വൈഗ വസുദേവ്

Drama Romance

4  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം ആറ്

വൈഗ - ഭാഗം ആറ്

4 mins
335


ഫോൺ ബെല്ലടിച്ചു കൊണ്ടിരുന്നു. ബെല്ലടിക്കുന്നത് മയക്കത്തിൽ ആയിരുന്ന പ്രതീക്ഷ് കേട്ടു. "ആരാവും, ഒന്നുറങ്ങാനും സമ്മതിക്കില്ലേ...?"എന്നു പറഞ്ഞു കൊണ്ട് ഫോൺ എടുത്തു.


"ഹലോ...!" 

"നീയാരുന്നോ...? ഉംം... വരാം... ഒന്നു ഫ്രഷ് ആവട്ടെ..." കോൾ കട്ട് ചെയ്ത് വീണ്ടും കണ്ണടച്ചു.

"വേണ്ട... എണീക്കാം, പാവത്തിനെ ഇനിയും സങ്കടപ്പെടുത്തേണ്ട." 

പ്രതീക്ഷ് വേഗം കുളിച്ചു റെഡിയായി.


............    .............    ...........


"എൻ്റെ വൈഗേ... നീ പോയി കുളിക്ക്... അവൻ വരാമെന്ന് പറഞ്ഞതല്ലേ...?" സുഷമ സഹികെട്ട് പറഞ്ഞു.

"വരട്ടെ... എന്നിട്ടാവാം കുളി." വൈഗയുടെ മുഖം കടന്നൽ കുത്തിയ പോലിരുന്നു.


അധികം താമസിച്ചില്ല, പ്രതീക്ഷിൻ്റെ ബൈക്ക് വരുന്നത് വൈഗ കണ്ടു.

മുറ്റത്തെത്തി വണ്ടി സ്റ്റാൻഡിൽ വെച്ചു. വൈഗ പ്രതീക്ഷിൻ്റെ അടുത്തേക്ക് ചെന്നു.


"എന്താടി മുഖം വീർത്തിരിക്കുന്നത്, കടന്നൽ കുത്തിയോ...? അമ്മ ഇവൾക്കൊന്നും കഴിക്കാൻ കൊടുത്തില്ലേ...?"

"നീ പോയപ്പോൾ തൊട്ടുള്ള ഇരിപ്പാ..." സുഷമ പറഞ്ഞു.

"ഞാൻ ചായയെടുക്കാം." സുഷമ അകത്തേക്ക് പോയി.


"ഉം... ഇനിയെന്നാ...? ഞാൻ വന്നല്ലോ...? ഒന്നു ചിരിക്ക്, എൻ്റെ പെണ്ണേ..." പ്രതീക്ഷ് വൈഗയുടെ കവിളിൽ തട്ടിക്കൊണ്ട് പതിയെ പറഞ്ഞു. വൈഗയുടെ മുഖം സന്തോഷത്താലും നാണത്താലും ചുവന്നു.

"എന്തിനാ അരിശപ്പെട്ടു പോയത്...? എന്നെ വേദനിപ്പിക്കുന്നതാണോ നിനക്കിഷ്ടം?" പരിഭവത്തോടെ വൈഗ ചോദിച്ചു.


"പിന്നല്ലാതെ... കാണാൻ ഓടി വന്നപ്പോൾ നിനക്ക് വലുത് എവിടുന്നോ വന്ന ഒരമ്മ..."

"നീയൊന്ന് സംസാരിച്ചു നോക്ക്, അപ്പോൾ നീയും എന്നേപ്പോലെയാവും. ആ അമ്മ സമ്മതിച്ചാൽ ഞാൻ ഇവിടെ താമസിപ്പിച്ചേനെ, അറിയോ...? അത്രയ്ക്ക് ഇഷ്ടാ എനിക്ക് ആ അമ്മയെ... കഴിഞ്ഞ ജന്മം എൻ്റെ ആരോ ആണെന്ന് മനസു പറയുന്നു."


"പിന്നെ കഴിഞ്ഞ ജന്മം നിൻ്റെ അമ്മായിയമ്മ ആയിരിക്കും," പ്രതീക്ഷ് കളിയാക്കി.

"നാളെ നമുക്ക് ഒന്നിച്ച് അമ്മയെ കാണാൻ പോകണം."

"നീ ഇത്രയ്ക്കും ഇഷ്ടപ്പെടുന്ന അമ്മയെ എനിക്കും ഒന്നു കാണണം. എൻ്റെ പെണ്ണിനെ എന്നിൽ നിന്നും അകറ്റരുതെന്നും പറയണം. ആകെ കിട്ടുന്ന കുറച്ചു സമയം അപഹരിക്കരുതെന്നും പറയണം."


പ്രതീക്ഷ് പറയുന്നതു കേട്ടിട്ട് വൈഗയ്ക്ക് ചിരി വന്നു.

"വാ... അമ്മ ചായയെടുത്തു കാണും. എനിക്ക് വിശന്നിട്ടു വയ്യ."

വൈഗ കൊച്ചുകുട്ടിയെപ്പോലെയായി. 


..............   .............   ..............


"ഇവിടെ നിന്നോ... ഞാൻ അമ്മെക്കൂട്ടി വരാം," തണലിൽ എത്തിയതും പ്രതീക്ഷിനോട് അത്രയും പറഞ്ഞിട്ട് വൈഗ ഉള്ളിലേക്ക് കയറിപ്പോയി. 


പ്രതീക്ഷിന് അവിടം നന്നായി ഇഷ്ടപ്പെട്ടു. ചെറിയൊരു കുന്നിൻ മുകളിലായ് ആണ് തണൽ എന്ന സ്ഥാപനം. മുറ്റത്ത് ഭംഗിയായി നട്ടുപിടിപ്പിച്ച ചെടികൾ... ആകെ നല്ലൊരു അന്തരീക്ഷം. 


"അമ്മയെ വിളിക്കാൻ പോയവൾ മറുവഴി പോയോ...? കാണുന്നില്ലല്ലോ...?" പ്രതീക്ഷ് അകത്തേക്ക് നോക്കിയിരുന്നു


വൈഗ മുറിയിലേയ്ക്ക് ചെന്നമ്പോൾ ഗീതമ്മ കിടക്കുകയായിരുന്നു. 

"അമ്മേ... എന്തുപറ്റി ...? ഇപ്പോൾ കിടക്കാൻ, ക്ഷീണം എന്തേലും ആണോ...?"

"ങേ... മോളോ...എന്താ രാവിലെ? വൈകുന്നേരളല്ലേ വരാറുള്ളൂ...? രാവിലെ വൈഗയെ കണ്ട ആശ്ചര്യത്തിൽ ഗീതമ്മ പറഞ്ഞു


"രാവിലെ കിടക്കുന്നത് നല്ലതല്ല, അമ്മേ... മുറ്റത്തു കൂടി നടക്കണം. കേട്ടല്ലോ...?"

"കേട്ടു... കേട്ടു... പിന്നെ മോളെന്താ രാവിലെ...?"

"ഒരാളെ അമ്മയ്ക്ക് പരിചയപ്പെടുത്താൻ വിളിച്ചോണ്ടു വന്നിട്ടുണ്ട്."

"ആരാ മോളെ...?"


"അതൊക്കെ ഉണ്ട്... നേരിട്ട് എല്ലാം ചോദിച്ചു മനസിലാക്കിയാൽ മതി. അമ്മയ്ക്ക് ഇഷ്ടായാൽ പറയണേ..." വൈഗയുടെ മുഖത്ത് കള്ളച്ചിരി വിടർന്നു.

"വാ... വാ... അല്ലേൽ നോക്കി നിന്ന് അരിശം വരും... അരിശം ഇത്തിരി കൂടുതലാ..."


"അല്ല, മോൾക്കിന്ന് ജോലിക്ക് പോകേണ്ടേ...?"

"ഇന്ന് ഇല്ല, അവധിയാ..."

"ഒന്നു മുഖം കഴുകട്ടെ..." 

"മോടെ ആരാണ് ...?" മുഖം കഴുകി വന്ന ഗീതമ്മ ചോദിച്ചു.

"അതൊക്കെ പറയാം. ആദ്യം പരിചയപ്പെടാം."


രണ്ടു പേരും നടന്നു വരുന്നത് പ്രതീക്ഷ് കണ്ടു. ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്നത്ര ഐശ്വര്യം ഉണ്ട് ആ മുഖത്ത്.


"ഇതാണ് അമ്മേ കാണാൻ വന്നയാൾ..." വൈഗ പ്രതീക്ഷിനെ ചൂണ്ടി ഗീതമ്മയോട് പറഞ്ഞു.

"എന്നെക്കാണാൻ ഈ മോളല്ലാതെ ആരും വരാനില്ല. മോനിങ്ങനെ തോന്നാൻ എന്താ കാരണം?" 


"ഇവൾക്ക് അമ്മയുടെ കാര്യം പറയാനെ നേരമുള്ളൂ. എന്നാൽ ഒന്നു കാണാം എന്നു പറഞ്ഞു. പിടിച്ച പിഠിയാലേ ഇവൾ എന്നെ ഇവിടെ കൊണ്ടു വന്നു."

"ഈ വയസു കാലത്ത് എനിക്ക് ഈശ്വരൻ തന്ന മോളാ ..." ഗീതമ്മ പറഞ്ഞു.

"അല്ല, മോൻ്റെ പേരു ചോദിക്കാൻ മറന്നു. എന്താ പേര്...?


"പ്രതീക്ഷ്..."

എന്താണ് ജോലി?"

"നാട്ടിലല്ല. കമ്പനി ജോലിയാണ് കുവൈറ്റിൽ... രണ്ടുദിവസം ആയതേ ഉള്ളൂ വന്നിട്ട്." 

"ഈ മോളുടെ ആരാണ്...?"


"അതറിയില്ലേ...? ഇവൾ പറഞ്ഞില്ലേ...ഇതുവരെ...?"

"ചോദിച്ചു, പക്ഷെ നേരിട്ട് ചോദിച്ചറിയാനാ പറഞ്ഞത്."

"ഇവളെ കെട്ടാൻ പോകുന്നവൻ..." പ്രതീക്ഷ് പറഞ്ഞു.

"ആണോ മോളെ... നന്നായി ഈ അമ്മയ്ക്ക് സന്തോഷമായി. എനിക്ക് കാണാൻ പറ്റിയല്ലോ... ഉടനെ ഉണ്ടോ കല്യാണം...?"

"അങ്ങനൊരു ആലോചന ഇല്ലാതില്ല." 


പ്രതീക്ഷ് പറഞ്ഞതുകേട്ട വൈഗയുടെ മുഖം നാണത്താൽ ചുവന്നു.

"മോന് ആരൊക്കെ ഉണ്ട്...?"

"ആരുമില്ല..." പ്രതീക്ഷിൻ്റെ മുഖത്തെ സന്തോഷം മാഞ്ഞു.

"അച്ഛൻ... അമ്മ ...?"

"മരിച്ചു..."


"മോനു സങ്കടായോ...? ഇപ്പോൾ ഇവൾ ഇല്ലേ, അപ്പോൾ ആരുമില്ല എന്ന് എങ്ങനെ പറയും...?" ഗീതമ്മ വാത്സല്യപൂർവ്വം പറഞ്ഞു.

പ്രതീക്ഷ് ഒന്നു ചിരിച്ചു.


"അമ്മയുടെ വീടെവിടെയാണ്...? അമ്മയ്ക്ക് ആരൊക്കെ ഉണ്ട്...?"

"ഒരു മോനും ഒരു മോളും ..."

"അവർക്കറിയാമോ അമ്മ എവിടാന്ന്...?"

"ഉംം... മോനറിയാം ..."


"എന്നിട്ട് മോൻ അന്വേഷിച്ചു വന്നില്ലേ...?"

ഗീതമ്മയുടെ മുഖത്ത് സങ്കടം നിഴലിച്ചു.

"നീയെന്തിനാ അതൊക്കെ ചോദിച്ചു അമ്മെ വിഷമിപ്പിക്കുന്നത്?"

ഗീതമ്മയുടെ സങ്കടം കണ്ടപ്പോൾ വൈഗയ്ക്കും സങ്കടം വന്നു.


"സങ്കടം അല്ല, മോളെ... എൻ്റെ വയറ്റിൽ പിറന്നവരല്ലേ...? അവരെപ്പറ്റി നല്ലതല്ലാത്ത കാര്യങ്ങൾ മറ്റൊരാളോട് പറയേണ്ടി വരുന്ന ഒരമ്മയുടെ മനസ്. മക്കളെപ്പറ്റി നല്ലതു മാത്രം പറയാനും കേൾക്കാനും കഴിയണം എന്നാഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടോ...? ഞാൻ ഭാഗ്യംകെട്ട അമ്മയാ..." ഗീതമ്മയുടെ കണ്ണുകൾ നിറഞ്ഞു .


"സാരമില്ല അമ്മേ .. അതൊക്കെ കഴിഞ്ഞു. അമ്മയുടെ മോൻ വരും തെറ്റു മനസിലാക്കി കൂട്ടിക്കൊണ്ട് പോകും. ഷുവർ എനിക്കുറപ്പുണ്ട്."ഗീതമ്മയുടെ കൈപിടിച്ചുകൊണ്ട് പ്രതീക്ഷ് പറഞ്ഞു.

"വന്നാലും ഈ അമ്മയെ വിടില്ല." വൈഗ പറഞ്ഞു.


"മക്കൾ അവകാശം പറഞ്ഞു വന്നാൽ നമുക്ക് ഒന്നും ചെയ്യാനാവില്ല."

"അങ്ങനൊരു അവസരം വന്നാലല്ലേ പോകേണ്ടതുള്ളൂ...? വരില്ല. വയസ്സായ എന്നെക്കൊണ്ട് നേട്ടം ഉണ്ടായിരുന്നത് എഴുതി കൊടുത്തു. ഇല്ലാരുന്നേൽ തലചായ്ക്കാൻ വീടെങ്കിലും ഉണ്ടാരുന്നു. പ്രായമായാൽ ഇങ്ങനാവും മിക്കവരുടെയും ഗതി. നന്മ നശിക്കാത്തവർ ഇപ്പോഴും ഭൂമിയിൽ ഉള്ളതു കൊണ്ട് ആരുമില്ലാത്തവർ ജീവിക്കുന്നു."

ഗീതമ്മയ്ക്ക് മറ്റെന്തൊക്കയോ പറയണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നുവെച്ചു.


"അതൊക്കെ പോട്ടെ. അമ്മ, കാപ്പികുടിച്ചോ...?"

വിഷയം മാറ്റാനായി പ്രതീക്ഷ് ചോദിച്ചു.

"കഴിച്ചു. വേണ്ടാന്നു പറഞ്ഞാൽ സമ്മതിക്കില്ല. അതിനാൽ വേണ്ടേലും കഴിക്കും, കഴിച്ചെന്നു വരുത്തും."


"ആഹാ ഇന്ന് ഗീതമ്മയ്ക്ക് കൂട്ടായി മോളും മോനും എത്തിയോ...?" ആരോ വിളിച്ചു ചോദിച്ചു.

ആരെന്നറിയാൻ ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കിയ പ്രതിക്ഷിനു തൻ്റെ കണ്ണിനെ വിശ്വസിക്കാൻ പറ്റിയില്ല.


ഒന്നു കൂടി നോക്കി. ഇത് അവൻ തന്നെ ഈ ശബ്ദം തനിക്ക് മറക്കാൻ ആവില്ല.

"എടാ... ഹബീ..."

പ്രതീക്ഷ് നീട്ടി വിളിച്ചു.

ഹബീബ് പെട്ടെന്ന് നിന്നു.


"ഇവിടെ എല്ലാവരും സാറെ എന്നാണ് വിളിക്കുന്നത്. ഹബീ എന്നു വിളിക്കാൻ ഇവിടാരുമില്ല. പിന്നെ ... ആര്...?"

തിരിഞ്ഞു നോക്കിയ ഹബീബിനടുത്തേക്ക് പ്രതീക്ഷ് വേഗം ചെന്നു.

"എടാ പ്രതീക്ഷേ ... നീ ...ഇവിടെ...? നിൻ്റെ ആരാ ഗീതമ്മ...?"


"വരേണ്ടി വന്നു. ഗീതമ്മ എൻ്റെ ആരുമല്ല."

"പിന്നെ ... ആ കുട്ടി വൈഗ ...?

ചോദ്യഭാവത്തിൽ ഹബീബ് പ്രതീക്ഷിനെ നോക്കി.

"അവൾ എൻ്റെ ഭാര്യയാകാൻ പോകുന്നവൾ... നിനക്കറിയോ അവളെ...?"


"കുറച്ചു കാലമായി അറിയാം ... ഓഫീസ് റൂമിലേയ്ക്ക് വാ, അവിടിരുന്ന് സംസാരിക്കാം ,.."ഹബീബ് പ്രതീക്ഷിനെകൂട്ടി ഓഫീസ് റൂമിൽ എത്തി.

"ഇരിക്ക്... എന്നിട്ട് നിൻ്റെ വിശേഷങ്ങൾ പറ... കോളേജ് വിട്ടതിനു ശേഷം നിൻ്റെ ഒരു വിവരവും അറിഞ്ഞിട്ടില്ല..."


"കൂടുതൽ എന്തു പറയാൻ...? സൗദിയിൽ ഒരു ജോലി കിട്ടി അക്കൗണ്ടൻ്റായി.  ഇനി പോകുന്നില്ല, പെണ്ണുകെട്ടി ഇവിടെ കൂടുക... കഴിഞ്ഞ ദിവസം വന്നതേ ഉള്ളൂ... വൈഗയെ കാണാൻ വന്നതാണ്. എന്നാൽ അവൾക്ക് എന്നേക്കാൾ ഇഷ്ടം ഈ അമ്മയോടായി എന്ന് തോന്നി. അവൾക്ക് നിർബന്ധം അമ്മയെ ഞാൻ വന്നു കാണണമെന്ന്. അതു കൊണ്ട് നിന്നെയും കാണാൻ പറ്റി. നിൻ്റെ വിശേഷങ്ങൾ പറയ്,"പ്രതീക്ഷ് തിരിച്ചു ചോദിച്ചു.


"ഞാൻ പഠിത്തം കഴിഞ്ഞതേ...ഇവിടായി ... "

"ഉംം... നിനക്ക് വൈഗയെ എങ്ങനറിയാം ...?"


"ഈ സ്ഥാപനം നല്ലവരായ ചിലരുടെ സഹായത്തോടെ ആണ് നടന്നു പോകുന്നത് . വൈഗ ജോലി ചെയ്യുന്ന കടയുടെ ഉടമയും ഈ പറഞ്ഞവരിൽ പെടും, അങ്ങനെ കടയിൽ ചെല്ലുമ്പോൾ കണ്ട പരിചയം. പിന്നെ ഈ ഗീതമ്മയെ ഇവിടെ കൊണ്ടു വന്നത് വൈഗയാണ്... ദിവസവും വരും, കുറെ നേരം ഗീതമ്മയുമായി സംസാരിച്ചിരിക്കും ... നല്ല മനസിൻ്റെ ഉടമയാ വൈഗ. നീ ഭാഗ്യവാനാ പ്രതീക്ഷ്, ഇന്നത്തെ കാലത്ത് ഇങ്ങനൊരു പെണ്ണിനെ കിട്ടുകാന്നുവെച്ചാൽ..."


"അതേയ്, ഈ ഗീതമ്മയേപ്പറ്റി എന്തെങ്കിലും ഡീറ്റയിൽസ് അറിയാമോ നിനക്ക്...? മക്കളോ... സ്വന്തക്കാരോ... അങ്ങനെ ആരെയെങ്കിലും...?"

"ഗീതമ്മയുടെ മകൻ വന്നിരുന്നു കൂട്ടിക്കൊണ്ടു പോകാൻ..."

"ങേ... എന്നിട്ട്...?"


"മകൻെറ ഒപ്പം പോകാൻ തയ്യാറായില്ല. നീ ഗീതമ്മയോട് ചോദിച്ചില്ലേ... ?"

"ചോദിച്ചു. പക്ഷേ... മറ്റെന്തൊക്കെയോ പറഞ്ഞ് വിഷയം മാറ്റി. എന്താന്നറിയില്ല, ഈ ഗീതമ്മയോട് വല്ലാത്ത അടുപ്പം തോന്നുന്നു. എന്താവും മകൻെറ കൂടെ ഗീതമ്മ പോകാതിരുന്നത്? നിങ്ങൾ ചോദിച്ചില്ലേ...?"


"ചോദിച്ചു... ഇതാണ് ഇനി ഗീതമ്മയുടെ വീടെന്നു പറഞ്ഞു. നിർബന്ധിച്ചു പറഞ്ഞു വിട്ടാൽ വല്ല അവിവേകവും കാണിച്ചാലോ ...? അതു കൊണ്ട് നിർബന്ധിച്ചില്ല..."

"മോൻ തന്നെയാണോ വന്നത്...?"


"അല്ല പോലീസും ഉണ്ടായിരുന്നു... കുറച്ചു കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്തും."

"എങ്കിൽ ...അഡ്രസ് ഒന്നു തരൂ... ഗീതമ്മയോട് ചോദിച്ചാൽ ഒന്നും പറയില്ല... ഒന്ന്വേഷിക്കാം, വൈഗയാണേൽ അവളുടെ വീട്ടിൽ കൊണ്ടു പോകണം എന്നു പറഞ്ഞിരിക്കയാ... ഡീറ്റയിൽസ് ഒന്നറിഞ്ഞിരിക്കാലോ...?"

"ഓക്കെ..."ഹബീബ് എണീറ്റ് അലമാരയിൽ നിന്നും രജിസ്റ്റർ എടുത്തു കൊണ്ടു വന്നു.


"പുറത്തൊരാൾക്കും ഇവിടുത്തെ അന്തേവാസിയുടെ ഒരു വിവരവും കൊടുക്കാൻ ഞങ്ങൾക്ക് അവകാശമില്ല. പക്ഷേ നല്ല കാര്യത്തിനു വേണ്ടിയായതിനാലാണ് തരുന്നത്. ഗീതമ്മയെപ്പറ്റിയുള്ള എന്തെങ്കിലും ഡീറ്റയിൽസ് കിട്ടിയാൽ പറയണം..."

 ഹബീബ് രജിസ്റ്റർ തുറന്നു.

പ്രതീക്ഷ് ആകാംക്ഷയോടെ നോക്കിയിരുന്നു.


"ഹലോ...സാർ..."

വാതിക്കൽ നിന്നും ഒരാൾ വിളിച്ചു.

ആരെന്നറിയാൻ നോക്കിയ ഹബീബ് ഒന്നു ഞെട്ടി ...


തുടരും...


Rate this content
Log in

Similar malayalam story from Drama