വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം അഞ്ച്

വൈഗ - ഭാഗം അഞ്ച്

4 mins
214


വൈഗ വിറയ്ക്കുന്നത് ലിനി അറിഞ്ഞു. രാവിലെ കണ്ട ചന്ദന കുറി തൊട്ടയാൾ തങ്ങളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു. ലിനി ചിരിയോടെ നോക്കി. എന്നാൽ വൈഗ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.


"എടീ... നീ വിറയ്ക്കുന്നല്ലോ...?"ലിനി വൈഗയ്ക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു.

"നീ കണ്ടില്ലേ...? ആ ചെറുക്കൻ ഇങ്ങോട്ടാ വരുന്നേ... നമ്മളെ ചീത്ത പറയാനാണോ...? എനിക്കു പേടിയാവുന്നുണ്ട്."

"പിന്നെ അതിനു നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ...?" ലിനി ധൈര്യപ്പെടുത്തി.

അപ്പോഴേയ്ക്കും അയാൾ അവർക്കടുത്തെത്തി.


"തൻ്റെ പേരെന്താടോ...?" അയാൾ വൈഗയോട് ചോദിച്ചു.

വൈഗ ലിനിയുടെ പിറകിലേയ്ക്ക് മാറി നിന്നതല്ലാതെ പേരു പറഞ്ഞില്ല.

"കൊള്ളാലോ! ഇത്രയും നേരം കിലുക്കാംപെട്ടി പോലെ ചിരിച്ച പെണ്ണിൻ്റെ വായിൽ പേരു പറയാൻ നാവില്ലേ...?"

"എന്തിനാ പേരറിയുന്നത്...?" വൈഗ ഇഷ്ടപ്പെടാത്ത മട്ടിൽ ചോദിച്ചു.


"കല്യാണാലോചനയ്ക്കാ... പേരു മാത്രമല്ല നാളും അറിയണം."

"ഛെ...! നാണമില്ലേ, ആദ്യം കാണുന്ന ഒരാളോട് ഈ രീതിയിൽ സംസാരിക്കാൻ...?"

വൈഗ അരിശത്തോടെ ചോദിച്ചു.


"വാ, ലിനി. നമുക്ക് പോകാം ..."

വൈഗ ലിനിയുടെ കയ്യിൽ പിടിച്ചു വലിച്ചു. ലിനി രണ്ടു പേരുടെയും സംസാരം കേട്ട് ചിരിച്ചു കൊണ്ട് നിൽക്കയാരുന്നു. ഇടയ്ക്കിടയ്ക്ക് ലിനി അയാളോട് കണ്ണു കൊണ്ട് എന്തോ പറഞ്ഞത് വൈഗ കണ്ടു.


"അതു ശരി. ഇവർതമ്മിൽ അറിയും. അതാ എന്നോടു മാത്രം പേരു ചോദിച്ചത്. എന്നാ രണ്ടുപേരും മിണ്ടിക്കോട്ടെ... " വൈഗ മനസിൽ പറഞ്ഞു കൊണ്ട് ലിനിയുടെ കയ്യിലെ പിടിവിട്ട് നടന്നു.

"എത്ര സന്തോഷത്തോടെയാ വന്നത്? കോളേജിലെ ആദ്യ ദിനത്തെ കുളമാക്കി." വൈഗ തിരിഞ്ഞു നോക്കാതെ നടന്നു. കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി. 


"ലിനിയുടെ ആരാവും അയാൾ? രാവിലെ കണ്ടതാ ഇയാളെ. ഇത്രയും നേരത്തിനിടയ്ക്ക് എന്തെല്ലാം കാര്യങ്ങൾ തങ്ങൾ പറഞ്ഞു. ഒരിക്കൽ പോലും ഇയാളെ പറ്റി ലിനി തന്നോട് പറഞ്ഞില്ല. എന്നാൽ ഇപ്പോൾ അയാളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഉറപ്പാണ്, ഇവർ തമ്മിൽ അറിയും. തന്നോടെന്താ ലിനി ഇക്കാര്യം മറച്ചു വെച്ചത്? എന്തോ കള്ളത്തരമുണ്ട്. എത്രനാൾ മറച്ചുവെക്കും എന്നറിയാലോ!" വൈഗ നടപ്പിനു വേഗം കൂട്ടി.


"നിക്കെടീ ഞാനും വരുന്നു."

ലിനി പിറകെ വേഗം നടന്നു കൊണ്ട് വിളിച്ചു പറഞ്ഞു.

"ഓ... പോന്നോ...? എന്തിനാ പോന്നെ, നിങ്ങൾക്ക് സംസാരിക്കാരുന്നല്ലോ...?" വൈഗ തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു.


"എന്തു സംസാരിക്കാൻ? എന്നോട് ഒന്നു ചോദിച്ചില്ല. ഞാൻ നിങ്ങൾ പറയുന്നതു കേട്ട് ചിരിച്ചു കൊണ്ട് നിന്നതല്ലേ ഉള്ളൂ...? നിങ്ങൾക്കിടയിൽ ഞാനെന്തിനു വരണം?" ലിനി പറഞ്ഞു.

"ങേ..." വൈഗയുടെ പുരികം ചുളിഞ്ഞു.

"അതന്നെ."


"എനിക്കയാളെ അറിയില്ല. ചന്ദനക്കുറിയൊക്കെ തൊട്ടുള്ള നിൽപ്പു കണ്ടാൽ ഷാരൂഖ് ഖാനാണെന്നാ ആ ചെറുക്കൻ്റെ വിചാരം?"

വൈഗ ഇഷ്ടക്കേടോടെ പറഞ്ഞു.

"പോടീ... പാവം."


"ഓഹോ... അപ്പോൾ അങ്ങനാണല്ലേ...? നിൻ്റെ നിൽപ്പും ഭാവവും കണ്ടപ്പോഴെ എനിക്കു തോന്നിയതാ ഒരുഡൗട്ട്. പോരട്ടെ മോളെ, എല്ലാം പറയ്. "

"ഞാനെന്തു പറയാൻ ...? ചോദ്യങ്ങളെല്ലാം നിന്നോടായിരുന്നില്ലേ...? ഞാൻ വെറും കേൾവിക്കാരി," ലിനി പറഞ്ഞു.


"ചുമ്മാ പറഞ്ഞതാ, നിൻ്റെ പിണക്കം മാറ്റാൻ പറഞ്ഞതാടി. അല്ലാതെ ഒന്നുമില്ല..."

"കൊള്ളാലോ ലിനീ, നിൻ്റെ കാര്യം. എടീ... ഒരു കാര്യം ചോദിക്കട്ടെ...?"

"ഉംം... ചോദിക്ക്."


"അതേയ്... നിനക്ക് ഇത്ര കൂളായി നിൽക്കാൻ എങ്ങനെ കഴിഞ്ഞു? നിനക്ക് പേടിയൊന്നും തോന്നിയില്ലേ...?"

"എന്തിനു പേടിക്കണം? അത്രയും സ്റ്റുഡൻ്റ്സ് അവിടെ നിൽക്കുമ്പോൾ അല്ലേ? നമ്മൾ രണ്ടുപേർ മാത്രമല്ലല്ലോ അവിടുണ്ടായിരുന്നത്. മാത്രമല്ല നീ പറഞ്ഞ ചന്ദനക്കുറിതൊട്ട ഷാരുഖ് ഖാൻ, അങ്ങരെ എനിക്ക് നേരത്തെ അറിയാം. .."


"സത്യായും ...? എന്നിട്ടെന്നാ ആ കാര്യം എന്നോട് പറയാതിരുന്നത്? അയാൾ പാവാണോടീ...?"

"ആവും. നമ്മളോട് മോശമായൊന്നും പറഞ്ഞില്ലല്ലോ...? കുറച്ചു ഗൗരവം ഉണ്ടെന്നേ ഉള്ളൂ..."


"പക്ഷെ എനിക്ക് ഇപ്പോഴും പേടിയാ, നാളെ ഇവിടേക്കല്ലേ വരേണ്ടതെന്നോർത്ത്." വൈഗ പറഞ്ഞു.

"പോ പെണ്ണേ... വേഗം വാ, ആദ്യം കിട്ടുന്ന ബസിനു പോകാം..." ലിനി പറഞ്ഞു.

അവർ നടപ്പിനു സ്പീഡ്കൂട്ടി.


 .......   ........    ........    .........


ബസ്സിൽ നല്ല തിരക്ക്. എങ്ങനെയെന്നറിഞ്ഞില്ല. അകത്തു കേറാൻ ഡോറിനടുത്ത് നിന്നതേ ഉള്ളൂ. ബസിൽ കേറാൻ നിന്നവർ കേറാനുള്ള തിടുക്കത്തിൽ തള്ളിയതേ വൈഗ ആ തിക്കലിൽ ബസിൽ കേറിപ്പറ്റി.


"ലിനിയെവിടെ...?"

 വൈഗ ചുറ്റും നോക്കി.

"എടീ... ഞാനിവിടുണ്ട്..."

 ലിനി പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

ശബ്ദം കേട്ടഭാഗത്തേയ്ക്ക് വൈഗ നോക്കി. 

"ഓ... ലിനി തനിക്കു മുന്നേ കയറിയോ."


കുറെ കഴിഞ്ഞപ്പോൾ ബസിലെ തിരക്ക് കുറഞ്ഞു. വൈഗ നിന്നതിനടുത്ത സീറ്റിലിരുന്ന ഒരു ചേച്ചി വൈഗയെ തോണ്ടി. വൈഗ തിരിഞ്ഞു.

"ദേ... ആ കുട്ടി പറഞ്ഞിട്ടാ..." തോണ്ടിയ സ്ത്രീ പറഞ്ഞു.

ആരെന്നറിയാൻ നോക്കിയ വൈഗയെ ലിനി കൈകാട്ടി വിളിച്ചു. ലിനിയ്ക്ക് സീറ്റു കിട്ടി. രണ്ടു പേരിരിക്കുന്ന സീറ്റിൽ ഒറ്റയ്ക്കാണ്. വൈഗ ലിനിയ്ക്കടുത്ത് ചെന്നിരുന്നു.


"എന്താ കുട്ടികളെ ...? ഇന്ന് തൊട്ടെങ്ങനെ കൺസഷൻ തരും? കാർഡൊക്കെ കിട്ടട്ടെ, അപ്പോൾ കൺസഷൻ തരാം. അതു വരെ ഫുൾടിക്കറ്റേ പറ്റൂ..."

കണ്ടക്ടർ ആണ്. ഫുൾടിക്കറ്റ് എഴുതിയത് ചോദ്യം ചെയ്തതിന് ഉറക്കെ പറഞ്ഞതാണ്.


"ടിക്കറ്റ്... ടിക്കറ്റ് ..."കണ്ടക്ടർ മുന്നിലേയ്ക്ക് പോയി.

"ഇന്നാർക്കും കൺഷസനില്ല. കേട്ടല്ലോ ...? എത്രയും വേഗം കാർഡ് ശരിയാക്കിക്കൊണ്ടു വാ..."

 കണ്ടക്ടർ ഉറക്കെ പറഞ്ഞു.


"റേഷൻ കാർഡ് മതിയോ ചേട്ടാ...?"

ആരോ ചോദിച്ചത് ബസിൽ കൂട്ടച്ചിരിയായി.

"പോരല്ലോ മക്കളെ... കാർഡ് കയ്യിൽ വച്ചോ... വെറുതെ ഞങ്ങളായിട്ട് കഞ്ഞികുടി മുട്ടിക്കത്തില്ല."

കണ്ടക്ടർ ഉരുളയ്ക്ക് ഉപ്പേരി കണക്കേ മറുപടി കൊടുത്തു. വീണ്ടും ചിരിയായി...


"ടിക്കറ്റ്... ടിക്കറ്റ് ..." കണ്ടക്ർ അവർക്കടുത്തെത്തി. ലിനി കാശ് വൈഗയുടെ കയ്യിൽ കൊടുത്തു.

"ടിക്കറ്റ് എടുക്കടീ..."


വൈഗ ടിക്കറ്റ് എടുക്കാൻ കാശ് നീട്ടിയതും ആരോ ആ കാശ് മേടിച്ച് കണ്ടക്ടർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

"ദാ ചേട്ടാ രണ്ടു കുരുവിക്കൂട്..."

വൈഗ അത്ഭുതത്തോടെ കാശ് വാങ്ങിയ ആളെ നോക്കി.


"ങേ ഇത് ആ ഷാരുഖ്ഖാനല്ലേ? ഇയാളെങ്ങനറിഞ്ഞു താനും ലിനിയും കുരുവിക്കൂടാണ് ഇറങ്ങേണ്ടതെന്ന്?"അവൾ ലിനിയെ നോക്കി. ലിനിയുടെ മുഖത്ത് അപ്പോഴും ചിരിതന്നെ.

വൈഗ ലിനിയുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു.


"നീ എന്തിനാ എന്നെ നുള്ളുന്നത്? കറക്ട് സ്ഥലമല്ലെ നിൻ്റെ ഷാരുഖ് പറഞ്ഞത്?"

ലിനി വൈഗയുടെ കൈ തട്ടിമാറ്റി.


ബസിറങ്ങി നടക്കുമ്പോഴും വൈഗയുടെ മുഖം വീർത്തിരുന്നു.


"നീ പിണങ്ങാതെ... നീയും അറിയും ഷാരൂഖാനെ..."

 ലിനി പറഞ്ഞു.

"എനിക്കറിയില്ല. കണ്ടതായിക്കൂടി ഓർക്കുന്നു കൂടിയില്ല."


"പറഞ്ഞാൽ ചിലപ്പോൾ നീ ഓർക്കും. പണ്ട് ആ വഴക്കാളിച്ചെക്കൻ നമ്മുടെ ദേഹത്ത് ചെളി തെറുപ്പിച്ചത് ഓർക്കുന്നില്ലേ...?"

"ആ... ഉണ്ട്. ആ വഴക്കാളിയാണോ...ഇത്?"

"അല്ലെടി... ആ വഴക്കാളിയെ വേറൊരു ചെറുക്കൻ വന്നു വഴക്കാളിയോട് ചോദിച്ചതും ഉന്തിയിട്ടതും ഒക്കെ... ആ ചെക്കനാ ഇത്. പ്രതീക്ഷ് എന്നാണ് പേര്..."

"ഉംം... ഓർമ്മ വരുന്നുണ്ട്."


"ആ ചെക്കനാണ് ഈ ഷാരുഖ് ഖാൻ. അതാ എനിക്കറിയാവുന്നതാണെന്ന് പറഞ്ഞത്. മനസിലായോ നിനക്ക്? നിന്നെയും അറിയാം. അവർ വേറെ എവിടോ ആണ് താമസം എന്നറിയാം. പാവം. നിൻ്റെ അച്ഛൻ മരിച്ചപ്പോഴും വന്നിരുന്നല്ലോ...? നിൻ്റെ അച്ഛൻ മരിച്ചു കഴിഞ്ഞ് അധികം താമസിയാതെ പ്രതീഷിൻ്റെ അമ്മ മരിച്ചു പോയി. പിന്നീട് അവിടുത്തെ വീട് വാടകയ്ക്കു കൊടുത്തിട്ട് ഹോസ്റ്റലിൽ നിന്നാരുന്നു പഠിച്ചത്. വല്ലപ്പോഴും വരും. നീ അതിനും മുന്നെ താമസം മാറുകയും ചെയ്തു. ഇപ്പോൾ നമ്മുടെ കോളേജിൽ ഡിഗ്രി ലാസ്റ്റ് ഇയർ ആണ്."

 ലിനി പറഞ്ഞു നിർത്തി.


"സോറി ലിനി ... പണ്ട് അങ്ങനൊരു സംഭവം നടന്നു എന്നല്ലാതെ മുഖമൊന്നും എൻ്റെ ഓർമ്മയിലില്ല. അച്ഛൻ മരിച്ചപ്പോൾ എൻ്റെ അടുത്തു വന്നതും കരയാതെ മോളെ എന്നുപറഞ്ഞ് കണ്ണു തുടച്ചു തന്നതും ഓർമ്മയുണ്ട്. മുഖം ഓർമ്മയില്ല. നിനക്കെന്നോട് നേരത്തെ പറയാരുന്നില്ലേ...? ഞാനൊരു അഹങ്കാരി ആണെന്നു കരുതിക്കാണും .."

വൈഗ വിഷമത്തോടെ പറഞ്ഞു.


"ഏയ്... നീ എന്തിനാ വിഷമിക്കുന്നത്? കുഞ്ഞിലത്തെ കാര്യമൊന്നും ആരുടേയും ഓർമ്മയിലൊന്നും കാണില്ല. ഞാൻ ഓർക്കാൻ കാരണം വല്ലപ്പോഴും ഒക്കെ വീടു നോക്കാൻ വരുമ്പോൾ ഞങ്ങൾ തമ്മിൽ കാണാറുള്ളതു കൊണ്ടാണ്. കാണുമ്പോൾ നിൻ്റെ കാര്യം ചോദിക്കാറും ഉണ്ട്. പ്രതീക്ഷാണു പറഞ്ഞത്. പ്രതിക്ഷ് നിന്നെ തിരക്കിയ കാര്യം പറയരുതെന്ന്."


"അതു ശരി, അപ്പോൾ നിങ്ങൾ ഒത്തുകളിച്ചതാണല്ലേ...?"വൈഗ മുഖം വീർപ്പിച്ചു.

"പോടി... ഇങ്ങനെ എല്ലാത്തിനും മുഖം വീർപ്പിച്ചാലുണ്ടല്ലോ ഒറ്റ ഇടി വെച്ചു തരും... ആരാ ചോദിക്കാൻ വരുന്നതെന്ന് എനിക്കൊന്നറിയണമല്ലൊ...?"

 ലിനി ഇടിക്കുന്ന ആക്ഷൻ കാണിച്ചു.


"എൻ്റെ അമ്മയല്ലാതെ ആരാടീ എനിക്കുള്ളത്...?"

വൈഗയ്ക്ക് സങ്കടായി...

"എൻ്റെ ഈശ്വരാ...ഇവളെക്കൊണ്ട് തോറ്റു. ഒരു തമാശ പറഞ്ഞാൽ മനസിലാകാത്ത കഴുത."


ലിനി വൈഗയുടെ കവിളിൽ പതിയെ പിച്ചി.

"ആരു പറഞ്ഞു നിനക്ക് അമ്മ മാത്രേ ഉള്ളൂന്ന് ... അമ്മ ചോദിക്കാൻ വരുന്നതിൻ മുന്നെ ഷാരൂഖ് ഓടി വരും. എൻ്റെ കൈ തല്ലി ഒടിക്കുകയും ചെയ്യും..."

 ലിനി കളിയായി പറഞ്ഞു.


"നീയെന്തിനാ ലിനി എപ്പോഴും ഷാരൂഖിനെ ഉൾപ്പെടുത്തിപ്പറയുന്നത്? എനിക്കെന്തോ മോശമായി തോന്നുന്നു. "

"ഓ പിന്നെ... ചുമ്മാ പറഞ്ഞതല്ലടി... എനിക്കറിയാം ഷാരൂഖിൻ്റെ മനസിൽ നീ ഉണ്ടെന്ന്. ഞാൻ നിന്നോട് പറയാഞ്ഞതാ. പിന്നെ ഇതൊക്കെ ഓർത്ത് വിഷമിക്കേണ്ട."


വൈഗയുടെ വീടെത്തും വരെ ഓരോന്നു പറഞ്ഞ് രണ്ടു പേരും നടന്നു.

"നാളെ കാണാം. ബൈ."

 ലിനി യാത്ര പറഞ്ഞു. 


"വൈഗേ..." വൈഗ ഞെട്ടിപ്പോയി.

"വല്ലതും കഴിക്ക് പെണ്ണേ... എത്ര നേരമായി ഈ ഇരിപ്പു തുടങ്ങിയിട്ട്? പിണക്കം, അവൻ വിളിക്കും വരെ പട്ടിണിയിരിക്കാനാണോ ഭാവം? നീ അവനെ ഒന്നു വിളിക്ക്..."

സുഷമ പറഞ്ഞു.


"വിശപ്പില്ലമ്മേ... എന്നെ കാണാതല്ലല്ലോ കണ്ടിട്ടല്ലേ പോയത്? അതും എത്രനാളു കൂടിയാ കാണുന്നത്. വിളിക്കും അതു വരെ എനിക്കൊന്നും വേണ്ട..."

"നീ വിളിക്ക് ... അതാ നല്ലത് ..."

 സുഷമ പറഞ്ഞു.


വൈഗ ഫോൺ എടുത്തു കോൾ കൊടുത്തു. ഫോൺ ചെവിയോട് ചേർത്തു.


തുടരും...


Rate this content
Log in

Similar malayalam story from Drama