വൈഗയുടെ 30 ദിവസങ്ങൾ : പ്രണയം -3
വൈഗയുടെ 30 ദിവസങ്ങൾ : പ്രണയം -3


ദിനം 12: 25 ആഗസ്ത് 2020
അവസാന ഭാഗം.
വൈഗ സ്കൂട്ടർ സർവൈവ് മെഡിസിറ്റി പാർക്കിംഗിൽ നിർത്തി. അവൾ താൻ എന്നും കാത്തു നിന്നിരുന്ന മാവിൻ ചുവട്ടിലേക്ക് നോക്കി. മാവിന്റടുക്കൽ ചെന്ന് മാവിനെ തലോടി.
"ഇനി എനിക്കിവിടെ കാത്തുനിൽക്കേണ്ട ആവശ്യമില്ലാട്ടോ... ഞാൻ പോകുവാ."
അവൾ യാത്രാമൊഴി ചൊല്ലി.
വിസിറ്റർ കാർഡ് എടുത്ത് നേരെ ഫാർമസി സെക്ഷനിലേക്ക് ചെന്നു. അത്യാവശ്യം തിരക്കുണ്ടായിരുന്നു. തിരക്കു കുറയാൻ കാത്തുനിന്നില്ല, ക്യൂ നിരയിൽ കയറി നിന്നു. മേഘയായിരുന്നു അവൾക്ക് നേരെ വന്നത്.
"ആ വൈഗ, എന്താ ഇവിടെ?"
"ഹലോ മേഘ, ശരത്തിനെയൊന്ന് വിളിക്കാമോ?"
മേഘയുടെ മുഖത്ത് ആശങ്ക പടരുന്നതവൾ തിരിച്ചറിഞ്ഞു. മേഘ മരുന്നെടുത്തു കൊണ്ടിരുന്ന ശരത്തിന്റെ അടുത്തേക്ക് പോയി. വൈഗ ക്യൂവിൽ നിന്നും മാറി കൊടുത്തു. അല്പനിമിഷത്തിനുള്ളിൽ ശരത്ത് വന്നു.
"നീ എന്താ ഇവിടെ?"
"എനിക്ക് കുറച്ച് സംസാരിക്കണം."
"ഞാൻ പറഞ്ഞിട്ടില്ലേ ഡ്യൂട്ടി സമയത്ത് കാണാൻ വരരുതെന്ന്?"
"അതിന് തന്നെ കാണാൻ ആഗ്രഹം തോന്നി കൊതിച്ചു വന്നതല്ല, എനിക്ക് ചിലത് സംസാരിക്കാനുണ്ട്. കാത്തു നിൽക്കാനൊന്നും സമയമില്ല. "
അവളുടെ ഭാവമാറ്റവും സംസാരരീതിയിലും അവനൊരു പന്തികേട് തോന്നി.
"ഒരു മിനിറ്റ്, ഞാൻ പറഞ്ഞിട്ട് വരാം."
"ശരി, ഞാൻ പാർക്കിംഗിൽ ഉണ്ടാകും."
അഞ്ചുമിനിറ്റിനുള്ളിൽ ശരത് എത്തി.
"എന്താ നിനക്ക് വേണ്ടത്?"
"21 ആഗസ്റ്റ്. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയോ?"
"ഇതാണോ നിനക്ക് അറിയേണ്ടത്?"
അവന്റെ ശബ്ദം കനത്തു.
"എനിക്ക് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ഞാൻ ചോദിച്ചെന്നേയുള്ളു. മറന്നോയെന്ന് നോക്കിയതാ."
"നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ട ആദ്യ ദിവസം."
"ഓ... അപ്പൊ ഓർമ്മയുണ്ട്. പക്ഷേ അതൊക്കെ പണ്ട്. ഇപ്പോൾ മേഘയുമായി എല്ലാ അർത്ഥത്തിലും ഒന്നായ ഒരു ദിവസം മാത്രമാണത്."
ശരത്തിൽ ഒരു ഞെട്ടൽ ഉണ്ടായി.
"വൈഗേ, മുമ്പും ഒരു സംശയരോഗിയെ പോലെയാ നീ പെരുമാറിയിട്ടുള്ളത്. പക്ഷേ മേഘയെ ഇതിലേക്ക് വലിച്ചിടണ്ട. നിന്റെ ഭ്രാന്തൻ കഥ ഉണ്ടാക്കൽ മേലിൽ ആവർത്തിക്കരുത്." ശരത് അവളോട് ചൂടായി,വൈഗ ചിരിച്ചു.
"അയ്യേ. ഇതിലിത്ര ചൂടാവാൻ എന്തിരിക്കുന്നു? അല്ലെങ്കിലും ഉള്ളത് പറയുമ്പോൾ കള്ളന് തുള്ളൽ കയറും എന്ന് കാർന്നോരു പറയാറുണ്ട്. എന്റെ മുമ്പിൽ അതാ അരങ്ങേറുന്നത്... അല്ലേ...?"
അവളുടെ ചുണ്ടിന്റെ കോണിൽ പുച്ഛം വിടർന്നു .
"നീ വിചാരിക്കുന്ന പോലെ ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല, ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. നീ വെറുതെ... "
"മതി എനിക്ക് കേൾക്കണ്ട. ഇനിയും കള്ളങ്ങൾ പറഞ്ഞു എന്റെ കണ്ണിനെ വിശ്വസിപ്പിക്കാൻ വയ്യ. 21 ആഗസ്റ്റ് 5 മണി മുതൽ 8 മണി വരെ ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഒരു കാണാമറയത്ത്... ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നീയും അവളും നിന്റെ ഫ്ലാറ്റിലേക്ക് കയറുന്നത് വരെ."
ശരത് വിളറി പോയി.
"മൂന്നര മണി തൊട്ട് അനാഥയെ പോലെ ഈ മാവിൻചോട്ടിൽ ഞാനുണ്ടായിരുന്നു, താൻ മുമ്പേ മറന്ന ആനിവേഴ്സറി പ്രമാണിച്ച്. മതി എല്ലാം എനിക്ക് മനസ്സിലായി."
അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"വൈഗേ, നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നമുക്ക് എല്ലാം പറഞ്ഞു തീർക്കാം."
"തെറ്റ് ധാരണയോ...? കണ്മുന്നിൽ കണ്ടെന്നു പറഞ്ഞിട്ടും തർക്കിക്കാൻ തനികന്തസ്സില്ലേ...? പറഞ്ഞു തീർക്കാൻ ഒന്നുമല്ല, എല്ലാം അവസാനിപ്പിക്കാനാണ് വന്നത്. ഇനി ഒന്നും വേണ്ട, മതിയായി".
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.
"മേഘയുമായി നീ പലപ്പോഴും കോഫി ഷോപ്പുകളിലും, സിനിമക്ക് കേറിയപ്പോഴും ഞാൻ എന്നെ വിശ്വസിപ്പിച്ചു നിങ്ങൾ സുഹൃത്തുക്കളാണെന്ന്. അവളെ ഹോസ്റ്റലിൽ കൊണ്ടാക്കി കൊടുക്കുമ്പോഴും ഞാൻ വിചാരിച്ചു ചിലപ്പോൾ നിങ്ങൾ തമ്മിൽ നല്ല ആത്മ ബന്ധം രൂപപ്പെട്ട സുഹൃത്തുക്കളാണെന്ന്. നീ മഴ കൊണ്ടു പോകാൻ തയ്യാറായി അവൾക്ക് റെയിൻകോട്ട് കൊടുത്തപ്പോഴും മഴയിൽ കുതിർന്നു നിന്ന ഞാൻ വിചാരിച്ചു നീ കരുതലോടെ സുഹൃത്തിനോട് പെരുമാറിയത് ആണെന്ന്. ബീച്ചിൽ പോയി കിന്നാരം പറഞ്ഞപ്പോഴും അവൾ നിന്റെ കവിളിൽ ചുംബിച്ചപ്പോഴും ഞാൻ ആശ്വസിച്ചു,വിശ്വസിച്ചു... നീ അല്ലല്ലോ ചെയ്തത്, നിനക്ക് സുഹൃത്തായി കാണാനേ കഴിയൂ എന്ന്... ഒടുവിൽ നീ തന്നെ അവളെ നിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയപ്പോൾ..." അവൾ നിർത്തി ദീർഘശ്വാസമെടുത്തു.
"ഇനിയും കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുന്ന കാഴ്ചയല്ലത്. നിനക്കായി വന്നു ഒടുവിൽ എല്ലാം കാണാമറയത്ത് നിന്ന് ഒരു വിഡ്ഢിയെ പോലെ വീക്ഷിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ... കാരണം അത്രയും ദൂരം നമുക്കിടയിൽ നീ സൃഷ്ടിച്ചത് ഞാൻ അറിയാതെ പോയി. മതി, എല്ലാം ഇവിടെ വച്ചു നിർത്തിക്കോ..."
ശരത് നാവിറങ്ങിയത് പോലെ നിന്നു. വൈഗ സ്കൂട്ടറിൽ നിന്നും അവനായി വാങ്ങിയ ഗിഫ്റ്റും, ഒരു കിറ്റുമെടുത്തു.
"ഇതാ ഈ കിറ്റിൽ താൻ മേടിച്ച ഗിഫ്റ്റുകളാണ്, കൂടെ ഒരു കവറിൽ 5000 രൂപയും ഉണ്ട്. താൻ മേടിച്ചു തന്നിട്ടുള്ള ഷേക്കുകൾ കൂട്ടി നോക്കിയാൽ 2000 രൂപ ധാരാളം, ബാക്കി എന്നെ വിഡ്ഢിയാക്കിയതിനും,തന്റെ തിരക്കുള്ള സമയം പാഴാക്കി എന്നെ വിളിച്ചതിനുമുള്ള ടിപ്പാണ്. "
അവൻ മേടിക്കാൻ കൂട്ടാക്കിയില്ല, വൈഗ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
"ഇത് ഞാൻ മൂന്നാം ആനിവേഴ്സറി പ്രമാണിച്ച് മേടിച്ചതാണ്. ഞാൻ ആദ്യം വാങ്ങിയത് അരയന്നത്തെയായിരുന്നു. സ്വന്തം ഇണയെ നഷ്ടപ്പെട്ടാൽ ഹൃദയംപൊട്ടി മരിക്കുന്ന അരയന്നത്തെ. ആ ബിംബം തനിക്ക് ഒട്ടും ചേരുന്നതല്ല. അതു കൊണ്ടു തന്നെ അത് മാറ്റി വാങ്ങിച്ചു, തനിക്ക് ചേരുന്ന ഒരു രൂപം. എത്ര പാലു കൊടുത്തു വളർത്തിയാലും സ്നേഹിച്ചാലും ഓമനിച്ചാലും തക്കം കിട്ടുമ്പോൾ ചതിക്കുന്ന വിഷജന്തു. ഇതും താൻ സൂക്ഷിക്കണം. തന്നെ കോങ്ങനം കുത്തികൊണ്ട് തന്റെയടുത്തു ഇതുണ്ടാവണം. ദാ..."
അവന്റെ നെഞ്ചിലേക്കാ ബോക്സ് വൈഗ വലിച്ചെറിഞ്ഞു. ഒരു നെടുവീർപ്പോടെ അവൾ നിവർന്നു നിന്നു.
"എല്ലാം വീട്ടിൽ പറയാൻ ഇരുന്നതാ. ഇനി അതിന്റെ ആവശ്യമില്ല."
അവൾ പോകാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
ശരത് ഹാൻഡിലിൽ പിടിച്ചു എന്നിട്ട് ഒരു പുച്ഛ ചിരിയോടെ അവൾക്ക് നേരെ വന്നു.
"നീ എന്തു വിചാരിച്ചു, ഞാനങ്ങ് തകർന്നു പോകുമെന്നോ? എങ്ങനെ ഒഴിവാക്കും എന്ന് വിചാരിച്ചിരുന്നതാ... ഇനി അതിന്റെയും ആവശ്യമില്ല. ഇനി മണ്ടൂസ് ചെന്നാട്ടെ."
വൈഗയുടെ മുഖം ചുവന്നു അവൾ സ്കൂട്ടർ ഓഫ് ചെയ്തു. അവൾ എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ ശരത്തിന്റെ മുഖം കോപത്താൽ ജ്വലിച്ചു. വൈഗ ഫാർമസിയിലേക്കാണ് പോയത്.
"മേഘ... ഒന്ന് വരാമോ?"
"എന്താ വൈഗ പ്രശ്നം...? ദയവു ചെയ്ത് ശരത്തിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്."
വൈഗക്ക് ചിരി വന്നു.
"അയ്യോ, ഞാൻ ഈ ഇണപ്രാവുകളെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാം പറഞ്ഞവസാനിപ്പിക്കാൻ വന്നതാ. ഇനി നിനക്ക് സന്തോഷിക്കാം. എന്റെ ശല്യം ഉണ്ടാവില്ല." മേഘ അന്തംവിട്ടു.
"നിങ്ങൾ ബ്രേക്ക് അപ്പ് ആയതു കൊണ്ടാണ് ഞങ്ങൾ റിലേഷൻ തുടങ്ങിയത്."
"ബ്രേക്ക് അപ്പൊ...? ഓ... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ. എന്നാൽ കേട്ടോ, ഇതുവരെയും ഞങ്ങൾ ബ്രേക്കപ്പ് ആയിരുന്നില്ല. എന്നാൽ ഇന്ന് ശരിക്കും ആയി, നീ കാരണം..."
വൈഗ അവൾക്കു നേരെ ചൂണ്ടുവിരൽ ചൂണ്ടി. മേഘ എന്തുപറയണമെന്നറിയാതെ നിന്നു.
വൈഗ തുടർന്നു.
"എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല കാരണം നീ അല്ലല്ലോ എന്നെ ഓർക്കേണ്ടത്. പക്ഷേ, എനിക്കൊരു സംശയം തീർക്കാനാ ഇങ്ങോട്ടേക്ക് വന്നത്. ശരത് പറഞ്ഞത് നിങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും, എല്ലാം എന്റെ തെറ്റിദ്ധാരണയാണെന്നുമാണ്. നീ പറയുന്നു നിങ്ങൾ റിലേഷനിൽ ആണെന്ന്. ഏതാ ശരി...?"
മേഘയിലുണ്ടായ ഞെട്ടൽ അവൾക്ക് മനസ്സിലായി, അതായിരുന്നു വൈഗക്ക് വേണ്ടിയിരുന്നതും.
"ചതി പറ്റും, പക്ഷെ എല്ലാമറിഞ്ഞു കൊടുക്കുന്നതിനു മുന്നേ ആളും തരവും കൂടി നോക്കിയാൽ നിനക്ക് നല്ലത്."
വൈഗയുടെ വാക്കുകൾ കൂരമ്പുകൾ കണക്കാലെ മേഘയിൽ തറച്ചു കയറി.
വൈഗ വരുന്നതു കണ്ട് ശരത്തിന്റെ ചുണ്ടിൽ വീണ്ടും പുച്ഛ ചിരി വിടർന്നു. തൊട്ടുപുറകെ മേഘ വരുന്നതുകണ്ട് അവന്റെ ചിരി മങ്ങി. വൈഗ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും മേഘ അവനോട് കയർത്തു കൊണ്ട് ചോദിച്ചു.
"ഞാൻ നിന്റെ സുഹൃത്ത് മാത്രമാണോ?"
"അല്ല, നീ എന്തൊക്കെയാ ഈ പറയുന്നത്?"
"വൈഗയോട് അങ്ങനെയല്ലേ നീ പറഞ്ഞത്...?"
ശരത് വൈഗയെ തുറിച്ചു നോക്കി. അവൾ ഭംഗിയായി ചിരിച്ചു .
"ഇത്രയും നാൾ പെൺകുട്ടികളെ പറ്റിച്ചത് പോലെ ഇവളെയെങ്കിലും പറ്റിക്കാതിരുന്നാൽ അത്രയും ശാപം കുറഞ്ഞു കിട്ടും. ആത്മാർത്ഥമായി സ്നേഹിച്ചു ജീവിക്ക്. അല്ലെങ്കിൽ അങ്ങനുള്ളവർക്ക് കൂടി പേര് ദോഷമാണ് നിന്നെപോലുള്ള കീടങ്ങൾ."
വൈഗ സ്കൂട്ടർ പറപ്പിച്ചു. ഗേറ്റിനരികിൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി. പരിസരം മറന്നു മേഘയും ശരത്തും വാക്കുതർക്കത്തിൽ ആണ്. അവൾ നിർവൃതിയോടെ ചിരിച്ചു.