Njaavoottyy .

Horror Thriller

3  

Njaavoottyy .

Horror Thriller

രാക്കിളി ചിലച്ചപ്പോള്‍ ...

രാക്കിളി ചിലച്ചപ്പോള്‍ ...

4 mins
966


2010-ലെ സെപ്റ്റംബർ 10-ആം തിയതി രാത്രി. 


അവൾ എന്റെ ജീവിത ഘടികാരമായിട്ടു ഏകദേശം 3 കൊല്ലം ആകുന്നു. എല്ലാ വിശേഷദിവസങ്ങളിലും എന്നപോലെ അന്നും, ഞാൻ പേനയും പേപ്പറും എടുത്തു ചിതറിയ ആ ചിന്തകളിൽ മുഴുകി. കോരിച്ചൊരിഞ്ഞൊഴിഞ്ഞ മഴയുടെ ചെളിപുതഞ്ഞ ആ നാട്ടുവഴിയിലെ കാലൊച്ചകൾ ഏറെക്കുറെ നിലച്ചിരുന്നു. 

       

വർഷങ്ങളോളം പ്രണയിച്ച പെൺകുട്ടിയുടെ മനസ്സ് വായിച്ചെടുക്കാൻ വലിയ സാമർഥ്യമൊന്നും വേണ്ട എന്നും, മനസുതുറക്കാൻ അവൾക്കു മാത്രമേ കഴിയു എന്നുമുള്ള തിരിച്ചറിവായിരുന്നു അവൾ അവസാനം തന്ന കത്ത്, എനിക്കായി കരുതിവെച്ച മറുപടിസന്ദേശം. അതുകൊണ്ട്, മുഖവുരയിൽ പ്രത്യേകം ചേർക്കാറുള്ള, "മുത്തേ" എന്നുള്ള പ്രേമാഭിവാദനം അന്ന് ഞാൻ വാക്കുകളാൽ തുന്നിച്ചേർത്തില്ല. 


മനസുകൾ തമ്മിലുള്ള പൊരുത്തത്തിൽ ഈശ്വരനെപോലും അതിശയിപ്പിക്കുമെന്നു ഞങ്ങളുടെ സുഹൃത്തുക്കൾ പോലും പറഞ്ഞിരുന്നതിന്റെ അർത്ഥം എനിക്കറിയാമായിരുന്നു. ഒരുപക്ഷെ ഇപ്പോൾ അവളും ഇതുപോലെ ഒരു പേപ്പറിൽ എനിക്കായി കരുതിവെച്ച, ആ ചിതറിയ ചിന്തകൾക്ക് വാക്കുകളായി പുനർജന്മമേകുകയാവാം. തമ്മിൽ സ്നേഹിക്കാൻ മനസുമാത്രം മതി എന്ന് തങ്ങളിൽ തന്നെ വിശ്വാസം ഉടലെടുത്ത കാലമായിരുന്നതിനാൽ, ആദ്യകാലങ്ങളിൽ ഞങ്ങളെ കൂടുതൽ അറിയുവാൻ സഹായിച്ച ആ സാധാരണ പ്രണയസല്ലാപങ്ങൾ ഞങ്ങൾക്കിടയിൽ അന്യമായ്‌ക്കോണ്ടിരിക്കുകയായിരുന്നു. പതിവിനു വിപരീതമായി പെയ്ത ആ മഴയിൽ, മതിമറന്നു നനഞ്ഞിരുന്നതിനാൽ നേരം ഏറെവൈകിയിട്ടും എന്റെ കുളിയും തേവാരവും അല്പം നീണ്ടുപോയിരുന്നു.


മുതിരപ്പുഴയാറിന്റെ തണുത്ത കരങ്ങളിൽ ഒരു കുഞ്ഞിനെപ്പോലെ വെള്ളംതട്ടിക്കളിച്ചു അങ്ങനെ നീണ്ടുപോയ ആ കുളി മാത്രമാണ് എന്റെ ഇന്നത്തെ നിദ്രഭംഗത്തിനും, അവൾക്കുള്ള കത്തിലെ അക്ഷരത്തെറ്റുകൾക്കും ഹേതു. പറയാതെതന്നെ അതവൾക്കുമറിയാം. ഒരിക്കൽ അവൾതന്നെ എന്നോട് ഈ "രാക്കുളി" നിർത്തണമെന്ന് ശാസിക്കുകകൂടി ഉണ്ടായിട്ടുണ്ട്. അന്ന്, പെൺബുദ്ധി പിൻബുദ്ധി എന്നും, പെങ്കോന്തനല്ലാത്ത ഒരു ഭർത്താവിനെയാണ് നിനക്കായ് ഞാൻ കാത്തുവെച്ചിരിക്കുന്നതെന്നും പറഞ്ഞ മറുപടിയെ ഓർത്തു അവളോടൊരു സോറിയിൽ തുടങ്ങി, എന്റെ മനസ്സിലെ സന്ദേശകാവ്യം.


അവൾ ജീവിതത്തിൽ വന്നതിൽ പിന്നെ ഇന്നാണെന്നു തോന്നുന്നു ഒരിക്കലെങ്കിലും വീണ്ടും മനസിന് ഇത്രയും ഭാരം അനുഭവപ്പെട്ടത്. എന്റെ പലവിധ കുറവുകളും എന്നിലെ കഴിവുകളാക്കി മാറ്റിയെടുത്തതിൽ അവൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. പക്ഷെ വീണ്ടും കാരണമറിയാത്ത ഒരു പേടി.


മനസ്സ് അല്പം ശാന്തമാകുന്നതിനായിട്ടായിരുന്നു ആ മഴയത്രയും ഞാൻ ആവേശപൂർവം നനഞ്ഞതും ,മഴയ്‌ക്കൊടുവിൽ പനി പേടിച്ചു, ആ സായംസന്ധ്യയിൽ കുളിയ്ക്കുവാനായി പുഴയിലേയ്ക്ക് പോയതും. ഒരുപാട് വിസ്തൃതമായി , കല്ലുകളാലും പാറകളാലും സമ്പന്നമായ; ആരുടേതുമല്ലാത്ത , എന്നാൽ എല്ലാവർക്കും സ്വന്തമായ ആ പുഴ പക്ഷെ , അന്നു, എനിക്കായ് മാത്രം ഒഴുകുന്നപോലെ തോന്നിയപ്പോൾ , വിസ്തരിച്ചൊരു നീരാട്ടിനുശേഷം , കാൽപാദസ്പർശനത്താലും ജലത്തിന്റെ തലോടലാലും മൃദുത്വമാർന്ന ഒരു പാറയിൽ, അമ്മയുടെ മടിയിലെന്നപോലെ, തലചായ്ച്ചു ഒന്നുറങ്ങുകകൂടി ചെയ്തു ഞാൻ.


 അല്പസമയം കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു, സ്വപ്നമാണോ അതോ ദിവാസ്വപ്നമാണോ എന്നു വേർതിരിച്ചറിയുവാനാവാത്ത അവസ്ഥയിൽ ആയിരുന്ന എന്റെ മനസ്സ് , അൽപം അഹങ്കാരം കാട്ടുവാൻ തുടങ്ങി. അതുകൊണ്ടാണല്ലോ ആ നനുത്ത നഗ്നപാദം മണലും ചരലും നിറഞ്ഞ വഴിയിലൂടെ അടുത്തേയ്ക്കു വരുന്നതുപോലെയുന്ന കാലൊച്ചയും, കൂടെ, മൃദുവാർന്ന ശബ്ദത്തിലുള്ള "കിച്ചു" എന്ന വിളിയും കേട്ടു ഞാൻ ഉണർന്നത്.


ശാന്തമായി ഉറങ്ങുന്നവനെ ശല്യപെടുത്തുന്നവനെ തൂക്കിലേറ്റാൻ പോലും വിധിക്കാൻ മടിക്കാത്ത എന്നിലെ ന്യായാധിപൻ സടകുടഞ്ഞെണീറ്റപ്പോഴതാ സർവ്വം കാർമേഘമയം. ആകാശത്തു അങ്ങിങ്ങായി തെളിഞ്ഞ നക്ഷത്രങ്ങൾ ഉള്ളതിനാൽ കാഴ്ചയെന്ന കൂടെപ്പിറപ്പിനെ ഞാൻ അവിശ്വസിച്ചില്ല. ചില കൂടെപ്പിറപ്പുകൾ ആവശ്യനേരത്തു കണ്ണടയ്ക്കാറുമുണ്ടല്ലോ. ഒറ്റയ്ക്കായിരുന്നിട്ടു കൂടിയും എന്നിൽ ആദ്യം ഉണർന്ന വികാരം ഭയമായിരുന്നില്ല. അതെനിക്കുറപ്പാണ്.


മറിച്ചു, മറ്റേതോ വികാരമാണ് എന്നെ, ശബ്ദം കേട്ട ഭാഗമെന്ന് തോന്നിയ ദിശയിലേക്ക് നടത്തിയത്. അല്പം ആഴകൂടുതൽ ഉണ്ടെന്നു അറിയാമായിരുന്നിട്ടും, എന്റെ സ്ഥിരം കുളിക്കടവിനു അല്പം മുകളിലായ് ഉള്ള ആ കയത്തിന്റെ അരികത്തേയ്ക്ക് നടന്നപ്പോഴും സംശയിക്കത്തക്കതായി ഒന്നും തന്നെ കണ്ടില്ല. ഞാൻ ആരെയെങ്കിലും ആ അസമയത്തു അവിടെ മനസാ പ്രതീക്ഷിച്ചിരുന്നോ എന്ന് ഇന്നും എനിക്ക് നിശ്ചയവുമില്ല. ഇനിയൊരുപക്ഷെ , കടിഞ്ഞാണില്ലാത്ത എന്റെ കാടൻ ഭാവനകൾക്കു , സ്ഥലകാലബോധംകൂടി നഷ്ടപെട്ടതാവാം.

സ്നേഹത്തിന്റെ മാധുര്യത്തോടൊപ്പമേ ഇന്നേവരെ ഞാൻ എന്റെ പേരു എന്നെ വിളച്ചുകേട്ടിട്ടുള്ളു. ഇത് ആ വിളിയല്ല. ഞാൻ കേട്ട വിളിയ്ക്കു അൽപം ഗാംഭീര്യം കൂടുതൽ ഉണ്ടായിരുന്നോ എന്നു തെല്ലൊരു സംശയം മനസ്സിൽ തോന്നിത്തുടങ്ങിയപ്പോഴാണ് രണ്ടാമതും അതേപോലെതന്നെ വീണ്ടും അതേവിളി കേൾക്കുന്നത്. അപ്പോഴേയ്ക്കും നിദ്രാദേവിയുടെ മടിശയ്യ്യ വിട്ടു ഉണർന്നെണീറ്റിരുന്ന എന്റെ മനസ്സ്, അവന്റെ ജോലി തുടങ്ങിയിരുന്നു എന്ന് പെട്ടെന്നുണ്ടായ ചില പേടിയിൽ നിന്ന് ഞാനറിഞ്ഞു.


അതുവരെ കേൾക്കാത്ത ചില ശബ്ദങ്ങൾ. ചില പരുങ്ങലുകൾ. സ്ഥിരം പരിചയക്കാരായിരുന്ന രാത്രിപറവകൾക്കുപോലും ഒരു അപരിചിത ഭാവം. എപ്പോഴോ ചോർന്നുപോയ എന്റെ ധൈര്യം ധാരധാരയായ് ,കുളികഴിഞ്ഞുടുത്ത എന്റെ വസ്ത്രങ്ങളെ അതറിയിക്കുന്നില്ല എന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തിക്കൊണ്ടാണ് ഞാൻ ഒരോ കാലടിയും ആ ടോർച്ചുവെളിച്ചത്തിൽ വെച്ചത്. കൈയിൽ ആകെയുള്ള ആയുധമെന്നു പറയാവുന്ന ഏകവസ്തു ,കടൽകടന്നെത്തിയ അകന്ന ആന്റിയുടെ (വക), സ്ഥിരം boxലെ അന്നത്തെ വിദേശി bright light ആയതുകൊണ്ട് അല്പം ധൈര്യം ബാക്കി ശേഷിച്ചിരുന്നു. ആവശ്യത്തിലേറെ ബാറ്ററിയും ഉണ്ട്.


സാധാരണ, ആ സമയത്തു അവിടെ ആരും അങ്ങനെ വരാറില്ല. വരുന്നവരെങ്കിൽ തന്നെ ഞാൻ അവിടെ കിടക്കുന്നത് അത്ര വേഗം കാണാനും കഴിയില്ല. എങ്കിലും ആറുകടന്നു അക്കരെയ്ക്കു പോകാറുള്ള ചില പഴമക്കാർ ഇന്നും നാട്ടിൽ ഉണ്ടുതാനും. എന്നാൽ അവരും വെളിച്ചമില്ലാതെ ഒരിക്കലും ഇതുവഴി പോയികണ്ടിട്ടില്ല. ഇതിപ്പോ നല്ല ഉറക്കത്തിൽനിന്നു ,അവൾമാത്രം എന്നെ വിളിക്കാറുള്ള ആ പേരും വിളിച്ചു എന്നെ ഉണർത്തിയത് ആരായാലും , കണ്ടാൽ ഒന്നു കരണംപൊട്ടുമാറ് പൊട്ടിച്ചിട്ടേ മിണ്ടാവു എന്ന് ആദ്യമേ മനസ്സ് ശാഠ്യം പിടിച്ചിരുന്നു. 


അല്ല.

അത് അവളല്ല.

ആണെങ്കിൽത്തന്നെ ഈ രാത്രിയിൽ ഇവിടെ എന്നെത്തേടി വരാൻമാത്രം ധൈര്യശാലിയൊന്നുമല്ല അവൾ.

അതുറപ്പ്.

പിന്നെ. അവളോളം എന്നെ അറിയുന്നതാര് - എന്ന ചിന്തയാണ് ആ കയത്തിന്റെ വക്കോളം എന്നെ എത്തിച്ചത്.


ഭാവനയെന്ന അശ്വത്തിന്റെ കടിഞ്ഞാൺ കൈവിട്ടുപോയതാണോയെന്ന് തെല്ലൊന്നു പേടിച്ച സമയത്താണ് വീണ്ടും ആ ശബ്ദവു, കോടമഞ്ഞു പോലെ വെളുത്ത, അവ്യക്തമായ ഒരു രൂപവും കണ്ണിൽ തടഞ്ഞത്. അത് ജലോപരിതലത്തിലൂടെ അടുത്തേയ്ക്ക് വരുന്നതുപോലെയാണ് ആദ്യം തോന്നിയത്. പക്ഷെ, ആളെ മനസ്സിലാക്കുന്നതിനു മുൻപ് അതെവിടെയോ മാഞ്ഞു.


എന്തൊക്കെ സംഭവിച്ചാലും പേടിക്കില്ല എന്ന് അഹങ്കരിച്ചിരുന്ന എന്റെ മനസിനെ നാണിപ്പിച്ചുകൊണ്ട് എന്റെ കാലുകൾ ശരവേഗത്തിൽ തിരിഞ്ഞു പാഞ്ഞുതുടങ്ങിയിരുന്നു ; കാലിന്റെ ധ്രുതഗതിയെ കുറയ്ക്കാനെന്നവണ്ണം ഭാരമായ് കൂട്ടികിട്ടിയ എന്റെ ശരീരത്തെ വഴിയോടുചേർന്നു വളർന്നുനിന്ന കൊങ്ങിണി മുള്ളുകളിലുരച്ചും, കല്ലുകൾപാകിയ ആ വഴിയിലെ കൂർത്തകല്ലുകളിൽ, ഒരു ചെരുപ്പ് നഷ്ടപ്പെടുത്തിയതിന്റെ പരിഹാരമെന്നോണം നിണമണിഞ്ഞ പാദമുദ്ര പതിപ്പിച്ചും എന്റെ മനസിന്റെ കടിഞ്ഞാൺ വിട്ടു പാദങ്ങൾ പ്രയാണം തുടർന്നു. 


ആകെ നനഞ്ഞു മൃദുവാർന്നിരുന്ന കാലുകളിലെയും കൊങ്ങിണിച്ചെടികൾ ചിത്രപ്പണിനടത്തിയ കൈകളിലെ, അവർണ്ണനീയവും അതിന്യുതനവുമായ Master pièce നെ കുറിച്ചുള്ള വിവരണങ്ങളും , അതിന്റെകൂടെ അല്പം കളരിമർമവീരങ്കി പുരാണവുമായിരുന്നു അവൾക്കുള്ള എന്റെ കത്തിലെ കഥാതന്തു. (പേടിയെന്ന വില്ലനെ കാലയവനികയിൽ കുഴിച്ചുമൂടാൻ കഥാകൃത്തിനു സ്വാതന്ത്ര്യം നൽകിയ എഴുത്തച്ഛനും പേരോർമിക്കാത്ത ഗുരു കാരണവന്മാർക്കുമുള്ള നന്ദി എന്റെ ഒരു ചിരിയിൽ ഒതുങ്ങി)


എന്നാൽ പിറ്റേന്ന് രാവിലെ, (ബാക്കിയുള്ളവർക്ക് അപ്പോൾ ഉച്ചസമയം ആയെന്നിരിക്കിലും) ഞാൻ എഴുന്നേറ്റത് അശുഭകരമായ ഒരു വാർത്തയും കേട്ടുകൊണ്ടാണ്.


"അജ്ഞാത ശരീരം പുഴയിൽ, അഴുകിയ നിലയില്‍."


2 ദിവസം പഴക്കം കണക്കാക്കപ്പെടുന്ന, യുവതിയുടേതെന്നു സംശയിക്കുന്ന ശരീരം, പ്രദേശവാസികള്‍ കണ്ടെത്തി. സ്ഥലം എനിക്ക് അറിയാവുന്നതുതന്നെ. ഞാൻ പോയി കണ്ട കയത്തിനു മുകളിലായി 200 മീറ്റർ മാറിയുള്ള മറ്റൊരു കയം. ആത്മഹത്യയെന്ന്‌ ഉറപ്പാണെന്നും കൂടി അറിഞ്ഞപ്പോൾ ആകെ മരവിച്ചു പോയി എന്റെ മനസ്സ്.


അപ്പോൾ ഞാൻ കുളിച്ച വെള്ളത്തിൽ. വെള്ളം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരുപക്ഷെ ചീഞ്ഞുതുടങ്ങിയിരുന്ന ആ ശരീരാവശിഷ്ടങ്ങളോടൊപ്പമാവാം ഞാൻ മുങ്ങാംകുഴിയിട്ടു രസിച്ചതു. അറിയാതെയെങ്കിലും ഞാനറിഞ്ഞ ആ മരണത്തിന്റെ സ്പർശനമാവാം എന്നെ വീണ്ടും വിളിച്ചുണർത്തി അതിലേയ്ക്ക് ആകർഷിച്ചതു. അരൂപിയായ എന്തോ ഒന്നു എന്നോട് സംസാരിക്കാൻ വേണ്ടി ശ്രമിച്ച ആ ശ്രമമാവാം എന്റെ മനസ്സ് എന്നെ ഉണർത്തിയപ്പോൾ ഇല്ലാതാക്കിയത്.


ഞാൻ കണ്ട കോടമഞ്ഞിനും ആ ഗന്ധം ഉണ്ടാവാം. കാലചക്രമിത്രവട്ടം ഋതുക്കൾ മാറ്റി കുളിരണിയിച്ചിട്ടും, മനസണിഞ്ഞ ആ മടുപ്പിക്കുന്ന അനുഭവത്തെപ്രതി ഞാൻ പിന്നീട് ഒരിക്കലും ആ പുഴയെ പുണർന്നിട്ടില്ല. ചില മുറിവുകൾ ഉണങ്ങിയാലും മായില്ല. മായയായ് മറഞ്ഞാലും,

മറവിയുടെ താളുകളിൽ നിന്നു അവയുടെ മുദ്രകൾ മറയില്ല.


Rate this content
Log in

Similar malayalam story from Horror