കാറ്റ്
കാറ്റ്
ഇലകൊഴിഞ്ഞ ഹൃദയത്തിലേക്ക്
നീ പതിയെ വീശിത്തുടങ്ങി...
ചക്രവാതമായി ഓർമചെപ്പുകൾ
തച്ചുടച്ചു സ്മൃതികളെ ഒഴുകിയിറക്കി.
കുന്നും മേടും കടന്നുവന്ന്
കാതിൽ മൂളിയ കഥ...
മാവിൻതുഞ്ചത്താടിക്കളിച്ച
കണ്ണിമാങ്ങയടർത്തിയത്.
വർഷമേഘംകൂട്ടിവന്ന്
കൈക്കുമ്പിളിൽ അമൃതമഴയിറ്റിച്ചത്.
പുഴയോളങ്ങളെചുംബിച്ചു
പരൽമീനുകളെ കൂട്ടാക്കിയത്
താഴ്‌വരകളിലെ നിശാഗന്ധിയുടെ
സുഗന്ധം കടംവാങ്ങിയത്.
നിശ്ചലയാം നിലാവിന്റെ
സ്വപ്നങ്ങൾ കട്ടെടുത്ത്.
പുന്നെല്ലിൻ ഈറൻകാറ്റു
കവിളിൽതലോടിയത്.
കുഞ്ഞിക്കാറ്റിൻസല്ലാപത്തിൽ
മോഹങ്ങളുലഞ്ഞാടിയത്.
ഇളംകാറ്റരുമയോടെ
നൊമ്പരത്തിൽതഴുകിയത്.
മുളങ്കാട്ടിൽ കുസൃതിയായ്
ചൂളമടിച്ചോടിയത്
അരൂപിയായ് വന്നു
നിശ്വാസവായുവിലലിഞ്ഞില്ലാത്തയത്.
പിന്നെ...കാറ്റേ...നീ...
ആത്മാവിൽ താണുപ്പായ്
ചിന്തകളിൽ കൊടുംകാറ്റായ്
വികാരങ്ങളിൽ ആവേശമായി
വാക്കുകളിൽ നിശ്ചയമായ്
പുഞ്ചിരിയിൽ നിറവായ്
മിഴികളിൽ കുളിരായ്
എന്നോടൊപ്പം...