നിലച്ചുപോയ മണിനാദം
നിലച്ചുപോയ മണിനാദം
ഒരുപാട് കാത്തിരിപ്പിനുശേഷം സഭലമായ സ്വപ്നത്തെ സാഹചര്യംമൂലം മൂടിവെയ്ക്കേണ്ട സ്ഥിതി ഏറെ പരിതാപകരവും അണയാത്ത ദുഃഖവുമാണ്. ആശിച്ചു കിട്ടിയ മിഠായി പ്രായത്തിലിളയ കുട്ടിയെ കാണുമ്പോൾ അതിനു നൽകുയെന്നുള്ള അമ്മയുടെ മറുപടി കേൾക്കുമ്പോൾ, തോന്നുന്ന വിങ്ങൽ പോലെയാണ് ആ വേദനയും.
ഏറെ നാളുകളായിട്ട് ഈ കാൽചുവട്ടിൽ ആ പഴയ മുഴക്കമില്ല. പഠനത്തിനും ലക്ഷ്യങ്ങൾക്കുമിടയിൽ എവിടെയോ ഞാനറിയാതെ എനിക്ക് മാറ്റിവെക്കേണ്ടിവന്ന ആ ശബ്ദം - ഒരിക്കൽ എന്റെ ശ്വാസത്തിനൊപ്പം നൃത്തം ചെയ്തിരുന്ന ആ മണിനാദം.
ഇപ്പോൾ, പുസ്‌തകങ്ങളുടെ ഇടയിലായി നിറഞ്ഞുകിടക്കുന്ന ദിവസങ്ങൾക്കിടയിൽ, ചിലപ്പോഴൊക്കെ അതിന്റെ മുഴക്കം ഞാൻ മനസ്സാകുന്ന വേദിയിൽ കേൾക്കുന്നുണ്ട്.
എന്റെ അരങ്ങേറ്റം ഇന്നും മനസ്സിൽ ഓർമ്മയായി നിലനിൽക്കുന്നു. ഒരുപക്ഷെ, ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം അതു തന്നെയാണെന്ന് നിസംശയം പറയാം. വെളിച്ചം നിറഞ്ഞ വേദിയും, പുഞ്ചിരിയോടെ നോക്കുന്ന മുഖങ്ങളും - അമ്മയുടെ കണ്ണുകളിൽ അഭിമാനവും, അച്ഛന്റെ കയ്യടികളിൽ സ്നേഹവും, ചേച്ചിയുടെ മുഖത്തെ പ്രൗഢിയും എല്ലാം എനിക്കേറെ പ്രിയപ്പെട്ട ഓർമയാണ്. അന്ന് ഞാൻ വിചാരിച്ചു, ഈ വേദിയാണ് എന്റെ ലോകമെന്ന്. നൃത്തം എന്റെ ശ്വാസമായിരുന്നു. ഓരോ ചുവടുകൾക്കും പറയാൻ ഒരു കഥയുണ്ടായിരുന്നു. ഓരോ ഭാവത്തിലും ഒരു സ്വപ്നവും.
പിന്നീട് പഠനം കൂടി, പരീക്ഷകളും ലക്ഷ്യങ്ങളും വഴിയേയെത്തി. അച്ഛനും അമ്മയും എന്നോട് ആ സമയം പറഞ്ഞത് അന്നും ഇന്നും ഒരു വിങ്ങലായുണ്ടെങ്കിലും, എന്നാൽ അതിൽ ഒരു ശരിയുണ്ടെന്ന ബോധവും ഉണ്ടാക്കി. " നൃത്തം നിന്റെ മനസ്സിന്റെ സൗന്ദര്യമാണെങ്കിലും ജീവിതം നീ നയിക്കേണ്ടത് പഠനത്തിലൂടെയാണ് ". അവരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അവരല്ല, അവരുടെ ഉള്ളിലെ ഭയം ആണ് അത് പറയിപ്പിച്ചത്. ഞാൻ വളരുമ്പോൾ, അവരുടെ ഉള്ളിലെ ഇങ്ങനെയുള്ള ഭയങ്ങൾ കൂടാനും കാരണം ഉണ്ടായിരുന്നു. അവരുടെ രണ്ടുപേരുടേം കുടുംബത്തിൽ ആരും ഇന്നേവരെ കലാപരമായി ഭാവി നെയ്തെടുത്തിട്ടില്ല, ഈ ഞാനും അത് പോലെയാവാതെ ഇരിക്കില്ല എന്ന ഉറപ്പ് അവർക്ക് എവിടെനിന്ന് കിട്ടാനാണ്?
നൃത്തം ഒരു കാലത്ത് എന്റെ ആന്തരിക ലോകത്തിന്റെ ശാന്തിയായിരുന്നു, ശരീരത്തിന്‍റെ വ്യായാമം മാത്രമല്ല, മനസിന്‍റെ ആശ്വാസമായിരുന്നുവത്. ഓരോ ചുവടും, ഓരോ കൈകളുടെ ചലനവും എന്റെ ഉള്ളിലെ കനവിനെയും മനസ്സിന്റെ സമാധാനത്തെയും ഏറെ സ്വാതീനിച്ചിരുന്നു. ആ സംഗീതത്തിന്റെ സ്വരത്തിലായി ഞാൻ ഒഴുകിയപ്പോൾ, ലോകത്തിന്റെ ഭാരം മറന്ന്, നേരിടുന്ന ചിന്തകളും വിഷമങ്ങളും മറന്ന്, എന്റെ ഉള്ളിലെ ശാന്തതയിലേക്ക് ഒളിക്കുമായിരുന്നു. സാഹിത്യപരമായി പറഞ്ഞാൽ, നൃത്തമെന്നത് എന്റെ ഹൃദയത്തിന്റെ ഭാഷയും,മനസ്സിന്റെ കവിതയും, ഒരു ശബ്ദരഹിത പ്രാർത്ഥനയുമായിരുന്നു. ആനന്ദം സൃഷ്ടിക്കാനും മാനസിക സമാധാനം നേടാനും ഒരു വ്യായാമം മാത്രമല്ല, ഒരു ആത്മാവിനുള്ള ഉറവിടം കൂടിയാണ് ഓരോ നൃത്തച്ചുവടുകളും.
പിന്നെയും വേദിയിൽ നൃത്തം ചെയ്തിരുന്നുവെങ്കിലും , ഒരിക്കൽ കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നം അല്പം അല്പമായി ശമിക്കുവാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ചിലങ്കകൾ പുസ്തകത്തൂക്കിൽ എങ്ങോ മറഞ്ഞുപോയി. പഠനത്തിലേക്ക് മുഴുകിയെങ്കിലും, എവിടെയോ ഒരു ശബ്ദമായത് നിലനിന്നു - അത്രയും നിശബ്ദമായ്, അത്രയും താളത്തോടെയും.
ഇപ്പോൾ വേദിയില്ല, കാണികളില്ല. എങ്കിലും, മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ ആ മണിനാദം ഇപ്പോഴും നിലനിൽക്കുന്നു.. അത് കേൾക്കാതെയിരിക്കുവാൻ മാത്രം ഞാൻ പഠിച്ചു.
