VARSHA VENUGOPAL

Comedy Drama

4.4  

VARSHA VENUGOPAL

Comedy Drama

പ്രണയമിഠായി

പ്രണയമിഠായി

10 mins
527


ഈ പെമ്പിള്ളാർക്ക് എന്തിന്റെ സൂഖേടാണെന്നു അറിയില്ല ... ഒരു പയ്യൻ പുറകെ നടന്ന ഏഹെ ... ജാഡ... ഏങ്ങാനും ആറ്റ് നോറ്റ് അവരെ വളച്ചെടുത്താലൊ... പിന്നെ അടിയോടടി... തൊട്ടതിനും പിടിച്ചതിനും വേറൊരുത്തിയോട് മിണ്ടിയതിനും തല്ല്... അങ്ങനെ രാവിലെ തന്നെ അവളുമായിട്ടുള്ള ഒരു വഴക്ക് കഴിഞ്ഞു ...


സ്വയം വരുത്തിവെച്ച പ്രേമ വഴക്കായോണ്ട് ആരോട് പറയാൻ, ആര് കേൾക്കാൻ ... മുടിയും ചീന്തി ഒതുക്കി ഡ്രസ്സും എടുത്തിട്ട് ദേഷ്യം മുഴുവൻ എന്റെ വണ്ടിയോട് തീർത്തു ...


ഇന്ന് മുപ്പതാം തിയ്യതിയാണ്. ഭാഗ്യം, നാളെ ശബളം കിട്ടും ... അത് ഓർത്തപ്പോൾ മനസ്സിൽ ഒരു മഞ്ഞ് പെയ്ത സുഖം ... ആഹഹ


എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയായിരുന്നു... അത് കൊണ്ട് തന്നെ സ്ക്കൂളിൽ മാഷായി കേറാൻ അവസരം വന്നപ്പൊ പിന്നെ ഒന്നും ഓർത്തില്ല... അന്ന് മുതൽ ജോലി ശരിയാക്കി തന്ന അച്ഛന്റെ സുഹൃത്ത് തങ്കപ്പൻ എന്നെ സപ്ലി കടലിൽ നിന്ന് രക്ഷിച്ച പൊന്നപ്പനായി മാറി ...


വണ്ടി സ്ക്കൂളിന്റെ സൈഡിൽ ഒതുക്കി ... ഞാൻ ഒരു മൂളിപ്പാട്ടും പാടി ഓഫീസിലേക്ക് വിട്ടു...


സ്ഥിരം ചോര കുടിക്കുന്ന യക്ഷിമാർക്കിട്ട് ഒരു ഹായ് കൊടുത്തു ... ഹൊ എന്താ മുഖത്തിനൊരു തെളിച്ചം ...! അവിടെ വേറൊരുത്തി ഉണ്ട് ... ഹായ് കൊടുത്താൽ ബായ് പറയും ... ഗാമുകി ആണ് പോലും ...ഹും .


ആദ്യത്തെ പിരീഡ് ആറാം ക്ലാസ്സിലായിരുന്നു ... പോകാൻ നിന്നപ്പഴാണ് സവിത ടീച്ചർ കുറച്ച് പരിഭ്രമത്തോടെ വന്നത്.


"ഹ മാഷേ !! മാഷിന് ഇന്ന് ആറ് എ ക്ലാസ്സിലല്ലേ ഫസ്റ്റ് പിരീഡ്?"


പെട്ടന്ന് ചോദിച്ചതും ഞാനൊന്ന് ഞെട്ടി... എന്നോട് അങ്ങനെ താല്പര്യമില്ലാത്ത കക്ഷിയാണ്. ഇവർക്കും തുടങ്ങിയോ ...? ഈശ്വര ഇവരാണേൽ കാണാനും കൊള്ളാം ...അയ്യോ, എന്റെ അനു അനാഥയാവോ ...!


"ങേ .... ഹൊ...ഹ അതെ ... എന്താ ടീച്ചറെ?"


"അത് പിന്നെ മാഷെ ഇംഗ്ലീഷ് പിന്നെം തീർക്കാലോ... എന്റെ സോഷ്യല് പോഷൻ തീർന്നിട്ടില്ല ... ഈ മാസം തീർക്കണമെന്നാ പറഞ്ഞെ ....അപ്പൊ മാഷിന് ബുദ്ധിമുട്ടാവില്ലെങ്കിൽ അ... അടുത്ത പിരീഡ് ഞാൻ ..."


അയ്യേ ഇതാർന്നൊ ... മോഹഭംഗ മനസ്സിലേ ... ഹ പോട്ട് ... എല്ലാം എന്റെ അനുന്റ ഭാഗ്യം ... ഞാൻ വഴിതെറ്റി പോയില്ല ...


"എന്താ മാഷെ ... അത് മാഷിന് ... പിന്നെ ... ഞാൻ."

"അയ്യോ, ടീച്ചർ വിഷമിക്കണ്ട ... എന്തായാലും ആദ്യായിട്ട് ടീച്ചർ ഒരു കാര്യം ചോദിച്ചതല്ലേ ... ടീച്ചർ ക്ലാസ്സെടുത്തോളു..."


അവരുടെ കണ്ണുകൾ തിളങ്ങി ...ഒരു ചൂണ്ട കൂടി ഇട്ട സന്തോഷത്തോടെ ഞാൻ ഗാർഡനിലേക്ക് നടന്നു...


പക്ഷെ പിന്നെ ആണ് ചെയ്തത് അബദ്ധമായി തോന്നിയത്... രാവിലെ തൊട്ട് വൈകും നേരം വരെ ഒരു ഫ്രീ പിരീഡും കിട്ടാത്ത സബ്ജക്റ്റാ ഇംഗ്ലീഷ് ... പെട്ടന്ന് ഒരു ഫ്രീ കിട്ടിയപ്പൊ ആകെ ബോറ് ...


അങ്ങനെ ഒരു ബെഞ്ചിൽ കേറി ഇരുന്ന് ഫോൺ തോണ്ടുന്ന സമയത്താണ് പാന്റിൽ ആരോ പിടിച്ച് വലിക്കുന്ന പോലെ തോന്നിയത്. താഴെക്ക് നോക്കിയപ്പോ ഒരു അടക്ക കുരുവി... LKG ആണെന്ന് തോന്നുന്നു...


ഞാൻ ചിരിച്ചു...


"എന്താ മോളെ ...?"

"മാശിന്റെ പേരെന്താ?"

"വിശാൽ ... വാവേടെയോ?"

" ങുഹും ... അരിയാത്ത ആൾക്കാരോട് പേര് പരയരുത് പഞ്ഞു അമ്മ."


ആഹഹ കുരിപ്പ് കൊള്ളാലോ ... ഞാൻ മുട്ടുകുത്തി നിലത്തിരുന്നു... പാവം കുറെ നേരായി കൊടി മരത്തിന്റെ അറ്റം നോക്കുന്ന പോലെ എന്നെ നോക്കുന്നു...


" ആണോ ... അപ്പൊ ഞാൻ പറഞ്ഞല്ലോ?"

"അത് മാശ് വല്യെ ആളല്ലെ ..."

"ഹെന്റമോ ... നിയാള് കൊള്ളാലോ ... അല്ല, ക്ലാസ്സില്ലേ...?"

" ങും ഉണ്ട് ..."


അവള് അപ്പുറത്ത് കളിക്കുന്ന കുട്ടികളെ കാണിച്ച് തന്നു ... എനിക്കെന്തോ അതിനോട് വല്ലാത്ത ഇഷ്ട്ടം തോന്നി ...


"ഹ എന്നാ പൊക്കൊ ..."

"അയ്യോ ... നിക്ക് ഒരു കാര്യം പയാണ്ട്."


സംസാരം കേട്ടപ്പൊ തന്നെ എനിക്ക് ചിരി വന്നു...


"ശരി പറ."

" ഐ ലവ് യൂ."


ദേവിയേ!!!!!!!!!!! എന്റെ തലയിലെ ഉള്ള വെളിവ് ദേ പോണു... എന്റെ തന്തക്ക് വിളിച്ച് ... ഹെന്ത ഞാൻ കേട്ടെ?... ചെവി ഒന്ന് കുടഞ്ഞു ... കണ്ണ് ഒന്ന് ഇറുക്കി ചിമ്മി ഞാൻ അതിനെ നോക്കി. അവളാണേൽ കുഞ്ഞുമുഖത്ത് നാണം ഒക്കെ വരുത്തി ... തല കുമ്പിട്ട് നിക്കുന്നു.


" എ ... എന്ത?"

" ഐയ് ലവ് യു."


വൗ... കലികാലം പ്രൊഡക്റ്റ് ആണലോ!


"അപ്പൊ സ്ട്രേജേഴ്സിനോട് പേര് പറയില്ല ... ഐ ലവ് യു പറയാം... ഞാൻ നിന്റെ ടീച്ചറോട് പറയട്ടെ?"

"തീച്ചറ് എതിര്താലും എനിച്ച് മാശിനെ ഇസ്ട്ട ... ഐ ലവ് യു."


ഏത് സിനിമയിലെ ഡയലോഗാണോ എന്തോ ...! എനിക്ക് നല്ല ദേഷ്യം വന്നു ... കൊച്ച് പിള്ളേരാണ്, വായിൽന്ന് വരുന്ന വാക്ക് കേട്ടില്ലേ ...


"ഹും ...വന്ന് വന്ന് മാഷ്മാരോടാണോ കുസ്യതി ... ഞാൻ വടി എടുക്കണോ ?"


നല്ല ദേഷ്യത്തിൽ തന്നെ ചോദിച്ചു. അല്ല പിന്നെ, 21 വയസ്സുള്ള ഒരുത്തീനെ പ്രേമിച്ചതിന്റെ അനുഭവിക്കുമ്പോഴാ... പക്ഷെ പറഞ്ഞത് അടുത്ത അബദ്ധായിന്ന് പറഞ്ഞാ മതീലോ... അവള് പെട്ടന്ന് കരയാൻ തുടങ്ങി ...


(അത് കള്ളക്കരച്ചിലായിരുന്നോന്ന് അന്ന് എനിക്ക് സംശയമുണ്ടായിരുന്നു... )


"അയ്യോ ... മോളെ, മാഷ് തമാശ പറഞ്ഞതല്ലേ...? മോളെ ... മോള് കരയല്ലേ."


അതോടു കൂടി മൈക്ക് വെച്ച അവസ്ഥയായി... കണ്ണും മൂക്കും ഒലിപ്പിച്ച് കൈയും കാലും അടിച്ച് കരയുന്നു...


ശബ്ദം കേട്ട് മാലതി ടീച്ചർ ഓടി വന്നു...


"എന്താ മാഷെ ...അയ്യോ ഗീതു എന്തിന കരയണെ... ?"


ടീച്ചറ് പേടിയോടെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു... ഞാൻ ഇപ്പൊ കരയുമെന്നുള്ള അവസ്ഥ ... അവളാണേൽ നിരാശ കാമുകിയെ പോലെ അലറി തകർക്കുന്നു...


എനിക്കീ ഗതി വന്നല്ലോ ഈശ്വര...


" മാഷെ, എന്തുപ്പറ്റി...?"


ടീച്ചർടെ സ്വരം കടുത്തു ... ഞാൻ ഇനി വല്ല വേണ്ടാതീനും കാട്ടി കാണുന്ന് കരുതിയാവും ... കലികാലം ... എന്റെ കഷ്ട്ടകാലം ...


" ഗീതുനെ മാശ് വയക്ക് പഞ്ഞു."


കള്ളം!!!!!! പച്ച കള്ളം ... എതവനാടാ പിള്ള മനസ്സിൽ കള്ളമില്ലാന്ന് പറഞ്ഞെ ... നോക്കിയപ്പൊ സകല കുട്ടികളും ടീച്ചറും എന്നെ തുറിച്ച് നോക്കുന്നു ...


ചില കൊച്ചു പയ്യമാര് കല്ല് തിരയുന്നു... അവൾടെ ബോയ് ഫ്രണ്ട്സാവും ...


"ടീച്ചർ, ഞാൻ..."

"വേണ്ട മാഷെ ... അല്ലെങ്കിലേ ഉള്ളതാ നിങ്ങൾ എൽ.പി , യു.പി ടീച്ചേഴ്സിന് ഞങ്ങളോടുള്ള പുഛം ..."


നോക്കണ്ട... ശബളം കുറവായതിന്റെ ദേഷ്യ ...


" പക്ഷെ ഇത് വളരെ മോശമായി പോയി ... ഒന്നുല്യങ്കിലും ഒരു അദ്ധ്യാപകനല്ലേ ..."


ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു... ടീച്ചർ വായിൽ തോന്നിയത് മുഴുവൻ അന്ന് എന്നെ പറഞ്ഞു ... അവസാനം പിള്ളേരെം വിളിച്ച് പോയി ... പോണ വഴിക്ക് ആ കുരുമുളക് എന്നെ നോക്കി ... ഞാൻ കണ്ണുരുട്ടി കാണിച്ചു ... അവള്ടെ ഒരു ഐയ് റവ യു ... പീക്കിരി ആയി പോയി ... ഇല്ലേൽ കാണാർന്നു.


~


പിറ്റേന്ന് ഉച്ചക്ക് ഫോണിൽ അനുവിനോട് കുത്തി കൊണ്ടിരിക്കുവായിരുന്നു ... പെണ്ണ് നല്ല മൂഡിലായോണ്ട് കുറെ ഹാർട്ട് ഇമോജീസ് കിസ്സ് ഇമോജീസ് ഒക്കെ അയക്കുന്നുണ്ട് ... അപ്പോഴാണ് ഒരു ശു... ശു ... വിളിയും കിലുക്കവും...


കൊലുസ്സിട്ട പാമ്പൊ ...!


ചുറ്റും നോക്കി, ആരെം കണ്ടില്ല ... ഞാൻ ഫോണിലേക്ക് മുഖം മാറ്റി.


" ശു... ശു..."


ദേ പിന്നെം ... വാതിലിന്റെ അവിടെ ആരുല്യലോ ... സംശയം തോന്നി ടേബിളിന്റെ ചോട്ടിലേക്ക് നോക്കിയപ്പൊ ദേ നിക്കുന്നു... കുട്ടിചാത്തൻ.


"നീയൊ ...? എന്താ ഇവിടെ ?"


ദേഷ്യം വന്നിരുന്നു... ചുറ്റും ആരുമില്ലാത്തോണ്ട് അതു പുറത്തും വന്നു.


"ഈ"


ദേ ... ഇളിക്കുന്നു.


" അ... ആ... ഇ... ഈ അവിടെ ക്ലാസ്സിൽ പോയി പഠിക്ക് ... എന്താ ഇവിടെ?"


" മിശ് വയക്ക് പഞ്ഞത് മാശിന് വിശമായൊ ?"


അവൾ ടേമ്പിളിന്റെ ചോട്ടിൽ നിന്ന് കൊഞ്ചി ... ഇവൾക്ക് 'ഷ' യും 'സ' യും 'ശ' ആണോ ...


"ദേ മോളെ ... ചേട്ടന്റെ സ്വഭാവം തീരെ നന്നല്ല, വേഗം പോയെ... മുട്ടെന്ന് വിരിഞ്ഞിട്ടില്ല അപ്പൊഴ."


അവൾ വേഗം എന്റെ ദേഹത്ത് പിടിച്ച് ഒരു കുരങ്ങൻ കുട്ടിയെ പോലെ ബെഞ്ചിൽ കേറി നിന്നു... എന്തേലും പറയാൻ പറ്റ്വോ... മോങ്ങിയാൽ തീർന്നു.


"എന്റെ കുട്ടി നിനക്കെന്താ വേണ്ടെ?"

" എന്നെ മാശിന് ഇസ്ട്ടല്ലേ ...?"


ദേ തൊടങ്ങി ... ഇതിനു മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു ...


...അവൾ പ്രതീക്ഷയോടെ എന്നെ കുഞ്ഞി കണ്ണു വിടർത്തി നോക്കുന്നു...ഞാൻ ശ്വാസം വലിച്ച് വിട്ടു.


"ശരി ... ഇപ്പൊ ഞാൻ ഇഷ്ട്ടല്ല പറഞ്ഞ നീ കരയല്ലേ ...?"

"ങും ... കയും."


ഹ... അപ്പൊ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ടാ വരവ്...ഞാൻ അതിനെ എടുത്ത് മടിയിൽ വെച്ചു ... നല്ല കുട്ടിവാവ ... 


അവള് എന്നെ ചുറ്റി പിടിച്ച് ചിരിച്ചു. ഉപദേശിച്ചാൽ നന്നാവോ നോക്കാം...


" അത് ഗീതു മോള് കുഞ്ഞു വാവയല്ലേ ഈ പ്രായത്തിലാണോ പ്രേമിക്കുന്നെ ? കുറച്ച് കൂടി വലുതാവട്ടെ."


"ങുഹും പറ്റില്ല പറ്റില്ല ... അമ്മുനും കട്ടുനും ഒക്കെ പേമംണ്ട് ക്കും പേമിക്കണം."


"അതൊക്കെ ആരാ?"


" ഗീതുന്റെ ഫെന്റ്സാ."


കലികാലം ... LKG പഠിക്കുന്ന പിള്ളേരാന്ന് ഓർത്തപ്പൊ എന്റെ കണ്ണ് നിറഞ്ഞു ... അഭിമാനിക്കു കേരളമേ ... ഇനി ഇതിനെ എങ്ങിനെ ഒഴിവാക്കും.


"ശരി എന്തിനാ എന്നെ പ്രേമിക്കണെ? ഞാൻ മാഷല്ലേ ..."


പെട്ടന്ന് അവള് എന്നെ നോക്കി ആവേശത്തോടെ പറയാൻ തുടങ്ങി.


" അതിണ്ടലോ ... ഞാൻ അമ്മയോത് പഞ്ഞു... ഞാൻ പേമിക്കാൻ പോവാന്ന് ... അപ്പൊ അമ്മയ പരഞ്ഞെ ജോലി ഉല ആലെ പേമിക്കാവുന്ന്."


തന്താനി ...നാനെ ... താനിന്നാനൊ ... താനെ ... നാനെ ... ന ...


കണ്ടോ ... കണ്ടോ ...എൽ.കെ.ജി കൊച്ചിന് വരെ ജോലി ഉള്ളവരെ മതി... ഇങ്ങനെ പോയ കേരളത്തിലെ തൊഴിൽരഹിതർ ... എന്റെ പനച്ചിക്കാവ് മുത്തി, നീ ഇതൊന്നും കാണുന്നില്ലേ ?


"ഹൊ ... അങ്ങനെയാണല്ലേ..."


"ങും.... പര... ന്നെ മാശിന് ഇസ്ട്ടാണോ ... ഞാൻ ആത്തിരിക്ക..."


"ആത്തിരിക്കന്നല്ല കാത്തിരിക്കാന്ന്." 


" ങ്ങും ... പര."


ഞാനെന്തു പറയാൻ ... ചുറ്റും നോക്കി ... രക്ഷപ്പെടാൻ ഒരു വഴിയുമില്ലേ?


പെട്ടന്ന് ബെല്ലടിച്ചു... 


"അയ്യോ മാശേ ബെലച്ചു... ഞാൻ പോവാനേ ..."


ഭാഗ്യം.


അവൾ കൊലുസു കിലുക്കി ചാടി ഇറങ്ങി ...


പോണേന് മുന്നെ അവൾ തിരിഞ്ഞു നിന്നു... ഓടി വന്ന് എന്നെ കുഞ്ഞി കൈ കൊണ്ടു ചുറ്റി പിടിച്ചു. കുഞ്ഞുവാവകൾ ചുറ്റി പിടിക്കുന്നത് എനിക്ക് ഇഷ്ട്ടായത് കൊണ്ട് ഞാൻ നിലത്തിരുന്ന് കൊടുത്തു. അവൾ അരി പല്ലു കാട്ടി ചിരിച്ച് എന്റ മുഖം ചെറു കൈയിൽ കോരി എടുത്തു ... എന്റെ നെറ്റിയിൽ ഉമ്മ വെച്ചു, എന്നിട്ട് കൈ കൊട്ടി ചിരിച്ച് പുറത്തേക്കോടി...


"ഹ ... പിളേളര് ഇപ്പഴേ എല്ലാം പഠിച്ചു വരുവാ... നമ്മളാടി ലേറ്റ്... എന്ത് പറയാൻ. ആരോട് പറയാൻ... യോഗല്യ അമ്മിണ്യേ ..."


പിറ്റെന്നും കുട്ടിചാത്തൻ വന്നു ... എന്നോട് എന്തക്കയോ കൊഞ്ചി ... 


പിന്നെ പിന്നെ ലൗവിന് മറുപടി പറയണ്ടി വരും എന്നത് കൊണ്ട് ഞാൻ തന്ത്രപരമായി മുങ്ങി. (ഞാനൊരു മുങ്ങൽ വിദഗ്ധൻ ആണേ ...) ഇഷ്ട്ടല്ലന്ന് പറഞ്ഞാൽ കുരിപ്പ് മോങ്ങും... അതുകൊണ്ട് അവള് സ്റ്റാഫ് റൂമിൽ വന്നാൽ ഞാൻ വാഷ് റൂമിൽ കേറും... ക്ലാസ്സിൽ വന്നാൽ ഞാൻ കുട്ടികൾക്കിടയിൽ മറയും.


എന്ത് കുന്തത്തിനാ ഞാൻ ആ കുരുപ്പിനെ പേടിക്കുന്നെന്ന് എനിക്കറിഞ്ഞൂട... കുട്ടിചാത്തൻ എന്തായാലും കൊലുസ്സിടുന്നത് നന്നായി ... അത് കേട്ടാണ് ഞാൻ മനസ്സിലാക്കുക...


എന്തായാലും എന്നെ കാണാതെ നിരാശയാവുന്ന കുഞ്ഞു വട്ടമുഖം കാണുമ്പൊ ചിരിവരും... പക്ഷെ ദിവസവും ഒരു കോലുമിഠായി അവള് എന്റെ ബാഗിൽ ഇട്ടിട്ടുണ്ടാവും ... ഞാൻ അത് അനുവിന് കൊടുക്കുവായിരുന്നു പതിവ് ... എന്റെ ഓർമ്മ ശരി ആണെങ്കിൽ എഴുപത്തിയെട്ട് മിഠായി അവൾ തന്നിട്ടുണ്ട് ...


അനു ചിലപ്പൊ മുഖം വീർപ്പിച്ച് വാങ്ങില്ല ... ചിലപ്പൊ വാങ്ങും ... ചിലപ്പൊ ദേഷ്യപ്പെട്ട് വലിച്ചെറിയും... ഡയറി മിൽക്കും, ഗാലക്സിയും ആണ് അവൾക്കിഷ്ട്ടം ...


ഇണക്കവും പിണക്കവും ഞങ്ങളുടെ പ്രണയത്തിൽ പതിവായിരുന്നു... അങ്ങനെ അങ്ങനെ അനുവുമായി തന്നെ എന്റെ കല്യാണം തീരുമാനിച്ചു ... 


~


അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു... രാവിലെ പത്ത് മണിക്ക് പല്ല് തേച്ചു കൊണ്ടിരുന്നപ്പഴാണ് ഒരു കാർ മുറ്റത്ത് വന്ന് നിന്നത് ... മുഖം കഴുകി പുറത്തിറങ്ങി നോക്കിയ ഞാൻ ഞെട്ടിപ്പോയി.


കുട്ടിചാത്തൻ!!!!!


"മാശേ ..."

"ഭഗവതീ!!!!!!"


അവള് ഓടി വന്ന് എന്റെ കാലിൽ ചുറ്റി പിടിച്ചു ... അമ്മ അടുക്കളേന്ന് വന്നു ...


"ആരാ മോനെ ?"


"ങേ... അത് ... ഇത്."


"ഞാൻ പയ്യ ...ഞാൻ മാശിന്റെ ലൗവരാ .. ഗീതു."


ഞെട്ടി ഞെട്ടി... ശെരിക്കും ഞെട്ടി... ഞാനല്ല, അമ്മ ... കയ്യിൽ നിന്ന് തവി താഴെ വീണു ... എന്നെ മിഴിച്ച് നോക്കി ... ഞാനല്ലന്ന്, ഇല്ലന്ന് എന്തക്കൊയോ തലയാട്ടുന്നു ...


കുട്ടിചാത്തൻ എന്റെ കാല് വിട്ട് അമ്മടെ കാല് പോയി പിടിച്ചു.


" അമ്മ, ഞങ്ങലെ അനുഗഹിക്കണം."


"വിച്ചു ... ഏതാ മോനെ ഈ കുട്ടി?"


"എന്റെ മോളാ അമ്മേ ..."


ഒരു സ്ത്രീ ഉള്ളിലേക്ക് കേറി വന്നു... കുട്ടിചാത്തന്റെ അതെ ഛായ ... ഓഹൊ, അപ്പൊ ഇതാണല്ലേ ഫീമെയിൽ പ്രൊഡൂസർ ... ഹ ... പറഞ്ഞ് തര... പല്ല് ഇറുമി ഞാൻ പറയാൻ നിന്നതും ...


അമ്മ എന്നെ തള്ളിമാറ്റി പോയി അവരെ കെട്ടിപിടിച്ചു ... ദോഷം പറയരുതല്ലോ, കാര്യങ്ങളൊക്കെ പെട്ടന്നായിരുന്നു ... അത് അമ്മയുടെ അകന്ന ചേച്ചിയുടെ മകളും, കുട്ടിചാത്തൻ അവരുടെ മകളുമായി... ഇവരുടെ അച്ഛൻ ... കുട്ടിചാത്തന്റെ മുത്തച്ഛനാണ് എനിക്ക് ജോലി വാങ്ങി തന്നത് എന്ന് മറ്റൊരു സത്യം.


ഞാൻ പല്ലിറുമൽ നിർത്തി ... എന്ത് കാര്യം ... തിരിഞ്ഞ് പോവാൻ നിന്നപ്പൊ കുട്ടിചാത്തൻ മുന്നിൽ.


"അയ്യേ ... ഇചീച്ചി, മാശ് കുച്ചില്ലേ?"


ഇല്ലടി കുളിച്ചില്ല ... കുട്ടിചാത്തി ... 


ഒന്ന് വശത്തേക്ക് നോക്കിയപ്പൊ ദേ ... രണ്ട് മഹിളകളും അടക്കി ചിരിക്കുന്നു... കലി തുള്ളി നേരെ കുളിമുറിയിൽ കേറി ... 


പുറത്തിറങ്ങിയപ്പൊ കുട്ടി ചാത്തൻ ബെഡിൽ ...


" ഡീ ... ഡീ ... നിന്നോടാരാ ഈ റൂമിൽ കേറാൻ പറഞ്ഞെ?"


"ഉയ്യോ ... ദേശ്യപെടലേ ... ഇത് നമ്മതെ രൂമ്മലേ."


"നിന്നെ ഞാൻ!"


പെട്ടന്ന് എന്തിലോ ചവിട്ടി ...നിലത്തേക്ക് നോക്കിയ ഞാൻ പകച്ച് പോയി ... എന്റെ അനുന്റെ ഫോട്ടോ മുഴുവൻ കീറി പറിച്ച് ഇട്ടേക്കുന്നു ...


"ഡീ!!! നീയാണോ ഇത് ചെയ്തെ...?"


" ങ്ങും .... ഏത ഈ രാച്ചശി ...? ഇക്ക് ഇസ്ട്ടായില്ല."


എനിക്ക് വന്ന ദേഷ്യം ... ഈഗ് ... ഞാൻ മുടി പിടിച്ച് വലിച്ചു.


"എന്താ മാശേ ?"'


"ഇപ്പോ പൊക്കൊണം ഈ മുറീന്ന്!"


ഞാൻ അലറി ... അവൾക്കുണ്ടോ കൂസല്, എനിക്ക് ഫ്ലൈയിംഗ് കിസ്സും തന്ന് മിസൈല് പോലെ പോയി ... ഞാൻ വാതിൽ വലിച്ചടച്ച് കുറ്റിയിട്ടു...


"കുട്ടി ചെകുത്താൻ!"


പിന്നെ നിലത്തിരുന്ന് അനുവിന്റെ ഫോട്ടോ പെറുക്കി എടുത്തു ... കുഞ്ഞുങ്ങളായ ഇങ്ങനേം ഉണ്ടോ ...? ശല്യം ... അസ്സത്ത്!


കുറച്ച് കഴിഞ്ഞപ്പൊ വാതിലിൽ മുട്ട് കേട്ടു...


"പിന്നെം വന്നൊ ...? അതിന്റെ തള്ളയോട് പറഞ്ഞ് ഒഴിവാക്കണം ... ഓരോന്ന് വന്നോളും."


ഞാൻ പിറുപിറുത്തു ... പിന്നെം മുട്ട് കേട്ടപ്പൊ ചെന്ന് തുറന്നു ... അവളുടെ അമ്മയായിരുന്നു.


"വിശാൽ തിരക്കിലാണോ ?"


ഞാൻ ഏന്തി വലിഞ്ഞ് നോക്കി ...


" അവള് മുറ്റത്ത് കളിക്കുവാ."


"മ്.... വരു."


ഒഴിവാക്കരുതല്ലോ... നന്ദി കാട്ടണം ലോ ...


അവർ പതിയ ഉള്ളിലേക്ക് വന്ന് എന്റെ മുറിയിൽ ആകെ കണ്ണോടിച്ചു ...


"ഞാൻ വക്കീലാണ് ... ഹൈ കോർട്ട്."


"ഹ ..."


(ഗസ്റ്റ് ആയോണ്ട് ഞാൻ കോഴിത്തരം ഇറക്കാൻ നിന്നില്ല ...)


"എന്താ ഈ ഷർട്ടൊക്കെ വാരിവലിച്ചിട്ടെക്കുന്നെ?"


"ഹ... ബെസ്റ്റ് ... എന്റെ പൊന്ന് ചേച്ചി ... കല്യാണം പ്രമാണിച്ച് ഞാൻ നല്ല വെടിപ്പായിട്ട് അടുക്കി പെറുക്കി വെച്ചതാ... നിങ്ങൾടെ മോള്ടെ പണിയാ ... അനുന്റെ ഫോട്ടോ വരെ തപ്പി എടുത്ത് കീറി."


അവര് പൊട്ടി ചിരിച്ചു... അടിപൊളി ... മോള്ടെ അല്ലേ അമ്മ ... കഴിഞ്ഞ കുറച്ച് ദിവസായിട്ട് ഒരു LKG കൊച്ചിന്റെ പീഢനം സഹിക്കുന്ന ഈ എന്നെ ഇവർക്ക് മനസ്സിലാവില്ലലോ.


" അവള് ഒത്തിരി ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ ...?"


"ഏയ് ഒട്ടും ഇല്ല..."


പിന്നെം പൊട്ടി ചിരി... ഇവരെ ഇന്ന് ഞാൻ ...


"തമാശയായി കണ്ടാൽ മതി വിശാൽ ..."


"ഇതാണൊ തമാശ ...? ഈ പ്രായത്തിൽ ചെയ്യുന്ന കാര്യാണോ ഇത് ...? എവിടേലും കേട്ട് കേൾവി ഉണ്ടോ ?"


അവർ എന്നെ നോക്കി പുഞ്ചിരിച്ചു.


" രണ്ട് മാസം മുന്നെ അവള്ടെ പ്രാവ് മരിച്ചു ... അന്ന് തൊട്ട് കൊച്ച് മിണ്ടാതെ ആയി ... അപ്പൊ ഞാനാ അവളെ ഒന്ന് ഓക്കെ ആക്കാൻ ഓരോന്ന് പറഞ്ഞെ ... സംസാരത്തിനിടേല് പ്രേമിക്കണംന്ന് അവള് പറഞ്ഞപ്പൊ തമാശക്ക് ഒരു ഫലിതവും ... അതും വെച്ച് അവള് ജോലിക്കാരനായ സ്വന്തം മാഷിനെ പ്രേമിക്കുംന്ന് സീരിയസലി ഞാൻ കരുതിയില്ല."


ഉവ്വ, വല്യെ കാര്യായി.


അവര് പൊട്ടി ചിരിച്ചു ...


ഞാൻ പക്ഷെ അവരെ വെടി വെച്ച് കൊല്ലാനുള്ള പ്ലാനിങ്ങിലായിരുന്നു ...


"എന്റെ ചേച്ചി ... സ്വന്തം ജോലി സ്ഥലത്ത് ഒളിച്ച് നടക്കണ്ടി വന്ന എന്റെ അവസ്ഥ ചേച്ചിക്കറിയില്ല... അതാ ഇങ്ങനെ ചിരിക്കുന്നെ."


"മാശേ ..."


"ദേ പിന്നെം വന്നു..."


"ഹയോ... വിശാൽ ഇത്ര ടെൻസാവണ്ട, നിങ്ങടെ മാരേജിന്റെ കാര്യം ഞാൻ ഇന്നു തന്നെ പറയാം... അവൾ അടങ്ങിക്കോളും."


"ഹ പറഞ്ഞാൽ കൊള്ളാം."


ഞാൻ പുച്ഛിച്ചു... അന്ന് മുഴുവൻ ആ മാരണം എന്റെ പുറകെ ആയിരുന്നു... മാശേ ... മാശേ വിളിച്ചിട്ട്... അനുവിനോട് ശരിക്ക് സംസാരിക്കാൻ പോലും പറ്റിയില്ല... അവസാനം രാവിലെ തൊട്ട് വൈകുംന്നേരം വരെ എന്റെ തോളിൽ കേറി. അവര് പോവാൻ നിന്നു.


സമാധാനം...


"മാശേ ... ഉമ്മ... ഞാൻ പോയിട്ട് വരട്ടൊ ... റ്റാറ്റ ..."


"ആ ശരി റ്റാറ്റ ..."


ഞാൻ വിയർപ്പ് വടിച്ച് കളഞ്ഞു ...


"കല്യാണത്തിന് വരണട്ടൊ..."


അവള് കേൾക്കാതെ ഞാൻ പറഞ്ഞു.


"തീർച്ചയായും."


ഞാൻ ചിരിച്ചു


"വിശാൽ..."


കാറിൽ കേറാൻ നിന്ന അവർ എന്നെ ഒന്ന് നോക്കി ... പതിയെ വിളിച്ചു. ഞാൻ മുഖം ഉയർത്തി നോക്കി.


"ഹ... എന്തേച്ചി?"


"അത്..... ഞാൻ പറഞ്ഞില്ലേ ... ഒരു LKG കൊച്ചിന്റെ തമാശ, അത്രേ ഉള്ളു ... കല്യാണത്തിന്റെ കാര്യമറിഞ്ഞാൽ അവള് ശരിയായിക്കോളും."


"ഹ ശരി ചേച്ചി ...ഞാനും അത്ര തന്നെ കണ്ടിട്ടുള്ളു ... ആള് നല്ല മിടുക്കിയാ."'


"മ് ..."


"വിശാൽ..."


അവര് വീണ്ടും എന്തോ ഓർത്തപോലെ വിളിച്ചു ...


" അത് ... അതെ ... തമാശയാണ് ... പക്ഷെ മോള് എന്തോ ... ഒത്തിരി ഇഷ്ടാ അവൾക്ക് ലോലിപോപ്പ് ... infact എനിക്കു പോലും തരില്ല ....കുറച്ച് ദിവസം മുമ്പ് ഞാൻ ദേഷ്യത്തില് മിഠായി വാങ്ങി തരില്ല പറഞ്ഞു ... അത് വരെയും ഞാനാ ലോലിപ്പോപ്പ് വാങ്ങാൻ കാശ് കൊടുത്തിരുന്നെ ..."


" ..."


"ഇല്ല ഒന്നുല്യ ... കാശ് തരില്ല പറഞ്ഞപ്പൊ ... ഇവൾ ഒത്തിരി കരഞ്ഞു ... പിന്നെ വിടുമെന്നാ കരുതിയെ... പക്ഷെ ഇവള്ടെ ഒരു ചെറിയ പിഗി ബാങ്കുണ്ടാർന്നു ... അവളത് പൊട്ടിച്ചു ... ഗീതുന്റെ വലുതും ചെറുതുമായ എല്ലാ സേവിംഗ്സും ഉണ്ടാർന്നു ... അത് വെച്ച് ദിവസവും അഞ്ച് രൂപക്ക് കോല് മിഠായി കൊണ്ട് നിന്റെ അടുത്തേക്ക് വന്നിരുന്നെ."


ഒന്നും തോന്നിയില്ല, ആകെ ഒരു തരിപ്പ് ... മനസ്സിൽ അനു വലിച്ചെറിയാറുള്ള കോലുമിഠായികൾ നിറഞ്ഞു ... 


"ഹേയ് ... Just leave it... എനിക്ക് പറയണമെന്ന് തോന്നി ... എന്നാൽ ശരി കല്യാണത്തിന് കാണാം."


കാർ പതിയെ മുന്നോട്ട് നീങ്ങി ...


'"മാശേ റ്റാറ്റട്ടൊ .... ശ്ക്കൂളന്ന് കാണ.... ഐയ് ലവ് യു ...ഉമ്മ."


അവൾ ആവേശത്തോടെ വിളിച്ച് പറഞ്ഞു ...


മണ്ഡപത്തിൽ താലി കെട്ടാൻ അനുവിന്റെ അടുത്ത് ഞാനിരുന്നു... എന്റെ പ്രാണൻ അടുത്തിരിക്കുന്നു ... മോഹിച്ച് നേടിയ പ്രണയം ... അനാമിക... പക്ഷെ എന്തുകൊണ്ടൊ എന്റെ നെഞ്ച് പിടക്കുന്നു...


അവൾ വരില്ലേ ... ഇന്നും അവൾ കോലുമിഠായി കൊണ്ടുവരോ ? അതോ അവള്ടെ അമ്മ എല്ലാം പറഞ്ഞ് മനസ്സിലാക്കി കാണോ ? എന്നെ എങ്കിൽ പ്രണയത്തിൽ നിന്നും ഒരു അദ്ധ്യാപകൻ മാത്രമാക്കാൻ ... ആ വികാരത്തെ സ്നേഹം മാത്രമാക്കാൻ... വിരഹം താങ്ങാൻ ... അത് ആ കുഞ്ഞു ഹൃദയത്തിന് പറ്റോ ?


"വിച്ചു, എന്താ ആലോചിക്കുന്നെ? വാങ്ങ്."


"ഹേ ..."


ഞാൻ ഞെട്ടി നോക്കിയപ്പോ അച്ഛൻ താലി നീട്ടി പിടിച്ചിരിക്കുന്നു... അനുവാണ് നിർബന്ധിക്കുന്നത് ... വിറയ്ക്കുന്ന കരങ്ങളോടെ ഞാൻ താലി വാങ്ങി ... അതിൽ ഒരു നാലു വയസ്സുക്കാരിയുടെ മുഖം ഞാൻ കണ്ടു ... കണ്ണുകളടച്ച് ഞാൻ താലി മുറുക്കി ... കെട്ടിമേളം മുറുകി ...


സന്തോഷം കൊണ്ട് അനുവിന്റെ കണ്ണീർ എന്റെ കൈയിൽ പതിച്ചു ... ഞാൻ സിന്ദൂരം ചാർത്തി നേരെ ഇരുന്നു.


ദൂരെ ഞാൻ കണ്ടു, നീല പട്ടുപാവാട ഇട്ട് അവൾ നിൽക്കുന്നത് ... കൊച്ചുമുടി രണ്ടുവശത്തേക്കും കെട്ടിയിരിക്കുന്നു ... കണ്ണുകൾ നിറയുന്നു ... എന്നിട്ടും അവൾ അവിടെ നിന്ന് ആവേശത്തോടെ കൈ വീശി കാണിച്ചു...


ഇവൾക്കൊന്ന് കരഞ്ഞുടെ ...? ഇത്ര വിഷമം താങ്ങാനും മാത്രം ആ കുഞ്ഞു നെഞ്ചിനു ശക്തി ഉണ്ടോ ?


ഞാൻ അവളെ തന്നെ നോക്കിയിരുന്നു ... നാല് വയസ്സിൽ തോന്നുന്നതാണോ പ്രേമം ... ?


ഒത്തിരി ചോദ്യങ്ങൾ വന്നു... പക്ഷെ ഉത്തരമായി ഞാൻ കണ്ടത് അനുവിന്റെ കൈ കോർത്ത് കതിർമണ്ഡപം ചുറ്റുമ്പോഴും ആ കൊച്ച്കുട്ടി കൈയിൽ മുറുകെ പിടിച്ചിരുന്ന കോലുമിഠായിയെ ആയിരുന്നു ... ഞാൻ മറ്റൊരു പെണ്ണിന്റെ ആയിട്ടും എനിക്ക് വേണ്ടി വീണ്ടും കോലുമിഠായി കൊണ്ടുവന്നിരിക്കുവാണ് ...


കാരണം ... കാരണം എന്താവും ... മ് അതെ അത്രക്ക് നിഷ്കളങ്കമായിരുന്നു ആ പ്രണയം... അവിടെ സ്വാർത്ഥതക്ക് പ്രസക്തിയില്ലലോ ... ശരിക്കുള്ള പ്രണയം അത് നിസ്വാർത്ഥമല്ലേ, ആ കോലുമിഠായി പോലെ ... 


Rate this content
Log in

Similar malayalam story from Comedy