീപ അകത്തു നിന്നും വന്ന് ചോദിച്ചു.

"അകത്തേക്ക് വരൂ..."

"കേറിവരൂ..." പുരുഷശബ്ദം.


ദീപയ്ക്കൊപ്പം ശബ്ദം കേട്ട മുറിയിലേക്ക് നടന്നു. മുറിയിൽ കട്ടിലിൽ സുമുഖനായ ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു.


"വരൂ... ഇത്രയും സൗകര്യമേ ഉള്ളൂ. ഇരിക്കൂ..." ആ ചെറുപ്പക്കാരൻ പറഞ്ഞു.

"ഞങ്ങൾ വന്നത്..."


"ദീപ പറഞ്ഞു... അമ്മയെ തിരക്കിയാണെന്നു. നിങ്ങൾ ഇരിക്കൂ... ഞാൻ രാജേഷ്... ഒരു വർഷം മുമ്പ് ഒരപകടം പറ്റി കാലു മുറിക്കേണ്ടി വന്നു. ഇപ്പോൾ ഇവൾ തയ്ച്ച് വീട്ടു കാര്യം നോക്കുന്നു. അവളുടെ ചെറിയ വരുമാനത്തിൽ ആണ് എൻ്റെ കാര്യങ്ങളും." രാജേഷ് പറഞ്ഞു നിർത്തി.

ആകെ ഒരു മൂകത. എന്തുപറയണം എന്ന് പ്രതുക്ഷിനും വൈഗയ്ക്കും അറിയാതായി.


"ആദ്യം വരുന്നതല്ലേ, ചായ കുടിക്കാം..." ദീപ ചായയുമായെത്തി.

"രാജേട്ടാ മരുന്നു കഴിച്ചോ...?"

"ഇല്ല... നീ വരട്ടെ എന്നു കരുതി."

ദീപ മരന്നെടുത്തു കൊടുത്തു.


"മായേച്ചി എന്തു പറഞ്ഞു?"

"അമ്മ എവിടാന്ന് അറിയില്ലാന്ന്. ഓഫീസിൽ ചെന്നിട്ടും ചേട്ടായിയെ കണ്ടില്ല."

"ഉംം... എനിക്ക് ആവുമായിരുന്നേൽ..." രാജേഷ് സങ്കടത്തോടെ പറഞ്ഞു.


"അമ്മ ഇവിടെ വന്നിരുന്നു എന്ന് ദീപേച്ചി പറഞ്ഞു. അമ്മ ഇവിടെ വരുന്നത് മായേച്ചിക്ക് ഇഷ്ടമല്ലേ...? മായേച്ചി കുഴപ്പക്കാരിയാണോ...?" പ്രതീക്ഷ് ചോദിച്ചു.


രാജേഷ് ദീപയെ നോക്കി. "എന്നുവച്ചാൽ രാഹുലും മോനും മാത്രം മതി എന്നാണ്. രാഹുൽ ഇവിടെ വരുന്നതോ സാമ്പത്തിക സഹായം ചെയ്യുന്നതോ ഇഷ്ടമല്ല. മായേച്ചി അറിയാതെയാണ് ഇപ്പോൾ വരുന്നത്. എൻ്റെ ചികിത്സക്ക് ഒരുപാട് തുക ചിലവായി. കുറെ കടങ്ങളും. കഴിഞ്ഞ തവണ അമ്മ വന്നപ്പോൾ ഞങ്ങളുടെ അവസ്ഥ കണ്ട് കഴുത്തേൽ കിടന്ന മാലയൂരി തന്നു. ദീപ പറഞ്ഞതാണ് വേണ്ട മായേച്ചി അറിഞ്ഞാൽ വഴക്കാകുമെന്ന്. അമ്മ ചെവിക്കൊണ്ടില്ല. മാലയും തന്ന് പെട്ടെന്ന് പോയി... പിന്നെ അറിയുന്നത് അമ്മ വീടുവിട്ട് പോയി എന്നാണ്. അതും ഇന്നലെ ആ നാട്ടുകാരി പറഞ്ഞാണ് അറിയുന്നത്..." രാജേഷ് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.


ദീപ ഇടയ്ക്കിടെ ഏങ്ങലടിക്കുന്നുണ്ടായിരുന്നു...

"വിഷമിക്കാതെ ചേച്ചി..." വൈഗ സമാധാനിപ്പിച്ചു.

"പിന്നെ ദീപചേച്ചിയോട് ഞങ്ങൾ ഒരു കള്ളം പറഞ്ഞിട്ടുണ്ട്..." പ്രതീക്ഷ് പറഞ്ഞു.


ഒന്നും മനസിലാവാതെ രാജേഷും ദീപയും പ്രതീക്ഷിനെ നോക്കി.

"എന്ത് കള്ളം...?" രാജേഷിന്റെ ശബ്ദത്തിന് മുർച്ച കൂടി...മുഖം ഗൗരവം പുണ്ടു...


 തുടരും...


Rate this content
Log in

Similar malayalam story from Drama