ബോൺ (Part 8 / Last part)
ബോൺ (Part 8 / Last part)
അതിന്റെ ഊർജ്ജത്തിലവൻ എഴുന്നേൽക്കുവാൻ തുടങ്ങിയപ്പോഴേക്കും സോഫ ലക്ഷ്യമാക്കി, ഒന്നു ഫ്രഷായവിധം ഹണി മെല്ലെ എത്തി, നഗ്നപാദയായി. അവൻ എഴുന്നേൽക്കുന്നതിനിടയിൽ അവളെയൊന്ന് നോക്കി, ഭാവമൊന്നുംകൂടാതെ. അവളവനെ ഒരുനിമിഷം നോക്കിപ്പോയശേഷം പിന്നിലായി ഇരുവരേയും വീക്ഷിച്ചുനിന്നുപോയിരുന്ന ജിനിയെ ഒന്ന് തലതിരിച്ചുനോക്കി.
“എടാ സ്റ്റേഷനിൽ പോണംന്ന്... സമയമില്ല,,”
ഇതിന് മറുപടിയെന്നവിധം ഉടനടി ഇങ്ങനെ ഗൗരവം കലർത്തി ജിനി ഹിബോണിനോട് പറഞ്ഞു. ഒന്നുനിർത്തി ആരോടെന്നില്ലാതെ തുടർന്നുവെച്ചു;
“എന്റെ ദൈവമേ, പോലീസുകാരുടെയൊക്കെയൊരു ഗതികേട്...
പ്രണവേദന ഇവിടെ, അവിടെ വീണവായന...”
അവനുടനെ വേഗം മറ്റൊന്നും ചിന്തിക്കാതെ ഇരുവരേയും മറികടന്ന് ബാത്റൂം ലക്ഷ്യംവെച്ചു. ‘വേഗം... വേഗം’ എന്ന് ജിനി, കടന്നുപോകവേ അവനോട് പറഞ്ഞശേഷം -ധൃതിയിൽ ബാത്റൂം കണ്ടുപിടിക്കുമ്പോഴേക്കും ‘കഴിക്ക്... കഴിക്ക്’ എന്ന് ഹണിയോടെന്നവിധം ധൃതിഭാവിക്കുന്നത് അവന് കേൾക്കാമായിരുന്നു.
ഷവറിൽ നിന്നും തന്റെ ദേഹത്തേക്ക് നിർത്താതെ വെള്ളം വീഴുന്നതിനിടയിൽ കഴിഞ്ഞ രാത്രിയിൽ അനുഭവപ്പെട്ടതുപോലെയൊരു ‘തെല്ലുനേരത്തിലെ സുഖം’ അവനെ അല്പനിമിഷം പിടികൂടിയിട്ടു, പോലീസ് വാഹനം ആദ്യമായി അവരുടെയടുക്കലെത്തിയ സമയത്തിന് ചേർന്നുള്ളത്. ഭാരം തന്റെ തലയിൽ അനുഭവപ്പെടുകയും താഴേക്ക് ശൂന്യത തോന്നുകയും ചെയ്തു അവനാ നിമിഷശേഷം. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുവാൻ അവനെത്തിയപ്പോളേക്കും ഹണി എല്ലാം പൂർത്തിയാക്കിയശേഷം അപ്രത്യക്ഷമായിരുന്നു അവിടുന്ന്.
ഹാളിൽനിന്നും പുറത്തിറങ്ങുവാൻനേരം, തോളിൽ ഉറക്കിക്കിടത്തിയിരിക്കുന്ന കുഞ്ഞുമായി അമ്മ ഉലാത്തുന്നുണ്ടായിരുന്നു -അവനിറങ്ങിയാൽ ഡോർ ക്ലോസ് ചെയ്യുവാനായി. താഴെയെത്തിയപ്പോൾ പോലീസ് വാഹനവും അതിലെല്ലാവരും സജ്ജരുമായിരുന്നു -ജിനിയും ഹണിയും ഒപ്പം രണ്ട് കോൺസ്റ്റബിൾമാരും, സ്ത്രീയും പുരുഷനും യഥാക്രമം. ഭർത്താവിനും തനിക്കുമുള്ള ബ്രേക്ക്‌ഫാസ്റ്റ് വാഹനത്തിന്റെ മുന്നിലൊരിടത്തായി കൃത്യതയോടെ വെച്ചിരുന്നു, അതിന് അടുത്തായി ഇരുന്നിരുന്ന ജിനി. വാഹനത്തിലിരുന്ന് ഹണിയും ഹിബോണും പരസ്പരം നോക്കിപ്പോയി. മുന്നിലിരുന്ന് ഈ രംഗം ശ്രദ്ധിച്ച ജിനിക്ക് ഇരുവർക്കും തമ്മിൽ വല്ലാത്ത അടുപ്പം നിലനിൽക്കുന്നതുപോലെ തോന്നി. ഹണി തന്റെ സാഹചര്യത്തിലൂന്നിത്തന്നെ ഒരുങ്ങിയിരിക്കുന്നു, ഹിബോണാകട്ടെ കഥയില്ലാത്തവിധം ഇരിക്കുന്നു.
സ്റ്റേഷന് മുകളിലെ നിലയിലെ അധികം ശ്രദ്ധകിട്ടാത്തവിധം കിടക്കുന്ന, എന്നാൽ സജ്ജമായ റൂമിൽ ഒരു ചെയറിൽ യൂണിഫോമിൽത്തന്നെ ഇരിക്കുകയാണ് സി. ഐ. ജീവൻ. മുന്നിലായി അടുത്തടുത്ത്, എന്നാൽ ഇരുവശങ്ങളുംപേറി യഥാക്രമം അച്ഛനും അമ്മയും പപ്പയും മമ്മിയും നിൽക്കുകയാണ്. നടുവിലായി അനൗദ്യോഗിക കാര്യങ്ങൾക്കുപയോഗിക്കുന്ന വിധമുള്ളൊരു മേശയുണ്ട്.
“അപ്പോൾ ഒരുകൂട്ടർ പറയുന്നത്,
മോളെ കാണാനില്ല എന്നതാണ് തുടക്കമെന്ന്...”
ഇടതുവശത്തേക്ക് ലക്‌ഷ്യംവെച്ച് ഇങ്ങനെയയാൾ പറഞ്ഞശേഷം വലതുവശത്തേക്ക് ലക്ഷ്യമിട്ടു;
“നിങ്ങൾ പറയുന്നത്,
ചെറുക്കൻ പതിവുസമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് വന്നില്ല... എന്ന്.”
മറ്റൊന്നിനും മുതിരാതെ യഥാക്രമം ഇരുകൂട്ടരും തലയാട്ടി സമ്മതം ഭാവിച്ചിരുന്നു. രണ്ടുമൂന്നുനിമിഷം അതേ ഇരുപ്പിൽത്തന്നെ, ഇടതുകൈ താടയ്ക്കുകൊടുത്ത് ആലോചിച്ചു ചലിച്ചശേഷം ജീവൻ പറഞ്ഞു, ആദ്യം ഇടത്തേക്കും പിന്നെ വലത്തേക്കുമായി;
“കൊച്ചിപ്പോൾ പ്രഗ്നന്റാണ്...
......
ഞങ്ങള് കാണുമ്പോൾ തൊട്ട്
കൂടെയുണ്ടായിരുന്നത് അവനും.”
ഇതുകേൾക്കുമ്പോൾ ഹണിയുടെ പപ്പ ഒന്നു മുഖംകടുപ്പിച്ച് നിന്നു, മമ്മി വിറളിപിടിച്ചപോലെ തന്റെ ഭർത്താവിനെ നോക്കി. ഹിബോണിന്റെ അച്ഛനുമമ്മയുമാകട്ടെ എന്തുചെയ്യണമെന്നതറിയാതെ നിന്നുപോവുകയാണ്.
താനിരുന്ന ചെയറുൾപ്പെടെ അല്പം മുന്നോട്ട് നീങ്ങിയിരുന്നശേഷം പൊതുവായെന്നവിധം ജീവൻ തുടർന്നു;
“ഞങ്ങളോടവർ പറഞ്ഞിരിക്കുന്നത്,,
രജിസ്റ്റർ ചെയ്യാനിറങ്ങിയതാ എന്ന് കൊച്ചും
കൂടുതൽ തെളിച്ചൊന്നും പറയാതെ മോനും നിൽക്കുന്നു...”
ഒന്നുനിർത്തി അയാൾ തുടർന്നു;
“എന്താണ് കൃത്യം കാര്യമെന്ന് അവർക്ക് നന്നായറിയാം.
സാഹചര്യം വെച്ചുനോക്കുമ്പോൾ, ഞങ്ങൾക്ക് ഓരോന്നിനുമൊക്കെയൊരു
പരിധിയില്ലേ,,”
ഇരുകൈകളും താടിയ്ക്കുകൊടുത്ത് മേശയിലൂന്നിയാണയാൾ നിർത്തി, പിന്നീട് തുടർന്നത്;
“എന്തായാലും പിള്ളേര് നിങ്ങളുടെ അഡ്രസ്സ് തന്നു,
ഞങ്ങള് വിളിപ്പിച്ചു.
നിങ്ങളുടെ തീരുമാനം കഴിഞ്ഞുവേണം അവരുടെ,”
ഇത്രയും പറഞ്ഞശേഷമയാൾ അവരെത്തന്നെ നോക്കി, അതുപോലെയിരുന്നു. അവർ ഇരുകൂട്ടരും സി. ഐ. യെത്തന്നെ നോക്കിനിന്നതേയുള്ളൂ -തലയല്പം താഴ്ന്നുപൊക്കി.
“സാറേ, അവൾക്ക് കാര്യമായ ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നു...”
തന്റെ ഭർത്താവിനെ മാനിച്ച് ജീവനോട്, ഹണിയുടെ മമ്മി പറഞ്ഞുനിർത്തിയിങ്ങനെ. കൂടെ ചേർത്തു ഇങ്ങനെ;
“... പല സാഹചര്യങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്..
അന്നൊക്കെയെനിക്ക് സംശയം മാത്രമായിരുന്നു.”
പപ്പ അനക്കമില്ലാതെ തുടർന്നു. ഭാര്യയുടെ വാചകങ്ങൾ അവസാനിച്ചശേഷം നിശബ്ദതപരത്തി മറുപടിയെന്നവിധം തലയല്പംകൂടി കുനിച്ചതേയുള്ളൂ ഹിബോണിന്റെ അച്ഛനും അമ്മയും. ഇവരണ്ടും ശ്രദ്ധിച്ചശേഷം ഒരു പ്രത്യേകഭാവത്തിൽ പഴയപടി നേരെയിരുന്നു, അല്പമിറങ്ങി ജീവൻ.
“നിങ്ങള് ഇരിക്ക്...അവര് വരട്ടെ,”
ഇരുകൂട്ടരേയും നോക്കാതെ ജീവനിങ്ങനെ പറഞ്ഞശേഷം ഉറക്കക്ഷീണത്തിന്റെ ആലസ്യത്തിലെന്നവിധം തലചെരിച്ച് ഒരു കൈപ്പത്തികൊണ്ട് പാതിമുഖം മൂടിയിരുന്നു. അവർ അടുത്തുകണ്ട ചെയറുകളിലായി, എടുത്തുവന്ന് ഇരുന്നശേഷം കുറച്ചുസമയം നിശബ്ദത ഭരണം നടത്തിയവിടെ.
അതിനെ കീറിമുറിച്ചെന്നവിധം ഹിബോണും ഹണിയും ആദ്യവും തൊട്ട് പിറകെയായി ബ്രേക്ക്‌ഫാസ്റ്റുമേന്തി ജിനിയും എത്തിനിന്നു. എല്ലാവരും പരസ്പരമൊന്ന് നോക്കിപ്പോയി, ജീവനെ സാക്ഷിയാക്കി. ജിനിയുടനെ തന്റെ ഭർത്താവിന്റെയൊപ്പം ഒരു ചെയറെടുത്ത് ഇരുന്നു, ബ്രേക്ക്‌ഫാസ്റ്റ് മേശയിൽ വെച്ചശേഷം. അവർക്കുമുന്നിലായി നിൽക്കുന്ന ഹിബോണും ഹണിയും, ഇരുവീട്ടുകാരും മുന്നിലിരിക്കെ.
“ഇവിടുന്ന് തിരിച്ചുപോകുവല്ലേ...”
ഹിബോണിനെയും ഹണിയെയും മുൻനിറുത്തി, ചോദ്യം ജീവന്റേതായിരുന്നു. ഒപ്പം അതേഭാവം പ്രകടിപ്പിച്ച് ജിനിയും. ഇരുവീട്ടുകാരും തങ്ങളുടെ മക്കളെ സി. ഐ. യുടെ മുഖത്തുനിന്നും കണ്ണുകളെടുത്ത് പിന്നിലേക്ക് നോക്കിപ്പോയി. ഒന്നുരണ്ടുനിമിഷമെടുത്ത്, ഇരുവരും നോക്കാതെ നോക്കിപ്പോയി, എല്ലാവരുടെയും ദൃഷ്ടിയുടെ കാഠിന്യംമൂലം തലകുലുക്കി സമ്മതംപോലെ ഭാവിച്ചു -വളരെ സാരമായവിധത്തിൽ.
“നിങ്ങളുടെ ജീവിതം നിങ്ങളുടെ കാര്യം...
പൊയ്ക്കോ,”
ഉടനടിതന്നെ, ഒന്നനങ്ങി ജീവനിങ്ങനെ പറഞ്ഞതോടൊത്ത് നിവർന്നിരുന്ന് ജിനി പറഞ്ഞു;
“... ഞങ്ങള് ബ്രേക്ക്‌ഫാസ്റ്റ് എന്തെങ്കിലും കഴിക്കട്ടെ...”
ഒപ്പം അവൾ, ബ്രേക്ക്‌ഫാസ്റ്റ് നിറച്ചിരുന്ന ബോക്സ് ഇരുവർക്കും നടുവിലേക്ക് വെച്ചു. അല്പനിമിഷങ്ങൾ സമയമെടുത്ത് മാതാപിതാക്കൾ എഴുന്നേറ്റു. തോളിൽ ലേഡീസ് ബാഗുമായി ഹണി, ഒരുങ്ങിയവിധം നിൽക്കുന്നു -ഹിബോണാകട്ടെ ഇരുകൈകളും മുന്നിലേക്ക് കോർത്ത് കെട്ടിയിട്ട് കഥയില്ലാതെ നിലകൊള്ളുന്നു.
മുറിയിൽനിന്നും ആദ്യം ഹിബോണിന്റെ അച്ഛനും അമ്മയും ഇറങ്ങി, പിറകെയായി ഹിബോണും. അടുത്തതായി ഹണിയും പിന്നിൽ അവളുടെ പപ്പയും മമ്മിയും. തങ്ങൾക്ക് അർഹിക്കുന്ന നന്ദി, കിട്ടാതെ കിട്ടിയതിൽ സന്തോഷപൂർവം പരസ്പരം മന്ദഹസിച്ചുകൊണ്ട് നേരെയിരുന്നു ജീവനും ജിനിയും. ആകെയൊരു ബുദ്ധിമുട്ട് പരത്തി ഏവരും താഴേക്ക് പടിയിറങ്ങി പോകുമ്പോൾ ഒരുനിമിഷം നിന്നശേഷം പിന്നാലെയുണ്ടായിരുന്ന ഹണിയുടെ ഇടതുകൈയ്യിലേക്ക് ഹിബോൺ തന്റെ വലതുകൈ പിടിച്ചു. ശേഷമത് കോർത്തുറപ്പിച്ചു, പിന്നെ മുന്നോട്ടിറങ്ങി. ഇത് ശ്രദ്ധിച്ച ഹണിയുടെ മമ്മി തന്റെ ഭർത്താവിനെയൊരു തട്ട് മുഖംവീർപ്പിച്ച് തട്ടിയശേഷം, അയാളെ നയിച്ചു -ഹിബോണിന്റെയും ഹണിയുടെയും പിറകെയായി, അവളുടെ അടുത്തുനിന്നും.
പടികൾ വളഞ്ഞിറങ്ങി, പോലീസ് സ്റ്റേഷന് മുന്നിലൂടെ, ഒരു ലക്ഷ്യത്തിലേക്ക്, അച്ഛനും അമ്മയും, ഒരുമിച്ച് കൈകോർക്കേ ഹിബോണും ഹണിയും, പപ്പയും മമ്മിയും വരിവരിയായി നടന്നുനീങ്ങുന്നത് രണ്ടാമത്തെ നിലയിലെ വരാന്തയിൽനിന്നും നോക്കി ബോധ്യപ്പെട്ട് ചിരിച്ചുകൊണ്ട് തിരികെ അകത്തേക്ക് ജീവനും ജിനിയും കടന്നു, പോലീസ് യൂണിഫോമിലായിരിക്കെ.
അവസാനിച്ചു.
©ഹിബോൺ ചാക്കോ

