വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം മൂന്ന്

വൈഗ - ഭാഗം മൂന്ന്

5 mins
258


"ആരും വന്നില്ല. ആരേയോ തിരക്കി വന്നതാ... അവർ തിരക്കി വന്നയാൾ ഇവിടില്ല." ഗീതമ്മ പറഞ്ഞു.

നിറയുന്ന കണ്ണുകൾ വൈഗ കാണരുതേ എന്ന് ഗീതമ്മ ആഗ്രഹിച്ചു.

"അമ്മയുടെ കണ്ണു നിറഞ്ഞല്ലോ... എന്തുപറ്റി...?"

"ഒന്നുമില്ല, മോളെ; വെറുതെ ഓരോന്ന് ഓർത്തു പോയി."


"ഈ ഗീതമ്മയെ അന്വേഷിക്കാൻ ഞാനില്ലേ...? പിന്നെന്തിനാ ഓരോന്ന് ഓർത്തു സങ്കടപ്പെടുന്നത്...? "

"മതി, മോളെ. ഈ അമ്മയ്ക്ക് നീ മതി... മുൻ്ജന്മസുകൃതം, അതാവും മോളുടെ മുന്നിൽ ഈശ്വരൻ എന്നെ എത്തിച്ചത്. മോളെ, നിന്നെപ്പറ്റിയൊന്നും പറഞ്ഞില്ല. ഞാൻ ചോദിച്ചില്ല എന്നതാ ശരി. മോൾക്ക് ഈ അമ്മയോട് പറയാൻ പറ്റുന്നതാണേൽ പറയണം..."


"അമ്മയോട് പറയാൻ പറ്റാത്തതായി ഒന്നുമില്ല. ഞാനും അമ്മയും മാത്രം. അതല്ലേ ഞങ്ങളുടെ ഒപ്പം കൂടാൻ പറഞ്ഞത്."

"അപ്പോൾ മോളുടെ അച്ഛൻ...?"


"അച്ഛൻ്റെ പേര് സുധാകരൻ... ഡ്രൈവർ ആരുന്നു. എനിക്ക് അഞ്ചു വയസുള്ളപ്പോൾ ഒരാക്സിഡൻ്റിൽപ്പെട്ടു മരിച്ചു. കൂടെ മരിക്കാൻ പറ്റില്ലല്ലോ. അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ജീവിച്ചല്ലേ പറ്റൂ. അമ്മ നല്ലപോലെ തയ്ക്കും. പിന്നീട് അതായി ജീവിതമാർഗ്ഗം."

"മോളുടെ അമ്മ...?"


"സുഷമ എന്നാണ് എൻ്റെ അമ്മയുടെ പേര്. ഒരുപാവാ... പ്രണയിച്ചവനൊപ്പം വീടുവിട്ടിറങ്ങി. രണ്ടുവീട്ടുകാരും ഉപേക്ഷിച്ചു. അച്ഛൻ്റെ വീടിനടുത്ത് വാടകയ്ക്ക് വീടെടുത്തു താമസിച്ചു. അച്ഛൻ്റെയോ അമ്മയുടെയോ വീട്ടുകാർ കണ്ടാൽ കാണാത്ത ഭാവത്തിൽ നടന്നു പോകും. 


അച്ഛൻ്റെ മരണത്തോടെ ഞങ്ങൾ അവിടുന്ന് താമസം മാറ്റി. കുറഞ്ഞ വാടകയ്ക്ക് ഇപ്പോൾ താമസിക്കുന്ന വീടു കിട്ടി. ആറു വർഷത്തോളം അവിടെ വാടകയ്ക്ക് താമസിച്ചു. ആ വീടു കൊടുക്കാൻ അവർ തീരുമാനിച്ചപ്പോൾ ഞങ്ങൾ വാങ്ങി. "

"അതിനൊക്കെയുള്ള കാശ് എങ്ങനെ... ?"


"അച്ഛൻ്റെ ക്ലെയിം കിട്ടിയിരുന്നു. അത് ബാങ്കിൽ ഇട്ടിരുന്നു. ഞങ്ങളുടെ ചിലവിനുള്ളത് അമ്മ തയ്ച്ചുണ്ടാക്കുന്നുണ്ടല്ലോ... എന്നെ ബികോം വരെ പഠിപ്പിച്ചു. അച്ഛനെയോ എന്നെയോ... അമ്മയേയോ വേണ്ടാത്ത അച്ഛൻ്റെ വീട്ടുകാർ ക്ലെയിം കിട്ടിയപ്പോൾ അവകാശം പറഞ്ഞെത്തി. അമ്മ തരില്ലാ പറഞ്ഞു. അതെൻ്റെ മോൾക്കുള്ളതാണെന്നു പറഞ്ഞു. വഴക്കായി. 


അച്ഛമ്മ എൻ്റെ അമ്മയോട് പറഞ്ഞു. ഞാൻ അച്ഛമ്മയുടെ മോൻ്റെ മകളാണെന്ന് അവർ കരുതുന്നില്ലെന്ന്. അതുകേട്ട് എൻ്റമ്മ ഒരുപാട് കരഞ്ഞു. ക്ലെയിം കിട്ടിയ ആറുലക്ഷം രൂപ അമ്മ അവർക്ക് കൊടുത്തു, എന്നിട്ടു പറഞ്ഞു, ഇതു മുഴുവൻ എടുത്തോ എന്നെയും എൻ്റെ മോളെയും വെറുതെ വിട്ടാൽ മതിയെന്ന്. 


എന്നാൽ അച്ഛൻ്റെ ഒരനിയന് ഞങ്ങളോട് ദയ തോന്നി. ആ കൊച്ചച്ഛൻ അതിൽ നിന്നും മൂന്നുലക്ഷം രൂപ അച്ഛമ്മയിൽ നിന്നും വാങ്ങി ഞങ്ങൾക്കു തന്നു. അതു കൊണ്ടാണ് അവിടെ നിന്നും താമസംമാറി ഇവിടെ വന്ന് താമസിച്ചത്. അമ്മയെന്നോട് പറഞ്ഞിട്ടുണ്ട്. പല പ്രാവശ്യം മരിച്ചാലോന്ന് ആലോചിച്ചതാണെന്ന്. "


"ഇപ്പോളും അമ്മ തയ്ക്കുന്നുണ്ടോ...?"

"ഉണ്ട്... ഞാൻ ടൗണിൽ ടെക്സ്റ്റയിൽസിൽ ക്യാഷറാണ്. ഒരു വർഷമായതേ ഉള്ളൂ... ആരുമില്ലാത്തവർക്ക് ഈശ്വരൻ ഉണ്ടമ്മേ... ഞാൻ പോക്കോളാം അമ്മേ... അമ്മ നോക്കിയിരിക്കും..."

"നാളെ വരില്ലേ മോളെ...?"

"വരും... നാളെ മാത്രമല്ല, എന്നും വരും..."


   ........    ..........   ...........


കുറച്ചു പച്ചക്കറി വാങ്ങണം. വൈഗ സൂപ്പർമാക്കറ്റിൻ്റെ മുന്നിൽ വണ്ടി നിർത്തിയതും ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ആരാവും? പ്രതീക്ഷ് ഇന്നലെ വിളിച്ചതാ, ഇനി ഉടനെയൊന്നും കോൾ പ്രതീക്ഷിക്കേണ്ട. ഫോൺ എടുത്തു .


"ങേ... പ്രതീക്ഷ്... ഹായ്... ഇന്നു കാക്ക മലർന്നു പറക്കും!"

"എന്താടി ...പറയുന്നത്? നീ എവിടാ...?"

"സൂപ്പർമാർക്കറ്റിൽ... എന്തേ വിളിക്കാൻ?"

"നേരിട്ട് കാണാമെന്നു വച്ചു വിളിച്ചതാ..."

"നേരിട്ടോ...? അതെന്നാ അങ്ങനൊരു ആഗ്രഹം?"

വൈഗ കോൾ ചെയ്തു കൊണ്ട് അകത്തേയ്ക്കു നടന്നു.


ഒരു നിമിഷം തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട വൈഗ ഞെട്ടിപ്പോയി. തൻ്റെ മുന്നിൽ നിന്നാണ് കോൾ ചെയ്യുന്നത്.

"പ്രതീക്ഷ്... വരുന്ന വിവരം ഇന്നലെ വിളിച്ചപ്പോളെങ്കിലും പറയാരുന്നില്ലേ... ഇതിപ്പോ...?"

" എൻ്റെ വാവേ, നിനക്കൊരു സർപ്രൈസ് ആവട്ടെ എന്നു കരുതി... വാ... ഞാൻ രണ്ട് ചായയ്ക്ക് പറഞ്ഞിട്ടുണ്ട്..."


കണ്ണിൽ കണ്ണിൽ നോക്കിയിരിക്കമ്പോഴും വൈഗയുടെ ഉള്ളിൽ ആ അമ്മയുടെ മുഖമായിരുന്നു.

"വാവേ... നീ ഇവിടല്ലേ...? മറ്റെന്തോ ആണല്ലോ മനസിൽ..."

"ഒന്നുമില്ല പ്രതീക്ഷ്... നേരേ എന്നെക്കാണാൻ വന്നോ... അതോ വീട്ടിൽ പോയോ...?"


"പോയി. ഒന്നു മയങ്ങി. എണീറ്റു പോന്നു. ടെക്സറ്റൈൽസിൽ ചെന്നപ്പോൾ നീ പോയി എന്നു പറഞ്ഞു."

"ഇന്നിത്തിരി നേരത്തെ ഇറങ്ങി. ഒരാളെ കാണാൻ ഉണ്ടായിരുന്നു."

"എന്നിട്ട് കണ്ടില്ലേ ...?"

"കണ്ടു... കുറച്ചുനേരം സംസാരിച്ചിരുന്നു."


"അതാരാണ്...?"

"ഒരമ്മ. പാവമൊരമ്മ."

"ഞാനറിയുമോ...?"

"അറിയാൻ വഴിയില്ല. ഞാനും കുറച്ചു ദിവസം മുന്നെയാണ് ഈ അമ്മയെ കാണുന്നത്. എൻ്റെ വണ്ടിക്ക് കുറുകെ വന്നു, ഭാഗ്യത്തിനാണ് രക്ഷപെട്ടത്."


വൈഗ നടന്നതെല്ലാം പ്രതീക്ഷിനോട് പറഞ്ഞു.

"എനിക്കൊന്നു കാണണമല്ലോ നീ പറഞ്ഞ ഗീതമ്മയെ..."

"ഗീതമ്മ എൻ്റെ ആരോ ആണെന്നു മനസ് പറയുന്നു, പ്രതീക്ഷ്... "

"ഗീതമ്മയെ തിരക്കി ഇതുവരെ ആരും വന്നില്ലേ...?"

"ഇല്ല... ഞാനെന്നും തണലിൽ പോകും ഗീതമ്മയെ കാണും. എന്നെ കാണുമ്പോൾ ഗീതമ്മയുടെ മുഖത്തെ സന്തോഷം ഒന്നു കാണണം."വൈഗ മനസിൽ ഗീതമ്മയുടെ മുഖം കണ്ട പോലെ പറഞ്ഞു.


തൻ്റെ വാവ വളരെ മാറി. തന്നെ കണ്ടിട്ടും അതിൻ്റെ സന്തോഷമൊന്നും കാണാനില്ല. പ്രതീക്ഷ് മനസിൽ ഓർത്തു.

"പ്രതീക്ഷ് എന്താ ഓർക്കുന്നത്? ഗീതമ്മെക്കുറിച്ചാണോ...?"

"ഏയ്... നിൻ്റെ ഗീതമ്മെക്കുറിച്ചല്ല. നിന്നെക്കുറിച്ചാ. നീ ഒരുപാട് മാറി. "

"അതെന്നാ അങ്ങനെ പറഞ്ഞത്? നിൻ്റെ മുഖം വാടിയല്ലോ...?"

"ഒന്നുമില്ല. ഞാൻ വെറുതെ പറഞ്ഞതല്ലേ നിന്നെ ബേജാറാക്കാൻ... എന്നാ ഇറങ്ങാം."

"ഞാൻ കുറച്ച് പച്ചക്കറി വാങ്ങട്ടെ..."


വൈഗ വരും വരെ പ്രതീക്ഷ് അവിടിരുന്നു.

"വീട്ടിൽ പോകാം അമ്മയ്ക്കും ഒരു സർപ്രൈസ് ആവട്ടെ..." വൈഗ പറഞ്ഞു.

"നാളെ വരാം, ഇന്ന് ഒരത്യാവശ്യമുണ്ട്. നിന്നെക്കാണാലോന്ന് ഓർത്ത് വന്നതാ... വാവ പൊക്കോ ..."

"ഉംം..." വൈഗ മൂളി.

"എൻ്റെ പെണ്ണേ, പിണങ്ങാതെ. നാളെക്കാണാം." പ്രതീക്ഷ് ബൈക്കോടിച്ചു പോയി.


    .........    ............   ...............  


കൗണ്ടറിൽ ഇരിക്കുമ്പോൾ ക്യാഷ് അടയ്യ്ക്കാൻ നിൽക്കുന്നവരിൽ ഒരാളെ നല്ല പരിചയം തോന്നി വൈഗയ്ക്ക്.


ആരാവും ...? എവിടെ വച്ചാണ് കണ്ടത്? അധികം ആലോചിക്കേണ്ടി വന്നില്ല. തണലിൽ വച്ച്. താൻ നോക്കുന്ന കണ്ടിട്ടാവാം അവർ ഒന്നു ചിരിച്ചു.


"തണലിൽ ആണോ ജോലി...?"

ബാക്കി രൂപയും ബില്ലും തീരികെ കൊടുത്തു കൊണ്ട് വൈഗ ചോദിച്ചു.

"അതെ. മോളെ ഞാൻ അവിടെ വച്ച് കണ്ടിട്ടുണ്ട്."

"ഗീതമ്മയുടെ ആരാണ് മോള്?"

"അങ്ങനെ ചോദിച്ചാൽ ആരുമല്ല. എന്നാൽ ഇപ്പോൾ എൻ്റെ ആരോ ആണ്"


"ഞാൻ ചോദിച്ചപ്പോൾ അവരുടെ മോളാന്നു പറഞ്ഞു. ഇത്രയും നല്ലവളായ മോളുള്ളപ്പോൾ ഇവിടെന്തിനാ നിൽക്കുന്നേന്നു ചോദിച്ചു. അപ്പോൾ പറയാ. ഈശ്വരൻ ചിലരെ നമുക്കു തരാൻ താമസിപ്പിക്കും. എനിക്ക് മോളെ കിട്ടിയത് ഇപ്പോൾ ആണെന്ന്. ഗീതമ്മയ്ക്ക് ഒത്തിരി ഇഷ്ടാട്ടോ മോളെ..."


വൈഗ ചിരിച്ചു. എന്നിട്ടു ചോദിച്ചു.

"ചേച്ചീടെ പേരെന്താ...?"

"റഹീമ. പിന്നെ... ഗീതമ്മെ കാണാൻ ഒരാൾ വന്നിരുന്നു."

"എന്ന്? ഞാനറിഞ്ഞില്ലല്ലോ?"


"ഇന്നലെ മോളു വന്നപ്പോളല്ലേ അവർ പോയത്, മോളുകണ്ടില്ലെ അവരെ?"

"കണ്ടു പക്ഷെ അത് ഗീതമ്മെ അന്വേഷിച്ചു വന്നവരാണോ...?"

"അതെ, ഞാനല്ലേ ഗീതമ്മെകൂട്ടി അവർക്കടുത്ത് ചെന്നത്. മോനാണ് വന്നത്, കൂടെ പോലീസും."

"മോനോട് ഗീതമ്മ എന്തൊക്കയോ മറുത്ത് പറയുന്നുണ്ടായിരുന്നു. മാനേജർക്കറിയാം ഗീതമ്മയുടെ മോൻ്റെ പേരൊക്കെ."


ഇന്നലെ താൻ ചോദിച്ചതാണ് ആരെ കാണാനാണെന്ന്. എന്നിട്ടെന്തേ ഗീതമ്മ തന്നോട് കള്ളം പറഞ്ഞു? ആ സമയം ഗീതമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. വൈഗ ഇന്നലത്തെക്കാര്യം ഓർത്തു.


"മോളെ, ഞാൻ പോവാ..." റഹീമ പറഞ്ഞു.

"ഓക്കെ ചേച്ചി..." വൈഗ തൻ്റെ പണി തുടർന്നു.


ഗീതമ്മ എന്തിനു തന്നോട് കള്ളം പറഞ്ഞു? അതെന്താണെന്നറിയണം . അല്ലേൽ തനിക്ക് സമാധാനം ആവില്ല. തന്നോട് കള്ളം പറയണേൽ എന്തേലും കാരണം കാണും. 


നാലുമണി വരെ ഇതു മാത്രമായി വൈഗയുടെ ചിന്ത. വൈകുന്നേരം അഞ്ചരയായി, ഇറങ്ങേണ്ട ടൈം. വൈഗ ക്യാഷ് എണ്ണി തിട്ടപ്പെടുത്തി വെച്ചു. ഫോൺ ബെല്ലടിച്ചതും എടുത്തു.


ഈശ്വരാ പ്രതീക്ഷ്...! ഇന്നത്തെ ദിവസം പ്രതീക്ഷിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. സാധാരണ പ്രതീക്ഷിൻ്റെ കോൾ, മെസ്സേജ് ഇവ രണ്ടും ആണ് തൻ്റെ സമാധാനം കളഞ്ഞിരുന്നത്. കുറച്ചു ദിവസമായി ഗീതമ്മയാണ് ചിന്തയിലെല്ലാം.


വൈഗ കോൾ അറ്റൻ്റ് ചെയ്തു.

"സോറി, പ്രതീക്ഷ്. ഇന്നു നല്ല തിരക്കാരുന്നു... ഇപ്പോൾ എവിടാ...? ഞാൻ ഇറങ്ങി."

"നീ നേരെ വീട്ടിലേയ്ക്ക് പോരെ, ഞാനങ്ങോട്ടു വന്നേക്കാം ."

"ഉംം ശരി."


വൈഗ കോൾ കട്ട് ചെയ്തു. തണലിൽ കേറിയിട്ടു വേണം പോകാൻ. ഗീതമ്മ നോക്കിയിരിക്കും. ഗീതമ്മയ്ക്ക് തന്നെ മാത്രമല്ല, തനിക്കും എന്നും കാണണം ഗീതമ്മയെ. തങ്ങൾക്കിടയിൽ ഇങ്ങനൊരാത്മബന്ധം ഉണ്ടാവാൻ എന്താവും കാരണം?


വൈഗ നല്ല സ്പീഡീൽ സ്കൂട്ടി ഓടിച്ചു. ദൂരെന്നേ കണ്ടു തന്നെ നോക്കിയിരിക്കുന്ന ഗീതമ്മയെ... വണ്ടി നിർത്തിയതും ഗീതമ്മ അവൾക്കരികിലേയ്ക്ക് ഇറങ്ങിച്ചെന്നു. ഗീതമ്മയുടെ മുഖത്ത് സന്തോഷത്തിനു പകരം ടെൻഷനും സങ്കടവുമായിരുന്നു.


"എന്താ അമ്മേ...? എന്തു പറ്റി?" വൈഗ വേപഥുവോതെ ചോദിച്ചു.

"ഒന്നുമില്ല മോളെ..."

"അല്ല, എന്തോ ഉണ്ട്. ഈ മുഖം കണ്ടാൽ എനിക്കറിയാം." വൈഗ തറപ്പിച്ചു പറഞ്ഞു.

"അമ്മ പലതും എന്നിൽ നിന്നും ഒളിക്കുന്നുണ്ട്, അതെനിക്കറിയാം. നിർബന്ധിച്ച് ചോദിച്ചറിയുന്നതിലും എനിക്കിഷ്ടം ഞാൻ ചോദിക്കാതെ തന്നെ അമ്മ പറയുന്നതാ. എന്താണേലും എന്നോട് പറയാം. ഒരു മാനക്കേടും തോന്നേണ്ട."


"എന്തു മാനക്കേട് മോളെ...? ഞാനായിട്ട് മാനക്കേടുണ്ടാക്കിയിട്ടില്ല. ഈ പ്രായത്തിൽ ഞാൻ ഈ ജീവിതം വേണ്ടെന്നു വെച്ചാൽ അതെൻ്റെ മക്കൾക്ക് മാനക്കേടാവമല്ലോ എന്നു കരുതി ജീവിക്കുന്നതാ, അല്ലാതെ ജീവിക്കാനുള്ള കൊതി കൊണ്ടല്ല. എൻ്റെ മരണം അവർക്ക് ദോഷമായി തീരരുത്. അങ്ങനെ ചിന്തിച്ചതു കൊണ്ടാണ് ഇവിടെ എത്തിയതും. എന്നിട്ട് ഇവിടെ കഴിയുന്നത് അവർക്ക് മാനക്കേടാണെന്ന്..." ഗീതമ്മയുടെ ശബ്ദം ഇടറി കണ്ണുനിറഞ്ഞു.


"ആരു പറഞ്ഞു ഇവിടെ കഴിയുന്നത് മാനക്കേടാണെന്ന്...? ആരാ പറഞ്ഞേ...? ഇവിടുള്ളവരോ...?"

"അല്ല, ഇവിടാരും പറഞ്ഞില്ല. എൻ്റെ..." ബാക്കി പറയാതെ ഗീതമ്മ നിർത്തി.

"എൻ്റെ...? എൻ്റെ എന്നു പറയുമ്പോൾ അതാരാ, അമ്മേ...? ആരേലും വന്നിരുന്നോ അമ്മയെ തിരക്കി."

"ഉംം... വന്നിരുന്നു."


"ഇന്നോ?"

"അല്ല, ഇന്നലെ ... ഇന്നലെ മോളു വന്നപ്പോൾ ഇവിടുന്ന് പോയവർ എന്നെ തിരക്കി വന്നതാ... മോളോട് ഞാൻ കള്ളം പറഞ്ഞു. ഇനി അവരെക്കൊണ്ട് പ്രശ്നമൊന്നും ഉണ്ടാവില്ലാന്നു കരുതി."

"ആരാരുന്നു തിരക്കി വന്നത്?"

"എൻ്റെ മോൻ രാഹുൽ... കൂട്ടിക്കൊണ്ടു.പോകാൻ വന്നതാ. ഞാൻ വരില്ലാ പറഞ്ഞു. "


"എന്നിട്ട്...?"

"ഇന്ന് വിളിച്ചു. ഞാനോർത്തു എൻ്റെ സുഖവിവരങ്ങൾ തിരക്കാനാണെന്ന്."

"പിന്നെ...?"

"അവർക്ക് ഞാൻ ഇവിടെ കഴിയുന്നത് മാനക്കേടാണെന്ന്. ആരെങ്കിലും ചോദിച്ചാൽ ഇവിടാണെന്നു പറയാൻ നാണക്കേടാണെന്ന്." 


"എങ്ങനെ സഹിക്കും, മോളെ...? രണ്ടു മക്കളെ കണ്ണേ കരളേന്നും പറഞ്ഞ് വളർത്തിയതാ... ഇപ്പോൾ അവർക്ക് ഞാൻ കൂടെ നിന്നാൽ നാണക്കേട്. മറ്റോരിടത്ത് അവർക്ക് ശല്യമാവാതെ ജീവിച്ചാൽ അതും നാണക്കേട്."

"എന്നിട്ട് അമ്മ എന്തു പറഞ്ഞു...?"

"അമ്മ മരിച്ചു പോയി എന്നോ... അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നോ പറയാൻ പറഞ്ഞു."


"നല്ലത് അമ്മേ... ഈ രീതിയിൽ പെരുമാറുന്ന മക്കളോട് ഇങ്ങനെ തന്നെ പറയണം. പോട്ടെ, അതൊന്നുമോർത്ത് വിഷമിക്കേണ്ട. അതൊക്കെ ഓർത്തു വിഷമിച്ചിരുന്നാൽ അതിനെ സമയം കാണൂ... ഇവിടെ വന്ന് അമ്മയുടെ സമ്മതമില്ലാതെ ആരും കൊണ്ടു പോവില്ല..."


വൈഗയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.വൈഗ പെട്ടെന്ന് ഫോൺ എടുത്തതും കൈതട്ടി കോൾ കട്ടായി...


"ഈശ്വരാ..." വേഗ അറിയാതെ പറഞ്ഞു.

തിരിച്ചു വിളിച്ചിട്ട് ബെല്ലടിക്കുന്നതല്ലാതെ എടുക്കുന്നുമില്ല. വൈഗയ്ക്ക് സങ്കടം വന്നു. അവളുടെ മുഖത്തെ ഭാവമാറ്റം ഗീതമ്മ ശ്രദ്ധിക്കുന്നുണ്ടാശിരുന്നു.


"ആരാ മോളെ... എന്തിനാ വിഷമിക്കുന്നത്...?"

"അത്... ഞാൻ നാളെ പറയാം അമ്മേ... ഞാഹ പോട്ടെ..." 

ഒരുപാട് ലേറ്റായി.. വൈഗ വേഗം വണ്ടിയെടുത്തു ..


"മോളെ സ്പീഡ് കുറച്ച്..." ഗീതമ്മ പറഞ്ഞു.

എന്നാൽ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലാരുന്നു വൈഗ.


തുടരും...


Rate this content
Log in

Similar malayalam story from Drama