Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 6)

അമർ (Part 6)

4 mins
366


അമർ | Part 6


അപ്പോഴേക്കും കിച്ചണിൽനിന്നും പൊതിച്ചോറുമായി ഒരാൾ എത്തി. അതുവാങ്ങി പണം ഏൽപ്പിച്ച് തിരികെ അതുമായി പ്രവീൺ സ്റ്റേഷനിൽ അമറിന്റെ അടുത്തെത്തി. അവനെ മാനിച്ച് കൈകഴുകിവന്ന അമർ തന്റെ ടേബിളിൽ അതിഥികളുടെ ചെയറിലിരുന്ന് കഴിക്കുവാൻ പൊതി തുറന്നതും പുറത്ത് ഒരു വാഹനത്തിൽ ആറു പേർ എത്തി, ഞൊടിയിടയിൽ ഇതിനകം അവർ സ്റ്റേഷനിലേക്ക് കയറിവന്നു.

“അതേയ്... അനുസരണ നിങ്ങള് മാത്രം പഠിപ്പിച്ചാൽ പോരല്ലോ...

ഞങ്ങൾക്കും ആവശ്യം വരുമ്പോൾ പഠിപ്പിക്കേണ്ടേ...!”

   കൈകളിൽ ഹോക്കി സ്റ്റിക്കുകളും ഉരുണ്ട വലിയ തടിക്കഷണങ്ങളുമായി നിൽക്കുന്ന ആ ആറുപേരിൽ മുന്നിലായി ഉദ്ദേശം നിൽക്കുന്നവൻ എല്ലാവരോടുമെന്നപോലെ ഇങ്ങനെ പറഞ്ഞപ്പോഴേക്കും ചോറുപൊതിക്കടുത്തായി വെച്ചിരുന്ന വെള്ളംകുപ്പിയിൽനിന്നും കൈകഴുകി പൊതിച്ചോറിലേക്ക് ഒഴിച്ചു അമർ. പറഞ്ഞിരുന്നവൻ തുടർന്നു;

“ഇവിടുത്തെ ചിട്ടയും ക്രമവുമൊന്നും അങ്ങനെയങ്ങ് മാറ്റേണ്ട എന്നാ,

മുകളീന്നുള്ള തീരുമാനം...”

   പോലീസുകാർ തങ്ങളുടെ ഇരിപ്പിടങ്ങളിൽനിന്നും എഴുന്നേറ്റു. പ്രവീണാകട്ടെ, ഇരുകൈകളും ടേബിളിലൂന്നി തലയല്പം കുനിച്ച് പൊതിച്ചോറിന് മുകളിലായി- വന്നിരിക്കുന്ന ഗുണ്ടകൾക്ക് പുറംതിരിഞ്ഞായും നിൽക്കുന്ന അമറിനെ നോക്കി നിശ്ചലനായി നിന്നു.

“നിന്നെയൊക്കെ ഇങ്ങോട്ട് വിടുന്നത് ഞങ്ങൾക്കുംകൂടി ഉപകാരപ്പെടാനാ..

അതുമനസ്സിലാക്കാതെ ചുമ്മാ കളിക്കാൻ നിന്നാലെങ്ങനാ...”

   ഇങ്ങനെ പറഞ്ഞ്, പറഞ്ഞുകൊണ്ടിരുന്നവൻ കൈയ്യിലെ സ്റ്റിക്കും ഓങ്ങി അമറിനു പിന്നിലേക്ക് അടുത്തു. കണ്ണുകളടച്ച് തലയൊന്നുകൂടി കുനിച്ച് ആട്ടിക്കൊണ്ട് നിന്നിരുന്ന അമർ ശരവേഗത്തിൽ തിരിഞ്ഞ്, ഹാളുപോലെ കിടന്നിരുന്ന സ്റ്റേഷന്റെ ഒരുവശത്തുനിന്നും എത്തിയ ആ ഗുണ്ടയെ ഒരുകൈയ്യാൽ സ്റ്റിക്ക് പിടിച്ചിരിക്കുന്ന കൈയ്യെ തടഞ്ഞുപിടിച്ച് വലതുകൈയ്യാൽ അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച്, അവനെ വന്നവഴി വേഗത്തിൽ പിന്നോട്ട് നടത്തിച്ചശേഷം കാലുപൊക്കി ചവിട്ടി തെറിപ്പിച്ചു. അവൻ സ്റ്റിക്കുമായി മറ്റു അഞ്ചുപേരുടെയും മുന്നിലേക്കായിരുന്നു വീണത്. അടുത്തനിമിഷം ഇതുകണ്ടെന്നവിധം മറ്റുരണ്ടുപേർ ആദ്യത്തവനെപ്പോലെ പാഞ്ഞടുത്തു. ഒരാൾ വീശിയ സ്റ്റിക്കിൽനിന്നും ഒഴിഞ്ഞുമാറി മറ്റവന്റെ ഉരുളൻ തടിക്കക്ഷണം തടഞ്ഞ് അത് അവന്റെതന്നെ തലയിലേക്ക് ശക്തമായി രണ്ടുതവണ അമർ അടിപ്പിച്ചു. മറ്റു മൂവരും ഇതേസമയം പാഞ്ഞടുത്ത് അവനെ പാതിവളഞ്ഞു. പാതിയുണിഫോമിൽ കറുത്ത ഷർട്ടിൽ മടക്കിവെച്ച കൈകളുമായി നിലകൊണ്ടിരുന്ന അവൻ അവരെ ഇരുവശങ്ങളിലേക്കുമൊന്ന് അനക്കിച്ചശേഷം ഒരുവനെ ചാടിപ്പിടിച്ച് ഞൊടിയിടയിൽ ഒരു പോലീസുകാരന്റെ ടേബിളിൽ അടിച്ചിട്ടു. പാതിതകർന്ന ടേബിളിൽ അവൻ അവശനായി കിടന്നപ്പോഴേക്കും മറ്റിരുവരും അമറിനെ ചാടിപ്പിടിച്ചിരുന്നു. തക്കംനോക്കി എഴുന്നേറ്റോടിവന്ന ആദ്യത്തേവനെ വന്നവഴി വീണ്ടും അമർ ചവിട്ടി തെറിപ്പിച്ചിട്ടു. പോലീസുകാർ പരിഭ്രാന്തരായി മാറിനിന്നിരുന്നു വേഗത്തിൽ. ഇരുവശത്തുനിന്നും തന്നെ പിടിച്ചിരുന്നവരെ പരസ്പരം കൂട്ടിയിടിപ്പിച്ച് വീഴ്ത്തിയ അമർ രൗദ്രഭാവത്തോടെ രണ്ടാമതെത്തിയ രണ്ടുപേരെയും പിടിച്ച് അവിടെയാകെ ഉരച്ചും തട്ടിച്ചുംകൊണ്ട് നടന്നു. ആ രംഗത്തിൽത്തന്നെ ശ്രദ്ധയിൽപ്പെട്ടൊരു വലിയ ലാത്തിയെടുത്ത് ശരവേഗത്തിൽ, എഴുന്നേറ്റുവന്ന മൂന്നുപേരെ മാറി-മാറി മുഖത്തും ദേഹത്തുമായി തലങ്ങും വിലങ്ങും അമർ പ്രഹരിച്ച് പരമാവധി വീഴ്ത്തിയിട്ടു. മറ്റുമൂവരും അപ്പോഴേക്കും എത്തി കൂട്ടായി അവനെ പിടികൂടി നിർത്തി. ലാത്തികൊണ്ട് ഒരുവന്റെ സ്ഥാനത്ത് കുത്തിമാറ്റി മറ്റിരുവരെയും പിടിച്ചുവലിച്ചുനിർത്തി, ലാത്തിയാൽ ഒരുപോലെ മുഖത്ത് ആഞ്ഞടിച്ചു -ഒരു റൗണ്ടുകൂടി അഞ്ചുപേരെ തലങ്ങും വിലങ്ങും ലാത്തിയാൽ അടിച്ചു കാര്യമായ പരിക്കേൽപ്പിച്ചുവീഴ്ത്തിയ അമർ ആദ്യം വാചകക്കസർത്ത് നടത്തിയവനെ കഴുത്തിനുപിടിച്ച് തന്റെ ടേബിളിലെ ചോറുപൊതിയിലേക്ക് മുഖംകുത്തിച്ച്, ടേബിൾ പാതി തകർത്തു. അതേനിമിഷംതന്നെ രൗദ്രഭാവത്തിന്റെ നിശ്വാസത്തോടെ ലാത്തി വലിച്ചെറിഞ്ഞശേഷം ഇരുകൈകളും അരയ്ക്കുകൊടുത്ത് അമർ തലയാട്ടിക്കൊണ്ട് നിലകൊണ്ടു. എല്ലാത്തിനും സാക്ഷിയായെന്നവിധം പ്രവീൺ തലചൊറിഞ്ഞ് പ്രത്യേക ഭവമൊന്നുംകൂടാതെ വീണുകിടന്ന ആറുപേരെയും മാറി-മാറി നോക്കി. ഉദ്ദേശം തകർന്നിരുന്ന ആ ഹാളാകേ കണ്ടും രംഗം കണ്ടുബോധിച്ചതിന്റെ ഞെട്ടൽ മാറാതെയും മറ്റുപോലീസുകാർ, വനിതകൾ ഉൾപ്പെടെ -സെല്ലിലുണ്ടായിരുന്ന പ്രതികളും അമ്പരന്നറച്ച് നിന്നുപോയി.

“പ്രവീൺ, ഇവന്മാരെ പിടിച്ചുകെട്ടി നമ്മുടെ വണ്ടിയിലിട്...

ഇപ്പോ ഒരു സ്ഥലംവരെ പോകണം, വേഗം...”

   കോൺസ്റ്റബിളിനെനോക്കി അലറിക്കൊണ്ട് അമറിങ്ങനെ പറഞ്ഞശേഷം തന്റെ അടുത്തുകിടന്ന് വേദനയാൽ ഞരങ്ങിക്കൊണ്ടിരുന്ന രണ്ടുപേരെ വലിച്ചിഴച്ച്, തന്റെ വാഹനം ലക്ഷ്യമാക്കിയെന്നവിധം നടന്നുതുടങ്ങി. ഒരു ഞെട്ടലോടെ പ്രവീൺ തന്റെ പ്രവർത്തിക്ക് തയ്യാറെടുത്തു.

   തല്ലുവാനെത്തിയ ആറു ഗുണ്ടകളെയും കുത്തിനിറച്ച് പ്രവീണിനൊപ്പം അമർ പോലീസ് ബൊലേറോയിൽ റോയ്സിന്റെ വലിയ വീടിനുമുന്നിലായി പാഞ്ഞെത്തിനിന്നു. മിന്നെപ്പിറകെ ഹോൺ മുഴക്കി അമർ സെക്യൂരിറ്റിട്ടിയെ വേഗത്തിൽ ഗേറ്റ് തുറപ്പിച്ചു. ആ നിമിഷംതന്നെ വണ്ടിപായിച്ച് വീടിന്റെ മുറ്റത്തേക്ക്, വാതിൽക്കലേക്ക് ചെന്നുനിർത്തി. ചാടിയിറങ്ങിയ അമർ ഗുണ്ടകൾക്കിറങ്ങാനായി ഡോറുകൾ തുറന്നുതുടങ്ങി, ഒപ്പംതന്നെ പ്രവീണും. ആകെയുള്ള ബഹളം കേട്ടെന്നവിധം റോയ്സ് മെയിൻഡോർ തുറന്ന് ഇറങ്ങിവന്നു. അതു ശ്രദ്ധിച്ചെന്നവിധം, ഇറങ്ങുവാൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന ഗുണ്ടകളോടായി ഉച്ചത്തിൽ അമർ പറഞ്ഞു;

“പെട്ടെന്ന് ഇറങ്ങിയില്ലേൽ... ബുദ്ധിമുട്ടാണേൽ...

അടിച്ചുഞാനിറക്കും. അവിടുന്ന് കേറ്റിയതുപോലെ,,”

   അപ്പോൾത്തന്നെ അമറിന്റെ നീട്ടിയ കൈയ്യിലേക്ക് വണ്ടിയിൽനിന്നും ലാത്തി എടുത്തെറിഞ്ഞുകൊടുത്തു പ്രവീൺ. ഭയന്നെന്നവിധം ഓരോരുത്തരായി ഉള്ള ഊർജ്ജവുംവെച്ച് ഇറങ്ങിതുടങ്ങി. എന്തുചെയ്യണമെന്നറിയാതെയുള്ളവിധം, മുണ്ടും ഇന്നർ ബനിയനും മാത്രമിട്ട് നിന്നിരുന്ന റോയ്സിന്റെ മുന്നിലേക്ക് അമർ ഗുണ്ടകളുടെ നേതാവിനെ കുത്തിനുപിടിച്ച്, മറുകൈയ്യിൽ ലാത്തിയുമായി കൊണ്ടുചെന്നിട്ടു. റോയ്സിന്റെ കാൽചുവട്ടിൽകിടന്ന് പ്രഹരങ്ങളുടെ വേദനയാൽ പാതിബോധത്താലെന്നവിധം മെല്ലെ പുളഞ്ഞുകൊണ്ടിരുന്നു അയാൾ.

“ഏയ്... വിട്ടത് നിങ്ങളാണെങ്കിലും ഇവന്മാരെ ഇതുപോലെ

സേഫായിട്ടിവിടെ എത്തിക്കേണ്ടത് എന്റെ കടമയല്ലേ,,”

   വളരെ ലാഘവത്തോടെ, ലാത്തി കക്ഷത്തിലൊതുക്കി അമർ മന്ദഹാസത്തോടെ റോയ്സിനോട് ഇങ്ങനെ പറഞ്ഞു. അപ്പോഴേക്കും മറ്റഞ്ചു ഗുണ്ടകൾ വളരെ പണിപെട്ട് പ്രവീണിന്റെ അകമ്പടിയോടെ അവരുടെ അടുത്തേക്കെത്തി നിന്നു. ആ സമയംതന്നെ അകത്തുനിന്നും റീന, റോയ്സിനടുത്തേക്ക് എത്തി.

“കൊച്ചെവിടെ, അവനുറങ്ങിയോ?”

പെട്ടെന്നൊരുനിമിഷം തന്റെ ഭാര്യയെ ശ്രദ്ധിച്ച് റോയ്സ് ചോദിച്ചു.

“അവനുറങ്ങിയിട്ട് കുറച്ചുനേരമായി.

എന്താ, എന്തുപറ്റി ഇവരിവിടെ?”

   അമറിനെയും കൂട്ടരെയും നോക്കി അവളിങ്ങനെ റോയ്സിനോടുള്ള മറുപടിവാചകങ്ങൾ നിർത്തി.

   റോയ്സ് മറുപടിയായി അമറിനെ നോക്കിപ്പോയതും രംഗം മനസ്സിലാക്കിയെന്നവിധം അവൻ തുടർന്നുപറഞ്ഞു;

“കാര്യഗൗരവമില്ലാതെ പെരുമാറാൻ തുടങ്ങിയാൽ ബുദ്ധിമുട്ടായിരിക്കും!”

   ഗുണ്ടകളുടെ അവസ്ഥയെയും അമറിനെയും പ്രവീണിനെയും രണ്ടുനിമിഷം മാറി-മാറി നോക്കിയശേഷം റോയ്സ് മുഖംകറുപ്പിച്ച് ദേഷ്യഭാവത്തിൽ മറുപടിയായി പറഞ്ഞു;

“പാതിരാത്രി വീട്ടിൽക്കേറിവന്ന് പെർഫോമൻസ് ഇറക്കിയാലൊന്നും

ഇത് തീരുമെന്ന് വിചാരിക്കേണ്ട...”

   മറുപടിക്കായി ഒന്നാലോചിച്ചയുടൻ കക്ഷത്തിലെ ലാത്തിയെടുത്ത് ഒരു ഗുണ്ടയെ ആഞ്ഞൊന്നടിച്ചു അമർ. റോയ്സിന്റെ ദേഷ്യം ഇരട്ടിച്ചു. റീനയുടെയും മുഖം മാറി, അടികൊണ്ട് ഗുണ്ട നിലവിളിച്ചതിനൊപ്പം.

“ഇവന്മാരോട് ഇറങ്ങി പോകാൻ പറ...

ഇല്ലെങ്കിൽ നമുക്ക്,, ആരെയെങ്കിലും വിളിച്ച് പറ...”

   റോയ്സിനോട് ചേർന്ന്, എന്നാൽ ദൃഢതയോടും കൂസലില്ലാതെയും റീന തന്റെ ഭർത്താവിനോട് പറഞ്ഞു. ഇതുകേട്ട് അവളെ അമർ ശരിക്കുമൊന്ന് നോക്കി, അവൾ മറുപടിയെന്നവിധം മുഖം കൂടുതൽ കറുപ്പിച്ച് രൗദ്രമാക്കി തിരികെനോക്കിത്തന്നെ നിലകൊണ്ടു.

“അയ്യോ, അതിന് ഞാൻ ഇവിടെ തങ്ങാനൊന്നും വന്നതല്ല.

ഇറങ്ങിവന്നപ്പോൾ ഒന്ന്‌ ഗൗനിച്ചെന്നേയുള്ളൂ, ബുദ്ധിമുട്ടേണ്ട...”

   പെട്ടെന്നൊന്ന് മന്ദഹസിച്ചുകൊണ്ട് റോയ്‌സിനെ മുൻനിറുത്തി റീനയോട് അവനിങ്ങനെ പറഞ്ഞു. റോയ്സ് കുറച്ചുകൂടി രൗദ്രമയമായി. ഇരുവരേയും മുൻനിറുത്തി പിറകിലേക്ക്, ലാത്തിയുമേന്തി ചുവടുവെച്ച അമറിനോടായി ഇങ്ങനെ റോയ്സ് പറഞ്ഞു;

“എനിക്ക് നേരിട്ട് മുട്ടാൻ അറിയാൻ വയ്യാത്തോണ്ടാന്ന് വിചാരിക്കേണ്ട നീ...

എനിക്കിവിടെ പേരും എന്റെ കാര്യങ്ങളുമുണ്ട്,, ഓർത്തോ നീ...!”

   ദേഷ്യത്തിന്റെ അങ്ങേയറ്റമെത്തി ഇങ്ങനെ പറഞ്ഞ റോയ്‌സിനെ പക്ഷെ ലാഘവത്തോടെ ചുവടുവെപ്പ് നിലപ്പിച്ചുനിന്ന് അമർ കേട്ടതേയുള്ളൂ.

 “റോയ് നീ ഇവിടെവെച്ച് വെറുതെ സീനുണ്ടാക്കേണ്ട.

നിനക്കിത് കൈകാര്യം ചെയ്യാൻ ഒരു വഴിയേ ഉള്ളോ?!”

   റോയ്‌സിനെ പിടിച്ചു പിറകിലേക്കൽപം വലിക്കെ ഉച്ചത്തിലായിപ്പോയി റീനയിങ്ങനെ പറഞ്ഞത്. വേഗത്തിൽ തിരിഞ്ഞ് ലാത്തി പ്രവീണിലേക്ക് എറിഞ്ഞുകൊടുത്ത് വണ്ടിയുടെ പിന്നിലൂടെ കറങ്ങിച്ചെന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി അമർ ഡോറടച്ചു, ഒപ്പം ധൃതിയിൽ പ്രവീണും കയറി. മുന്നോട്ട് ഉടനടിതന്നെ അമർ വാഹനം പായിച്ച് കയറിവന്നപ്പോഴത്തെപ്പോലുള്ള വലിയ ഹോൺ തുരുതുരാ മുഴക്കി സെക്യൂരിറ്റിട്ടിയെ വിറപ്പിച്ച് ഗേറ്റ് തുറപ്പിച്ച് അമർ കടന്നുപോകുന്ന ശബ്ദത്തെ ഉന്നംവെച്ച് രണ്ടുമൂന്നുനിമിഷം റോയ്സ് അവിടെത്തന്നെ നിന്നു, ഒപ്പം റീനയും. അപ്പോഴും പ്രഹരമേറ്റതിന്റെ ആഘാതത്താൽ വലയുകയായിരുന്നു ഇരുവരുടെയും മുന്നിൽക്കിടന്ന് ഗുണ്ടകൾ ആറും.

******

   രണ്ടുദിവസങ്ങൾക്കുശേഷമുള്ളൊരു സായാഹ്നത്തിൽ അലിയാത്തവിധം മുങ്ങിക്കിടക്കുകയാണ് റോയ്സിന്റെ വലിയ വില്ല. ഒരു പോലീസ് മേധാവി, രണ്ടു മന്ത്രിമാർ, ബിസിനസ്മാൻമാരെന്ന് തോന്നിക്കുന്ന മറ്റ് നാലുപേർ ഹാളിൽ ഒരു നീണ്ടുചെറിയ ടേബിളിന് ഇരുവശങ്ങളിലുമായി ഇരിക്കുകയാണ്. അവർക്ക് അകമ്പടിയെന്നവിധം ടേബിളിൽ ഓരോ ഗ്ലാസ്സിലായി വിവിധതരം മദ്യവും മദ്യക്കുപ്പികളും അനുബന്ധങ്ങളും ഇരിക്കുകയാണ്. ഇവയ്‌ക്കെല്ലാം കാവലെന്നവിധം പുറത്ത് രണ്ടുവണ്ടി ചെറുതും വലുതുമായ ഗുണ്ടകളും നിലകൊള്ളുകയാണ്.

(തുടരും......)



Rate this content
Log in

Similar malayalam story from Drama