NEELI 🍭

Comedy Drama Inspirational

3.6  

NEELI 🍭

Comedy Drama Inspirational

റുബിക്സ് ക്യൂബ്

റുബിക്സ് ക്യൂബ്

5 mins
386


"സർ, എനിക്ക് മരിക്കണം."


ഞെട്ടലിൽ നിന്നും മോചിതനാവാതെ ഞാൻ ആ പയ്യനെ വിസ്മയിച്ച് നോക്കി. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ പദവിയിലേക്ക് പ്രവേശിച്ചിട്ട് എനിക്കിത് നാലാം വർഷമാണ്.


സ്ക്കൂളിന്റെ വിശാലമായ വെളുത്ത ചുവരുകളുള്ള ഹാളിൽ ഞാനും ആ കുട്ടിയും മാത്രമായിരുന്നു. ഞെട്ടൽ മറച്ച് വെച്ചു കൊണ്ട് ഞാൻ മൂർച്ചയേറിയ അവന്റെ മിഴികളെ നോക്കി പുഞ്ചിരിച്ചു.


"എന്താ മോന്റെ പേര് ?"

"അഭിലാഷ്."

ഉത്തരം പെട്ടന്നായിരുന്നു.

"എത്ര വയസ്സായി?"

"ഞാൻ പ്ലസ് വണ്ണിലാണ്. എനിക്ക് 16 വയസ്സുണ്ട്."


ഒരു നിമിഷം ശ്വാസമടക്കി ഞാൻ ആ പയ്യനെ നിരീക്ഷിച്ചു. വില കൂടിയ ടൈറ്റൺ വാച്ച്, മുഖത്ത് കട്ടിയേറിയ കണ്ണട ... വിടർന്ന കണ്ണുകളിൽ കടുത്ത വിഷാദം. മുഖത്തെ നനുത്ത രോമങ്ങൾ അവന് വല്ലാത്ത ഓമനത്തം നൽകുന്നു. ഈ സ്ക്കൂളിൽ കൗൺസിലിംങ്ങിന് വന്നിട്ട് ഇത് മുപ്പത്തിരണ്ടാമത്തെ കുട്ടിയാണ്.


"സർ, എനിക്ക് മരിക്കണം. വേദന അറിയാത്ത Brain death ആണ് ഞാൻ ആഗ്രഹിക്കുന്നത് ... Over stress ചെയ്താൽ അതിന്റെ പോസിബിലിറ്റീസ് കൂടുതൽ ആണെന്ന് ഗൂഗിളിൽ കണ്ടു. ഞാൻ ഒരു സൈക്കോളജിസ്റ്റിനെ അന്വേഷിക്കുകയായിരുന്നു."


ഞാൻ ശാന്തനായി അവനെ കേട്ടു... പിന്നെ ഒരു സിപ് കോഫി എടുത്തു. കണ്ഠ ശുദ്ധി വരുത്തി.


"ശരി അഭിലാഷ്. എന്റെ ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയു ..."

" സർ ഉപദേശിക്കാനാണെങ്കിൽ വേണ്ട .... കേട്ട് തഴമ്പിച്ച് പോയി. എനിക്ക് ഇനി കേൾക്കാനോ കാണാനോ ഒന്നിനോടും താല്പര്യമില്ല ... താങ്കൾ എന്നെ തഴയുകയാണെങ്കിൽ മറ്റൊരു വഴി ഞാൻ കണ്ടെത്തും... എന്റെ ജീവിതം എനിക്ക് അവസാനിപ്പിച്ചേ തീരു..."


പക്വത നിറഞ്ഞ അവന്റെ സംസാരം ഞാൻ കൗതുകത്തോടെ കേൾക്കുകയായിരുന്നു... ഒരു സ്വഭാവിക കൗതുകം എന്നിൽ ഉണ്ടായി ... അത് വളർന്നു കൊണ്ടിരുന്നു... പണക്കാരൻ ആയ 16 കാരൻ ... പ്രത്യക്ഷത്തിൽ പ്രശ്നങ്ങളില്ല... പിന്നെ ...എന്തിന്?


"ഇല്ല അഭിലാഷ്... തന്നെ ഞാൻ ഉപദേശിക്കുന്നില്ല. ജീവിതം തന്റെതാണ് ... അവസാനിപ്പിക്കുന്നത് തന്റെ ഇഷ്ട്ടം ... എന്തായാലും നമ്മള് തുടങ്ങിയില്ലേ? ഇനി 10 minute ഉണ്ട്... അപ്പൊ കുറച്ച് മറുപടി പറയുന്നതിനെന്താ ? "


ഒരു കുറുക്കന്റെ കൗശലത്തോടെ ഞാൻ അവനെ നോക്കി ... അവൻ സംശയിച്ച് കൊണ്ട് ഒന്ന് മൂളി...


"ഓക്കെ, മോന്റെ വീടിനെ കുറിച്ച് പറയു..."


" ..."


" ..."


"ഈ സ്ക്കൂളിന്റെ നാല് കെട്ടിടത്തിനപ്പുറത്താണ് എന്റെ വീട് ... വീട്ടിൽ അച്ഛൻ അമ്മ ഞാൻ ... അച്ഛന് മാസം നാല് ലക്ഷം രൂപ വരുമാനം ഉണ്ട്, അമ്മ house wife ആണ്."


"ശരി ... അവർ തമ്മിൽ പ്രശ്നങ്ങളുണ്ടോ ? അതാണോ അഭിലാഷിനെ വിഷമിപ്പിക്കുന്നത് ?"


"അല്ല സർ, അവർ തമ്മിൽ പ്രശ്നങ്ങളില്ല. ആർക്കും അസൂയ തോന്നുന്ന ഇഷ്ട്ടമാണ് അവർ തമ്മിൽ. രാവിലെ അച്ഛൻ ഓഫീസിലേക്ക് പോകും ഞാൻ സ്ക്കൂളിലേക്കും ... വൈകീട്ട് ഒരുമിച്ച് ഞങ്ങൾ തിരിച്ചെത്തും... പഠിത്തം കഴിഞ്ഞാൽ ഞാനും പോകും ... കഴിക്കും ... പിന്നെ ഫോണിൽ കളിക്കും... ഉറങ്ങും."


"അപ്പൊ വീട്ടിൽ പ്രശ്നങ്ങളില്ല... പിന്നെ പ്രണയിച്ചിട്ടുണ്ടോ ?"


അവൻ ഒരു നിമിഷം ശാന്തനായി ... മുന്നിലേക്ക് വീണ മുടി പുറകിലേക്ക് മാറ്റി.


"ഇല്ല... ഇതുവരെ ഇല്ല."


"അപ്പൊ പ്രത്യക്ഷത്തിൽ മോന് നല്ലൊരു ജീവിതം ഉണ്ട്. പിന്നെ എന്തിനാണ് ഈ ജീവതം അവസാനിപ്പിക്കുന്നത്?"


പിന്നീട് അവൻ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ച് കളഞ്ഞു.


" സർ ... ഇത് എങ്ങിനെ പറയണം എന്ന് എനിക്കറിയില്ല. ശരിയാണ് എനിക്ക് എല്ലാം ഉണ്ട്: കൂട്ടുക്കാർ, പണം, അച്ഛൻ, അമ്മ, പഠിപ്പ്, വീട് ... പക്ഷെ മടുക്കുന്നു ... ദിവസവും ഒരേ പോലെ ... ഒരു വ്യത്യാസവുമില്ലാതെ... വെറുതെ വെറുതെ വരുന്ന കണ്ണീർ ... ദേഷ്യം, വെറുപ്പ് ... കാരണങ്ങളില്ല. പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടെന്ന് എല്ലാവരും പറയുന്നു... എന്റെ പ്രശ്നം പോലും കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല... ജീവിതം മരവിച്ച പോലെ ... ഇനി ജീവിച്ചിട്ടെന്തിനാ ... പഠിക്കാo ... കുടുംബം... അച്ഛന്റെ ബിസിനസ്സ് ... വയസ്സാംകാലം ... എനിക്ക് വെറുപ്പാണ് ഈ ജീവിതത്തോട് ... അതു കൊണ്ട് എനിക്ക് മരിക്കണം."


"അതുകൊണ്ട് എനിക്ക് മരിക്കണം ലെ? കൊള്ളാം."


എന്റെ സ്വരത്തിൽ പുഛം കലർന്നു... ഞാൻ ചിന്തിച്ചത് ഇല്ലായ്മയിൽ ജീവിച്ച എന്റെ കുട്ടിക്കാലത്തെ പറ്റിയായിരുന്നു... രാവിലെ കിട്ടുന്ന റേഷനരി കഞ്ഞി ... അല്ല കഞ്ഞിവെള്ളം കുടിച്ച് കുടുക്കില്ലാത്ത ഷർട്ടുമിട്ട് സ്ക്കൂളിലേക്കോടുന്ന ആ പതിനാറുകാരനെ കുറിച്ച് ... പിന്നെ ഉച്ചവരെ വിശന്ന് ഒരു വസ്ത്രം പോലും ഇല്ലാതെ കുടിയനായ അച്ഛനെ നോക്കി വിഷമിച്ച എന്നെ കുറിച്ച് ... അത്രയൊക്കെ അനുഭവിച്ച ഞാൻ ഇന്ന് ഇവിടെ ഇരിക്കുമ്പോൾ ഒരംശം പോലും അനുഭവിക്കാത്ത എന്നിട്ടും തളർന്ന് പോകുന്ന തലമുറ... ശരിക്കും പുഛം തോന്നി. 



"സർന് ഇപ്പൊ എന്റെ പ്രശ്നം മനസ്സിലായി കാണും ... പറയു എന്നെ സഹായിക്കാമോ?."

" സഹായിക്കാം ... ശരി എപ്പോഴാണ് ഈ വെറുപ്പ് തോന്നാറ് ?"

"അത്... ചിലപ്പൊ ഇൻസ്റ്റയിൽ മറ്റൊരാൾക്ക് എന്നെക്കാൾ ഫോഴോവേഴ്സ് ഉണ്ടെന്ന് കാണുമ്പൊ ... അലെങ്കിൽ FB യിൽ എന്റെ പോസ്റ്റിന് ലൈക്ക് കുറയുമ്പൊ ... യൂറ്റ്യൂബിൽ വ്യൂസ് താഴുമ്പോ ... പിന്നെ ആരെലും നെഗറ്റീവ് കമന്റ് ചെയ്യുമ്പൊ."

"അതൊക്കെ ഒരു പ്രശ്നമാണോ അഭിലാഷ്?"



"തീർച്ചയായും അല്ല എന്ന് എനിക്കറിയാം പക്ഷെ ഞങ്ങൾ കുട്ടികളുടെ കാര്യം വ്യത്യസ്തമാണ്. ഈ Social Media ഇല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്താ ചെയ്യണ്ടത് ? എന്തിനെ കുറിച്ചാണ് ചിന്തിക്കണ്ടത് ? മടുക്കുന്നു ... ഈ ചിന്തകൾ നിർത്തിയാൽ പിന്നെ ചിന്തിക്കാൻ വിഷയങ്ങളില്ല... ആവശ്യങ്ങളില്ല ... ഭ്രാന്താണ് ... മരണം, അത് മാത്രമാണ് എനിക്ക് വേണ്ടത് ... ഇത്ര വിശദീകരണം പോരെ ?"


ഏറെ നേരം ഞാൻ ചിന്തിച്ചു ...


"അഭിലാഷ് ഒരു കാര്യം ചെയ്യു ... ഒരു റൂബിക്സ് ക്യൂബ് ഞാൻ തരാം, അത് Solve ചെയ്യു."


"എനിക്ക് അത് ചെയ്യാനറിയാം ... അത് ചെയ്താൽ മരിക്കോ? എന്നെ വിഡ്ഢി ആക്കണ്ട ..."


" ഇതൊരു പ്രത്യേകത്തരം റൂബിക്സ് ക്യൂബാണ് ... ഒരിക്കലും ഇത് സോൾവ് ചെയ്യാൻ പറ്റില്ല ... എങ്കിലും ശ്രമിക്കു, ഒരു പക്ഷെ Solve ആയില്ലെങ്കിൽ ഞാൻ തന്നെ വഴി പറഞ്ഞ് തരാം. വാക്ക്."


"ശരി ... ഞാൻ നിങ്ങളെ അവിശ്വസിക്കുന്നില്ല... പക്ഷെ ഇത് നടന്നില്ലെങ്കിൽ ഞാൻ മറ്റൊരു ഡോക്ട്ടറെ തേടി പോകും ... കാരണം എന്റെ തീരുമാനം ശരിയാണ്."


ഞാൻ അവന് ഒരു unsolved cube, പിന്നെ എന്റെ അഡ്രസ്സും നൽകി...


~~~


നാലു ദിവസത്തിന് ശേഷം അവൻ വന്നു ...


വൈകുന്നേരം ഞാൻ ചെടിക്ക് വെള്ളം കൊടുക്കുയായിരുന്നു.


" ഹ അഭിലാഷോ... കേറി വാടോ...എന്തായി Cube?"


അവനെ ഞാൻ ഉള്ളിലേക്ക് ക്ഷണിച്ചു. സോഫയിലിരിക്കുന്ന അവന്റെ മുഖത്ത് നിരാശക്ക് പകരം എന്നോട് എന്തോ പറയാൻ ഉള്ള വ്യഗ്രതയായിരുന്നു. കയ്യിൽ ഒരു നിറം മാത്രം വേറെ ആയ ആ ക്യൂമ്പ് ഉണ്ടായിരുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ അവനെ നോക്കി.


" Solve ആയില്ലല്ലേ? ശരി ... എന്നാ ഇനി മരിക്കാനുള്ള വഴി പറയാം."


ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി ...


"സർ, എനിക്ക് മരിക്കണ്ട."


"അതെന്താ  അഭിലാഷേ ?"


" സർ, അന്ന് പറഞ്ഞ ദിവസവും ഇത് സോൾവ് ആകും എന്നൊരു വിശ്വാസമായിരുന്നു. വേറെ ഡോക്ടറെ കാണാം എന്നും. പക്ഷെ ഇതിന്റെ ഒരു നിറം മാത്രം സോൾവ് ആയില്ല... അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ ചിന്തിച്ചത് ഈ ക്യൂമ്പ് എങ്ങിനെ സോൾവ് ചെയ്യും എന്നാണ് ... സത്യമായിട്ടും മൊബൈൽ പത്ത് മിനുട്ട് കൂടുമ്പൊ നോക്കിയിരുന്ന ഞാൻ ഫോണിനെ തന്നെ മറന്ന് പോയി ..."'


"അത് കൊണ്ടാണോ തീരുമാനം മാറ്റിയത്?"


"അല്ല സർ ... ഞാൻ ചിന്തിച്ചു. വെറും Match box ന്റെ വലുപ്പമുള്ള ഒരു ക്യൂമ്പിനെ പറ്റി ഇത്രയേറെ ചിന്തിക്കാനും ആസ്വദിക്കാനും എനിക്ക് കഴിയുമെങ്കിൽ പിന്നെ ഈ ലോകത്ത് വേറെ എന്തെല്ലാമുണ്ട് എനിക്ക് ചിന്തിക്കാൻ ... അറിയാൻ ... ആസ്വദിക്കാൻ."


ഞാൻ ചിരിച്ചു.


"എന്റെ തെറ്റാണ് ... ജീവിതത്തിന്റെ നിറങ്ങൾ മീഡിയയും ... ലൈക്കും ആണെന്ന് കരുതി... ഞാൻ കഴിഞ്ഞ നാലു ദിവസം മൊബൈൽ വിട്ടു. ഡൈനിംഗ് ടേബിളിലും ഫോൺ വിട്ടത് കൊണ്ട് അമ്മയോടും അച്ഛനോടും സംസാരിച്ചു... ഒത്തിരി... എനിക്ക് സ്വയം പുച്‌ഛം തോന്നി ... സ്വന്തം പ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾ ഒന്നും സ്വയം നേരിടാൻ ആവാത്ത ഞാൻ എന്തൊരു വിഢിയാണെന്നോർത്ത് ..."


ഞാൻ ചിരിയോടെ തന്നെ എല്ലാം കേട്ടു. പതിയെ കണ്ണു തുടച്ച് ചിരിച്ച് അവൻ ക്യൂമ്പ് എനിക്കു നേരെ നീട്ടി.


"കയ്യിൽ വെച്ചോ..... ചിലപ്പൊ വീണ്ടും മരിക്കാൻ തോന്നിയാലോ .."

"അതിന്റെ ആവശ്യമില്ല സർ .... ഞാൻ മറ്റൊരു സാധനം വാങ്ങി"

"എന്ത് ?"

"ആൽക്കെമിസ്റ്റ്."

ഞാൻ പൊട്ടി ചിരിച്ചു ...

"ആഹ അപ്പൊ നന്നായല്ലേ ... നടക്കട്ടെ ..."


" സർ ... ആ ക്യൂമ്പ് എന്തുകൊണ്ട സോൾവ് ആവാതിരുന്നെ?"

" ചില ജീവതങ്ങൾ രക്ഷിക്കാൻ ദൈവം അത്ഭുതങ്ങൾ നടത്താറില്ലേ...? അതു പോലെ അഭിലാഷിന് ... ജീവിക്കണം എന്ന അഭിലാഷം ഉണ്ടാക്കാൻ ദൈവം കാണിച്ച വഴിയാണെന്ന് കരുതിക്കോളു..." 

"thankyou ...."

"ഹ ആയിക്കോട്ടെ."


അവൻ ഗെയ്റ്റ് കടന്ന് പുറത്ത് പോകുന്നത് വരെ ഞാൻ നോക്കി നിന്നു. പിന്നെ അന്ന് പൊട്ടിച്ച് തലതിരിച്ച് ഞാൻ ഫിക്സ് ചെയ്ത ക്യൂമ്പിന്റെ ആ നിറം അടർത്തി എടുത്ത് നേരെയാക്കി.


" ...ഹ...ഒരു ചെറിയ തരികിട കൊണ്ട് ഒരു ലൈഫ് രക്ഷപ്പെട്ടു ... ഇന്നത്തെ കൊച്ച് ങ്ങൾടെ കാര്യം ...ഫെസ് ബുക്കും ഇൻസ്റ്റെം മണ്ണാങ്കട നല്ല ചൂരലിനടിച്ച് വളർത്താഞ്ഞിട്ടാ... "


എന്റെ കയ്യിൽ ഞാൻ ആ Solved cube നേരെ പിടിച്ചു. ഒരു ചെറു ചിരിയോടെ ... മൂളിപ്പാട്ടും പാടി ഞാൻ ഉള്ളിലേക്ക് നടന്നു...


Rate this content
Log in

Similar malayalam story from Comedy