Binu R

Abstract Tragedy

3  

Binu R

Abstract Tragedy

അന്തക വിത്തുകൾ

അന്തക വിത്തുകൾ

2 mins
208



  രാമചന്ദ്രൻ ടൗണിൽ നിന്നും മടങ്ങിയെത്തിയത് ഈർഷ്യയോടെ ആയിരുന്നു. അയാൾ ഒരു പ്രകോപനവുമില്ലാതെ ഭാര്യയോട് കയർത്തു. അകത്തേക്ക് കടന്ന് ബെഡ്‌റൂമിൽ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുമ്പോൾ പുറകേ വന്നെത്തിയ ഭാര്യ , വളരെ ശാന്തമായി ചോദിച്ചു.


" എന്തുപറ്റി...? പുറത്തേയ്ക്കു പോയതുപോലല്ലോ വരവ്. കാർഷിക മീറ്റിംഗിന് പോയിട്ട് എന്തായി...? "


അയാൾ മുറിക്കുപുറത്തേക്കു നടക്കുന്നതിനിടയിൽ തന്നെ മുണ്ടുവാരി ചുറ്റിയുടുത്തുകൊണ്ടു പറഞ്ഞു.


  "പുനർജനിയില്ലാത്ത വിത്തുകൾ കൃഷിചെയ്യണം പോലും ഇനിമുതൽ. ഒരുകൃഷി കഴിയുമ്പോൾ പുതിയ വിത്തുകൾ നമ്മൾ മാർക്കെറ്റിൽ നിന്നും വാങ്ങണം. "


  " അതെന്താ അങ്ങനെ.. !"


ഭാര്യയുടെ ജിജ്ഞാസ അയാളിൽ വീണ്ടും പറയുവാനുള്ള ത്വരയുണർത്തി. അയാൾ ഉമ്മറത്തുചെന്ന് ചാരുകസേരയിൽ ഇരുന്നു. ഭാര്യ ദേവകി, അരത്തിണ്ണയിലും ചന്തിയൂന്നി.


   "വർഷങ്ങളായുള്ള നമ്മുടെ കൃഷിയറിവുകളും നമ്മുടെ തലമുറകളായി കൈമാറിവരുന്ന നാടൻ ഇനങ്ങളുടെ വിത്തുകളും ഇനി കൃഷി ചെയ്യാതെ ഇരിക്കുന്നതിലൂടെ, ഒന്നാം ലോക രാജ്യങ്ങൾക്ക് നമ്മൾ മൂന്നാം ലോക രാജ്യങ്ങളുടെ മേൽ ഒരു ജന്മിത്വസ്വഭാവം കൈവരും. അതോടെ, ഇനിയെല്ലാക്കാലത്തും അവൻ പറയുന്നതെന്തോ അത് കൃഷിയിറക്കേണ്ടിവരും. അപ്പൊ, പല കൃഷികളും ഉൽപ്പന്നങ്ങളും നമ്മുക്ക് നഷ്ടപ്പെടും. ആയുർവേദപരമായും നമ്മുടെ ആരോഗ്യ സംരക്ഷണങ്ങൾക്ക് ആവശ്യമുള്ളവയായിരുന്നു അവയെല്ലാം. ഭാവിയിൽ അവ ഇല്ലാതെയാവും. "


 ദേവകിയിൽ വളർന്ന അവിശ്വസനീയതയെ അയാൾ ഒളികണ്ണിട്ടുനോക്കി.


"ഇതെല്ലാം അറിഞ്ഞുകൊണ്ടായിരിക്കില്ലേ സർക്കാർ ഇതിനെക്കുറിച്ചൊക്കെ ചിന്തിച്ചത്. നമ്മുടെ പഴയ വിത്തുകൾ ഉല്പാദനക്ഷമതകുറഞ്ഞതെന്നല്ലേ പറയുന്നത്. കഴിഞ്ഞദിവസത്തിലെ മാതൃഭൂമിയിൽ ഇതിനെ കുറിച്ചൊരു സംവാദമുണ്ടായിരുന്നു. നമ്മൾക്ക് അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ ആവശ്യമെന്ന് മന്ത്രി പ്രമുഖരും രാഷ്ട്രീയ മേലാളന്മാരും പറയുന്നുണ്ട്."


 ദേവകിയെ തുടർന്നുപറയുവാൻ രാമചന്ദ്രൻ സമ്മതിച്ചില്ല.


    " അവർക്ക് നമ്മുടെ പാരമ്പര്യങ്ങളെ തകർക്കുവാൻ വേണ്ട നിർദേശങ്ങളും സമ്പാദ്യവും ഒന്നാം ലോകരാജ്യങ്ങൾ നല്കിയിട്ടുണ്ടാവും. ഇവിടെ തകർക്കപ്പെടുന്നത് സാധാരണക്കാരന്റെ വിശ്വാസങ്ങളും ആരോഗ്യവുമാണ്. അവർ വീണ്ടും പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും മാറും. ഏതെങ്കിലും കാലാവസ്ഥാവ്യതിയാനം കൊണ്ട് കൃഷികൾക്ക് നാശമുണ്ടായാൽ, വീണ്ടും നമ്മൾ അവരുടെ വിത്തുകൾക്കായി അവരുടെ മാർക്കറ്റിനെ സമീപിക്കേണ്ടിവരും. അവരത് തരണമെന്നില്ല. അപ്പോൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ നമ്മൾ നിർബന്ധിതമാകും. അവർ അതിലൂടെ നമ്മിലേക്ക്‌ മഹാമാരികളുടെ വിത്തുകൾ കയറ്റിവിടും. നമ്മുടെ രാജ്യം ഒരുതരത്തിലും അവരോടൊപ്പമോ, അതിലും മേലെയോ എത്താൻ അവർ സമ്മതിക്കില്ല. അതിനായി അവർ മുൻപേ എറിയുകയാണ്."


 അയാൾ അവിചാരിതമായി വാചാലനാകുന്നത്, ദേവകിയിൽ ഒരു പരിഭ്രമം നിറച്ചു. അവർ പറഞ്ഞു,


  "എല്ലാവരും മാറി ചിന്തിക്കുമ്പോൾ നമ്മുക്കും കൂടരുതോ..? "


 അയാൾ തുടർന്നു,


"ഉത്തരേന്ത്യയിൽ കൃഷിക്കാർ സമരത്തിലാണ്. ഉരുളക്കിഴങ്ങും കരിമ്പും ഗോതമ്പും അടക്കം എല്ലാം ഒന്നാം ലോകരാജ്യങ്ങളുടെ വിത്തുകൾ ഉപയോഗിച്ചാൽ മതിയെന്ന് പ്രധാനമന്ത്രി ഉത്തരവിട്ടുവെന്ന്. അവർ പലരും നിരാഹാരത്തിലുമാണെന്ന്. കൃഷി എങ്ങനെ ചെയ്യണമെന്നത്, കൃഷിക്കാരല്ലേ നിശ്ചയിക്കേണ്ടത്..?. അതിൽ നിന്നൊരുമാറ്റം അവർക്ക് അംഗീകരിക്കാൻ പറ്റില്ല. "


 ദേവകി അകത്തേക്കുപോയി. അയാൾ കണ്ണടച്ചു കിടന്നു. ദേവകി ഇറങ്ങിവന്നത് ഒരുമൊന്തയിൽ ഇഞ്ചിയും കറിവേപ്പിലയും ചേർത്ത നല്ല സംഭാരവുമായിട്ടായിരുന്നു. അയാൾ അതു വാങ്ങിക്കുടിച്ചു. പിന്നെ ശാന്തമായി പറഞ്ഞു.


"ഈ അന്തകവിത്തുകളുടെ ഭാരം നമ്മുടെ ഭാവി തലമുറ അനുഭവിച്ചേ മതിയാകൂ... "


അയാൾ ചാരുകസേരയിൽ കണ്ണടച്ചു കിടന്നു. ദേവകി മൊന്തയുമെടുത്തു അകത്തേക്ക് നടന്നു.    

    


Rate this content
Log in

Similar malayalam story from Abstract