Lakshmi Manoj

Abstract Classics Others

4  

Lakshmi Manoj

Abstract Classics Others

വിലക്കപ്പെട്ട കനി

വിലക്കപ്പെട്ട കനി

2 mins
321


കാലം എത്ര കഴിഞ്ഞാലും ഒരിക്കലും മാഞ്ഞു പോകാത്ത ചില രുചികളുണ്ട്... കുപ്പിയിൽ സൂക്ഷിച്ച വീഞ്ഞിനെ പോലെ പഴകും തോറും വീര്യം കൂടുന്ന രുചികൾ...


അതെന്നെ കൊണ്ടെത്തിക്കുന്നത് ബാല്യത്തിന്റെ നിഷ്കളങ്കമായ ലോകത്തേക്കാണ്... അവിടെ നാക്കിലയിൽ വിളമ്പി മാടി വിളിക്കുന്ന പല പല രുചി കൂട്ടുകൾ ഉണ്ട്... കണ്ണിമാങ്ങയിൽ തുടങ്ങി പഴുത്ത മാമ്പഴം വരെ നീളുന്ന രുചയുടെ ചങ്ങല കണ്ണികൾ... 


കടലാസിൽ പൊതിഞ്ഞ പല നിറത്തിലുള്ള മിഠായികൾ കുട്ടിക്കാലത്ത് വായിൽ വെള്ളം നിറച്ചിട്ടുണ്ട്..വീണ്ടും ആ രുചികളെ തേടി പോയിട്ടുമുണ്ട്...എന്നിരുന്നാലും ഓർമയിലെ രുചിയെ കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ ആ അനുഭവം ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു... 


കൂട്ടുകാർ ഈ മൊട്ടപ്പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..പല നാടുകളിലും പല പേരുകളിൽ ആയിരിക്കും അറിയപ്പെടുന്നത്...


 മഞ്ഞ നിറത്തിൽ ആണ് ഈ പഴം ഉണ്ടാവുക... പിന്നെ ഉള്ളിൽ മുട്ടയുടെ മഞ്ഞ കരു പോലെ ഇരിക്കും ....   

എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പഴമാണ്...

വീട്ടിലാരും ഈ പഴം കഴിച്ചിട്ടില്ല... എന്തിന് പറയുന്നു കണ്ടിട്ടു പോലുമില്ല..

ഞങ്ങളുടെ സ്കൂളിന്റെ പുറകിലെ പറമ്പിൽ രുചിയുടെ ഒരു കലവറ തന്നെ പ്രകൃതി ഒരുക്കിയിരുന്നു .... എന്റെ ക്ലാസ്സിലെ വികൃതിചെക്കന്മാർ ഇന്റർബെൽ സമയത്ത് മതിൽ ചാടി കടന്ന് മാങ്ങയും പുളിയും ചാമ്പയ്ക്കയും എല്ലാം പെറുക്കി കൊണ്ട്‌ വരും.... 


ഉപ്പും മുളകുപൊടിയും ഞങ്ങൾ പെൺപട കരുതിയിട്ടുണ്ടാകും... പിന്നെ ഒഴിവു സമയങ്ങളിൽ ഈ ഉപ്പും പുളിയും എരിവും മധുരവും ഞങ്ങളുടെ നാവുകളിൽ മാറി മാറി സഞ്ചരിക്കും.... ഏതിനാണ് രുചി കൂടുതൽ എന്ന് തിരിച്ചറിയാൻ കഴിയില്ല..... 


ചിലപ്പോഴൊക്കെ അധ്യാപകരുടെ ചൂരൽ ഞങ്ങളെ തേടിയെത്താറുണ്ട്.. എങ്കിലും ആ അടിയുടെ ചൂടാറും മുമ്പേ രുചിയുടെ ലോകത്തേക്ക് വീണ്ടും ഞങ്ങൾ പറന്നടുക്കും..


അങ്ങനെയിരിക്കെ അക്കൂട്ടത്തിൽ എങ്ങനെയോ നമ്മുടെ മൊട്ടപ്പഴവും കയറി പറ്റി... ഒരു രസത്തിനു കഴിച്ചു നോക്കി...പിന്നെ എന്റെ നാവുകളെ അടക്കിനിർത്താൻ ഞാൻ പാടുപെട്ടു... 

മൊട്ടപഴത്തോടുള്ള എന്റെ ആക്രാന്തം കണ്ട് എന്റെ ചങ്ങായി എനിക്ക് മൂന്നുനാലെണ്ണം പൊട്ടിച്ചു കൊണ്ടു തന്നു .... ഞാനതു  

 ബാഗിൽ വച്ചു വീട്ടിൽ കൊണ്ടു പോയി... വീട്ടിലിരുന്ന് ബാലരമയും വായിച്ച്,  മൊട്ടപ്പഴവും തിന്നുന്നതും മനക്കോട്ട കെട്ടി ഞാൻ നടന്നു.... 


ഈ പഴത്തിനു വല്ലാത്തൊരു മണമാണ്... എല്ലാവർക്കും അത് ഇഷ്ടമാവില്ല... നമ്മടെ വീട്ടിലെ കാര്യമാണെങ്കിൽ പിന്നെ പറയേം വേണ്ട.... അമ്മയ്ക്കു കണ്ണിൽ കണ്ട സാധനങ്ങൾ കഴിക്കുന്നത് ഇഷ്ടമല്ല.... ഞാൻ മൊട്ടപ്പഴം ഒരു നിധി പോലെ കൊണ്ടു വന്ന് എന്റെ മുറിയിൽ വച്ചു.... 


മേലൊക്കെ കഴുകി വന്ന് അമ്മയുണ്ടാക്കിയ ചായയും അവല് നനച്ചതും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ശബ്ദം കേട്ടത്.   


അമ്മേ ദേ നോക്കിയേ... ഇവള്ടെ ബാഗിന്ന് കിട്ടീതാ..... 


ഒരാവശ്യവും ഇല്ലെങ്കിലും എന്നെ തല്ലുകൊള്ളിക്കാൻ നടക്കുന്ന  എന്റെ പുന്നാര ചേച്ചി....അവള് കൈയോടെ തൊണ്ടി മുതൽ പുറത്തേക്കിട്ടു.. 

വായിൽ നിറച്ച അവല് ഇറക്കണോ വേണ്ടായോ എന്നറിയാതെ ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിലായി.... 


അമ്മ കലി തുള്ളി നിൽക്കുകയാണ്...രംഗം കൊഴുപ്പിക്കാൻ ചേച്ചിയുടെ ഭാഗത്തു നിന്ന് എല്ലാവിധ ശ്രമങ്ങളും നടക്കുന്നുണ്ട്... അല്ലെങ്കിലും അവൾ അങ്ങനെയാണ്...തനിക്ക് രണ്ടെണ്ണം കിട്ടുമ്പോൾ ഉണ്ടാകുന്ന ആത്മനിർവൃതി ആ മുഖത്ത് തെളിഞ്ഞു കാണാം...


അങ്ങനെ പറഞ്ഞ് പറഞ്ഞ് അവസാനം മൊട്ടപ്പഴം കഴിച്ചാൽ ചത്തു പോകുമെന്ന് അമ്മയും ചേച്ചിയും ഉറപ്പിച്ചു... 


പാവം മൊട്ടപ്പഴം......അമ്മികുഴ കൊണ്ടുള്ള അമ്മയുടെ പ്രഹരം അതിന്റെ അവസ്ഥ പരിതാപകരമാക്കി..  


വലിയ കള്ളം കണ്ടു പിടിച്ച സി ഐ ഡിയെ പോലുള്ള ചേച്ചിയുടെ നിൽപ്പ് കണ്ടപ്പോൾ ആ അമ്മിക്കുഴ കൊണ്ടു ഒരു കുത്തു വച്ചു കൊടുക്കാൻ തോന്നി... 


ഈ സംഭവം ഓർത്തു ചേച്ചി എന്നെ ഇപ്പോൾ കളിയാകുമ്പോൾ ഞാൻ ചിരിക്കാറുണ്ട്.  


പക്ഷേ അന്ന് എനിക്ക് ഒത്തിരി സങ്കടം തോന്നിയിരുന്നു... പിന്നീട് ഒരിക്കലും അത് കഴിക്കാനും പറ്റിയിട്ടില്ല..


ഇന്നിപ്പോൾ എന്തു രുചിയും ഇഷ്ടം പോലെ അറിയാൻ നാവിനു ലൈസൻസ് കിട്ടിയിട്ടുണ്ട്.. വിവിധങ്ങളായ രുചികൾ ഒരുക്കാൻ തക്ക വണ്ണം നമ്മുടെ അടുക്കളകൾ വളർന്നു കഴിഞ്ഞു..അതും പഴയ അമ്മികല്ലിൻ്റെയും ആട്ടുകല്ലിൻ്റെയും സഹായമില്ലാതെ തന്നെം... വിപണിയിൽ തിരഞ്ഞാലും കിട്ടാത്തതായി ഒന്നുമില്ല...


എങ്കിലും ഞാനിന്ന് നഷ്ടബോധത്തോടെ ഓർമ്മിക്കുകയാണ് ആ പഴയ വിലക്കപ്പെട്ട കനിയെ....



Rate this content
Log in

Similar malayalam story from Abstract