N N

Drama Romance Tragedy

3  

N N

Drama Romance Tragedy

വൈഗയുടെ 30 ദിവസങ്ങൾ - പ്രണയം

വൈഗയുടെ 30 ദിവസങ്ങൾ - പ്രണയം

3 mins
177


ദിനം 10: 21 ആഗസ്റ്റ് 2020


ഭാഗം 1:


വൈഗ മൂന്നു മണിക്ക് തന്നെ ഷോപ്പിൽ നിന്നിറങ്ങി. ശരത് വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ സ്കൂട്ടർ നിർത്തി. അവിടെയുള്ള മാവിന്റെ മറ പറ്റിയായിരുന്നു അവൾ നിന്നത്. ഒരു സർപ്രൈസ് കൊടുക്കാം എന്ന് വിചാരിച്ചു.


ഇന്നത്തേക്ക് മൂന്നുവർഷമായി അവരുടെ ബന്ധം തുടരുന്നു. ഫർമസിക്ക് പഠിക്കുമ്പോൾ, രണ്ടാം വർഷം പകുതി ആയപ്പോഴാണ് മൂന്നാം വർഷം സീനിയറായിരുന്ന ശരത് വൈഗയോട് ഇഷ്ടമാണെന്ന് പറയുന്നത്. മൂന്നാം വർഷം തുടക്കമായപ്പോൾ വൈഗയും തന്റെ മനസ്സിൽ അറിയാതെ രൂപപ്പെട്ട ഇഷ്ടത്തെ മറച്ചുവെച്ചില്ല. അവിടുന്നിങ്ങോട്ടിപ്പോൾ മൂന്നു വർഷം.


ശരത് സർവൈവ് മെഡിസിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആണ്.


അവരുടെ മൂന്നാമത്തെ ആനിവേഴ്സറി പ്രമാണിച്ച് വൈഗ അവനൊരു ഗിഫ്റ്റും മേടിച്ചിരുന്നു. കഴിഞ്ഞ വർഷം അവൻ അവൾക്ക് ഗിഫ്റ്റ് ഒന്നും കൊടുക്കാത്തത്തിന്റെ പേരിൽ നാലുമാസത്തോളം വഴക്കായിരുന്നു. അവസാനം വൈഗ തന്നെ തോറ്റു കൊടുത്തു. ശരത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളല്ല, തിരക്കെന്നും പറഞ്ഞു ഫോൺ വിളി പോലും ആഴ്ചയിലോ മാസത്തിലോ ഒക്കെയാണ്. അതു കൊണ്ടു തന്നെ ഇപ്രാവശ്യവും അവൻ മറക്കും എന്ന് അവൾ സംശയിച്ചു.


സമയം പൊയ്ക്കൊണ്ടിരുന്നു. ശരത് അവന്റെ ബൈക്കിന്റെ അടുത്തേക്ക് വരുന്നത് കണ്ടവൾ വിളിക്കാൻ തുടങ്ങിയതും പെട്ടെന്ന് ശബ്ദം വിലക്കി. ഇന്നും കൂടെ മേഘ ഉണ്ട്. അവന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്. വൈഗ സർപ്രൈസ് കൊടുക്കാൻ വരുമ്പോഴൊക്കെ മേഘയുടെ സാന്നിധ്യം കാരണം അവൾക്കിപ്പോൾ മേഘയോട് ദേഷ്യമാണ്. അവൾ പോയിക്കഴിഞ്ഞു അവന്റെ അടുത്തേക്ക് പോകാമെന്ന് വിചാരിച്ചവൾ കാത്തു നിന്നു.


 മേഘ അവളുടെ സ്കൂട്ടറിൽ നിന്ന് എന്തോ ഒരു കിറ്റ് എടുക്കുന്നുണ്ട്,സ്കൂട്ടർ ഒതുക്കി വെച്ചതിനു ശേഷം അവൾ ശരത്തിന്റെ പുറകിൽ കയറി. അവൻ വണ്ടി മുന്നോട്ടെടുത്തു. വൈഗ ഒന്നു കൂടി മറഞ്ഞു നിന്നു. ഒരു അകലം വിട്ട് വൈഗയും അവർക്ക് പുറകെ വെച്ച് പിടിച്ചു. 


ഒരു ബേക്കറിയിൽ കയറി ചായ കുടിക്കുകയാണ് ഇരുവരും. ഒരു സുഹൃത്തിലുപരി വല്ലാത്ത അടുപ്പത്തിലാണ് എപ്പോഴും അവരുടെ പെരുമാറ്റം. പലപ്പോഴും അവൾക്ക് തന്നെ തോന്നിയിട്ടുണ്ട്. താൻ അവഗണന മാത്രം ഏറ്റു വാങ്ങുന്നൊരു സുഹൃത്തും,മേഘ ശരത്തിന്റെ കാമുകിയുമാണെന്ന്. ശരത്തിന്റെ തിരക്കുകളെ മാനിച്ച് അവന് സർപ്രൈസ് കൊടുക്കാനായി കാത്തുനിൽക്കാറുണ്ടെങ്കിലും ഇതു പോലുള്ള ദൃശ്യങ്ങളും, മേഘയുടെ സാമീപ്യവും അവളെ പിന്നോട്ട് വലിക്കും. ആദ്യ കാലങ്ങളിൽ മനസ്സിലാകാതെ അങ്ങോട്ട് ചെന്നവഗണന മേടിച്ചു തിരിച്ചു പോരും, പിന്നെ പിന്നെ ഫോളോ ചെയ്ത് തിരിച്ചു പോരും. പക്ഷേ ഇന്നത്തെ ദിവസം ശരത് ഓർക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു.


ഓരോന്നാലോചിച്ച് അവൾ കാത്തു നിന്നു, സമയം അഞ്ചര കഴിഞ്ഞു. ശരത് ഇറങ്ങുന്നത് കണ്ടു വൈഗ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അവർക്ക് പുറകെ വൈഗ ബീച്ചിലേക്കാണ് പോയത്. അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയ സമയം. ഇതു പോലെ കോളേജ് കാലത്ത് ശരതുമായി താനും ആസ്വദിച്ചിട്ടുണ്ട്.


ആകാശത്തെ മാത്രമല്ല ഒരേ സമയം കടലിനെയും ചുവപ്പ് നിറത്തിൽ ചാലിച്ചിരിക്കുകയാണ് സൂര്യൻ. രണ്ടു പേരെയും മോഹിപ്പിച്ചു ഏതാനും നിമിഷങ്ങൾക്കൊടുവിൽ കടലിനു സ്വന്തമാകാൻ പോകുകയാണ്.


രാത്രി ആയാലും ശരി ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണമെന്ന വാശിയോടെ അവൾ അകലം പാലിച്ചു കാത്തു നിന്നു. അവരുടെ പെരുമാറ്റം വീക്ഷിക്കും തോറും അവൾക്ക് സങ്കടം ഏറി വന്നു. അങ്ങോട്ടേക്ക് ചെന്നാലോ എന്നവൾ ചിന്തിച്ചു. പിന്നീടാ ചിന്തയെ വൈഗ തടഞ്ഞു. കാരണം


മേഘ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ആറുമണി കഴിഞ്ഞാൽ പ്രവേശനമില്ല, അല്ലെങ്കിൽ നൈറ്റ് ആയിരിക്കും എന്ന് പറഞ്ഞു കാണും അങ്ങനെയെങ്കിൽ ഡേ ഡ്യൂട്ടിക്ക് നിൽക്കില്ലായിരുന്നു. ഈ സമയത്ത് എറണാകുളത്ത് നിന്ന് പാലക്കാട്‌ സ്വദേശിയായവൾ വീട്ടിലേക്ക് പോകാൻ വഴിയില്ല. സന്ദർഭോചിതമായി അവൾ കണ്ടെത്തി. മേഘ ഹോസ്റ്റലിലേക്കും പോകുന്നില്ല, ഡ്യൂട്ടിക്കും പോകുന്നില്ല. പിന്നെ എവിടേക്ക്?


അവളുടെ ഉള്ള് പിടച്ചു കൊണ്ടിരുന്നു. കുറച്ചു കൂടി അകലേക്ക് വൈഗ മാറി നിന്നു. വീട്ടിലേക്ക് വിളിച്ചു കുറച്ചു വൈകുമെന്ന് പറഞ്ഞു. ആറരയും കഴിഞ്ഞിരിക്കുന്നു.


ശരത് കഴിഞ്ഞ വർഷം മുതൽ ഇന്നത്തെ ദിവസം മറക്കാനുള്ള കാരണം, ആഴ്ചയിൽ ഒരിക്കൽ പോലും വിളിക്കാൻ നേരമില്ലാത്തത്രയും തിരക്കിന്റെ കാരണം, സർപ്രൈസുകൾ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ കാരണം, നമ്മൾ ആഗ്രഹിക്കുന്നത് കിട്ടുന്നില്ലെങ്കിൽ കിട്ടുന്നിടത്തേക്ക് സഞ്ചരിക്കണമെന്ന് പറഞ്ഞത്തിന്റെ കാരണം, വർഷങ്ങൾ കോൺടാക്ട് ഇല്ലെങ്കിലും ബന്ധങ്ങൾ നില നിൽക്കുമെന്ന് പറഞ്ഞതിന്റെ കാരണം, വീട്ടിൽ പറയാൻ വിസമ്മതം കാണിച്ചതിന്റെ കാരണം ... അങ്ങനെ തന്റെ എല്ലാ സംശയങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ വൈഗക്ക് വ്യക്തമായി.


 ഏഴേ കാൽ ആയപ്പോൾ അവരവിടെ നിന്നും തിരിച്ചു. ഒരു ഹോട്ടലിൽ നിന്നും ഭക്ഷണപ്പൊതിയുമായി ശരത് ഇറങ്ങി വന്നു. രാത്രിയിലേക്കുള്ള ഭക്ഷണമായിരിക്കും.


 അവളുടെ സംശയം പോലെ ശരത്തിന്റെ ഫ്ലാറ്റിലേക്കാണ് അവന്റെ വണ്ടി ചെന്നു നിന്നത്. ശരത്തിന്റെ നാട് കൊല്ലമാണ്. ഒരു വാടക ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. അവർ ലിഫ്റ്റിൽ കയറുന്നത് അവൾ നോക്കി നിന്നു. ഇനിയും ഫോളോ ചെയ്യാൻ തോന്നിയില്ല.


 താൻ പോലും ഒരിക്കലും പോകാത്ത ശരത്തിന്റെ ഫ്ലാറ്റിലേക്കാണ് മേഘ ഇന്ന് കയറി പോയത്. ഈ ദിവസം പോലും ശരത് മറന്നിരിക്കുന്നു. അതിനർത്ഥം താൻ ആരുമല്ല എന്നതാണ്.


" ഇല്ല... ഇനിയും കള്ളങ്ങൾ പറഞ്ഞു മനസ്സിനെയും കണ്ണിനെയും വിശ്വസിപ്പിക്കാൻ വയ്യ."


 ഹൃദയം നുറുങ്ങുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു. കണ്ണിൽ നിന്നും കണ്ണീരിറ്റു വീണു കൊണ്ടിരുന്നു. പരിസരം പോലും നോക്കാതെ അവൾ വാവിട്ടു കരഞ്ഞു. മറ്റുള്ളവർ അവളെ ശ്രദ്ധിച്ചെങ്കിലും വൈഗ അതൊന്നും കണ്ടില്ല. ചുരിദാർ ഷാൾ പൊത്തി ഉറക്കെ കരഞ്ഞുവെങ്കിലും ശബ്ദം ഞെരിഞ്ഞമർന്നു. കരഞ്ഞത് കൊണ്ടോ, തന്റെ തെറ്റ് അല്ലാത്തതു കൊണ്ടോ കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം. അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.


 സമയം എട്ടു കഴിഞ്ഞു. അവൾ അവനു വേണ്ടി മേടിച്ച ഗിഫ്റ്റ് വലിച്ചെറിഞ്ഞു, കണ്ണുനീർ വീണ്ടും അടർന്നു വീണു. ഏതു നിലയിലാണ് അവന്റെ റൂം എന്നറിയാതെ തന്നെ തോൽപ്പിച്ചു നിൽക്കുന്ന ആ ഫ്ലാറ്റിലേക്കവൾ നോക്കി.


" എല്ലാം അവസാനിക്കേണ്ട സമയം എന്നേ കഴിഞ്ഞു... "


താൻ വലിച്ചെറിഞ്ഞ ഗിഫ്റ്റ് എടുത്തവൾ വണ്ടിയിൽ വച്ചു, പറക്കും പ്രതീതിയിലായിരുന്നു വണ്ടിയോടിച്ചത്.


 ശാരദ ഉമ്മറത്ത് കാത്തു നിൽക്കുകയാണ്.


"എവിടെ പോയി കിടക്കുവായിരുന്നെടീ...? കുറച്ചു വൈകുമെന്ന് പറഞ്ഞവളാ... മിനിയെ വിളിച്ചപ്പോൾ നീ മൂന്നുമണിക്ക് ഇറങ്ങി എന്നാ പറഞ്ഞത്... എവിടെയായിരുന്നു? "


ശാരദ ഒച്ചയെടുത്തു.


വൈഗ ഹെൽമറ്റ് ഊരാതെ അകത്തേക്ക് കയറി. അമ്മയുടെ മുഖത്തേക്കവൾ നോക്കിയില്ല.


"വൈഗേ... നിന്നോടാ ചോദിച്ചത് "


 ശാരദ ബലത്തിൽ ഹെൽമറ്റ് ഊരി. വിങ്ങിപ്പൊട്ടാൻ നിൽക്കുന്ന അവളുടെ മുഖഭാവം ശാരദയിൽ ആശങ്ക ഉണർത്തിയെങ്കിലും അവർ ഒന്നും ചോദിച്ചില്ല. വൈഗ പൊട്ടിത്തെറിക്കുമെന്ന് തോന്നി. ഗൗരിയും അന്തം വിട്ടു നോക്കി നിൽക്കുകയായിരുന്നു. വൈഗ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.


Rate this content
Log in

Similar malayalam story from Drama