വൈഗ വസുദേവ്

Drama Romance

4  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം എട്ട്

വൈഗ - ഭാഗം എട്ട്

4 mins
290


മുറ്റത്ത് കാർ നിർത്തി.

"ഇതാരപ്പാ...?" മായ ആകാംക്ഷയോടെ നോക്കിക്കൊണ്ട് തിണ്ണയിൽ നിന്നു. 


ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ ചെറുപ്പക്കാരൻ മുൻ വശത്തു കൂടി വന്ന്‌ മുൻവശത്തെ കതക് തുറന്നു. ചുരിദാർ ഇട്ട ചെറുപ്പക്കാരി ഇറങ്ങി.


രാഹുലിന്റെ ആരേലുമാണോ...? ആവും അതാ തനിക്ക് അറിയാത്തത്, തൻ്റെ ആരുമല്ല... രാഹുലിന്റെ റിലേറ്റീവ്സ് ആണേൽ ദീപ അറിയണമല്ലോ...? ഓർമ്മയിലൊന്നും ഈ മുഖങ്ങൾ ഇല്ല... മായ തലപുകച്ചു.


"ഇതല്ലേ രാഹുലിന്റെ വീട്...?" വന്നതിൽ ചെറുപ്പക്കാരൻ ചോദിച്ചു.

"അതേ..."

"രാഹുലിനെ ഒന്നുകാണണാരുന്നു..."

"ഇവിടില്ല..."


"എവിടെ പോയി...?"

"ഓഫീസിൽ. നിങ്ങൾ എവിടെ നിന്ന് വരുന്നു?" മായ ചോദിച്ചു.

"കുറച്ചു ദൂരെ നിന്നാണ്... ഇതുവഴി പോയപ്പോൾ കയറി എന്നേ ഉള്ളൂ..."

"വരൂ... കയറി ഇരിക്കൂ..." 

 മായ ആതിഥ്യമര്യാദ കാണിച്ചു. ചിരിയോടെ അകത്തേക്ക് വിളിച്ചു.


"വാ." പ്രതീക്ഷ് വൈഗയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അവർ മായയുടെ കൂടെ അകത്തേക്ക് നടന്നു.

"ഇരിക്കൂ... ഞാൻ ചായയിടാം..." മായ വേഗം അടുക്കളയിലേക്ക് പോയി. സ്റ്റൗവ്വിൽ രണ്ടുഗ്ലാസ് വെള്ളം വെച്ച് വേഗം അവർക്കടുത്തെത്തി.


"രാഹുലിനെ എങ്ങനെ അറിയും...?"

"അറിയാം എന്നേ ഉള്ളൂ... കുറച്ചു കാലം ആയി. ഇപ്പോൾ എന്നെ ഓർക്കുന്നുണ്ടാവുമോ എന്നറിയില്ല. ഞാൻ നാട്ടിലില്ല. വിദേശത്താണ്. 

ഞാൻ പ്രതീക്ഷ്. ഇത് എൻ്റെ ഭാര്യ വൈഗ," പ്രതീക്ഷ് സ്വയം പരിചയപ്പെടുത്തി. 

"അമ്പടാ എന്നാ അഭിനയമാ..." വൈഗ മനസിൽ ഓർത്തു.

മായ വൈഗയേ നോക്കി ചിരിച്ചു.


"രാഹുൽ നല്ല ഓർമ്മയുള്ള കൂട്ടത്തിലാ... ഒന്നു കണ്ടാൽ മതി, മറക്കില്ല. "

മായയ്ക്ക് അവരെ ഇഷ്ടപ്പെട്ടു.

തങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഇവരിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിനും വൈഗയ്ക്കും മനസിലായി. അവർ മുഖത്തോടുമുഖം നോക്കി ചിരിച്ചു.


"ചേച്ചീടെ പേര്...?" വൈഗ ചോദിച്ചു.

"മായ... രാഹുലിന്റെ ഭാര്യയാണ്."

"ഞങ്ങൾ ഇങ്ങോട്ടു വരുമ്പോൾ ഇവിടുന്ന് പോയത് ആരാണ്...?" വൈഗ ചോദിച്ചു

"രാഹുലിന്റെ സഹോദരി ദീപ... ഞാനിപ്പോൾ വരാവേ..." മായ അടുക്കളയിൽ ചെന്ന് ചായ എടുത്തു കൊണ്ടു വന്നു.


"ചായ കുടിക്കാം..." ഒരു പ്ലേറ്റിൽ ചിപ്സും കൊണ്ടുവച്ചു.

"രാഹുലിനെ തേടി ഇവിടം വരെ വന്നതല്ലേ... ചായ കുടിക്ക്..." മായ പിന്നെയും പറഞ്ഞു.

"കുടിക്കാം..." 


പ്രതീക്ഷ് എണീറ്റു മുറ്റത്തിറങ്ങി. കാറിൽ നിന്നും ഒരു പായ്ക്കറ്റ് എടുത്തു കൊണ്ടു വന്നു.

"ദാ ചേച്ചീ... സ്വീറ്റ്സ് ആണ്..." പ്രതീക്ഷ് ആ പായ്ക്കറ്റ് നീട്ടി. 

"ഇത് മക്കൾക്ക് കൊടുക്കണം. ചോദിക്കാൻ മറന്നു. കുട്ടികൾ എവിടെ...?"

"ഒരാളെ ഉള്ളൂ... മോനാണ്, സ്കൂളിൽ പോയീ... നാലരയാവും വരാൻ."

"അമ്മയോ...?"

വൈഗയും പ്രതീക്ഷും മായയുടെ മറുപടിക്കായി കാതോർത്തു.


    ............   ..............    ..............


ദീപയ്ക്ക് തിരിച്ചു വരണം എന്നുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയവരെ ഒരു പരിചയവും തോന്നിയതും ഇല്ല. മായേച്ചിയുടെ ആരേലും ആവും. ഇപ്പോൾ താൻ അങ്ങോട്ടു ചെന്നാൽ ഇഷ്ടപ്പെടത്തില്ല. ആരേലും ആവട്ടെ. ദീപ ബസ്സ്റ്റോപ്പിലേയ്ക്ക് നടന്നു. അമ്മയെ എവിടെച്ചെന്ന് അന്വേഷിക്കും? ചേട്ടായിയോട് ചോദിക്കാം...


കിട്ടിയ ബസിനു കേറി മുണ്ടക്കയത്ത് ഇറങ്ങി. നേരെ രാഹുൽ ജോലി ചെയ്യുന്ന എൽ.ഐ.സി ഓഫീസിൽ എത്തി. നല്ല തിരക്ക്... ദീപ... കസേരയിൽ ഇരിപ്പുറപ്പിച്ചു. ഈ തിരക്കിൽ ഒന്നും ചോദിക്കാൻ പറ്റില്ല. ദീപ ഓഫീസ്മുഴുവൻ കണ്ണോടിച്ചു. രാഹുലിനെ കണ്ടില്ല.


കുറച്ചു നേരം കഴിഞ്ഞ് എൻക്വയറി എന്ന് എഴുതിവച്ച ടേബിളിനടുത്തു ചെന്നു.അവിടിരുന്ന കണ്ണടക്കാരൻ ഗൗരവത്തിൽ ഒന്നു നോക്കി.


"ഉംം..."

"സാർ... ഞാൻ ഇവിടെ ജോലി ചെയ്യുന്ന രാഹുലിന്റെ സഹോദരിയാണ്."

"രാഹുൽ പുറത്തു പോയതാ, ഇപ്പോൾ വരും. വെയിറ്റ് ചെയ്തോളൂ..." അയാൾ കസേര ചൂണ്ടിക്കാട്ടി പറഞ്ഞു.

"താങ്ക്യൂ... സാർ," ദീപ കസേരയിൽ ചെന്നിരുന്നു.


എപ്പോൾ വരുമോ എന്തോ...! വീട്ടിൽ രാജേട്ടൻ മാത്രമേ ഉള്ളൂ... എന്താ ചെയ്ക! അമ്മേപ്പറ്റി അറിയാതെ എങ്ങനെ തിരിച്ചു പോകും? മായേച്ചി പറഞ്ഞത് ചേട്ടായിക്ക് അറിയാമെന്നല്ലേ... കാത്തിരിക്ക തന്നെ... ഓഫീസിലെ തിരക്കൊഴിയാൻ ഉച്ചയ്ക്ക് ഒന്നരയാകേണ്ടി വന്നു. ഓഫീസിലുള്ള സ്റ്റാഫ് ഓരോരുത്തരായി ഫുഡ് കഴിക്കാൻ എണീറ്റു പോയി.


ദീപയ്ക്ക് വല്ലാത്ത ക്ഷീണം തോന്നി. ഷുഗർ ലോ ആയെന്നു തോന്നുന്നു. ഒരു നാരങ്ങാവെള്ളം കുടിച്ചിട്ടു വരാം... ദീപ എണീറ്റു. അവിടുത്തെ സ്റ്റാഫിനടുത്തെത്തി.


"നോക്കൂ, ഞാൻ രാഹുലിന്റെ സഹോദരിയാണ്. രാഹുൽ വന്നാൽ ഞാനിപ്പോൾ വരുമെന്ന് പറയണം. നാരങ്ങാവെള്ളം കുടിച്ചിട്ടു വരാം..." എന്നു പറഞ്ഞു. അവർ തലയാട്ടി.


.........   ..........   ..........   ...........


അമ്മ... ഒരു നിമിഷം മായ പതറി. ധൈര്യം വീണ്ടെടുത്തു.

"അമ്മ ഒരിടം പോയതാണ്, നാളയെ വരൂ..,"

"എവിടെയാണ്...?"

"അത്... മോളുടെ വീട്ടിൽ... " മായ പതറാതെ പറഞ്ഞു.

വൈഗ പ്രതീക്ഷിനെ നോക്കി. കണ്ടില്ലേ മുഖത്തു നോക്കി കള്ളം പറയുന്നത് എന്ന അർത്ഥത്തിൽ വൈഗ പ്രതീക്ഷിനെ നോക്കി.

"എന്നാ ഞങ്ങളിറങ്ങട്ടെ..." അവർ എണീറ്റു.


"രാഹുലിന്റെ സഹോദരിയെ എവിടാണ് കെട്ടിച്ചു വിട്ടത്?" വൈഗ ചോദിച്ചു.

"വാഴൂർ..."

"എത്ര കുട്ടികൾ ഉണ്ട്?"

"രണ്ട് ആൺകുട്ടികൾ..."

"ശരി ചേച്ചി... ഇനിയും കാണാം... അമ്മെ അന്വേഷിച്ചതായി പറയണേ... "

മായ ചിരിച്ചു കൊണ്ട് തലയാട്ടി...


"അമ്മയുടെ ഫോട്ടോ ഉണ്ടോ ഇതിൽ?" തിണ്ണയിൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകൾ നോക്കവെ പ്രതീക്ഷ് ചോദിച്ചു.

"ഉണ്ട് ... ദാ ഇതാണ്; അമ്മ ഞങ്ങളുടെ കല്യാണത്തിന് എടുത്ത ഫോട്ടോ ആണ്... "

പ്രതീക്ഷും വൈഗയും ആശ്ചര്യത്തോടെ നോക്കി. സുന്ദരിയാണല്ലോ പ്രതീക്ഷ് മനസ്സിൽ പറഞ്ഞു.


"അമ്മ സുന്ദരി ആണല്ലോ..." വൈഗ പറഞ്ഞു.

"ഇപ്പോഴും സുന്ദരിയാ... പ്രായത്തിൻ്റെ അവശത ഉണ്ടെന്നേ ഉള്ളൂ..."

" ശ്ശെ വന്നിട്ട് അമ്മെ ഒന്നു കാണാൻ പറ്റിയില്ലല്ലോ..." വൈഗ നിരാശയോടെ പറഞ്ഞു.

അടുത്തു കണ്ട ഫോട്ടോയിൽ പ്രതീക്ഷിന്റെ കണ്ണുകൾ ഉടക്കി. കാലിൽക്കൂടി ഒരു തരിപ്പ് മുകളിലേയ്ക്ക് കേറി. 

"അത് രാഹുലിന്റെ അച്ചനാണ്. "

പ്രതീക്ഷിന്റെ നോട്ടം കണ്ടിട്ടാവണം മായ പറഞ്ഞു.


ഈശ്വരാ... പ്രതീക്ഷിന് ഒരു അസ്വസ്ഥത തോന്നി.

"എന്താ പ്രതീക്ഷ്...!" വൈഗ പരിഭ്രമത്തോടെ ചോദിച്ചു.

"ഒന്നുമില്ല. ഈ ഫോട്ടോയിലുള്ള ആളെ ഞാൻ കണ്ടിട്ടുണ്ട്..."

"എവിടെ വെച്ച്...? അതിന് അച്ഛൻ മരിച്ചത് ഇവരുടെ ചെറുപ്പത്തിലാണ്. കാണാൻ ഒരുതരവും ഇല്ല." മായ ആ സാധ്യത തള്ളി.

"അതു തന്നെ... പ്രതീക്ഷ് കണ്ടത് മറ്റാരേയേലും ആയിരിക്കും... " വൈഗയും പറഞ്ഞു.


"ചിലപ്പോൾ ആവും, ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നല്ലേ..." പ്രതീക്ഷ് സമ്മതിച്ചു

"എന്താണ് അച്ഛൻ്റെ പേര്...?"

മായ ഒന്നാലോചിച്ചു... എന്നിട്ടു പറഞ്ഞു.

"ഭാർഗ്ഗവൻ..."

"ഭാർഗ്ഗവൻ..." പ്രതീക്ഷ് പേര് ഒന്നുകൂടി ഉച്ചരിച്ചു.

"ഇനി താമസിക്കുന്നില്ല. പൊക്കോളാം..." അവർ യാത്ര പറഞ്ഞിറങ്ങി.

അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നതു വരെ മായ മുറ്റത്ത്‌ നോക്കി നിന്നു. 


ഇങ്ങനെയൊരു ഫ്രണ്ടിനെപ്പറ്റി രാഹുൽ പറഞ്ഞതായി ഓർക്കുന്നേയില്ല. ആരാണോ എന്തോ...? എന്തായാലും പരിചയക്കാരേപ്പോലെയാണ് സംസാരം. കണ്ടിട്ട് കുഴപ്പക്കാരാന്ന് തോന്നുന്നില്ല. രാഹുൽ വരുമ്പോൾ പറയാം... മായയുടെ മനസിൽ നൂറു സംശയങ്ങൾ തലപൊക്കി.


.............    ...........    .............


"എന്തുപറ്റി നീയാകെ ഡൾ ആയിരിക്കുന്നല്ലോ...? അങ്ങോട്ട്‌ പോയപ്പോൾ ഉള്ള സന്തോഷമൊന്നും ഇപ്പോൾ കാണാനില്ല. എന്തേ പെട്ടെന്ന് ഒരു ഭാവമാറ്റം...?" ഗൗരവത്തോടെ ഡ്രൈവ് ചെയ്യുന്ന പ്രതീക്ഷിനോട് വൈഗ ചോദിച്ചു.

"ഒന്നുമില്ല..."

"ഒന്നുമില്ല എന്നല്ല... എന്തോ ഉണ്ട്."


"ഒന്നുമില്ലെടി... ഞാൻ മായേച്ചി പറഞ്ഞതൊക്കെ റിവൈൻഡ് ചെയ്തു നോക്കുവാരുന്നു. എത്ര സമർത്ഥമായി പറഞ്ഞു അമ്മ മോളുടെ അടുത്ത് പോയതാന്ന്... കള്ളം പറയുമ്പോൾ ഒരു ചേർച്ചയൊക്കെ വേണ്ടേ... ഈ പറഞ്ഞ മോളെയല്ലേ നമ്മൾ അവിടെ നിന്ന് ഇറങ്ങിപ്പോയത് കണ്ടത്...? അമ്മ അടുത്തുണ്ടേൽ ഇപ്പോൾ അവിടെ വരേണ്ട കാര്യമുണ്ടോ...?"


"അതെ, ഞാൻ കണ്ടതാ ആ ചേച്ചി കണ്ണുതുടച്ചു കൊണ്ടു വരുന്നത്... അവർ നമ്മളെ തിരിഞ്ഞു നോക്കി നിൽപ്പുണ്ടായിരുന്നു."

"ചിലപ്പോൾ അമ്മേ തിരക്കി മകൾ വന്നതാണെങ്കിലോ...?" പ്രതീക്ഷ് ഒരു സാധ്യത പറഞ്ഞു.

"ആവും... അമ്മ എവിടാന്ന് അറിയാത്തതിൽ സങ്കടപ്പെ ട്ട്പോയതാവും... എനിക്ക് വല്ലാതെ ദാഹിക്കുന്നു. നല്ല കൂൾബാർ നോക്കി നിർത്ത്."

"ശരി..." പ്രതീക്ഷ് ഡ്രൈവിംഗിനിടയിലും കൂൾബാർ ഉണ്ടോ എന്നു ശ്രദ്ധിച്ചു.

അവർ മുണ്ടക്കയത്ത് എത്തി.


"ദാ ആ എൽ.ഐ.സി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ട് കൂൾബാർ..." വൈഗ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.

"കണ്ടു... നിനക്കിവിടം ഒക്കെ അറിയാമോ? ഇത്ര കൃത്യമായി പറയാൻ..."

"വലിയ അക്ഷരത്തിൽ അല്ലേ കൂൾബാർ എന്ന് എഴുതിവച്ചിരിക്കുന്നത്...? അതു കൊണ്ട് കണ്ടു. ആദ്യായാ ഇതുവഴിയൊക്കെ വരുന്നത്." 


കാർ പാർക്ക് ചെയ്തിട്ട് അവർ കൂൾബാറിലേയ്ക്ക് നടന്നു. അകത്ത് തിരക്കൊന്നും ഇല്ല. ഒന്നോ രണ്ടോപേരേ ഉള്ളൂ... അവർ ആകെ ഒന്നു കണ്ണോടിച്ചു. ഒഴിഞ്ഞ ഭാഗത്തായി ഒരു സ്ത്രീ ഇരിപ്പുണ്ട്... അപ്പുറത്തു മാറി ഒരു കാർന്നോരും.


ആ സ്ത്രീയെ വൈഗയ്ക്ക് വേഗം പിടിത്തം കിട്ടി. അത് രാഹുലിന്റെ സഹോദരി ദീപയല്ലേ...? അതുതന്നെ... വൈഗ ഉറപ്പിച്ചു.


"പ്രതീക്ഷ്... നീയൊന്നു നോക്കൂ... അതാ ദീപയാണ്... രാഹുലിന്റെ സഹോദരി... ഗീതമ്മയുടെ മോൾ..."

"എവിടെ...?"

"ദാ ആ ഇരിക്കുന്ന സ്ത്രീയെ നോക്കൂ..."

"അതെ, അതു തന്നെ... വാ..." 

പ്രതീക്ഷ് വൈഗയോട് പറഞ്ഞു.


അവർ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു...


തുടരും...


Rate this content
Log in

Similar malayalam story from Drama