STORYMIRROR

Pramod Poduval

Abstract Horror Tragedy

4  

Pramod Poduval

Abstract Horror Tragedy

നഗ്ന

നഗ്ന

1 min
3

അഭിനയിക്കേണ്ട നീ എൻ മുഖം കാണുമ്പോൾ,

അനുഭവം ഇന്നെന്റെ ഹൃദയം തകർക്കുമ്പോൾ,

വിരിയുന്ന നിന്നിലെ കാരുണ്യ ഭാവങ്ങൾ

കനിവിന്റെ നോട്ടമായ്, മാറിലേക്കെത്തവേ,

അറിയുന്നു പിന്നിലെ കാമം കഥ വിട്ട്

കണ്ണിലേക്കോണിലേക്കൊന്നു പരക്കവേ,

അരികിലായ് നിൽക്കുന്ന മർത്യാ, നിന്മനം

    അതിരുകൾ ഭേദിക്കാൻ വെമ്പുകയല്ലയോ!?

നഗ്നയാണിന്നു ഞാൻ, ഒരു വാഴ ഇല പോലു-

മില്ലയെനിക്കെൻറെ മാറു മറക്കുവാൻ!

ലജ്ജിതയിന്നു ഞാൻ, തിരിയോലയതുപോലും ഇല്ല-

യൊന്നേതുമേ ഇന്നെന്നരയിലായ് ചുറ്റുവാൻ!

എന്തിനെൻ ഹരിതമാം ആടകൾ ചീന്തി നീ

കുഞ്ഞിക്കിളികളെ ആട്ടിയോടിപ്പതു?

ഒരുതുള്ളിപ്പാലിനായ് കേഴുമെൻ കുഞ്ഞുങ്ങൾ!

ചോര ചുരത്തുകയല്ലോയിന്നെൻ സ്തനം!


പാറ്റയും പറവയും പാമ്പും പിറന്നിടും

എന്നുദരത്തിലെ ഗർഭപാത്രത്തെ നീ

കൂർത്തു വളഞ്ഞൊരു യന്ത്രമാം ദംഷ്ട്രയാൽ

കോർത്തൂ കുടഞ്ഞിട്ടു ആർത്തു ചിരിക്കുന്നു.

നിർമല സ്നേഹത്തിൽ അങ്കുരിക്കുന്നതാം

ജീവന്ന് പാനീയം; ആർത്തവരക്തമീ

നിന്നാർത്തിതൻ പോറലിൽ നിന്നു ഗമിക്കുന്ന

   

ജീവനെടുക്കും ഉരുൾപൊട്ടലുകളായില്ലേ!!?

സസ്യലതാദികൾ പൂക്കളും കായ്കളും

ലാസ്യമോടൊഴുകുമാ തേനരുവികളും

എത്ര മനോഹരമായിരുന്നെന്നുടെ

ചിത്രപ്പണികളാൽ നെയ്തൊരാ ചേലകൾ.

ദുഷ്ടനാം നീ തന്നെ ചീന്തിയെടുത്തിട്ട്

ശിഷ്ടനായ് ഭാവിച്ചു കാട്ടുവതെന്തിനോ?

സാക്ഷരൻ നിന്നുടെ ഭ്രാന്തൻ പുരോഗതി

നിൻ രക്ഷയ്ക്ക് തന്നേ ഭീഷണിയല്ലയോ?


യാത്രതൻ വേഗതയല്ല പുരോഗതി

ബുദ്ധി നിൻ മന്ദഗതിയതിലാവുമ്പോൾ

ആറുകൾ ആറ്റകൾ എല്ലാം മരിക്കുന്നു.

കാടുകൾ മേടുകൾ പാടേ നശിക്കുന്നു.

നിർത്തുക വേഗമേ മർത്യാ, മതിമറന്നാ-

ർത്തിയാൽ കാട്ടുന്ന നിന്റെ കോപ്രായങ്ങൾ.

ഓർക്കുക നീയിന്നു തീർക്കുമാ മഞ്ചലിൽ

വീർത്ത നിൻ നിർജീവ ദേഹം ശയിക്കുമേ!


Rate this content
Log in

Similar malayalam poem from Abstract