Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 12 | Last part)

അമർ (Part 12 | Last part)

3 mins
400



പ്രവീണിങ്ങനെ നിർത്തിയപ്പോഴേക്കും മന്ദഹാസത്തോടെ എന്തോ പറയുവാൻ തുനിഞ്ഞുപോയി അമർ. എന്നാൽ പ്രവീൺ വീണ്ടും തുടർന്നുപറഞ്ഞു;

“സാറിപ്പോൾ ഒറ്റയ്ക്കാണല്ലോ പോക്കും വരവും അങ്ങനെഎല്ലാം...

പഴയപോലെ ഇവിടവുമായിട്ടൊരു കണക്ഷനില്ലാത്തപോലെ,,...”

   അമർ നെറ്റിമെല്ലെ പഴയപടി ചുളിച്ച് നോക്കിയിരിക്കുകയാണ്, പ്രവീൺ ഇങ്ങനൊന്ന് നിർത്തി. പിന്നെ കൂട്ടിച്ചേർക്കുംവിധം പറഞ്ഞു;

“... വേറൊന്നുമില്ല സർ..., പറഞ്ഞെന്നേയുള്ളൂ...!”

   അമർ അങ്ങനെയുള്ള ഇരിപ്പ് അല്പം നേരെയാക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മറുപടി പ്രതീക്ഷിക്കാത്തവിധം രണ്ടുനിമിഷം കഴിഞ്ഞതോടെ പ്രവീൺ തന്റെ കർത്തവ്യങ്ങളിലേക്ക് മുഴുകുവാൻ മടങ്ങി. അമർ പഴയപടിതന്നെ തന്റെ ചെയറിൽ ഇരിപ്പ് തുടങ്ങി. സ്റ്റേഷനിലെ ആർക്കുമോ അമറിനോ പരസ്പരം ഒന്നും സംസാരിക്കേണ്ടതായി വന്നില്ല പിന്നീടുള്ള സമയങ്ങളിൽ.

   സമയം കുറച്ചു പിന്നിട്ടപ്പോൾ എണീറ്റ്, മടക്കി കൈമുട്ടുകൾക്ക് മുകളിൽ വെച്ചിരിക്കുന്ന കറുത്ത ഷർട്ട് മെല്ലെ കുടഞ്ഞ് ഇരുവശവുമൊന്ന് പെട്ടെന്ന് നോക്കി അമർ സ്റ്റേഷനിൽ നിന്നുമിറങ്ങി, മെല്ലെ പതിവുള്ള ഹോട്ടലിലേക്ക് ചെന്നു. എന്നാൽ പൊതിച്ചോറിന് ഇത്തവണ ആംഗ്യം മാത്രമാണ് ഉടമ ക്യാഷ്യറിന്റെ ചെയറിലിരുന്ന് കിച്ചണിലേക്ക് കാണിച്ചത്. ശേഷം അനക്കംകൂടാതെ എന്തോ തിരക്കിട്ട കണക്കുകൂട്ടലിലായിരുന്ന ആ ഉടമയും അമറിനെ പതിവിന് വിപരീതമായി തോന്നിച്ചു അവിടവും. ആ അന്തരീക്ഷം നിലനിർത്തിത്തന്നെ അവൻ, എത്തിയ ഒരു വലുപ്പമുള്ള പൊതിക്ക് അതിനാനുപാതികമായുള്ള പണം നൽകിയശേഷം അതുമായി പുറത്തേക്കിറങ്ങി നടന്ന് സ്റ്റേഷനൊന്ന് ശ്രദ്ദിച്ചശേഷം ബൊലേറോയിൽ കയറി. പൊതി അപ്പുറത്തെ സീറ്റിലേക്ക് വെച്ചശേഷം സ്റ്റാർട്ട്‌ ചെയ്ത് വാഹനം തിരിച്ച് മെല്ലെ അവൻ യാത്ര തുടങ്ങി.

   വഴിയിലെ തിരക്കും മറ്റുമൊന്നും ശ്രദ്ധിക്കാതെ അവൻ ഡ്രൈവ് ചെയ്ത് തന്റെ ക്വാർട്ടേഴ്സിലെത്തി വാഹനം നിർത്തി. പൊതിയുമെടുത്ത് ഇറങ്ങിയ അമർ പരിസരം ശ്രദ്ധിക്കാതെ പുതുതായി ചെയ്ത പൂട്ടെന്നവിധം പോക്കറ്റിൽ നിന്നും താക്കോലെടുത്ത് തുറന്ന് അകത്തേക്ക് കയറിയശേഷം വാതിൽ അകത്തുനിന്നും അടച്ചു. ലൈറ്റ് ഇടാൻ തുനിയവേ എന്തോ തോന്നി അവനാ ശ്രമം ഉപേക്ഷിച്ചു. മുറിയുടെ വലതുഭാഗത്തായി ഒരു ചെറിയ പഴയമോഡൽ വെന്റിലേഷന് സമാനമായ ഒന്നുണ്ടായിരുന്നു, പുറത്തായി അല്പം മാറി അതിന് സമാന്തരമായി ഒരു റോഡും. പുറത്തുനിന്നുമുള്ള വെളിച്ചം മുറിയിലെ ഇരുട്ടിന്റെ ആധികാരികത തടഞ്ഞിരുന്നു.

   അവന്റെ മുറിയിൽ നിന്നും മുന്നോട്ട് നോക്കുമ്പോഴുള്ള ഭിത്തിയുടെ രണ്ടു വശങ്ങളിൽ അറ്റത്തും ഓരോ വാതിലുകൾ ഉണ്ടായിരുന്നു. ഇടതുഭാഗത്തേത് അടുക്കള ആയിരുന്നു. എന്നാൽ അവനത് ഒന്നുരണ്ടുതവണ തുറന്നതല്ലാതെ ഉപയോഗിച്ചിരുന്നില്ല. വലതുഭാഗത്തേത് ബാത്‌റൂമിലേക്കും പിന്നൊരു, സമാനമായി പഴക്കംചെന്ന ചെറിയ മുറിയിലേക്കുമായിരുന്നു. പതിവുപോലെയെന്നവിധം ഭിത്തിയുടെ വശത്തുനിന്നും ടേബിളും ചെയറും വലിച്ചുനീക്കി കട്ടിലിന്റെ അവിടെവരെ ഇട്ടശേഷം അതിൽ, കൊണ്ടുവന്ന പൊതിവെച്ചശേഷം അതിലെ ഒരുപൊതി -തുറന്നെടുത്ത് അതുമായി വലതുഭാഗത്തെ വാതിലിന്റെ കൊളുത്തുമാറ്റി തുറന്ന് വലതുഭാഗത്തുള്ള, പഴകിയ ചില വീട്ടുസാധനങ്ങളും മറ്റും തള്ളിയിട്ടിരുന്ന ചെറിയ മുറിയിലേക്ക് കയറി. അവിടെ തുണിയാൽ കൈകാലുകളും വായയും ബലമായിത്തന്നെ ബന്ധിച്ചിട്ടിരുന്ന റോറിൻ നിലത്ത് ഭിത്തിയിലേക്ക് ചാരി ഇരിക്കുകയായിരുന്നു. ബന്ധിക്കപ്പെട്ടിരുന്ന അവന് അനങ്ങാനാകുമായിരുന്നില്ല. റോറിൻ തീർത്തും തളർന്നവശനായിക്കഴിഞ്ഞിരുന്നു. അവന്റെ മുഖത്തുതട്ടി പൂർണ്ണബോധത്തിലേക്കെത്തിച്ചുകൊണ്ട് അമർ പൊതിച്ചോറ് നീട്ടി. അവൻ ‘വേണ്ട’ എന്ന അർത്ഥത്തിൽ തലയാട്ടി. രണ്ടുമൂന്നുനിമിഷം പൊതി നീട്ടിക്കൊണ്ടിരുന്ന അമർ അതവിടെ വെച്ചശേഷം വാതിലടച്ച് പുറത്തേക്കിറങ്ങി. പിന്നെ കൈ ശുചിയാക്കി തന്റെ പൊതിച്ചോറഴിച്ച് കഴിക്കുവാൻ തീരുമാനിച്ചു.

   ആദ്യ ഉരുള കഴിക്കുന്നതിനു മുൻപായി പതിവുപോലെയെന്നവിധം അവൻ മുന്നിലെ ഭിത്തിയിൽ തറച്ചിരിക്കുന്ന തന്റെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി. ശേഷം കഴിച്ചുതുടങ്ങി. രണ്ടുരുള കഴിച്ചുകഴിഞ്ഞ് മൂന്നാമത്തേത് ഉയർത്തിയപ്പോൾ പുറത്തെ റോഡിലൂടെ എന്തോ പോകുന്നതിന്റെയെന്നവിധം വെളിച്ചം വെന്റിലേഷൻ ഭാഗംവഴി ഫോട്ടോയിൽ പതിച്ചുപോയി. അവൻ ആ ഉരുള വായിൽവെക്കാതെ അല്പനിമിഷങ്ങൾ അമ്മയുടെ ഫോട്ടോയിലേക്ക് വീണ്ടും നോക്കിയിരുന്നുപോയി. തന്റെ ചുറ്റുപാടും പൂർണ്ണനിശബ്ദമാണെന്ന് ആ നിമിഷങ്ങളിലൊന്നിൽ അവന് തോന്നിപ്പോയി. ആ ഉരുള തിരികെ പൊതിയിലെ ചോറിലേക്ക് ഇട്ട് അത് മടക്കി ഭദ്രമാക്കി അവിടെവെച്ചശേഷം കൈകഴുകി മുൻപ് തുറന്ന വാതിൽ തുറന്ന് റോറിന്റെ അടുക്കലേക്ക് ചെന്നു. കെട്ടുകളെല്ലാം അഴിച്ച് അവനെ പൂർണസ്വതന്ത്രനാക്കിയശേഷം അമർ, അവനെ താങ്ങിപ്പിടിച്ച് നിലത്തെ പൊതിച്ചോറുമെടുത്ത് നടന്ന് പുറത്തേക്കിറങ്ങി ബൊലേറോ തുറന്ന് അതിന്റെ പാസഞ്ചർ സൈഡിലെ മുന്നിലെ സീറ്റിലിരുത്തി. പൊതിച്ചോറ് അവന്റെ മുന്നിൽ ഡാഷ്ബോർഡിൽ വെച്ചശേഷം അമർ തിരികെ അകത്തേക്ക് പോയി. തന്നെ സംബന്ധിച്ചു വിജനമായ ആ ചുറ്റുപാട് വെറുതെ നോക്കിയിരിക്കുവാനേ റോറിന് ആ നിമിഷം കഴിയുമായിരുന്നുള്ളൂ. അപ്പോഴേക്കും റോറിന്റെ സ്കൂൾ ബാഗുമായി അമർ ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങി വാതിലടച്ച്, പൂട്ടാതെ വന്ന് വാഹനത്തിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് -തിരിച്ച് യാത്ര തുടർന്നു.

   യാദൃശ്ചികമെന്നതുപോലെ റോയ്സിന്റെ വില്ലയുടെ മെയിൻഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. പാതിയോളം ഇരുട്ടു വിഴുങ്ങിയിരിക്കുന്ന ആ വില്ലയിലേക്ക് വാഹനം ഓടിച്ചുകയറ്റി മുറ്റത്ത് -വാതിൽക്കലേക്ക് ചെന്നുനിർത്തി അമർ. തന്റെ സീറ്റിൽനിന്നും ഇറങ്ങിയ അവൻ മുന്നിലൂടെ ചെന്ന് പിന്നിലെ സീറ്റിൽനിന്നും സ്കൂൾ ബാഗെടുത്തശേഷം മുന്നിൽനിന്നും റോറിനെ പിടിച്ചിറക്കി. ഒപ്പം പൊതിച്ചോറ് അവനെ ഏല്പിച്ചശേഷം മെല്ലെ പറഞ്ഞു;

“എനിക്കുവേണ്ടി ഒരുകാര്യം ചെയ്യണം...

ഇത് അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് പറയണം,

മോൻ ഇതിപ്പോ കഴിച്ചില്ല എന്ന്...”

   അവശത അല്പം വകവെയ്ക്കാതെയെന്നവിധം റോറിൻ മറുപടിയായി മെല്ലെ തലയാട്ടി. നിശബ്ദതയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്ന ആ മെയിൻഡോറിനടുത്തെത്തി അവിടെ പൊതിച്ചോറുമായി റോറിനെ, സ്കൂൾ ബാഗ് അവനടുത്തായും സ്ഥാപിച്ചശേഷം കോളിങ്ങ്ബെൽ മുഴക്കി അമർ ഒരുതവണ. ശേഷം ഉടനെ തിരികെ തന്റെ വാഹനത്തിൽ കയറി, വശങ്ങളിലായി പാർക്ക്‌ ചെയ്തിട്ടിരുന്ന ചില ഔദ്യോഗിക വാഹനങ്ങളെ വകവെയ്ക്കാതെ പുറത്തേക്ക് വാഹനം പായിച്ചു.

ക്വാർട്ടേഴ്സിലെത്തി വാഹനം നിർത്തി ഇറങ്ങിയശേഷം പൂട്ടാതെയിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി, അതടച്ചശേഷം ഒരിക്കൽക്കൂടി കൈ ശുചിയാക്കി അടച്ചുവെച്ചിട്ടുപോയ പൊതിച്ചോറിന് മുന്നിൽ ഇരുന്നു അമർ. ശേഷം അത് തുറന്നു. ഭിത്തിയിലെ തന്റെ അമ്മയിലേക്ക് നോക്കിയശേഷം അവൻ, ഒരുനിമിഷം തന്റെ ഇരുകണ്ണുകളുമടച്ചുപോയി. പിന്നീടവ തുറന്ന് പൊതിയിലേക്ക് തന്റെ തലയല്പം കുനിച്ചെന്നവിധം ഓരോ ഉരുളയായി, അത് വാരിത്തിന്നുതുടങ്ങി അമർ.

(അവസാനിച്ചു.)



Rate this content
Log in

Similar malayalam story from Drama