Sandra C George

Tragedy

3.6  

Sandra C George

Tragedy

ചിത

ചിത

2 mins
12.2K


ചിതയെരിയുന്നതിന് മുൻപേ അങ്ങെത്തണം. രാവേട്ടൻ പണ്ടേ ഇങ്ങനയാ ആരോടും ചോദിക്കാണ്ടും പറയാണ്ടും ഒരു പോക്കാ. കൈയിൽ ഒരു കീറിപ്പറിഞ്ഞ തോർത്തും മങ്ങിയ ഒരു കൈലി മുണ്ടും, മ്മ് സ്ഥിരം വേഷം. അതെങ്ങനാ പുത്തൻ മേടിച്ച് കൊടുത്താലും പിന്നെ ഉടുക്കാം കുട്ടാ എന്നൊരു സ്ഥിരം പല്ലവിയാ. ഇന്ന് രാവേട്ടൻ പട്ട് പുതയ്ക്കും, തമ്പുരാന്റെ അങ്ങത്തേക്ക് പോവല്ലേ, ലേശം ചമയാന്ന് വിചാരിച്ചിണ്ടാവും.എത്ര നടന്നിട്ടും ഈ വഴി അങ്ങട് നീങ്ങാണില്ലാല്ലോ.പാടമൊക്കെ നിരത്തീരിക്കണൂ,കഷ്ടം തന്നെ. പണ്ട് ഈ പാടവരമ്പത്തിട്ടു വടക്കേതിലെ കണ്ണൻ എന്നെ പൊതിരെ തല്ലിയപ്പോൾ രാവേട്ടനാ പാഞ്ഞെത്തി അവനെ ശകാരിച്ചേ. 'സുഖയില്ലാത്ത കുട്ട്യാ,എന്റെ കുട്ടനെ അടിക്ക്യ, നിനക്ക് ഞാൻ വെച്ചിണ്ട് കണ്ണാ ',രാവേട്ടന്റെ ശബ്‍ദം ഇപ്പോഴും കാതിൽ മുഴങ്ങി നിൽപ്പാ. ഹാ ആരാ അത് കണ്ണനല്ലേ, ഇവനങ്ങ് കൊന്നത്തെങ്ങുപോലായല്ലോ,കാണാനിത്തിരി ചേലൊക്കെ ഉണ്ട്‌. അവനെന്നേ കണ്ടില്ലേ ആവോ.... അമ്മൂമ്മ ഇപ്പോൾ കരയുന്നുണ്ടാവും. എന്തിനും ഏതിനും രാവേട്ടൻ വേണോല്ലോ അമ്മൂമ്മയ്ക്ക്. 'രാഘവാ 'അമ്മൂമ്മേടെ ഒറ്റ വിളിക്ക് എവിടാണേലും ഓടിയെത്തും രാവേട്ടൻ.നല്ല മൂവാണ്ടൻ മാങ്ങ കഴിക്കാൻ പൂതികേറി കരഞ്ഞുറങ്ങിയ കുഞ്ഞുകുറുമ്പനെ രാവേട്ടൻ മറന്നു കാണും. ഉറക്കമുണർന്നപ്പോൾ രാവേട്ടൻ ഒരു കുട്ട മാമ്പഴവുമായി മുന്നിൽ.മാമ്പഴത്തിന്റെ തേനൂറുന്ന സ്വാദ് ഇപ്പോഴും ഈ നാവിലുണ്ട്. തറവാട്ട് കുളത്തിലെ വൈകിട്ടുള്ള നീരാട്ട് മറക്കാനൊക്കുവോ, രാവേട്ടൻ ഉള്ളോണ്ട് അധികം സമയം കളിക്കാൻ സമ്മതിക്കൂല്ല,കുട്ടന് നീരിറങ്ങൂന്ന്, സ്നേഹം കൊണ്ടാട്ടോ.ഹോ പിന്നെ സന്ധ്യയ്ക്കു ഊണ് കഴിഞ്ഞുള്ള കഷായം,എന്തു കൈപ്പാന്നറിയുവോ,മനം മറിയും.കഷായം ഒറ്റയ്ക്ക് വലിച്ച് കുടിച്ചാൽ രാവേട്ടന്റെ വക മിട്ടായി സമ്മാനം, രാവേട്ടന്റെ മിട്ടായി കിട്ടാച്ചാൽ കുട്ടൻ എത്ര കാഞ്ഞിരം കയ്പ്പും കുടിക്കും.പിറ്റേന്ന് രാവിലെ എന്താണെന്നറിയില്ല്യ തൊണ്ടേൽ ആരോ കുത്തിപിടിച്ചിരിക്കുന്ന മാതിരി,ശ്വാസം എടുക്കാൻ വയ്യ. കുട്ടനെ നോക്കി ഒന്നും ചെയ്യാൻ വയ്യാണ്ട് നിക്കണ രാവേട്ടന്റെ കണ്ണ് നിറയുന്നുണ്ടാരുന്നു പാവം.അതൊക്കെ അല്ലേ മറക്കാൻ വയ്യാത്ത സ്‌മൃതികൾ. ആഹ് ആൾകൂട്ടം കാണാനുണ്ടല്ലോ, എല്ലാരും എത്തീരിക്കുന്നു. കുട്ടൻ വല്ലാണ്ട് താമസിച്ചോ ആവോ.എല്ലാരും കരച്ചിലാണ് അലറി വിളിച്ച് കരയ്യ.കുട്ടന് കണ്ണീര് വരണില്ല്യ. രാവേട്ടന്റെ മുഖത്തെന്താ വെട്ടം, ഉദിച്ച സൂര്യനെപ്പോലെ. മയങ്ങി കിടക്കുന്ന പോലെ തോന്നണൂ.രാവേട്ടൻ എന്നെ നോക്കി ചിരിച്ചോ,ഏയ്യ് എയ്‌ക്ക്‌ തോന്നിയതാവും.ചിതേയലേക്കെടുക്കാറായന്ന്, എല്ലാരും ഇങ്ങനെ കരയുന്നതാ കുട്ടന് സഹിക്കാൻ വയ്യാത്തെ. മൂവാണ്ടൻ മാവ് വെട്ടിലോ, രാവേട്ടന്റെ കൂടെ യാത്ര അവാന്ന്‌ മാവും കരുതിക്കാണും. തീ ആളിപ്പടരുകയാണ്.കുട്ടന്റെ കണ്ണറിയാണ്ട് നിറയ്യ, പണ്ട് കുട്ടന്റെ ചിത എരിഞ്ഞപ്പോൾ രാവേട്ടന്റെ കണ്ണ് നിറഞ്ഞത് ഓർമ്മ വരികയാ . നമുക്ക് പോകാം കുട്ടാ ദൈവത്തിന്റെ അങ്ങത്തേയ്ക്ക് എത്തണ്ടേ. ഹാവൂ ഇനി അങ്ങേ ലോകത്ത് എനിക്ക് കൂട്ടായി... പോവാം രാവേട്ടാ. കുട്ടനീ തോളത്തു കേറിക്കോ... 


Rate this content
Log in

Similar malayalam story from Tragedy