അട്ടഹാസം
അട്ടഹാസം


നിറങ്ങൾ ചാർത്തിയ ജീവിതം തുടങ്ങുകയായിരുന്നു അന്ന്. ഒരുമിച്ച് കൈകോർത്തു നടക്കാനും, ചിരിക്കുമ്പോൾ കണ്ണിലെ തിളക്കം നോക്കിയിരിക്കാനും, കരയുമ്പോൾ നെഞ്ചോട് ചേർക്കാനും ജീവിതത്തിന് ഒരു കൂട്ടായ ദിനം. തിരക്കുകൾക്കൊടുവിൽ അങ്ങ് ദൂരെയുള്ള കൊച്ച് വീട്ടിലേക്കുള്ള യാത്ര. ബസ്സില് പോകാന്നു വെച്ചു. ഇത്തിരി കുസൃതിയും, ഒത്തിരി സന്തോഷവും നിറഞ്ഞ യാത്ര.
നേരം മെല്ലെ ഇരുണ്ട് തുടങ്ങി, ആ ചുമലിൽ മെല്ലെ തല ചായ്‌ച്ചു അവളുമുറങ്ങി. നേരം വെളുക്കുമെന്ന് അവിടേക്കെത്താൻ. നിദ്രയുടെ ഏതോയാമത്തിൽ നെഞ്ചിൽ ഒരു കൈ അമരുന്നത് അവൾ അറിഞ്ഞു. ഞെട്ടി ഉണർന്നു നോക്കിയപ്പോൾ ഒരു ഇരുണ്ട രൂപം. തന്റെ നാഥനെ കാണാനില്ല. ഭയത്തോടെ അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. ചോര വാർന്നൊലിക്കുന്ന നാഥൻ, അവളുടെ പ്രാണൻ.
അവളുടെ ഇന്ദ്രീയങ്ങളവളെ പറ്റിക്കുന്നപോലെ തോന്നി. മെല്ലെ അവളുടെ ശരീരം ബസിന്റെ നിലത്തോട് ചേർന്നു. വലിച്ചിഴയ്ക്കപ്പെട്ടിട്ടും പിച്ചിചീന്തിയിട്ടും അവൾക്കു പ്രതികരിക്കാനായില്ല. ജീവൻ പോയ നിമിഷം വരെ ചോര വാർന്നൊലിക്കുന്ന അവളുടെ പ്രാണേശ്വരന്റെ രൂപം മാത്രം ഇന്ദ്രീയങ്ങളിൽ തെളിഞ്ഞു നിന്നു. പിന്നീടെപ്പോളോ സ്വർഗ്ഗത്തിൽ അവർ കൈകോർത്തു നടക്കുമ്പോൾ അറിയാണ്ട് താഴേക്കു നോക്കി.
അട്ടഹാസങ്ങൾ ഉയർന്നു കേൾക്കാം. അവളെ പിച്ചിച്ചീന്തിയ, അവളുടെ പ്രാണേശ്വരന്റെ ജീവൻ കവർന്ന ആ കാട്ടാളൻ അട്ടഹസിക്കുന്നു, നീതിദേവത അപ്പോളും കണ്ണുംമൂടികെട്ടി ദയയില്ലാത്ത ഒരു തുലാസും പിടിച്ച് നില്പായിരുന്നു...