വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം ഏഴ്

വൈഗ - ഭാഗം ഏഴ്

4 mins
171


പോലീസ്... ഹബീബ് വേഗം രജിസ്റ്റർ അടച്ചു വെച്ചു.

"വരൂ... എന്താ കാര്യം...?"

"സാർ ഉച്ചകഴിഞ്ഞ് സ്റ്റേഷൻ വരെ വരണം എന്ന് സി ഐ പറഞ്ഞു."

"ഓക്കെ... ഞാൻ വരാം," ഹബീബ് പറഞ്ഞു.

പോലീസുകാരൻ തിരിച്ചു പോയി.


"കാക്കി കണ്ടപ്പോൾ നീ ഞെട്ടിയല്ലോ...? അതെന്തിന്...? നിൻ്റെ പേടി ഇതുവരെ മാറിയില്ലേ...?" പ്രതീക്ഷ് കളിയാക്കി.

"പോടാ... ഞാൻ പറഞ്ഞില്ലേ, ഇവിടുത്തെ അന്തേവാസികളുടെ വിവരങ്ങൾ ആരോടും പറയാൻ പാടില്ലെന്ന്. അത് ലംഘിച്ചല്ലേ ഞാൻ നിന്നോട് പറയാൻ തുടങ്ങിയത്. കള്ളത്തരം മനസ്സിൽ ഉള്ളപ്പോൾ കാക്കി കണ്ടാൽ ഞെട്ടി പോകും."


ഹബീബ് വീണ്ടും രജിസ്റ്ററിൽ നിന്നും ഗീതമ്മയുടെ വിവരങ്ങൾ ഒരു പേപ്പറിൽ കുറിച്ച് പ്രതീക്ഷിന് കൊടുത്തു.


"നീ കണ്ടോ ഒരാഴ്ചയ്ക്കുള്ളിൽ ഈ ഗീതമ്മയുടെ സർവ്വഡീറ്റയിൽസും ഞാൻ കൊണ്ടത്തരും... എന്തായാലും വെറുതെ കിടന്നുറങ്ങാതിരിക്കാൻ ഒരു പണിയായി. അതുമാത്രമല്ല ഹബീ... ഗീതമ്മയുടെ മുഖം മനസ്സിൽ വല്ലാതെ പതിഞ്ഞു പോയി. ഒറ്റയ്ക്കായവനല്ലേ ഞാൻ? നിനക്കറിയാലോ അച്ഛൻ എൻ്റെ കുഞ്ഞിലേ മരിച്ച താണെന്ന്... പിന്നെ ആകെയുണ്ടായിരുന്ന അമ്മ. ആ അമ്മയും എന്നെ ഒറ്റയ്ക്കാക്കി പോയി... അമ്മയുടെ വീട്ടുകാർ കൊടുത്ത വീട് അമ്മയുടെ മരണ ശേഷം വാടകയ്ക്ക് കൊടുത്തിട്ട് ഞാൻ ഹോസ്റ്റലിൽ താമസമാക്കി..."


"പ്രതീക്ഷ്, നീയെങ്ങനെ വൈഗയുമായി സ്നേഹത്തിലായി...?" 

"അതോ... അവളെങ്ങനെ എൻ്റെ മനസ്സിൽ കയറിപ്പറ്റിയതെന്ന് കൃത്യമായി പറയാൻ പറ്റില്ല. അവളെ ഞാൻ ആദ്യമായി കാണുന്നത് എന്നുവച്ചാൽ ശ്രദ്ധയിൽപ്പെട്ടത് അവൾ എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ ആണ്. ഒരു മഴദിവസം. ഞങ്ങളുടെ വീടുകൾ തമ്മിൽ അധികംദൂരമില്ലായിരുന്നു. പിന്നെ അവളുടെ അച്ഛൻ മരിച്ചപ്പോൾ. അതു കഴിഞ്ഞ് അവർ അവിടുന്ന് താമസംമാറി. താമസിയാതെ ഞാനും. കാലങ്ങൾക്കു ശേഷം വീണ്ടും കോളേജിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടി. അതിൽ ഒരു രസമുള്ളത് അവൾക്ക് എന്നെ അറിയില്ലാ എന്നതാണ്. എൻ്റെ മനസ്സിൽ അവൾ ഉണ്ടായിരുന്നു. കാരണം ഞാനും അവളും തുല്യദുഖിതർ ആണ്, രണ്ടു പേർക്കും അച്ഛനില്ല അമ്മമാത്രം...


അവളുടെ കൂട്ടുകാരി എൻ്റെ വീടിനടുത്തുള്ളതായിരുന്നു. അങ്ങനെ വൈഗയുടെ എല്ലാവിവരങ്ങളും ഞാൻ അറിഞ്ഞിരുന്നു. കോളേജിൽ വച്ച് പരസ്പരം അറിഞ്ഞു. സ്നേഹിച്ചു. അവളുടെ അമ്മയുടെ പൂർണ്ണ സമ്മതത്തോടെ. ഇനി കല്യാണം. ഇവിടംവരെ എത്തി നിൽക്കുന്നു കാര്യങ്ങൾ."


"പ്രതീക്ഷ്..." വൈഗയും ഗീതമ്മയും അങ്ങോട്ട് കടന്നു വന്നു.

"പോയാലോ...?"

"പോകാം... വൈഗേ, ഹബീബ് എൻ്റെ ഫ്രണ്ടാണ്. ഡിഗ്രി പൂർത്തിയാക്കാതെ മുങ്ങി. അതിൽ പിന്നെ ഇന്നാ കാണുന്നത്."


"അപ്പോൾ എന്നെപ്പോലെ പ്രതീക്ഷിനും ഇവിടെ വരാൻ ഒരു കാരണമായി അല്ലേ...? വൈഗ ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്നാൽ ഞങ്ങളിറങ്ങട്ടെ, വീണ്ടും കാണാം. ഗീതമ്മ സന്തോഷമായി ഇരുന്നോ ... ഹബീ... നിന്നെ ഞാൻ വിളിച്ചോളാം..."

"ഓക്കെ... സമയംപോലെ വരൂ..."

"ശരി..."


യാത്ര പറഞ്ഞ് പോരുമ്പോൾ പ്രതീക്ഷൻ്റേയും വൈഗയുടേയും മനസിൽ ഗീതമ്മയായിരുന്നു.

"നീയെന്താ ഒന്നും മിണ്ടാതെ ആലോചിച്ചിരിക്കുന്നത്...? ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന പ്രതീക്ഷിനോട് വൈഗ ചോദിച്ചു.

"ഏയ് ഒന്നുമില്ല... നമുക്കൊരിടം വരെ പോയാലോ...?"

"എവിടെ...?" 

"അതൊക്കെ ഉണ്ട്. നീയെന്തു പറയുന്നു?"

"അമ്മയോട് ചോദിക്കണം. സമ്മതിച്ചാലേ വരൂ..."

"അതുമതി..."


..........   ...........    ..............


"ഞാനോർത്തു അമ്മ സമ്മതിക്കില്ലെന്ന്..."

"നിന്നേക്കാൾ വിശ്വാസമാണ് എന്നെ... മരുമകൻ അല്ലേ...?"

"നീ പറഞ്ഞില്ലല്ലോ നമ്മൾ എങ്ങോട്ടാ പോകുന്നതെന്ന്."

"ഗീതമ്മയുടെ വിവരങ്ങൾ തേടി..."


"അതിന് ഗീതമ്മ പറഞ്ഞില്ലല്ലോ വീട് എവിടാണെന്ന്... കഷ്ടമുണ്ട്. അമ്മ വീടുവിട്ടു പോന്നു ശരി തന്നെ. എന്നാലും ഒന്ന് അന്വേഷിക്കാലോ മക്കൾക്ക്? ഗീതമ്മയെ അന്വേഷിച്ച് ആരും വന്നില്ല. എന്തൊരു മനസ്സാ. പെറ്റമ്മയാണേലും പോറ്റമ്മയാണേലും പോയാൽ പോട്ടെ എന്നായി..." വൈഗ വിഷമത്തോടെ പറഞ്ഞു.


"ആരും വന്നില്ലാന്ന് ഗീതമ്മ പറഞ്ഞോ നിന്നോട്?"

"ഇല്ല, ആരേലും വന്നാൽ എന്നോട് പറഞ്ഞേനെ..."

"ഗീതമ്മ നിന്നോട് പറയാതിരുന്നതാണ്. അവരുടെ മകൻ വന്നു. കൂട്ടിക്കൊണ്ട് പോകാനായിട്ടു തന്നെ..."

"എന്നിട്ട്...?"


"എന്നിട്ടെന്നാ...? വരുന്നില്ലാന്ന് പറഞ്ഞു, നിൻ്റെ ഗീതമ്മ. അതിൻ്റെ കാരണം അറിയാലോ...? നിന്നെപ്പോലെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി ഗീതമ്മയെ..."

"സത്യാണോ...?" ആ സന്തോഷത്തിൽ വൈഗ പ്രതീക്ഷിൻ്റെ കയ്യിൽ ഒരുമ്മയും കൊടുത്തു.

"ആഹ... പ്രണയിനിയുടെ ആദ്യ ഉമ്മ കയ്യിൽ കിട്ടിയ ഹതഭാഗ്യനായല്ലോ ഞാൻ..." 


"നിൻ്റെ കയ്യെത്തും അടുത്തിരുന്നിട്ടും കയ്യിലാണോ പെണ്ണേ ഉമ്മ വെക്കുന്നേ..."

"ശ്ശെ... സന്തോഷത്താൽ അറിയാതെ ചെയ്തു പോയതാ..." വൈഗ അബദ്ധം മറച്ചു വെക്കാനായി പറഞ്ഞു.

"സാരമില്ല... ഞാൻ വണ്ടി നിർത്താം... കണ്ണടച്ചിരിക്കാം... മുഖത്തെവിടെയും ചോയ്സ് നിൻ്റെ... ഒരുമ്മ തന്നോ... വേഗം വേണം..."

"പിന്നെ... അങ്ങനൊന്നും തരാൻ പറ്റില്ല." 

"പിന്നെങ്ങനെ വേണം...?"

"ഒന്നുമില്ല... തൽക്കാലം വണ്ടി നിർത്തേണ്ട... നമ്മുടെ ലക്ഷ്യം നടക്കട്ടെ..."

"ഓ... ശരി..." 

 വൈഗയുടെ മുഖത്ത് നാണംകലർന്ന ചിരി തങ്ങി നിന്നു.


............    ..............     ..............


ഒരാഴ്ച ആകുന്നു തൻ്റെ സമാധാനം നഷ്ടപ്പെട്ടിട്ട്... രാഹുൽ ആണേൽ മിണ്ടുക കൂടി ഇല്ലെന്നായി. ഈ മകൻ അല്ലേ അമ്മയ്ക്ക് വണ്ടിക്കൂലിക്ക് പൈസ വരെ കൊടുത്തു വിട്ടത് എന്നിട്ട് കുറ്റമെല്ലാം തനിക്കും. മായയ്ക്ക് ഓർക്കുന്തോറും കലി കൂടി ക്കൂടി വന്നു.


വഴക്കുണ്ടാക്കി എന്നുവച്ച് വീടുവിട്ടിറങ്ങണോ...? പെണ്ണുങ്ങൾ അല്ലേ...? അങ്ങോട്ടുമിങ്ങോട്ടും വല്ലതും പറഞ്ഞാലും ഒന്നു ചിരിച്ചാൽ ആ പിണക്കമൊക്കെ മാറില്ലേ... അതിനു വണ്ടിക്കൂലിക്ക് പൈസായും കൊടുത്തു വിട്ടിരിക്കുന്നു. നാട്ടിലും വീട്ടിലും താനിപ്പോൾ അമ്മായിഅമ്മയെ വീട്ടിൽ നിന്ന് ഓടിച്ചവളായി.


മകൻ തെറ്റു ചെയ്താലും മരുമകൾക്കാവും കുറ്റമെല്ലാം. അല്ലെന്നു പറഞ്ഞാലും ആരും വിശ്വസിക്കുകയും ഇല്ല... അടിയൊന്നും ആയിട്ടില്ല, മായേ വടി വെട്ടാൻ പോയിട്ടേ ഉള്ളൂ... മായ തന്നത്താൻ പറഞ്ഞു നൈറ്റി പൊക്കികുത്തി ചൂലെടുത്ത് മുറ്റം തൂക്കാൻ ഇറങ്ങി. 


"മായേച്ചി... എൻ്റെ അമ്മ എവിടെ...?

മായ ഞെട്ടിപ്പോയി. തൻ്റെ പിറകിൽ ദീപ. ഇവൾ എപ്പോൾ വന്നു? മുറ്റം തൂക്കുന്ന ഒച്ചയാൽ കാലൊച്ചയും കേട്ടില്ല.

"പേടിപ്പിച്ചുകളഞ്ഞല്ലോ നീ...!"

"ഞാൻ ആരേയും പേടിപ്പിക്കാൻ വന്നതല്ല. എൻ്റെ അമ്മ എവിടെ...?"

"പറയാം ... നീ കേറിവാ..."


"എൻ്റെ അമ്മ ഇല്ലാത്ത വീട്ടിൽ ഞാൻ കേറി വരുന്നില്ല."

"നിൻ്റെ അമ്മയുടെ വിവരങ്ങൾ അറിയാനാണ് വന്നത് എങ്കിൽ അകത്തേക്ക് വരിക. ഇല്ലെങ്കിൽ ആങ്ങളയോട് പോയി ചോദിക്ക്. ഓഫീസിൽ ഉണ്ടാവും." മായയ്ക്ക് കലി വന്നു.

"മായേച്ചി... ഇത്ര ക്രൂരയാവല്ലേ...!" ദീപയുടെ കണ്ണ് നിറഞ്ഞു.

"നീയെന്നെ എങ്ങനെ കരുതിയാലും കുഴപ്പമില്ല. കേറിവാ.. എന്നിട്ട് ചോദിക്കാനുള്ളത് ചോദിക്ക്." മായ മുറ്റമടി നിർത്തി അകത്തേക്ക് പോയി.


അല്പനേരം മുറ്റത്തു തന്നെ നിന്നിട്ട് ദീപ അകത്തേക്ക് നടന്നു.

"ഇരിക്ക്..." മായ പറഞ്ഞു. "ഇപ്പോൾ വരാം." മായ അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നത് കുടിക്കാനുള്ള വെള്ളവുമായിട്ടാണ്.

"ഇതു കുടി..." ഗ്ലാസ് ദീപയ്ക്ക് കൊടുത്തു.


ദീപ ആ ഗ്ലാസ് കയ്യിൽ വാങ്ങിയതല്ലാതെ വെള്ളം കുടിച്ചില്ല.

"മായേച്ചി അമ്മ എവിടാണ്...? പറയ്..." ദീപ വീണ്ടും ചോദ്യം ആവർത്തിച്ചു.

"സത്യായും എനിക്ക് അറിയില്ല. രാഹുലിനോട് ചോദിച്ചിട്ട് പറഞ്ഞില്ല. നിന്നോട് ആരു പറഞ്ഞു ഈ കാര്യം...?"

"ഇന്നലെ മരുന്നിന് ഹോസ്പിറ്റലിൽ ചെന്നപ്പോൾ വടക്കേലെ സരസച്ചേച്ചിയെ കണ്ടു."

"ഓഹോ... അവർ ആകാശവാണിയാണല്ലോ...! എന്നാ ഞാൻ തല്ലിയോടിച്ചു എന്നാവും നിന്നോട് പറഞ്ഞിട്ടുണ്ടാവുക. അല്ലേ...?"


"അങ്ങനൊന്നും പറഞ്ഞില്ല. ഇവിടെ വഴക്കുണ്ടായി ,അമ്മേ ഇപ്പോൾ കാണാനില്ല എന്നാ പറഞ്ഞത്. അതല്ലല്ലോ മായേച്ചി എനിക്ക്റിയേണ്ടത് എൻ്റമ്മ ഇപ്പോൾ എവിടെ ഉണ്ട് എന്നാ... ഞാൻ കൊണ്ടു പൊക്കോളാം ... എവിടാന്ന് മാത്രം പറഞ്ഞാൽ മതി." ദീപ കണ്ണുതുടയ്ക്കുകയും മൂക്കുചീറ്റുകയും ചെയ്തു.


"എവിടെ ആണെന്നറിയില്ലെങ്കിലും ഒരുകാര്യമറിയാം അമ്മ സുരക്ഷിതയാണെന്ന്."

"എന്തു സുരക്ഷിതത്വം മായേച്ചി...? ചോരയും നീരും കൊടുത്തു വളർത്തിയ മക്കൾക്ക് ഭാരമാണെന്ന് പറയുമ്പോൾ... വന്ന മക്കൾക്ക് ഇഷ്ടക്കേടു തോന്നുമ്പോൾ അമ്മയ്ക്ക് ഞാനില്ലേ എന്നു പറയേണ്ട മകൻ മൗനം പാലിക്കുമ്പോൾ... അവരിൽ നിന്ന് അകലേണ്ടിവരുമ്പോൾ... മാതൃത്വത്തിന് നാണയത്തുട്ടുകളുടെ വില കൽപിക്കുമ്പോൾ... ഉരുകുന്ന മനസാണെങ്കിലും മക്കൾക്ക് നല്ലതുവരണേ എന്നു പ്രാർത്ഥിക്കാനേ ഓരോ അമ്മമാർക്കും കഴിയൂ..."


"മായേച്ചിക്കറിയോ...? എൻ്റെ അടുക്കൽ അപ്പോൾ അമ്മ വന്നില്ലാരുന്നെങ്കിൽ ഇന്നു ഞങ്ങൾ ജീവനോടുണ്ടാവില്ലാരുന്നു..."

"എൻ്റെ ദീപേ ഞാൻ അമ്മയോട് പോകാൻ പറഞ്ഞില്ല..."

"എനിക്കറിയാം മായേച്ചി... അരിശം വന്നാൽ മായേച്ചി എന്തൊക്കെ പറയുമെന്ന്..."


"അതുശരി... ഞാൻ ഓടിച്ചു വിട്ടതൊന്നുമല്ല. മകനാണ് വണ്ടിക്കുലി കൊടുത്തുവിട്ടത്..."

"മായേച്ചിക്കറിയില്ലേ... അമ്മ എവിടാന്ന്...?"

"സത്യമായും അറിയില്ല... ഞാൻ ചോദിച്ചിട്ട് രാഹുൽ പറഞ്ഞില്ല... എന്നോട് പിണങ്ങി നടക്കുവാണ്."


"ഞാൻ പോകുന്നു. എനിക്കു വേണ്ടി എൻ്റെ അമ്മ എന്തൊക്കെ സഹിക്കണം? എവിടാണേലും ഞാൻ കണ്ടെത്തും..." ദീപ കരഞ്ഞു കൊണ്ട് ഇറങ്ങി.

"ദീപേ രാഹുലിനോട് ചോദിക്ക്..." മായ പറഞ്ഞു.


അതിനു മറുപടി പറയാതെ കണ്ണുകൾ സാരിത്തുമ്പു കൊണ്ട് തുടച്ചു. "പോട്ടെ..."

ദീപ പോകുന്നത് മായ നോക്കി നിന്നു. ദീപ റോഡിലേയ്ക്ക് ഇറങ്ങിയതും ഒരുകാർ ദീപയെ കടന്ന് മുറ്റത്തേയ്ക്ക് വന്നു. 

"ആരാവും...?" ദീപ തിരിഞ്ഞു നിന്നു.


തുടരും...


Rate this content
Log in

Similar malayalam story from Drama