Sreedevi P

Drama Inspirational

4.5  

Sreedevi P

Drama Inspirational

രാജൻ

രാജൻ

3 mins
437


രാജൻ നന്നായി പഠിക്കുന്ന കുട്ടിയാണ്. അവൻറെ അച്ഛനും അമ്മയും അവൻ ചെറിയ കുട്ടി ആയിരിയ്ക്കുമ്പോഴെ മരിച്ചുപോയി. ചെറിയമ്മയുടെ കൂടെയാണ് അവൻ താമസിക്കുന്നത്. ചെറിയഅച്ഛൻ സ്ക്കൂളിലെ ശിപായി ആണ്. അവർ രാവിലെ സ്ക്കൂളിലേയ്ക്ക് പോകും. വൈകുന്നേരം സാധനങ്ങൾ വാങ്ങി വരും. അവർക്ക് രണ്ടു ചെറിയ കുട്ടികളുണ്ട്. രാജുവും, രവിയും.        


രാവിലെ എണീററാൽ രാജന് അടുക്കളയിൽ ചെറിയമ്മയെ സഹായിക്കണം, അതു കഴിഞ്ഞാൽ പുറത്തെ വരമ്പത്തു പോയി പുല്ലരിഞ്ഞു കൊണ്ടു വരണം. പശുക്കൾക്ക് തീറ്റയും, വെള്ളവും കൊടുക്കണം. പിന്നെ അവൻ വേഗം പോയി കുളിച്ചു വന്ന് ചെറിയമ്മ വെച്ചു വെച്ച കഞ്ഞിയും, അച്ചാറും കുട്ടികൾക്ക് വിളമ്പി കൊടുക്കണം. വേഗത്തിൽ അവനും കഴിച്ച് അവൻ സ്ക്കൂളിലേയ്ക്ക് ഓടും. ചിലപ്പോൾ ഫസ്റ്റുബെല്ലടിയ്ക്കും. ചിലപ്പോൾ ക്ളാസ്സു തുടങ്ങിയിട്ടുണ്ടാവും. ക്ളാസ്സു തുടങ്ങി കഴിഞ്ഞാൽ അവന് അടി കിട്ടുക പതിവാണ്.


രാജൻ ആറിലെത്തി. അവന് കണ്ണുവേദന വന്നു. സഹിക്കാൻ വയ്യാതെ അവൻ ഉറക്കെ കരയാൻ തുടങ്ങി. ചെറിയമ്മ അവനെ ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞു, “ഈ കുട്ടി പ്രായത്തിലധികം ജോലി ചെയ്യുന്നതു കൊണ്ട് ക്ഷീണിതനാവുകയാണ്. അതുകൊണ്ടാണ് കണ്ണുവേദനിയ്ക്കുന്നത്.”


ഡോക്ടർ മരുന്നെഴുതിക്കൊടുത്തു. ചെറിയമ്മയും, രാജനും മരുന്നു വാങ്ങി വീട്ടിലെത്തി. രാജൻ മരുന്നു കഴിയ്കാൻ തുടങ്ങി. അവൻറെ വേദന മാറി. മരുന്നും കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനു വീണ്ടും വേദന വന്നു. കുറച്ചു ദിവസം കഴിഞ്ഞു മരുന്ന് വാങ്ങാം എന്ന് ചെറിയമ്മ പറഞ്ഞു. മരുന്നു കഴിച്ചും കഴിയ്ക്കാതെയുമായി രണ്ടു കൊല്ലം കഴിഞ്ഞു. 


അവന് കാലുവേദന തുടങ്ങി. വീണ്ടും ഡോക്ടറുടെ അടുത്തു പോയി. ഡോക്ടർ പറഞ്ഞു, “അതൃദ്ധ്വാനം, അതുതന്നെയാണ് ഇവൻറെ കാലുവേദനയ്ക്കും കാരണം.” ഡോക്ടർ മരുന്നു കുറിച്ചു കൊടുത്തു. വേദന അസഹൃമായാൽ രാജൻ മരുന്നു കഴിയ്ക്കും. അങ്ങനെ അവൻ പത്തിലെത്തി. പരീക്ഷാ സമയത്തും കണ്ണുകളും, കാലുകളും വേദനിച്ചു കൊണ്ടേയിരുന്നു. തരക്കേടില്ലാത്ത മാർക്കോടെ അവൻ പത്തുപാസായി. ഇനി ഇങ്ങനെയായാൽ പറ്റില്ല. ഒരു ജോലി തരപ്പെടുത്തണം. പിന്നെ പറ്റിയാൽ പഠിയ്ക്കാം അവൻ വിചാരിച്ചു.


പിറ്റേദിവസം അവൻ പുല്ലരിഞ്ഞു കൊണ്ടിരിയ്ക്കുമ്പോൾ അവൻറെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അച്ഛൻ ആ വഴി വരുന്നതു കണ്ടു. അയാൾ രാജനോടു ചോദിച്ചു, “വലിയ പഠിപ്പുകാരൻ പുല്ലരിയുകയാണോ?” അതിലെ പുച്ഛരസം അവനു മനസ്സിലായെങ്കിലും അറിയാത്ത മട്ടിൽ വളരെ വിനയത്തോടെ അവൻ ചോദിച്ചു, "എനിക്കൊരു ജോലി കിട്ടുമോ?” അവൻറെ കണ്ണകളിൽ നിന്നും കണ്ണീർ വന്നു കൊണ്ടിരുന്നു. അതു കണ്ടപ്പോൾ അയാൾക്കല്പം വിഷമം തോന്നി. 


അയാൾ പറഞ്ഞു,"നാളെ രാവിലെ എണ്ണക്കമ്പനിയിൽ വാ." രാജൻ രാവിലെ തന്നെ എണ്ണക്കമ്പനി യിലെത്തി. വലിയ ഡബ്ബകളിൽ നിന്നും ചെറിയ ഡബ്ബകളിലേയ്ക്ക് എണ്ണ നിറയ്ക്കുക, അതുകടയിൽ കൊണ്ടു വെയ്ക്കുക, അതു കഴിഞ്ഞാൽ പിന്നെ കടയിൽ നില്ക്കുക. അങ്ങനെ ഒരു മാസം കഴിഞ്ഞു. രാജന് ശമ്പളം കിട്ടി. അതിൽ നിന്ന് പകുതി രൂപ അവൻ ചെറിയമ്മയ്ക്ക് കൊടുത്തു. ബാക്കി രൂപ കൊണ്ട് മരുന്നു വാങ്ങി അവൻ ദിവസവും കഴിക്കാൻ തുടങ്ങി. 


മാസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇന്ന് അവൻറെ കണ്ണുകൾക്ക് വേദനയും കാലുകൾക്ക് വേദനയും ഇല്ല.


വൈകുന്നേരം ഏഴു മണി മുതൽ പതിനൊന്നു മണി വരെ രാത്രി കോളേജുണ്ട്. രാജൻ അവിടെ ചേർന്നു പഠിയ്ക്കാൻ തുടങ്ങി. വർഷങ്ങൾ കടന്നുപോയി. അവൻ ഡിഗ്രി എടുത്തു. വീണ്ടും പഠിയ്ക്കാനായിരുന്നു അവൻറെ ശ്രമം. ബാങ്ക് ടെസ്റ്റ് എഴുതി വിജയിച്ചാൽ ബാങ്കിൽ ജോലി കിട്ടുമെന്ന് രാജൻറെ കൂട്ടുകാരൻ പറഞ്ഞു. പിന്നെ അതിലായി അവൻറെ ശ്രദ്ധ. ടെസ്റ്റഴുതി അവൻ വിജയിച്ചു. ഇൻറർവ്യൂ കഴിഞ്ഞു, രാജന് ജോലി കിട്ടി. അപ്പോഴേയ്ക്കും, രാജുവും രവിയും വലിയ കുട്ടികളായി. 


അവർ പറഞ്ഞു, “രാജേട്ടൻ ഇനി ഒരു ജോലിയും വീട്ടിൽ ചെയ്യേണ്ട. ഞങ്ങൾ ചെയ്തു കൊള്ളാം. ചേട്ടൻ ഇനി ജോലിയ്ക്കു പോയാൽ മാത്രം മതി.” ചെറിയമ്മയും അവർക്കൊപ്പം നിന്നു. 


അവർ പറഞ്ഞു, "ഇതുവരെ ഞാനൊന്നും പറയാതിരുന്നത് എനിയ്ക്ക് ഒറ്റയ്ക്ക് എല്ലാ ജോലിയും ചെയ്യാൻ വയ്യ. ഇപ്പോൾ കുട്ടികൾ വലുതായല്ലോ. മോൻ ഇനി ജോലിയ്ക്കു മാത്രം പോയാൽ മതി." 


"ഉം," അവൻ മൂളി. രാജൻ വിചാരിച്ചു, എങ്ങനെ പോകുമെന്നു നോക്കാം. അതിനനുസരിച്ച് നീങ്ങാം. എന്തായാലും കുട്ടികളെ നല്ല കോളേജിലയച്ചു പഠിപ്പിയ്ക്കണം. 


ഞയറാഴ്ചയാണ്. രാജനിന്ന് ബാങ്കിൽ പോകണ്ട. പകലായിട്ടും അവൻ ഒന്നു കൂടി മൂടിപ്പുതച്ചു കിടന്നു. 


"ആൻറീ മോരുണ്ടോ?" അടുത്ത വീട്ടിലെ, രാജിയുടെ ശബ്ദം. അവൾ ഇടക്കിടക്ക് മോരിനു വരും. വരുമ്പോൾ ഒരു ചെറിയ കുപ്പി കടുമാങ്ങ അച്ചാർ, ചെറിയമ്മയ്ക്കു കൊടുക്കും. കടുമാങ്ങ അച്ചാറിൻറെ സ്വാദ് വിചാരിച്ചപ്പോൾ, രാജൻറെ ഉറക്കമെല്ലാം പോയി. അവൻ വേഗം എഴുന്നേറ്റ് പുറത്തുവന്നു. 


രാജി രാജനോടു ചോദിച്ചു, "ചേട്ടനിപ്പോൾ രാവിലെയായതേയുള്ളൂ?” 

ആ കളിയാക്കൽ മനസ്സിലാക്കി രാജൻ പറഞ്ഞു, "എനിയ്ക്കിപ്പോൾ ഉച്ചയാണ്. നിനക്ക് രാത്രിയല്ലേ!" 


രാജിയും വിട്ടില്ല. അവൾ പറഞ്ഞു, "ആണല്ലോ ചേട്ടാ!" രണ്ടു പേരും ചിരിച്ചു. അപ്പോഴേയ്ക്കും ചെറിയമ്മ രാജിയ്ക്ക് മോരു കൊടുത്തു. മോരും കൊണ്ട് പരന്നു കിടക്കുന്ന വയൽ വരമ്പിലൂടെ അവൾ നടന്നു പോയി. അവൾ പോയി കഴിഞ്ഞപ്പോൾ, വീണ്ടും രാജൻ പരന്നു കിടക്കുന്ന നെൽ പാടങ്ങളെ നോക്കി. നെൽക്കതിരുകൾ കാറ്റിൽ നൃത്തംചെയ്യുകയാണ്. രാജൻറെ മനസ്സും നൃത്തം ചെയ്യാൻ തുടങ്ങി.             


Rate this content
Log in

Similar malayalam story from Drama