Sreedevi P

Drama Inspirational Children

4.8  

Sreedevi P

Drama Inspirational Children

അമ്മ

അമ്മ

5 mins
452


ഞാൻ ജനിച്ച അന്ന് എന്നെ കണ്ടപ്പോൾ എൻറെ അമ്മ അത്യധികം സന്തോഷിച്ചു. സൂര്യൻ ഉദിച്ചു വരുന്നതു പോലെ അമ്മയ്ക്ക് തോന്നി. വെളുത്ത ശരീരവും, വട്ടമുഖവും, ചുകന്ന ചുണ്ടുമുള്ള സുന്ദരി കുട്ടിയായ എൻറെ ചിരി നോക്കി അമ്മ മതി മറന്നു നില്കും, എന്നെ കുളിപ്പിക്കുമ്പോഴും, ഭക്ഷണം തരുമ്പോഴും എപ്പോഴും അമ്മ എന്നോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കും എന്നൊക്കെ അമ്മ പറയാറുണ്ട്.    


പാലൂട്ടി, നല്ല ഭക്ഷണം തന്ന് അമ്മ എന്നെ വളർത്തി. കൊച്ചരി പല്ലുകൾ കാട്ടി ഞാൻ ഓടാൻ തുടങ്ങിയപ്പോൾ അമ്മയും എൻറെ കൂടെ ഓടി കളിക്കാൻ തുടങ്ങി. അമ്മ മകൾ-ഭ്രാന്തിയാണെന്നു പറഞ്ഞ് അച്ഛനും മറ്റുള്ളവരും അമ്മയെ കളിയാക്കിയിരുന്നു. അമ്മയുടെ താരാട്ടു പാട്ട് ഇളം കാറ്റിലെ നനുത്ത സ്വരങ്ങളായി ഇപ്പോഴും എൻറെ ചെവിയിൽ പ്രതിധ്വനിക്കുന്നു.


ഞാൻ സ്കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോൾ എൻറെ പഠിപ്പിൽ അമ്മ അതീവ ശ്രദ്ധാലുവായിരുന്നു... വേണ്ടാത്തതു ചെയ്യരുതെന്നുപറഞ്ഞിട്ട് ചെയ്താലും, നന്നായി പഠിച്ചില്ലെങ്കിലും അമ്മ എനിക്ക് ചുട്ട പെടകൾ സമ്മാനിച്ചിരുന്നു. നമ്മുടെ തെറ്റുകളെല്ലാം ക്ഷമിച്ച് അമ്മമാർ നമ്മൾക്ക് നേരായ വഴി കാണിച്ചു തരും. 


ഒരു ദിവസം സന്ധ്യാ സമയത്ത് ഞാൻ കട്ടിലിൽ നിന്ന് താഴെയുള്ള കിണ്ടിയുടെ മുകളിലേക്ക് വീണു. കിണ്ടിയുടെ വക്കു കൊണ്ട് എൻറെ നെറ്റി ആഴത്തിൽ മുറിഞ്ഞു. ചോര നില്ക്കാതെ ഒഴുകുകയാണ്. അടുത്തൊന്നും ഡോക്ടർമാരില്ല. അന്ന് വാഹനങ്ങൾ വിരളമാണ്. ഇലക്ട്രിക് ലൈറ്റും ഇല്ല. വീട്ടുകാരെല്ലാം ഭയപ്പെട്ടു. എൻറെ അമ്മ പരിഭ്രാന്തിയോടെ അങ്ങോട്ടും, ഇങ്ങോട്ടും ഓടി ഭസ്മ കൊട്ടയിൽ നിന്ന് ഭസ്മമെടുത്ത് എൻറെ മുറിയുടെ ആഴത്തിലേക്കിട്ട് വിരലുകൊണ്ട് കുത്തിയമർത്തി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചോര നിന്നു. അമ്മക്കും വീട്ടിലെ മറ്റെല്ലാവർക്കും ആശ്വാസമായി. 


സ്കൂളിൽ നിന്നു വന്ന എന്നെ അമ്മ എണ്ണ തേച്ചു കുളിപ്പിക്കാൻ തുടങ്ങുകയായിരുന്നു. മുതുകത്ത് എണ്ണ തേക്കുമ്പോൾ അടിച്ച ചുകന്ന പാടുകൾ അമ്മ കണ്ടു. "നിന്നെ ആരടിച്ചു?" അമ്മ ചോദിച്ചു. "എൻറെ ക്ലാസിലെ ഒരു ചെക്കൻ," ഞാൻ പറഞ്ഞു. "നിൻറത്രയുള്ള കുട്ടി അടിച്ചാൽ ഇത്ര തിണർക്കില്ല." അമ്മ പറഞ്ഞു. "ആ കുട്ടി വലിയതാണ്. രണ്ടു കൊല്ലം തോറ്റിട്ട് ക്ലാസിൽ ഇരിക്കുകയാണ്," ഞാൻ പറഞ്ഞു. "നിന്നെ എന്തിനു തല്ലി?" അമ്മ ചോദിച്ചു. "അവന് എൻറെ ബുക്ക് കൊടുക്കാത്തതിന്, എന്നും തല്ലുമെന്ന് അവൻ എന്നോടു പറഞ്ഞു." "നീ ടീച്ചറോട് പറഞ്ഞില്ലേ?" അമ്മ എന്നോട് ചോദിച്ചു. ഞാൻ ടീച്ചറോട് പറഞ്ഞപ്പോൾ ടീച്ചർ എന്നോട് "മിണ്ടാതെ അവിടെ ഇരിക്ക്," എന്നു പറഞ്ഞു.


പിറ്റത്തെ ദിവസം എൻറമ്മ ആ കുട്ടിയുടെ അമ്മയോട് അടിച്ച കാര്യങ്ങൾ പറഞ്ഞു. "അവൻ പറഞ്ഞാൽ കേൾക്കില്ല, പഠിക്കുകയുമില്ല ഞാൻ അടിച്ചിട്ടും അവൻ നന്നാവുന്നില്ല, മൂന്നിൽ മൂന്നാമത്തെ കൊല്ലമാണ് അവൻ പഠിക്കുന്നത്. നിങ്ങൾ ടീച്ചറോട് പറയുവിൻ," ആ കുട്ടിയുടെ അമ്മ പറഞ്ഞു. എൻറെ അമ്മ ടീച്ചറോട് പറഞ്ഞു. "കുട്ടികളാവുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകും. നിങ്ങൾ പരാതി പറയാതെ പോകു," ടീച്ചർ അമ്മയോടു പറഞ്ഞു... അമ്മ വിഷമത്തോടെ അവിടെ നിന്നു.. അതു കണ്ട ടീച്ചർ പ്യൂണിനെ വിളിച്ചു. പ്യൂണിനോട് അമ്മയെ പുറത്താക്കാൻ പറഞ്ഞു. അതു കേട്ട് ഞെട്ടികൊണ്ട് അമ്മ പ്യൂണിനോടു പറഞ്ഞു, "എന്നെ പുറത്താക്കുകയൊന്നും വേണ്ട, ഞാൻ പൊയ്ക്കൊളളാം." അമ്മ വീട്ടിലേക്കു പോയി.


ഞാൻ സ്കൂളിൽ നിന്നെത്തിയ ഉടനെ അമ്മ എൻറെ മുതുകിൽ നോക്കി. അന്നും അവനെന്നെ അടിച്ചിരുന്നു. അതു കണ്ട് അമ്മ പറഞ്ഞു. "നാളെ അവൻ നിന്നെ തല്ലിയാൽ നീ അവനെയും തല്ലണം." പിറ്റേ ദിവസവും അവൻ എന്നെ തല്ലി, ഞാൻ അവനെ അടിക്കാൻ തുടങ്ങിയപ്പോൾ അവൻ എൻറെ കൈ പിടിച്ച് വീണ്ടും തല്ലി. ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, "നാളെ അവൻ നിന്നെ തല്ലുമ്പോൾ നീ അവനെ തല്ലിയില്ലെങ്കിൽ ഞാൻ നിന്നെ തല്ലും. മോൾ ധൈര്യമായി തല്ലിക്കോ, നാളെ അമ്മ സ്കൂളിലേക്ക് നേരത്തെ വരാം."


അന്ന് സ്കൂൾ വിട്ടതിനു ശേഷമാണ് അവൻ എന്നെ തല്ലിയത്. ഞാൻ അവനെ അടിക്കാൻ നോക്കിയപ്പോൾ എനിക്കു പറ്റിയില്ല. അവൻറെ കവിളിൽ ഞാൻ നല്ല കടി കൊടുത്തു. അവനെ അടിച്ചില്ലെങ്കിൽ അമ്മ എന്നെ അടിക്കും എന്നോർത്തു കടിച്ചു. അവൻറെ കവിളിൽ കൂടെ ചോര ഒഴുകി കൊണ്ടിരുന്നു. അന്ന് അവനെ സ്കൂളിൽ നിന്നും കൊണ്ടു പോകുവാൻ അവൻറെ അച്ഛമ്മയാണ് വന്നത്. അവർ ഇതു കണ്ടു പേടിച്ച് എന്തു പറ്റിയെന്ന് ചോദിച്ചു. എന്നെ കാട്ടി അവൻ പറഞ്ഞു. "ആ കുട്ടി കടിച്ചതാണ്." അപ്പോഴേക്കും എൻറെ അമ്മയും അവിടെ എത്തി. ഞാൻ പേടിയോടെ അമ്മയെ നോക്കി. അമ്മ പറഞ്ഞു "മോളു പേടിക്കണ്ട." ആ കുട്ടിയും, അച്ഛമ്മയും കൂടി ഞങ്ങളുടെ അടുത്തേക്ക് ഓടി വരികയാണ്. ടീച്ചറേ, പ്രിൻസിപ്പൽ എന്നൊക്കെ വിളിച്ചു കുക്കുന്നുണ്ട്. എൻറെ അമ്മ എൻറെ കയ്യും പിടിച്ച് ആളുകളുടെ മറവിലൂടെ അവരുടെ കണ്ണിൽ നിന്നു മറഞ്ഞ് ഞങ്ങൾ വീട്ടിലെത്തി.


"നീ എന്തിനാ കടിച്ചത്? തല്ലാനല്ലെ പറഞ്ഞത്?" അമ്മ എന്നോട് ചോദിച്ചു. "തല്ലാൻ കിട്ടിയില്ല; അമ്മയെ പേടിച്ച് കടിച്ചു." ഞാൻ പറഞ്ഞു. "നന്നായി കണ്ണിലൊന്നും കടിക്കരുതിട്ടോ," അമ്മ പറഞ്ഞു. "ഇല്ല," ഞാൻ പറഞ്ഞു. "ആ കുട്ടിയുടെ അച്ഛമ്മക്ക് ആ കുട്ടി അടിക്കുന്ന കാര്യം അറിയില്ല. അതു കൊണ്ടാണ് അവരോട് ഒന്നും പറയാതെ അമ്മ നിന്നെയും കൊണ്ടു പോന്നത്. ആ സമയത്ത് അവരോട് പറയാനും പറ്റില്ല. നാളെ അവർ ടീച്ചറൊടോ, പ്രിൻസിപ്പലിനോടൊ പറയുകയാണെങ്കിൽ പറഞ്ഞു കൊള്ളട്ടെ. എല്ലാം അമ്മ പറഞ്ഞു കൊള്ളാം. നിന്നോട് എന്തു ചോദിച്ചാലും അമ്മ പറഞ്ഞിട്ടാണെന്ന് നീ പറയണം", എന്നൊക്കെ പറഞ്ഞ് അമ്മ എന്നോട് ശട്ടം കെട്ടി.


പിറ്റേ ദിവസം ഞങ്ങൾ സ്കൂളിലെത്തിയപ്പോൾ ആ കുട്ടിയും കുട്ടിയുടെ അമ്മയും ഞങ്ങളെ കാത്തു നില്ക്കുന്നു. ഞങ്ങൾ അവരുടെ അടുത്തു ചെന്നപ്പോൾ തന്നെ ആ കുട്ടിയുടെ അമ്മ പറയാൻ തുടങ്ങി. "ഇന്നലെ ഇവൻറെ അച്ഛമ്മ പറഞ്ഞതു വിചാരിച്ച് വിഷമിക്കണ്ട. ഞാൻ കാര്യങ്ങളൊക്ക പറഞ്ഞിട്ടുണ്ട്. ഇനി ഇവൻ നിങ്ങളുടെ കുട്ടിയെ തല്ലില്ല. സഹിക്കാനാവാത്ത വിഷമം കൊണ്ടാണ് കുട്ടിയെ കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് എനിക്കറിയാം. ഇവനും പേടിച്ചിരിക്കുന്നു. ഞാൻ നല്ല അടി കൊടുത്തിട്ട് പഠിക്കാൻ പറഞ്ഞു. പുസ്തകം നോക്കുന്നതു കണ്ടു. ഇനിയങ്ങോട്ട് നല്ല കുട്ടിയായി പഠിച്ചാൽ മതിയായിരുന്നു." "നന്നായി വരും," എൻറെ അമ്മ പറഞ്ഞു. അതിനു ശേഷം ആ കുട്ടി എന്നെ തല്ലിയിട്ടില്ല. നന്നായി പഠിക്കാനും തുടങ്ങി. 


ഒരു ദിവസം ഉച്ചക്ക് അടുത്ത വീട്ടിലെ അടുക്കളയിൽ തിയ്യ് കത്തി. "തിയ്യ്... തിയ്യ്…" എന്നു പറഞ്ഞ് അവിടുത്തെ ആളുകൾ പുറത്തേക്കോടി. അമ്മ അവിടേക്കോടി ചെന്നു. "ഇവിടുത്തെ ചെറിയ കുട്ടി എവിടെ?" അമ്മ ചോദിച്ചു. അപ്പോഴാണ് കുട്ടി ഒപ്പമില്ലാ എന്ന് അവർക്ക് മനസ്സിലായത്. "കുട്ടി അടുക്കളയിലാണ്", ആർത്തു കരഞ്ഞു കൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു. എൻറെ അമ്മ അവിടെ കണ്ട ഒരു പുതപ്പു കൊണ്ട് മൂടിപ്പുതച്ച് തിയ്യിൻറെ സൈഡിലൂടെ പോയി കുട്ടിയെ എടുത്ത് പുതപ്പിനുള്ളിലാക്കി, അമ്മ കുട്ടിയെ കൊണ്ടു വന്നു. കത്തുന്ന പുതപ്പിനെ അമ്മ താഴെ ഇട്ട് കുട്ടിയെ കുട്ടിയുടെ അമ്മയുടെ കയ്യിൽ കൊടുത്തു. അമ്മയുടെ കയ്യിൽ തീ കത്താൻ തുടങ്ങി. ആ വീട്ടിലുള്ളവരും അവിടെ ഓടി കൂടിയവരും ചേർന്ന് തുണി കൊണ്ടടിച്ച് അമ്മയുടെ കയ്യിലെ തിയ്യ് കെടുത്തി. അടുക്കളയിലെ തിയ്യും അവർ അണച്ചു. എല്ലാവരും അമ്മയെ പ്രശംസിച്ചു. കുട്ടിയുടെ അമ്മ പൊട്ടി കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, "നിങ്ങൾ രണ്ടു ജീവനാണ് രക്ഷപ്പെടുത്തിയത്. എൻറെ മോന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാനും മരിക്കും." അമ്മ പറഞ്ഞു, "ഭഗവാൻ, ഭഗവതി രക്ഷിക്കും."


എനിക്കും കൂട്ടുകാർക്കും അമ്മ സ്പോട്സ് പരിശീലനം നല്കി, ഞങ്ങൾ അതിൽ ഉയർന്നുയർന്നു പോയി. ഞാനും എൻറെ കൂട്ടുകാരും അമ്മയെ സൂപ്പർമോം എന്നു വിളിച്ചിരുന്നു. അമ്മ ചിരിച്ച് ഞങ്ങളെ നോക്കും. ഞാനും അമ്മയും എൻറെ കൂട്ടുകാരും അവരുടെ അമ്മമാരും നീന്തൽ കുളത്തിൽ നീന്തി രസിക്കും. അങ്ങനെ എനിക്കും കൂട്ടുകാർക്കും നീന്തൽ വശമായി. എൻറെ ഡാൻസു കണ്ടാൽ അമ്മ കണ്ണഞ്ചി നില്കും.


അമ്മ എന്നെ ഇടയ്കിടെ കടയിലേക്കും, പോസ്റ്റോഫീസിലേക്കും മറ്റും പുറഞ്ഞയക്കുമായിരുന്നു. അവളെ ഏതു കാര്യത്തിനയച്ചാലും ആ കാര്യം അവൾ നന്നായി ചെയ്തു വരും എന്ന് അമ്മ എല്ലാവരോടും പറയും. 


ഞാൻ കോളേജിലെത്തി. ഒരു ദിവസം കോളേജു ബസ്സിൽ നിന്നിറങ്ങുമ്പോൾ ഞാൻ വീണു കാലുളുക്കി. ഡോക്ടമാരെ കണ്ടിട്ടൊന്നും കാലിൻറെ വേദന മാറിയില്ല. അമ്മ എൻറെ കാലിൽ തൈലമിട്ടു തിരുമ്മി ഉപ്പിട്ട ചൂടു വെള്ളം ഒഴിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വേദന കുറഞ്ഞു. എന്നാലും നടക്കുമ്പോൾ അല്പം വേദനയുണ്ട്. അതു കൊണ്ട് ഞാനമ്മയോടു പറഞ്ഞു. "ഞാനിനി കോളേജിൽ പോകുന്നില്ല." അതു കേട്ട് അമ്മ പറഞ്ഞു. "കുട്ടികൾ പഠിച്ചു വളരണം. അതുകൊണ്ട് നീ കോളേജിൽ പോകണം." രാത്രി മുതുകു വേദനയെടുത്ത് അമ്മ കരയുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട്. രാവിലെ എണീറ്റ് അമ്മ പറഞ്ഞു. "ഇന്നു മുതല്ക് നിന്നെ ഞാൻ സ്കൂട്ടറിൽ കോളേജിലെത്തിക്കാം." "വേണ്ട... വേണ്ട," എന്നു ഞാൻ പറഞ്ഞതു കേൾക്കാതെ അമ്മ എന്നെ സ്കൂട്ടറിൽ കയറ്റി കോളേജിൽ കൊണ്ടു വിടും, കൊണ്ടു വരും. മാസങ്ങൾ കഴിഞ്ഞപ്പോൾ കാലു വേദന മാറി. മരുന്നു കഴിക്കുന്നത് നിറുത്തികോളാൻ ഡോക്ടർ പറഞ്ഞപ്പോൾ അമ്മക്കും എനിക്കും ആശ്വാസമായി. എൻറെ കോളേജു ദിവസവും കഴിയാറായി.


എനിക്ക് ടീച്ചറായി ജോലി കിട്ടി. അതിനിടെ എൻറെ വിവാഹം കഴിഞ്ഞു. എന്നെ ഞാനാക്കിയ എൻറെ അമ്മക്ക് നമസ്കാരം. 

ഇത്ര വിലമതിക്കാൻ കഴിയാത്തത്ര സ്നേഹം, സംരക്ഷണം മറ്റെവിടെ നിന്ന് കിട്ടും? ഞാൻ എൻറെ അമ്മയുടെ കാലിൽ തൊഴുതു വന്ദിച്ചുകൊണ്ട് ഈ കഥ അമ്മയ്ക്കായി സമർപ്പിക്കുന്നു.


Rate this content
Log in

Similar malayalam story from Drama