Lakshmi Manoj

Tragedy

4  

Lakshmi Manoj

Tragedy

അമ്മക്കിളികൾ

അമ്മക്കിളികൾ

4 mins
402


രാത്രി മുഴുവനും ഉറങ്ങാതിരുന്നത് കൊണ്ടാവാം പുലർവേളയിൽ എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു പോയി....


മോളെ.... ണീക്കു.... മോളെ.....എനിക്ക് ഇച്ചിരി വെള്ളം തരോ.....


ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും കണ്ണുകളെ ഉണർത്താൻ നന്നേ പാടു പെട്ട് കൊണ്ട് അനിത ഒരു വിധം എഴുന്നേറ്റു....


വല്ലാത്ത തലകനം.... ഛർദ്ദിക്കാൻ വരുന്ന പോലെ.... അവൾ ബാത്‌റൂമിൽ കയറി മുഖം നന്നായൊന്നു കഴുകി....


ശേഷം ഉറക്കച്ചടവോടെ കട്ടിലിൽ കിടക്കുന്ന വയസ്സായ അമ്മയുടെ അടുത്തേക്കു നടന്നു....


അവരെ പതുക്കെ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി... കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു.... ആ അമ്മ ആർത്തിയോടെ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ അനിതയുടെ നെഞ്ച് പിടയാൻ തുടങ്ങി.ഏതോ സങ്കടത്തിന്റെ ഉറവകൾ അവളുടെ മിഴികളിൽ നിറയാൻ തുടങ്ങി.


അമ്മയെ തിരികെ കിടത്തിയ ശേഷം അനിത കട്ടിലിൽ തല വച്ച് കിടന്നു.ക്ഷീണം കൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.


വാതിലിൽ ശക്തിയായി ആരോ മുട്ടുന്നത് കേട്ടപ്പോഴാണ് അവൾ ഞെട്ടിയുണർന്നത്.....

കണ്ണ് തിരുമ്പി വാതിലിനടുത്തേക്ക് നടന്നു.ഇന്നലെ വൈകുന്നേരം കണ്ട ആ സ്ത്രീ കലി പൂണ്ട് അനിതയെ നോക്കുകയാണ്.അത് അമ്മയുടെ മരുമകളാണെന്നു തോന്നുന്നു.അനിത ഒന്നും മിണ്ടാതെ മിഴികളെ മറ്റെവിടേക്കോ പായിച്ചു.നേരം വൈകി എഴുന്നേറ്റതിന് അവരുടെ കൈയിൽ നിന്നും അവൾക്ക് നല്ല വഴക്ക് കിട്ടി.പക്ഷേ അനിത അത് കാര്യമായി എടുത്തില്ല.ഇതുപോലെ എത്ര വഴക്കുകൾ കേട്ടിരിക്കുന്നു.ഓരോ മനുഷ്യരും വ്യത്യസ്ത സ്വഭാവങ്ങളുടെ ഉറവിടങ്ങളാണ്.അവരുടെ മനസ്സുകളെ അളന്നു തിട്ടപ്പെടുത്തുക എന്നത് തികച്ചും ശ്രമകരമായ ഒരു കാര്യമാണ്.ഇത്രയും നാളത്തെ ജീവിതം കൊണ്ട് അനിത പഠിച്ച പാഠങ്ങൾക്ക് അവളുടെ പച്ചയായ അനുഭവങ്ങൾ തന്നെയാണ് സാക്ഷി പറയുന്നത്.


എങ്കിലും വാൽകഷ്ണമായി അവർ പറഞ്ഞത് അനിതയ്ക്ക് ഒട്ടും ദഹിച്ചില്ല.


ഫോൺ നോക്കി പാതിരാ വരെ ഇരിക്കും... എന്നിട്ടു ഉറക്കം ഇല്ലെന്നു പരാതിയും.... ഇതിനു മുൻപ് വന്നവളും ഇത് തന്നെ കഥ....


അനിതയ്ക്ക് ദേഷ്യം വന്നു.... ഇന്നലെ ഉച്ചക്ക് ഈ വീട്ടിൽ വന്നു കയറിയത് മുതൽ ഈ നിമിഷം വരെ ഫോൺ എടുത്തിട്ടില്ല....അമ്മയാണെങ്കിൽ ഇന്നലെ ഉറക്കം വരാതെ വിളിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു...എന്നിട്ടും ഈ സ്ത്രീ പറയുന്നത് കേട്ടില്ലേ....


എന്തൊക്കെയോ പറയാൻ നാവ് പൊന്തിയെങ്കിലും അവൾ മിണ്ടാതെ നിന്നു....


ആ സ്ത്രീ പോയി കഴിഞ്ഞപ്പോൾ അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് ഏജൻസിയിലേക്ക് വിളിക്കാൻ തുടങ്ങി....


അപ്പോഴാണ് അമ്മ തന്നെ നോക്കുന്നത് കണ്ടത്.... അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു....


അത് കണ്ടപ്പോൾ ഫോൺ തിരികെ വച്ച് അവരുടെ അടുത്ത് വന്നിരുന്നു..... വളരെ നാളുകളായി ഉറക്കം നഷ്ടപ്പെട്ടതിന്റെ ക്ഷീണം അവരുടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം....


അനിത പതുക്കെ അവരുടെ നെറുകിൽ തലോടി കൊടുത്തു..... ഇത് വരെ കിട്ടാത്ത കരുതലും സ്നേഹവും കൊണ്ടാവാം നാളുകൾ കൂടി ആ അമ്മ അറിയാതെ മയങ്ങി പോയി...


അത് കാണെ അനിതയുടെ ഉള്ള് വേവുകയായിരുന്നു.പണമില്ലാത്തതിൻ്റെ പേരിൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിയാതെ മരണത്തിനു മുൻപിൽ തോറ്റ് കൊടുക്കേണ്ടി വന്ന പെറ്റമ്മയുടെ മുഖം അവളുടെ മിഴികളിൽ തെളിഞ്ഞു വന്നു.അമ്മയെ കുറിച്ചുള്ള ഓർമ്മകൾ കണ്ണീരുണങ്ങാത്ത ബാല്യം ഒറ്റപ്പെടൽ എല്ലാം അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു.മിഴികൾ പെയ്യാനായി ഒരുങ്ങി നിന്നു.ഒരുവേള പൊട്ടിക്കരഞ്ഞു പോയാൽ തന്നെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാകാം അവൾ സ്വയം തിരക്കുകളിലേക്ക് ഊളിയിട്ടു.


പല്ല് തേപ്പും കുളിയും കഴിഞ്ഞ് അമ്മയുടെ ഒന്ന് രണ്ട് നൈറ്റിയും അവളുടെ വസ്ത്രങ്ങളും കൊണ്ട് അലക്കാൻ പുറത്തേക്കിറങ്ങി....


വസ്ത്രങ്ങൾ ഉണക്കാൻ വിരിച്ചിട്ട ശേഷം തിരികെ മുറിയിലേക്ക് വന്നു... അമ്മ ഉറക്കം തന്നെയാണ്....


സമയം പത്തു മണി കഴിഞ്ഞു....

അനിതയ്ക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു... അവൾ അമ്മ കിടക്കുന്ന മുറി അടിച്ചു തുടച്ച് വൃത്തിയാക്കി.... മൂത്രത്തിന്റെ മണം പോകാൻ റൂം ഫ്രഷ്ണർ അടിച്ചു...


ജോലിയെല്ലാം കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ ആരും അവളെ വിളിച്ചില്ല.. തന്റെ കാര്യം പോട്ടെ വയസ്സായ ആ അമ്മയ്ക്ക് എന്തെങ്കിലും കൊടുക്കണമെന്ന് ആർക്കും വിചാരമില്ലേ..... അനിത പിറുപിറുത്തു. നിവർത്തി ഇല്ലാതെ അനിത മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. .. ഹാളിൽ നിന്നും പൊട്ടിചിരികൾ മുഴങ്ങി കേൾക്കാം....നിറയെ മുറികൾ ഉള്ള വലിയൊരു വീടായിരുന്നു അത്.അനിത ആരുടെയും കണ്ണിൽ പെടാതെ അടുക്കളയിലേക്ക് ചെന്നു.ഒരു ചേച്ചി അവിടെ തിരക്കിട്ട് ജോലിയിലായിരുന്നു.അനിത ഒരു പുഞ്ചിരിയോടെ അവരെ നോക്കി.പക്ഷേ അവർ മുഖം തിരിച്ചു കൊണ്ട് തൻ്റെ ജോലിയിൽ മുഴുകി.


കഴിക്കാൻ എന്തെങ്കിലും.... അനിത മടിച്ചു മടിച്ചു ചോദിച്ചു 


അവരെല്ലാം കഴിച്ച് കഴിയട്ടെ.....


അപ്പൊ അമ്മയ്ക്കോ...


അതല്ലേ കൊച്ചേ ആദ്യം പറഞ്ഞേ അവരെല്ലാം കഴിക്കട്ടെന്ന്.....


മൂർത്തിയേക്കാൾ വലിയ ശാന്തിയുള്ള കാലമാ.... അവരുടെ തനിഷ്ടം കേട്ടു 

അനിത തിരികെ മുറിയിലേക്ക് പോയി.... അമ്മ ഉണർന്നിട്ടുണ്ട്... അവൾ അടുത്തേക്കു ചെന്നു....


ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവർ അനിതയെ നോക്കി ചിരിച്ചു.....


നിക്കൊന്നു കുളിക്കണല്ലോ കുട്ട്യേ... ബുദ്ധിമുട്ടാവോ....


അനിത ഇല്ലെന്നു തലയാട്ടി... എന്നിട്ട് അമ്മയെ പിടിച്ചു പതിയെ ബാത്‌റൂമിലേക്ക് കൊണ്ട് പോയി.... മാസങ്ങളായി കുളിച്ചിട്ട് എന്ന് തോന്നുന്നു....


തോർത്തി കഴിഞ്ഞ് തലയിൽ രാസ്നാദി തിരുമ്പി കൊടുത്തു..... അപ്പോഴേക്കും പ്രാതൽ കൊണ്ട് വന്നിട്ടുണ്ടായിരുന്നു.....


മൂന്നു വെള്ളേപ്പോം പേരിന് ഒരു നുള്ള് കറിയും...


അനിത അമ്മയെ കട്ടിലിൽ ഇരുത്തി ഭക്ഷണം കൊടുക്കാൻ തുടങ്ങി....


കുട്ടി കഴിച്ചോ.....


ഇല്ല....അമ്മ കഴിച്ചോ....ഞാൻ പിന്നെ കഴിക്കാം....


അമ്മ മൂന്നെണ്ണവും കഴിച്ചു....അനിത പ്ലേറ്റ് കൊണ്ട് അടുക്കളയിലേക്ക് ചെന്നു.... പാത്രം കഴുകി അവൾ തനിക്കായുള്ള ഭക്ഷണം ചോദിച്ചു....


അവർ കൊന്നില്ലന്നേയുള്ളു....


ആരു പറഞ്ഞു തള്ളയെ തീറ്റിക്കാൻ.... നിനക്കും കൂടി യുള്ള ഭക്ഷണം ആണ്‌ ഞാൻ കൊണ്ട് തന്നേ.... ഇനി ഉച്ചയാവട്ടെ....


അനിതയ്ക്ക് കാര്യങ്ങൾ ഏറെ കുറെ ബോധ്യമായി..... ആ അമ്മയെ കുറിച്ചോർത്തപ്പോൾ അവൾക്ക് സങ്കടം വന്നു..... ഇവിടെ ഈ കൊട്ടാരം പോലുള്ള വീട്ടിലെ മനുഷ്യരുടെ മനസ്സ് എത്ര ചെറുതാണ് എന്ന് അവൾക്ക് തോന്നി പോയി.


കിട്ടുന്ന അന്നം പകുതിയിലധികം അമ്മയ്ക്ക് നൽകിയും പരസ്പരം കുശലം പറഞ്ഞും കളി തമാശകളുമായി ദിവസങ്ങൾ കടന്ന് പോയി...ഇടയ്ക്കെല്ലാം വീൽ ചെയറിൽ അമ്മയെ ഇരുത്തി പുറത്തെല്ലാം കൊണ്ട് നടന്നു.ശുദ്ധവായുവും മണ്ണിൻ്റെ നനുത്ത ഗന്ധവും ശ്വസിച്ച് പള്ളിയിലേക്ക് മടങ്ങാൻ അ അമ്മയുടെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു.പണ്ടത്തെ വിശേഷങ്ങൾ എല്ലാം മാഞ്ഞ് തുടങ്ങിയ ഓർമ്മകളിൽ നിന്നും പിച്ചിയെടുത്ത് അവർ അനിതയോട് പറയാറുണ്ടായിരുന്നു.


ഒപ്പം അഞ്ചു ആൺ മക്കളും നല്കാത്ത സ്നേഹം കൊടുത്ത് അനിത അവരുടെ പ്രിയപ്പെട്ട മകളായി...ഒരു അമ്മയുടെ കരുതലോടെ അവർ അവളെ സ്നേഹിച്ചു.....


ദിനരാത്രങ്ങൾ ഇലകൾ കണക്കെ കൊഴിഞ്ഞു വീണു കൊണ്ടേയിരിന്നു .


അന്ന് ഒരു വൈകുന്നേരം..... വീട്ടിൽ നിറയെ അതിഥികൾ ഉണ്ടായിരുന്നു... അമ്മ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്....


ആരാ വന്നേ....ന്റെ മക്കളാണെന്നു തോന്നണു.... ഇപ്പൊ ഇങ്ങട് വരും... ന്നെ കാണാൻ....


പക്ഷേ നേരം ഏറെ കഴിഞ്ഞിട്ടും ആരും വന്നില്ല....

അനിത നിസ്സഹായതയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.അമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തിരി നാളം വിടരുന്നത് അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.


കൊച്ചേ നിന്നെ താഴെ തിരക്കുന്നുണ്ട്.....

അടുക്കളയിലെ ജോലിക്കാരി എത്തി നോക്കി പറഞ്ഞിട്ട് പോയി.


അനിത ഹാളിലേക്കു ചെല്ലുമ്പോൾ അവിടെ നല്ല രീതിയിൽ വസ്ത്രം ധരിച്ച കുറച്ചു പേർ ഇരിക്കുന്നുണ്ട്... പണത്തിന്റെ അഹങ്കാരം എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്.അമ്മയുടെ മക്കളും മരുമക്കളും ആയിരിക്കും. പ്രായത്തിൽ മൂത്ത ഒരാൾ അനിതയോട് പറഞ്ഞു...


അമ്മയെ ഞങ്ങൾ ഓൾഡ് എജ് ഹോമിലേക്കു മാറ്റുകയാണ്... അവിടെ ഒരാളിന്റെ ആവശ്യം ഇല്ല....നാളെ തനിക്കു തിരിച്ചു പോകാം.... ഞാൻ ഏജൻസിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്... അവർ രാവിലെ വണ്ടി അയക്കും.... പിന്നെ അമ്മയുടെ വസ്ത്രങ്ങൾ എല്ലാം ഒന്ന് പാക്ക് ചെയ്ത് വയ്ക്കണം....


അനിത മറുപടിയൊന്നും പറയാതെ മുറിയിലേക്ക് നടന്നു... അകത്തു മക്കളെ കാത്തു കിടക്കുന്ന ആ അമ്മ ഇതെല്ലാം എങ്ങനെ സഹിക്കും എന്നോർത്ത് അവളുടെ നെഞ്ച് വിങ്ങാൻ തുടങ്ങി .. അമ്മ കാണാതിരിക്കാൻ വേഗം ബാത്‌റൂമിൽ കയറി കതകടച്ചു....

മനസ്സ് തെല്ലൊന്ന് ശാന്തമായപ്പോൾ അവൾ പുറത്തേക്കിറങ്ങി.അമ്മ മയക്കത്തിലായിരുന്നു.അത് നന്നായി എന്ന് അവൾക്ക് തോന്നി.അല്ലെങ്കിൽ അമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പാട് പെട്ടേനെ ..

അല്പം നേരം കഴിഞ്ഞ് അവൾ അമ്മയുടെ വസ്ത്രങ്ങൾ എല്ലാം മടക്കി വച്ചു... കട്ടിലിനു താഴെ ആയി സിബ് പൊട്ടിയ, ഒരു ബാഗ് ഇരിക്കുന്നുണ്ടായിരുന്നു.,.... നിറം മങ്ങിയ അതിന്റെ അരികെല്ലാം പിന്നി തുടങ്ങിയിരിക്കുന്നു... ബാഗിന്റെ ഉള്ളിൽ ഒരു ചെറിയ കവറുണ്ടായിരുന്നു.... മക്കളുടെ കുട്ടികാലത്തെ ഫോട്ടോകളും പിന്നെ മൂന്നു നാലു കുഞ്ഞുടുപ്പുകളും... മാത്രം... ആ അമ്മ കരുതി വച്ച വിലമതിക്കാനാവാത്ത സമ്പാദ്യം. ....മക്കൾക്കു വേണ്ടെങ്കിലും അമ്മയ്ക്ക് ഒരിക്കലും അവരെ വേണ്ടതാകില്ലല്ലോ...

മണിമാളികയിൽ വസിച്ചിട്ടും അമ്മയുടെ പരിതാപകരമായ അവസ്ഥ നേരിൽ കണ്ട അനിതയ്ക്ക് മനസ്സ് വല്ലാതെ നൊന്തു.

അമ്മയുടെ പിന്നി തുടങ്ങിയ ആ പഴയ ബാഗിൽ അനിത തൻ്റെ വസ്ത്രങ്ങൾ കുത്തി നിറച്ചു... എന്നിട്ട് തൻ്റെ ബാഗിൽ അമ്മയുടെ വസ്ത്രങ്ങൾ അടുക്കിവച്ചു. മരുന്നുകൾ ഒരു കവറിലാക്കി അതും ബാഗിൽ വച്ചു....


അന്ന് രാത്രി മുഴുവൻ ഉറക്കം അവളെ തൊട്ടു തീണ്ടിയില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

അമ്മയെയും തൻ്റെ കൂടെ കൊണ്ട് പോയാലോ എന്ന് അവളുടെ മനസ്സ് ആവർത്തിച്ചു ചോദിച്ചു.പക്ഷേ എവിടേക്ക്?

സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത താൻ എങ്ങനെ അമ്മയെ പോറ്റും. അവൾ തീർത്തും നിസ്സഹായയായിരുന്നു.


പിറ്റേന്ന് അതി രാവിലെ തന്നെ അവൾ എഴുന്നേറ്റു...... അമ്മ നല്ല ഉറക്കത്തിലായിരുന്നു.... അവൾ വിളിച്ചില്ല.....


മറ്റാരോടും അവൾക്കു യാത്ര പറയാൻ ഇല്ലായിരുന്നു...


അമ്മയുടെ പിന്നിയ ബാഗുമെടുത്തു പുറത്തേക്കിറങ്ങുമ്പോൾ അവൾ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു....


ഹേ മനുഷ്യാ എനിക്ക് നിന്നെ അറിയാൻ കഴിയുന്നില്ല... ഞാനറിയാത്ത നീ ഇത്രയും കരുണ ഇല്ലാത്തവനോ....


പുലരാൻ തുടങ്ങുന്ന ആ വേളയിൽ എവിടെയോ ഒരമ്മകിളിയുടെ കരച്ചിൽ അവളുടെ കാതുകളിൽ വന്നലച്ചു.....





Rate this content
Log in

Similar malayalam story from Tragedy