akshaya balakrishnan aalipazham

Drama Romance

3.7  

akshaya balakrishnan aalipazham

Drama Romance

വിലക്കപ്പെട്ട പ്രണയം

വിലക്കപ്പെട്ട പ്രണയം

4 mins
13.7K



മുൻപിലെ ദർപ്പണത്തിൽ കാണുന്ന എന്റെ പ്രതിബിംബത്തിലേക്ക് ഞാൻ മിഴി ചിമ്മാതെ നോക്കി. നെറുകയിൽ പടർന്നു തുടങ്ങിയ സിന്ദൂരവും നെഞ്ചോടൊട്ടി കിടക്കുന്ന താലിയും പറയാതെ പറയുന്നുണ്ടായിരുന്നു ഞാൻ ഇന്ന് ഒരു ഭാര്യയായിരിക്കുന്നുവെന്ന്. എന്തോ അംഗീകരിക്കാൻ പറ്റുന്നില്ല ഈ യാഥാർത്ഥ്യത്തെ.. ഒരാളുടെ ഹൃദയം പേറി മറ്റൊരാളുടെ കൂടെ ഉള്ള ജീവിതം ഓർക്കുവാൻ പറ്റുന്നില്ല.. ദേഷ്യം തോന്നുന്നു.. വെറുപ്പും ആരോടൊക്കെയോ.. എന്തിനോടൊക്കെയോ.. മടുപ്പ് തോന്നുന്നു ഈ ജീവിതത്തോട്. ഇങ്ങനെ ഉരുകിതീരാൻ ആയിരുന്നു എങ്കിൽ ഈ ജീവൻ വേണ്ടിയിരുന്നില്ല.. എന്നോ കൊടുത്ത വാക്കിന്റെ പുറത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്തത്. ഒരുപാട് പ്രതീക്ഷകളോടെ ആവും മനുവേട്ടൻ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് .. പക്ഷെ എനിക്ക് അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയുമോ? യമുനയിലെ ഓളങ്ങൾ പോലെ ഒരുവൻ ഹൃദയത്തിൽ വസിക്കുമ്പോൾ മറ്റൊരുവൻ എങ്ങനെ കവരും ഈ ഹൃത്തടം . മനുവേട്ടനെ സ്നേഹിക്കാൻ പറ്റാതെ വീർപ്പുമുട്ടുന്ന ഹൃദയവുമായി എത്ര നാൾ ഇങ്ങനെ അഭിനയിച്ചു സ്വന്തം അസ്തിത്വം ഇല്ലാതെ ആക്കി ജീവിക്കും . മനുവേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെ എത്ര നാൾ ആ സ്നേഹം കണ്ടില്ല നടിക്കും .. അദ്ദേഹത്തിന് ഒരു നല്ല ഭാര്യയാവാൻ എനിക്ക് ഒരിക്കലും കഴിയില്ല.. എന്നെ ഈ സമസ്യയിലേക്ക് തള്ളിവിട്ട വിധി എന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്നുണ്ടാവും ഇപ്പോൾ . ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ് ഒരുപാട് സ്വപ്നത്തോടെ ആവും ആ മനുഷ്യൻ ഈ റൂമിലേക്ക് വന്നത്.. പക്ഷെ എന്റെ പ്രവർത്തി മനുവേട്ടനെ വേദനിപ്പിച്ചിട്ടുണ്ടാവാം. എന്നെ ഉൾക്കൊള്ളാൻ നിനക്ക് ആവശ്യം ഉള്ള സമയം എടുത്തോ എന്നു പറഞ്ഞതിന്റെ അർത്ഥം ഞാൻ എന്നെങ്കിലും ആളെ സ്നേഹിക്കുമെന്ന് കരുതിയാവില്ലേ. ഇത് എന്തൊരു പരീക്ഷണമാണ്. മനസ് അസ്വസ്ഥതയുടെ ഗർത്തത്തിൽ പെട്ടു ഉഴറുകയാണ്..ചിന്തകൾ കടിഞ്ഞാൺ പൊട്ടിച്ചു യാത്രചെയ്തുകൊണ്ടിരുന്ന ഏതോ യാമത്തിൽ ഞാൻ നിദ്രയെ പുൽകി..


ദിവസങ്ങൾ മാറി മാറിയുന്നതിനൊപ്പം ഞങ്ങൾക്കിടയിലെ ദൂരവും കൂടി വന്നു.

ഒരു കൂരക്കുള്ളിൽ നിത്യവും കാണുന്ന പരിചിതർ എന്നാൽ അപരിചിതർ ആയി ഞങ്ങൾ മുൻപോട്ടു പോയി. പുറമെ നിന്നുനോക്കുമ്പോൾ എല്ലാവരുടെയും കണ്ണിൽ ഞാൻ ഭാഗ്യവതിയാണ് , സന്തോഷവതിയാണ്. വിദ്യാഭ്യാസം ജോലി നല്ല കുടുംബം ഭർത്താവ്.. പക്ഷെ ആരും മനസ്സിൽ ആക്കുന്നില്ല എന്നിലെ ഇപ്പോളും അലയടിക്കുന്ന കടലിനെ.. മെഴുകുതിരിപോലെ ഉരുകി തീരുന്ന ഈ കാട്ടുപൂവിനെ..ബന്ധങ്ങൾ എല്ലാം കാറ്റിൽ പറത്തി എങ്ങോട്ടെങ്കിലും ഒളിച്ചോടാൻ തോന്നുന്നു. പക്ഷെ എനിക്ക് എങ്ങനെ ഒളിച്ചോടാൻ ആവും എല്ലാഭാഗത്തുനിന്നും ബന്ധിക്കപ്പെട്ടിരിക്കുകയല്ലേ.. എന്തായിരുന്നു ഞാൻ ചെയ്ത തെറ്റ് ഒരാളെ സ്നേഹിച്ചതോ? എന്റെ പ്രണയം മറ്റുള്ളവരുടെ കണ്ണിൽ തെറ്റായിരുന്നിരിക്കാം പക്ഷെ എനിയ്ക്കതായിരുന്നു ശരി. എന്റെ സന്തോഷവും സമാധാനവും അദ്ദേഹത്തിൽ ആയിരുന്നു.. 


ആദ്യമായി കോളേജിൽ പോകുന്നതിന്റെ എല്ലാ ഉത്ക്കണ്ഠയോടെയും ആണ് ഞാനും കോളേജിൽ പോയത്.. ചുറ്റുമുള്ളമുഖങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അപരിചിതത്വം എന്നെ വല്ലാതെ വേട്ടയാടി. സ്വതവേ അന്തർമുഖിയായ ഞാൻ ആ തുരുത്തിൽ ഒറ്റപ്പെട്ടത് പോലെ തോന്നി. കൈയിൽ ഒരു ബുക്കുമായി അമ്പതിനോട് അടുത്ത് പ്രായമുള്ള തലയിൽ കഷണ്ടി കയറിയ സാർ കയറി വന്നത് . ചൊടിയിൽ പുഞ്ചിരി ആണെങ്കിലും ആളുടെ കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന നിരാശ എന്തോ എന്റെ ഉള്ളിൽ നോവുണർത്തി. ചിത്രവർദ്ധൻ ഞങ്ങളുടെ കെമിസ്ട്രി അദ്ധ്യാപകൻ. അദ്ദേഹത്തിന്റെ ക്ലാസുകൾക്ക് വേണ്ടിയുള്ളതായി കോളേജിലേ എന്റെ പോക്കുവരവുകൾ. അദ്ദേഹത്തെ ഒന്ന് കാണാൻ ഓരോ ഇടവേളകളിലും ഞാൻ സ്റ്റാഫ്‌ റൂമിന് ചുറ്റും റോന്ത്‌ ചുറ്റുമായിരുന്നു. അദ്ദേഹത്തെ കാണാത്ത ദിവസങ്ങളിൽ എന്നിൽ ഉടലെടുക്കുന്ന നിരാശയെ എന്ന് മുതൽ ആണ് ഞാൻ ഭയക്കാൻ തുടങ്ങിയത്. മാഷിന്റെ ക്ലാസ്സിൽ എന്നും ഒന്നാമതെത്തി ആ മനുഷ്യന്റെ ഉള്ളിൽ പ്രിയപ്പെട്ട ശിഷ്യയുടെ സ്ഥാനം കണ്ടെത്തിയിരുന്നു ഞാൻ. എന്നിലെ മാറ്റം തിരിച്ചറിഞ്ഞത് തൊട്ടു ഞാൻ ഭയക്കാൻ തുടങ്ങി. എന്റെ കള്ളത്തരം മാഷിന് മനസ്സിൽ ആവുമോ എന്ന പേടി പിന്നീട് മാഷിന്റെ മുഖത്തു നോക്കുന്നതിൽ നിന്നും എന്നെ വിലക്കി.


തലവേദനയെടുത്തു ലൈബ്രറിയിൽ ആളൊഴിഞ്ഞ മൂലയിൽ ഡെസ്കിൽ തലവെച്ചു ഞാൻ കിടക്കുമ്പോൾ എന്റെ അരികിൽ വന്നു വേദന കുറഞ്ഞോ വേപഥുപൂണ്ട് ചോദിച്ച സാറിന്റെ കണ്ണിൽ കണ്ട വേദന ഉള്ളിൽ കുഴിച്ചുമൂടാൻ ഞാൻ ശ്രമിക്കുന്ന ആഗ്രഹങ്ങളെ വീണ്ടും വളർത്തി.. എന്നെ സ്വപ്നം കാണാനും കാണുന്ന സ്വപ്നങ്ങളെ താലോലിക്കാനും പഠിപ്പിച്ചത് സാർ ആണ്.. ചെയുന്നത് പാപമാണ് എന്ന് ഉള്ളിൽ നിന്ന് ഒരു പാതി അലമുറയിട്ടപ്പോളും മറുപാതി അതിനെ എതിർത്തു. എന്നെക്കാൾ മുപ്പതു വയസ് വ്യത്യാസമുള്ള ഒരു ഭാര്യയും രണ്ടുമക്കളുടെ അച്ഛനും ആയ ഒരാളോട് എനിക്ക് പ്രണയം തോന്നുക എന്ന് പറയുന്നത് എല്ലാവരുടെയും കണ്ണിൽ തെറ്റാണ്.. എന്തോ എന്റെ പ്രണയം മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു നേരമ്പോക്ക് ആവാം എനിക്ക് അത് എന്റെ ജീവൻ ആണ്.. ഭാര്യയുമായി അകന്നു കഴിയുന്ന സാർ എന്നെ സ്നേഹിച്ചത് എന്ന് മുതൽ ആണ്..എന്റെ ഉള്ളിൽ പൂവിട്ട പ്രണയം ഞാൻ തുറന്നു പറഞ്ഞില്ലെങ്കിലും സാർ അത് മനസ്സിലാക്കിയിരുന്നു.. വാത്സല്യം കലർന്ന സ്നേഹം അതായിരുന്നു സാറിനു എന്നോട്.. സാർ കോളേജ് മാറി പോവുന്നു അറിഞ്ഞ ദിവസം എല്ലാവരോടും യാത്ര പറഞ്ഞു കോറിഡോറിലൂടെ നടന്നു നീങ്ങുന്ന സാറിനെ പുറകിൽ നിന്നും പുണർന്നു ഞാൻ എന്റെ ഇഷ്ടം പറയുമ്പോൾ മറ്റുള്ളവർ നോക്കിനിൽക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകളുമായി കോരുത്ത ആളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന നോവ് എന്നെ വല്ലാതെ ഉലച്ചുകളച്ചു. 


" ഊഷരമായ എന്റെ ഉള്ളിൽ പ്രണയമഴ പെയ്യിച്ചവൾ ആണ് നീ.. നിനക്ക് ഒരു ഭാവി ഉണ്ട് കുട്ടി അതിനു ഞാനോ എന്റെ പ്രണയമോ തടസമാവരുത്.. ഈ പ്രായത്തിൽ തോന്നുന്ന കുസൃതി അങ്ങനെ കാണണം എന്റെ മോൾ ഈ പ്രണയത്തെ.."


" മാഷേ.. എനിക്ക് മാഷ് ഇല്ലാതെ പറ്റില്ല.. എനിക്ക് വേണം എന്റെ മാഷിനെ "


" ശരിയാവില്ല കുട്ടി.. നിനക്ക് എന്റെ മകൾ ആവാൻ ഉള്ള പ്രായമേ ഉള്ളൂ.. നിന്നെ ഞാൻ പ്രണയിച്ചാൽ അത് പാപമാവും.. "


" സത്യത്തിൽ ഈ ലോകത്തിലെ ഏറ്റുവും വലിയ് വിഡ്ഢിത്തം പാപവും പുണ്യവും ആണ് മാഷേ.. ഒരേ കാര്യം തന്നെ ചിലർക്ക് പാപവും മറ്റുചിലർക്ക് പുണ്യവും ആകുന്നു , ഓരോ കാഴ്ച്ചപടുകളിൽ അത് മാറിമറയുന്നു…"


" നീ ഒരുപാട് സംസാരിക്കുന്നു ഗൗരി … ഈ പതിനേട്ടാം വയസിൽ തോന്നിയ പ്രേമം ഒരു ഇരുപത്തൊന്നു ഇരുപത്തിരണ്ടു വയസാകുമ്പോൾ നിനക്ക് തന്നെ തെറ്റാണെന്നു തോന്നും.. "


" ഇല്ല മാഷേ.. ഇത് എന്റെ ശെരിയാണ്.. ഞാൻ നനയാൻ ആഗ്രഹിച്ച മഴയാണ് സാറിന്റെ പ്രണയം… "


" നീ എന്നെ ധർമ്മസങ്കടത്തിൽ ആക്കുന്നു കുട്ടി.. വേദനിക്കാൻ ആയി നമ്മുക്ക് ഈ പ്രണയം വേണ്ട..പഠിക്കണം നല്ല നിലയിൽ എത്തണം എന്റെ കുട്ടി.. "


അതും പറഞ്ഞു കണ്ണുകൾ കലങ്ങി ഹൃദയം വിങ്ങി നടന്നു നീങ്ങുന്ന ആ മനുഷ്യനിൽ ഞാൻ കണ്ട നിസ്സഹായവസ്ഥ ഈ സമൂഹത്തിന്റെ വേലിക്കെട്ടുകൾ തീർത്തതായിരുന്നു ..

 

ശരിയോ തെറ്റോ എന്നറിയാത്ത പ്രണയം അത്രമേൽ പ്രിയപ്പെട്ടതായിരിക്കുമ്പോഴും ചേർത്തുപിടിക്കാൻ ആവാതെ വിട്ടുകളയേണ്ടി വരുന്ന അവസ്ഥ എന്തൊരു വേദനയാണ്.. രാത്രിയിലെ ഇരുട്ടും എന്റെ തലയണയും മാത്രം അറിഞ്ഞ എന്റെ വിരഹം.. അതിൽ പിന്നെ മനസ് തുറന്നു ഒന്ന് ചിരിക്കാൻ പോലും ആയിട്ടില്ല എനിക്ക്.. കോളേജിലും മറ്റു അധ്യാപകർക്കിടയിലും ഞാൻ മോശപ്പെട്ടവൾ ആയി.. എല്ലാവരുടെയും കണ്ണിൽ അധ്യാപകനോട് കാമം തോന്നിയവൾ ആയി… സത്യത്തിൽ അങ്ങനെ ഒരു വികാരം എനിക്ക് ഉണ്ടായിരുന്നോ? പരിശുദ്ധമായ സ്നേഹമല്ലായിരുന്നോ എനിക്ക് അദ്ദേഹത്തോട്… കൂട്ടുകാരുടെ കളിയാക്കലും അർഥം വെച്ചുള്ള സംസാരവും എന്റെ മാഷേ ഇനി കാണാൻ കഴിയോ എന്ന വേദനയും എല്ലാം കൂടെ എന്റെ മനസിന്റെ താളത്തെ തെറ്റിച്ചുകൊണ്ടിരുന്നു…. വീട്ടുകാർക്കും ഞാൻ വെറുക്കപെട്ടവൾ ആയി.. സ്നേഹം ഒരു പാപമാണോ? അറിയില്ല.. ഇന്നത്തെ എന്നിലേക്ക് ഞാൻ എത്തിപ്പെട്ടതും എന്റെ പ്രണയം കാരണം ആണ്.. ഭ്രാന്തിന്റെ പിടിയിൽ അകപ്പെട്ടുപോയാൽ എന്റെ മാഷിനെ ഞാൻ മറന്നുപോവുമോ എന്ന ഭയം അതാണ് എന്നെ ഇത്ര നാൾ പിടിച്ചു നിർത്തിയത്.. ഇനിയും ഇങ്ങനെ നീറി കഴിയാൻ പറ്റില്ല.. ഒരു തീരുമാനം എടുക്കണം.. ഞാൻ മനസ്സിൽ പലതും കണക്കു കൂട്ടി….


മനുവേട്ടനോട് എന്റെ തീരുമാനം പറയുമ്പോൾ ആൾ എങ്ങനെ എടുക്കും എന്ന പേടിയായിരുന്നു.. പക്ഷെ എനിക്ക് അത്ഭുതം ആണ് തോന്നിയത് എന്റെ മനസ് പറയുന്നത് പോലെ ചെയാൻ പറഞ്ഞപ്പോൾ.. എങ്ങനെ ആണ് ഒരു ആണിന് ഒരു പെണ്ണിനെ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നെ….. എന്തോ എന്റെ മിഴിയിൽ നീർ ഉരുണ്ടുകൂടി.


*********************************


മൂന്നുമാസങ്ങൾ എടുത്തു എനിക്ക് എന്റെ തീരുമാനം നടപ്പിലാക്കാൻ...

ഇന്ന് ഞാൻ ഒരു യാത്രയിൽ ആണ്…വാരാണസിയിലെ ഗംഗതീരത്തെ ദശാശ്വവേദ് ഘട്ടിലെ ഗംഗ ആരതി ദർശിക്കാൻ.. പുണ്യനദിയായ ഗംഗയിൽ എന്റെ പാപങ്ങൾ കഴുകി കളയാൻ കൂടെ എന്റെ പ്രിയപെട്ടവനും… മനുവേട്ടന്റെ സ്നേഹം എനിക്ക് എന്നും അത്ഭുതമാണ്.. പ്രണയത്താൽ മുറിവേറ്റ ഹൃദയത്തിന് മറ്റൊരു പ്രണയത്താൽ മരുന്നായവൻ... എന്റെ മനുവേട്ടൻ.... ഇന്ന് വിലക്കപ്പെട്ട പ്രണയം എന്നിൽ ഇല്ല.. മാഷേ മറന്നോ ചോദിച്ചാൽ ഇല്ല.. എന്റെ മനസിന്റെ കോണിൽ എന്നുമുണ്ടാവും മൃതിയടഞ്ഞു പോയ എന്റെ ആദ്യ പ്രണയം..



Rate this content
Log in

Similar malayalam story from Drama