ശംഖുമുഖത്തെ മണൽതരികൾ
ശംഖുമുഖത്തെ മണൽതരികൾ
പറയുവാനേറെയുണ്ടീ സാഗരതീരത്തിൽ
അടിയുന്ന ഓരോ മണൽത്തരിക്കും
പണ്ട് നടന്ന പഴംകഥയല്ലിതു
ആടിത്തിമിർത്തൊരു നാടകമല്ലിത്
കേട്ടു പഴകിയ സൗഹൃദസല്ലാപം
കേൾക്കാൻ കൊതിക്കുന്ന മായികമന്ത്രണം
കഴിഞ്ഞു പോയെങ്കിലും കനവിലെങ്ങോ ഇന്നും
കുത്തൊഴുക്കായി കുതിച്ചു പാഞ്ഞീടുന്നു
കാലത്തിൻ ഏടെത്ര മാറ്റി മറിച്ചാലും
കാലന്തരത്തിൽ മറവിയെടുത്താലും
കാത്തു സൂക്ഷിച്ചൊരാ കുളിരരുവിയിപ്പോഴും
കളകളാരവം പാടിയൊഴുകുന്നു
ഒന്നിച്ചു നിന്നതും ഓടിക്കളിച്ചതും
മഴയിൽ കുതിർന്നതും ഗതകാലസ്മരണകൾ
ഓർത്തുവയ്ക്കുവാനേറെയുണ്ടിപ്പോഴും
മായ്ക്കുവാനാവാത്ത മിത്രങ്ങളെപ്പോഴും.