NEELI 🍭

Drama Children

3.4  

NEELI 🍭

Drama Children

കോമാളി

കോമാളി

5 mins
601


സർക്കസ് കഴിഞ്ഞിട്ടും ഞാനും മനും അവിടെ തന്നെ ചുറ്റി പറ്റി നിന്നു... അവനെ എവിടെയും കണ്ടില്ല.


രാത്രി ആവാറായിട്ടും പൂരപറമ്പില് നല്ല തിരക്കാണ് ... പക്ഷെ വീട്ടില് പറയാതെ അല്ലെ പോന്നത്... ഇനീം വൈകിയാൽ പൊതിരെ തല്ല് കിട്ടും ഉറപ്പാ...


"നമ്മക്ക് പോവ്വ? അവനെ കാണാൻ പറ്റുംന്ന് തോന്നണില്യ ഏട്ട."


മനു സഹിക്കെട്ട് ദയനീയമായി എന്നെ നോക്കി, അവന്റ ശബ്ദത്തിലും പരിഭ്രമം.


"മ്..."


ഞാനൊന്നമർത്തി മൂളി ... പക്ഷെ ആ കാര്യം എന്റെ മനസ്സിൽ തന്നെ കിടന്നു പുകയുകയാണ്...


ഒറ്റ ചക്രത്തിൽ സൈക്കിള് ഓടിക്കുന്ന പയ്യൻ ...


കഴിഞ്ഞ തവണ വല്യമ്മാവന്റെ കൂടെ സർക്കസ് കാണാൻ വന്നപ്പൊ കണ്ടതാണ് അവനെ ... വല്യമ്മാവനാണെങ്കിൽ ഇന്നലെ വീട്ടിൽ വന്നപ്പൊ തൊട്ട് അവനെ കുറിച്ച് നൂറ് നാവാ... ക്ലാസ്സിലും ചർച്ച അവൻ തന്നെ ...


തികഞ്ഞ സൈക്കിൾ അഭ്യാസിയായ എനിക്ക് അത് വലിയൊരു ക്ഷീണായി തോന്നി... എല്ലാറ്റിനും ഉപരി മാധവന്റെ ഒരു അഭിപ്രായോം ... അതും മൈഥിലിടെ മുന്നിൽ വെച്ച്.


" ഇനി ഇപ്പൊ നിന്റെ സ്ഥാനൊക്കെ പോയട... ഒറ്റ ചക്രത്തില് സൈക്കിള് ചവിട്ടാൻ നിനക്ക് പറ്റ്വോ ...? ആ കോമാളി നിന്നെക്കാൾ മിടുക്കനാ."


ക്ലാസ്സിലെ പിള്ളേര് മുഴുവൻ ചിരിച്ചു ... പോയ സ്ഥാനം തിരിച്ച് പിടിക്കണം ... അതുകൊണ്ട് വളരെ ആലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം എടുത്തെ... വെലുവിളി ... പക്ഷെ ... അവനെ ഇനി എവിടെ നോക്കും ?


ഞാൻ ഒന്ന് നിശ്വസിച്ചു... പതുകെ മനുവിന്റെ കൂടെ തിരിഞ്ഞ് നടക്കാനാഞ്ഞു. അവൻ ഒന്ന് ചിരിച്ചു.


" ഏട്ടൻ അത് വിട്ടേക്ക് ... ആ കുട്ടി പൊറത്തെ അല്ലെ... അതാവും ഇത്ര ശക്തി ... ഏട്ടനും സൈക്കിളറിയാല്ലോ  ... എല്ലാത്തിലും നമ്മക്ക് ഒന്നാമതാവണംന്ന് വെച്ച എങ്ങനാ ഏട്ട..."


ഞാൻ മനുനെ തുറിച്ച് നോക്കി ... അവൻ വേഗം വാ പൊത്തി ... എന്റെ നേരെ നോക്കാത്ത ചെക്കനാണ് ... ഇപ്പൊ എന്താ പുച്‌ഛം... കാണിച്ച് തരാം... ഞാൻ ചുറ്റും നോക്കി ...


പെട്ടന്നാണ് അത് കണ്ടത് ... താഴെ ഉള്ള കൂടാരത്തിൽ ഒരു വെളിച്ചം.


എന്തോ ഉൾവിളിയിൽ മനുവിനെ വലിച്ച് ഓടി ചെന്ന് നോക്കി ... പ്രതീക്ഷ തെറ്റിയില്ല... അവൻ തന്നെ ... ആ കോമാളി ... എന്റെ മനസ്സിൽ ദേഷ്യം എരിഞ്ഞു... എന്റെ ശത്രു.


" ടാ ...!!"


ഞാൻ സ്വരം കടുപ്പിച്ച് വിളിച്ചു ... അവൻ പക്ഷെ കണ്ണാടിയിൽ എന്തോ ചെയ്യുകയാണ് ... വിളിച്ചത് കേട്ടില്ല. മുഖത്തെ വർണ്ണങ്ങൾ വിയർപ്പിൽ ഒട്ടിയിരിക്കുന്നു ... എനിക്ക് ദേഷ്യം കൂടി ... അറിഞ്ഞിട്ടും നടിയ്ക്കാ.


" ടാ കോമാളി !!!!!?"


" ചിലും!!!!"


ഞെട്ടലോടെ അവൻ പിടഞ്ഞെണീറ്റതും കണ്ണാടി വീണുടഞ്ഞു. ഞാനും ഒന്ന് പേടിച്ചിരുന്നു... ആദ്യമായിട്ടാ  വെല്ലുവിളിക്കാനൊക്കെ ... 


"ജി ... സാബ്... കോ... കോൻ?"


ഞാൻ അവനെ ആകെ നോക്കി ... ഇവനെ ആണ് ഞാൻ എതിരിടേണ്ടത് ... ചളി പുരണ്ട ഡ്രസ്സും പാന്റും ... എന്റെ പ്രായം കാണും ... ഇവനും എന്നാ പത്തിലായിരിക്കും ...ഹും ...


"നീയല്ലേടാ സൈക്കിളോടിച്ചെ ?"


ഞാൻ അഹങ്കാരത്തോടെ ചോദിച്ചു...


"ജ് ... ജി."


"ഹും ... മനു നോക്കട ... ഇവൻ ഇപ്പഴേ പേടിച്ചു..."


" ..." 


" ആബ്... കോൻ?"


" ... നീ നാളെ ഈ പൂര പറമ്പിന്റെ അപ്പറത്തെ മൈതാനത്ത് വരണം ... നമ്മൾ തമ്മില് മത്സരാ... കാണാടാ ആരാ അഭ്യാസിന്ന്."


അവൻ മിഴിച്ച് നോക്കി ... കണ്ണിൽ വിസ്മയം ... ഞാൻ പറഞ്ഞത് അവന് മനസ്സിലായില്ലേ ...


"എന്താടാ കോമാളി നിനക്ക് മനസ്സിലായില്ലേ ?"


'" മേം ... നഹി ... മുജെ ..."


പെട്ടന്ന് ഞാൻ കൈയിലെ കാശ് അവന്റെ ഉള്ളം കയ്യിലേക്ക് ഇട്ടു... അവന്റെ കണ്ണുകൾ വിടർന്നു...


" പോരെ ? നാളെ നമ്മൾ തമ്മില് മത്സരം ... കാണാടാ ആരാ ജയിക്കാന്ന് ... നീ ജയിച്ചാൽ ഞാൻ ഇതിന്റെ ഇരട്ടി തരും."


മനു നിൽക്കണത് കൊണ്ട് കണ്ട സിനിമകളിലെ എല്ലാ ഭാഗവും എടുത്ത് പറഞ്ഞു. പണം എറിഞ്ഞ് കൊടുക്കാർന്നു...ഛെ


"പറ്റോട കോമാളി ?" ഞാൻ ചോദിച്ചു.


"മ് ..."


ഞാനൊന്ന് ഗൂഢമായി ചിരിച്ചു ... മനുവിന്റെ ഒപ്പം പുറത്തേക്കിറങ്ങി ...


" ദോസ്ത്ത്!"


പെട്ടന്ന് പുറകിൽ വിളി വന്നു. ഞാൻ തിരിഞ്ഞു നോക്കി ... ഇത്രയും നേരം സാബ് ജി എന്ന് വിളിച്ചവൻ... അവന്റെ കണ്ണുകളിൽ മിഴിനീർ തെളിച്ചം.


"കൽ മേം ഝരൂർ ആവൂഖ ... ഝരൂർ."

(ത്സരുർ -തീർച്ചയായും ) 


അത്രയും പറഞ്ഞ് അവൻ ഉള്ളിലേക്കോടി ... ഞാൻ അമ്പരന്ന് നോക്കി ...


"അവന് പൈസടെ ആവശ്യണ്ടാവും ഏട്ട..."


"നീ മിണ്ടാതെ വരണ്ണ്ണ്ടോ ...നിനക്ക് നാളെ ഞാൻ കാണിച്ച് തര... ആരാ അഭ്യാസീന്ന്‌ ... തീർക്ക്ണ്ട് അവന്റെ ഒരു കോമാളി ചിരി. ഹും."


വഴി നീളെ നാളെ അവനെ തോൽപ്പിക്കുന്നതും എന്നെ ഒറ്റപ്പെടുത്തിയ കൂട്ടുക്കാരെ തിരികെ നേടുന്നതുമായിരുന്നു ചിന്ത... വീട്ടില് എത്തിയപ്പഴക്കും ഏറെ വൈകിയിരുന്നു... പൊതിരെ തല്ലും കിട്ടി ... പക്ഷെ അപ്പഴും ഉമ്മറത്തിരുന്ന് വല്യമ്മാവൻ പറയണ കേട്ടു.


"ന്താ ആ കുട്ടിടെ മെയ് വഴക്കംന്നോ ... ഇത്ര ചെറുപ്പത്ത് തന്നെ ... തികഞ്ഞ അഭ്യാസിയാവും നോക്കിക്കൊ."


എന്റെ മനസ്സിൽ ദേഷ്യം വീണ്ടും പൊങ്ങി ...ഞാൻ കലർന്ന മനസ്സോടെ ഉറങ്ങാൻ കിടന്നു... 


"എന്താ മെയ്വഴക്കം!"


ആ ശബ്ദം ചെവിയിൽ മുഴങ്ങുന്നു ... അല്ല ഞാനാ കേമൻ ... പെട്ടന്ന് ചിന്ത വഴി മാറി ഒഴുകി ... ഒരു പക്ഷെ ഇനി തോറ്റാലോ ...തോൽക്കോ ?


ക്ലാസ്സിലെ എല്ലാ കുട്ടികളേയും മനു അറിയിച്ചിരുന്നു ... വേണ്ടന്ന് പറയാൻ പറ്റില്ലലോ ... വൈകുംന്നേരം ഞങ്ങൾ എല്ലാവരും മൈഥാനത്ത് തടിച്ച് കൂടി ... മൈഥിലിയെ കണ്ടതും എന്റെ കൈകൾ വിറക്കാൻ തുടങ്ങി ... തോൽക്കോ ? എങ്കിൽ പിന്നെ അവൾ എന്നെ വേളി കഴിക്കാൻ തയ്യാറാവില്ല.


എന്നാൽ ഏറെ കഴിഞ്ഞിട്ടും അന്ന് അവൻ വന്നില്ല ... ചതിയൻ ... പണം വാങ്ങി പോയി കളഞ്ഞു. എങ്കിലും ഞാൻ ആരും കാണാതെ ആശ്വസിച്ചു... വെലുവിളിക്കണ്ടാർന്നു... അവൻ വന്നാൽ ഞാൻ തോൽക്കും ... പക്ഷെ വന്നിലെങ്കിലും ഇവരൊക്കെ അവനെയല്ലേ ...


പെട്ടന്ന് പുറകിൽ ഒരു ബെൽ ശബ്ദം കേട്ടു... മുഖം നിറയെ ചായം തേച്ച് കോമാളി ചിരിയുമായി അവൻ നിൽക്കുന്നു...


" മേം ആഗയ ദോസ്ത്."


അവനെ കണ്ടതുo എല്ലാവരും സന്തോഷത്തോടെ ആർപ്പു വിളിച്ചു ...എന്റെ മുഖം താണു... ഞാൻ തോൽക്കും എന്ന് ആ നിമിഷം എന്റെ മനസ്സും ബുദ്ധിയും ഒരുമിച്ചു പറഞ്ഞു ...അവന്റെ കണ്ണിൽ പക്ഷെ ഇന്നലത്തെ സന്തോഷമില്ല ... മുഖത്ത് ചായം വരച്ച കോമാളി ചിരിയുണ്ട്... അവൻ എന്നെ പരിഹസിക്കുകയാവും.


മാധവൻ വേഗം ഒരു കൊഴലെടുത്തു ... എന്നിട്ട് അലറാൻ തുടങ്ങി ...


"പത്മനാഭനും കോമാളിയും തമ്മിലുള്ള മത്സരം ആരംഭിക്കുകയായി... എല്ലാവരും കൈയടിക്കുക."


എന്റെ നെഞ്ച് പെരുമ്പറ കൊട്ടി ... മൈഥിലിക്കു മുന്നിലും കൂട്ടുക്കാർക്കു മുന്നിലും നാണം കെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്യ... ഞാൻ ദയനീയമായി അവനെ നോക്കി ... അവൻ തന്റെ ഒറ്റ ചക്ര വണ്ടി നേരെ പിടിക്കുന്നു... ഇനി വേറെ വഴിയില്ല ... ഞാൻ ആരും കാണാതെ അവന്റെ അടുത്തേക്ക് നീങ്ങി.


"കോമാളീ ..."


"ജി."


"നീ തോറ്റ് തരണം ...എന്റെ കൂട്ടുക്കാര് എന്നെ വിട്ട് പോവും ... നീ ജയിച്ചാൽ തരാന്ന് പറഞ്ഞ കാശ് ഞാൻ നീ തോറ്റ കൂടുതൽ തരാം... ദൈവീത് നീ തോറ്റ് തരണം."


ഞാൻ നിറഞ്ഞ കണ്ണോടെ അവനെ നോക്കി ... അവന്റെ മുഖത്തെ കോമാളി ചിരിക്ക് ഒരു ഗൂഢഭാവം ...


"കോമാളീ ..."


ഞാൻ ദയനീയമായി വിളിച്ചു ..,


" മത്സരം തുടങ്ങുന്നു ... മൂന്നെ ... രണ്ടെ ... ഒന്നെ."


ആലോചിക്കാൻ സമയമില്ല ... ഞാൻ എന്റെ സൈക്കിളും അവൻ അവന്റെ വണ്ടിയും എടുത്ത് പാഞ്ഞു ... ഞാൻ മുന്നിലത്തെ ചക്രം പൊക്കി പിടിച്ചോടിച്ചു ... അവൻ ചെരിഞ്ഞും മറഞ്ഞും ഗോഷ്ട്ടി കാട്ടിയും ഓടിച്ചു ... എല്ലാവരും ചിരിക്കുന്നു കൈയടിക്കുന്നു... വേഗത്തിൽ മുന്നേറി... അഭ്യാസങ്ങൾ കഴിഞ്ഞു ...ഇനി ചുവന്ന രേഖ ആദ്യം മുറിച്ചു കടക്കണം ... അവൻ മുന്നേ പാഞ്ഞു ... ഞാൻ തോൽക്കുമെന്നുറപ്പായി... പക്ഷെ അടുത്ത നിമിഷം അവൻ കല്ല് തട്ടിയാവണം വീണു ... ഞാൻ സൈക്കിൾ ചവിട്ടി വിട്ടു...


ആർപ്പു വിളികൾ ഉയർന്നു ... അതെ ഞാൻ ജയിച്ചിരിക്കുന്നു ... കുട്ടികൾ ഓടി വന്നു... സൈക്കിൾ ചുറ്റി നിർത്തി ഞാൻ ഇറങ്ങി ... മൈഥിലിയുടെ മുഖത്ത് ആരാധന... എല്ലാവരും എന്നെ പൊക്കിയെടുത്തു ... അന്ന് പക്ഷെ എന്റെ കണ്ണുകൾ തേടിയത് ആ കോമാളിക്ക് വേണ്ടിയായിരുന്നു.


നോക്കിയപ്പോൾ അവൻ പതിയെ മണ്ണിൽ നിന്നും എഴുന്നേൽക്കുന്നു. തലയിലെ തൊപ്പി നേരെ ആക്കി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു... ആ കണ്ണുകളിൽ ഞാൻ കണ്ട ശൂന്യത ... ഒരു നിമിഷം എന്നെ കൊത്തിവലിച്ചു ... അതെ അവൻ തോറ്റ് തന്നതാണ്. എന്നാൽ എന്നെ ഞെട്ടിച്ച് കൊണ്ട് പണം വാങ്ങാൻ നിൽക്കാതെ ആ കോമാളി ഒറ്റ ചക്രവണ്ടിയെടുത്ത്  മുന്നോട്ട് ഓടി ... ആരവങ്ങൾ കടുത്തപ്പോളും ഞാൻ കണ്ടു ഒരു വാക്ക് പോലും പറയാതെ ആ കോമാളി ദൂരെ മറയുന്നത്. എന്തേ അവൻ പണം വാങ്ങിയില്ല ?


അന്ന് വൈക്കീട്ടും വലിയചൻ വന്നു... പത്മനാഭൻ അവനെ തൊലിപിച്ച കാര്യം മനു പറഞ്ഞ് കാണും ... അഭിമാനത്തോടെ ഞാൻ ചെവിയോർത്തു.


"ദേവ... നീയറിഞ്ഞോ ആ സർക്കസ് കമ്പനിക്കാര് പോയിത്രെ ..."


"ബിനിനസ് മോശായി കാണും."


"അല്ലട ... ആ സൈക്കിള് ഓടിക്കണ പയ്യനിലേ അവന്റെ അച്ഛൻ മരിച്ചുത്രെ ... മരുന്നൊന്നും വാങ്ങാൻ കാശ്ണ്ടാർന്നില്ല ... ഇന്നലെ ആ പയ്യൻ കാശ് കൊണ്ട് മരുന്ന് കൊടന്നപ്പഴക്കും പോയി ..."


"എപ്പഴാ അടക്കിയെ ?"


" ഇന്ന് വൈകീട്ട് ... പക്ഷെ ചിത വെച്ചതും ആ ചെക്കൻ എങ്ക്ടോ ഓടി പോയി ... ഇപ്പോ അതിനെ കാണാനില്ലാത്രെ... നമ്മടെ കുട്ടിടെ പ്രായേളളു... ഈ പ്രായത്തില് ഒറ്റക്ക് എവിടാണോ എന്ത്യേ?"


എന്റെ ചങ്കില് പെട്ടന്ന് എന്തോ വെച്ച് ഇടിച്ച പോലായി. ശ്വാസം നിന്നു... ചുമരിൽ നിന്നും പതിയെ ഞാൻ പിൻവലിഞ്ഞു.


വർഷങ്ങൾക്കിപ്പുറം ഇന്നും ഞാൻ ആ നാടോടി പയ്യനെ കുറിച്ച് ഓർക്കാറുണ്ട് ... അന്ന് സ്വന്തം അച്ഛന്റെ ചിതക്ക് തീ കൊളുത്തി ... അവൻ വന്നത് എന്നോടുള്ള വാക്ക് പാലിക്കാനല്ലേ?  സ്വന്തം അച്ഛൻ മരിച്ച് കിടക്കുന്ന തോർത്തിട്ടും കരയാതെ കോമാളിയായി ചിരിച്ചത് ഞാൻ ജയിക്കാനല്ലേ? ഇത്രയൊക്കെ എന്തിനായിരുന്നെട ... ഒരു ദിവസത്തെ പരിചയം പോലും ഇല്ലാർന്നലോ ?


അതിനുത്തരം ഇതു മാത്രം ... ഒരു പക്ഷെ സഹായിച്ച ആദ്യത്തെ മനുഷ്യൻ ... ജീവിതത്തിലെ ആദ്യത്തെ കൂട്ടുക്കാരൻ ... അതായിരുന്നിരിക്കാം ഞാൻ അവന്.


പ്രണയം നിസ്സ്വാർത്ഥമാണോ എന്നെനിക്കറിയില്ല ... പക്ഷെ സൗഹൃദം നിസ്സ്വാർത്ഥമത്രെ... ഒരു ഗുണവുമില്ലാഞ്ഞിട്ടും ഒന്നും പ്രതീക്ഷിക്കാഞ്ഞിട്ടും ആ നാടോടിപയ്യൻ അന്ന് എന്നോട് കാട്ടിയ ദയ... തോറ്റ് തന്ന ദയ... അത് സൗഹൃദമായിരുന്നു...


ഇന്നേ വരെ മറ്റാരിൽ നിന്നും ... വർഷങ്ങളായുള്ള ലക്ഷകണക്കിന് വരുന്ന എന്റെ സുഹൃത്ത് വലയത്തിലും ... എനിക്ക് ആ നടോടിപയ്യന്റെ  സൗഹൃദം കാണാൻ കഴിഞ്ഞിട്ടില്ല...


സൗഹൃദത്തിൽ നിന്നെ കുറിച്ചല്ലാതെ മാറ്റാരെ കുറിച്ച് ഞാനെഴുതും കോമാളി ? ഇനി നീയും വായിക്കുന്നുണ്ടോ ? എവിടെയെങ്കിലും ഇരുന്ന് ... ആ പഴയ കോമാളി ചിരിയോടെ ...


Rate this content
Log in

Similar malayalam story from Drama