കണ്ടു ഞാനെന്റെ സ്വപ്നം
കണ്ടു ഞാനെന്റെ സ്വപ്നം
പ്രഭാതത്തിന്റെ ആദ്യ സൂര്യരശ്മി മഞ്ഞിൻ മുകളിൽ വീഴുന്നതു പോലെ ആരും അറിയാതെ പോയ അച്ഛനെന്ന ആ ചെറിയ വലിയ ഇതിഹാസത്തിന്റെ സാന്നിധ്യം എന്റെ ദിവസം തിളക്കമാക്കുന്നു. അദ്ദേഹം വാക്കുകളാൽ സ്നേഹം അധികം പ്രകടിപ്പിക്കാറില്ല, പക്ഷേ ആരോടും ഒന്നും പറയാതെ ആ സ്നേഹമെന്തെന്ന് പ്രവർത്തികളിലൂടെ കാണിക്കുക മാത്രമാണ് ചെയ്തത്. അച്ഛന്റെ ജീവിതം തന്നെ ഒരു വലിയ ഉപദേശമായിരുന്നു. അദ്ദേഹമൊരിക്കലും വലിയ കാര്യങ്ങൾ പറഞ്ഞില്ല, ചെയ്ത കാര്യങ്ങളൊക്കെ മറ്റുള്ളവരെ അറിയിച്ചില്ല, പക്ഷേ, ഓരോ ദിവസവും അദ്ദേഹം കാണിച്ചു കൊടുത്തു സാധാരണമായതിൽ തന്നെ മഹത്ത്വമുണ്ടെന്ന്. ദിവസേന വീട്ടിൽ ചെയ്ത ജോലി കാരണം ശരീരം മടുത്തവേദനമൂലം അമ്മ ക്ഷോഭിച്ചാലും, ഒരു രാത്രി പകലാക്കാൻ പാടുപ്പെട്ട കഥകൾ അച്ഛൻ പറഞ്ഞിട്ടില്ല. ഏതെല്ലാം പുതിയ തുടക്കങ്ങൾക്കായി ഞാൻ ചുവടുവെച്ചാലും അച്ഛൻ പറഞ്ഞു നൽകുന്ന ഉപദേശങ്ങളാണ് എന്നിലൂടെ ഒഴുകുന്നത്.
മഹാഭാരതത്തിൽ ദ്രോണാചാര്യരുടെ ശിക്ഷണത്തിനിടയിൽ ദൂരെ മരത്തിലായിവെച്ചിരിക്കുന്ന തത്തയുടെ പ്രതിമയെ അമ്പെയ്യുവാൻ കൗരവരോടും പാണ്ഡവരോടും പറഞ്ഞപ്പോൾ, പരാജയപ്പെട്ട മറ്റു കൗരവ പാണ്ഡവന്മാരെ അതിശയിപ്പിച്ചു കൊണ്ട്, തത്തയുടെ കണ്ണിൽ മാത്രം ശ്രദ്ധിച്ച് അതിനെ അമ്പെയ്യ്തു വീഴ്ത്തിയെ അർജുനനെ പോലെ നീയും നിന്റെ ലക്ഷ്യത്തിൽ മാത്രം ഉറച്ചു നിൽക്കണമെന്നും, വഴിയിൽ നേരെ നടന്നു പോകുന്ന ആനയെ നോക്കി കുരയ്ക്കുവാൻ ധാരാളം ചാവാലിപ്പട്ടികളുണ്ടാകും എന്നാൽ ആന ചെയ്യുംപോലെ അവ ശ്രദ്ധിക്കാതെ നിന്റെ പാത നീ തുടരണമെന്നും തുടങ്ങി ഒരുപാട് ഉപദേശങ്ങൾ അച്ഛൻ പറഞ്ഞു നൽകിയിട്ടുണ്ട്.എന്നാൽ, അച്ഛൻ പറയാതെ അദദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ ഞാൻ പഠിച്ച ഒന്നാണ് : " വിജയമെന്നത് തന്റെ ലക്ഷ്യം ഉച്ചത്തിൽ വിളിച്ചു പറയുന്നവർക്കല്ല, പകരം അതിനുവേണ്ടി നിശബ്ദമായി പരിശ്രമിക്കുന്നവർക്കാണെന്ന് ". ഒരിക്കൽ അച്ഛനോട് ഞാൻ ചോദിക്കുകയുണ്ടായി, മറ്റുള്ളവർ അച്ഛനെ അറിയാതെ അച്ഛനെ പറ്റി പലതും മോശമായി പറഞ്ഞിട്ടും അച്ഛനു വിഷമം വരാറില്ലേ എന്ന്.അന്ന് അദ്ദേഹം നൽകിയ മറുപടി എന്റെ ജീവിതപാഠമായി മാറി."വിഷമം വരാത്തവരായി ആരുമില്ലെടാ, പക്ഷേ നമ്മൾ അവ ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നാൽ നമ്മുടെ സന്തോഷം വളരും, അങ്ങനെ മറ്റുള്ളവർക്ക് നമ്മളോടുള്ള അസൂയകൂടും, പിന്നീട് അവർക്ക് മനസ്സിലാവും ഇവർക് ഇനി ഒന്നും ഏൽക്കില്ലയെന്ന്".
അച്ഛൻ എന്നെ പഠിപ്പിച്ചത് പുസ്തകത്തിലൂടെയല്ല, ജീവിച്ചുനോക്കിയ ജീവിതത്തിലൂടെയാണ്. അദ്ദേഹം മറ്റുള്ളവരെ സഹായിച്ചപ്പോഴുള്ള ആ സ്വകാര്യത,വീട്ടിലെ ചെറു ചെറു കാര്യങ്ങളിൽ കാണിച്ച ആ സുതാര്യത, മക്കളെ അവരുടെ സ്വപ്നങ്ങൾക്കായി പറത്തിവിട്ട ആ സ്വാതന്ത്ര്യത, എത്ര വലിയ പ്രേശ്നങ്ങൾ പോലും വളരെ നിസാരമായി നേരിടുന്ന ആ ചിന്തകൾ - ഇങ്ങനെയുള്ള ചെറിയ വലിയ കാര്യങ്ങളാണ് ഇന്നെനിക്ക് കരുത്തേകിയത്.
അദ്ദേനം ഒരിക്കലും പറഞ്ഞിട്ടില്ല എന്നെ എത്രെമേൽ സ്നേഹിക്കുന്നുവെന്ന്, പക്ഷേ എന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും പറയുമ്പോൾ "മോൾടെ യുക്തിപോലെ എങ്ങനെയെന്നു വെച്ചാൽ ചെയ്തോ അച്ഛൻ എന്തുവേണമെങ്കിലും ചെയ്ത് തരാം" എന്ന വാക്കിലൂടെയും, ഭക്ഷണം കഴിക്കാൻ നേരം അമ്മയുടെ വാക്കിനെ നിഷേധിച്ച് ഞങ്ങൾക്കായി മാറ്റിവെക്കുന്ന അച്ഛന്റെ പ്ലേറ്റിലെ മീൻ വറുത്തിലൂടെയും, പുറമെ നോക്കുമ്പോ ഒരു ഷാർക്ക് ആണെന്നു തോന്നുന്ന അച്ഛന്റെ ഉള്ളിലെ ആ ഗോൾഡ്‌ഫിഷിന്റെ സ്നേഹം അദ്ദേഹം ആയിരം പ്രാവിശ്യം പറയാതെ പറഞ്ഞിരുന്നു.
കാലം കടന്നു, ഞാൻ വളർന്നു, അച്ഛൻ പറഞ്ഞ വാക്കുകൾ, അദ്ദേഹം കാണിച്ച മൗനം, എല്ലാം എന്റെ വഴികാട്ടിയായി. വിയർപ്പിന്റെ ഉപ്പുരസം കൊണ്ട് തന്റെ മക്കളുടെ ജീവിതം മധുരമാക്കിയ മഹാ കാവ്യാമാണ് ഓരോ അച്ഛന്മാരും.എല്ലാവർക്കും സ്വപ്‌നങ്ങൾ ഉണ്ടാകും - ചിലത് കാണാനുള്ളതും, ചിലത് പിടിച്ചുനിർത്താനുള്ളതും. പക്ഷേ എന്റെ സ്വപ്നം ഒരാളുടെ രൂപമായിരുന്നു.എന്റെ ചിരിയിലും, എന്റെ ധൈര്യത്തിലും, എന്റെ നിശബ്ദതയിലും എല്ലാം ആ നിഴലിന്റെ അടയാളമുണ്ട്.ആ നിഴലിന്റെ ശാന്തമായ പുഞ്ചിരി കാലം കടന്നു പോകുമ്പോളും തളരില്ല.വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെ എന്നെ പഠിപ്പിച്ചു :"പരിശ്രമങ്ങളും, ദൃഢനിശ്ചയവും സഹനശക്തിയുമെല്ലാം വിജയത്തിനായിയുള്ള യഥാർത്ഥ വഴിയാണെന്ന് ".ഇന്ന് ഞാനാകുന്ന കണ്ണാടിയിൽ എനിക്കായുള്ള നിഴൽ അത് എന്റെ അച്ഛനാണ്. അങ്ങനെ കണ്ടു ഞാൻ എന്റെ സ്വപ്നത്തെ, എന്റെ അച്ഛനെന്ന മഹാ ഇതിഹാസംത്തിലൂടെ....
