N N

Drama Romance Tragedy

3  

N N

Drama Romance Tragedy

വൈഗയുടെ 30 ദിവസങ്ങൾ: പ്രണയം -2

വൈഗയുടെ 30 ദിവസങ്ങൾ: പ്രണയം -2

2 mins
174


ദിനം 11: 24 ആഗസ്ത് 2020


ഭാഗം: 2


വൈഗ മാനസികമായി തകർന്നിരുന്നുവെങ്കിലും ദിവസം കഴിയും തോറും എല്ലാം മറക്കാൻ അവൾ മനസ്സിനെ തയ്യാറാക്കി കൊണ്ടിരുന്നു. ശാരദ എത്ര ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല. ഒരു സുഹൃത്തുമായി നന്നായി വഴക്കിട്ട് പിരിഞ്ഞു എന്ന് പറഞ്ഞു. അത് അവർക്ക് വിശ്വാസം ഇല്ലായിരുന്നുവെങ്കിലും പിന്നീട് ഒന്നും കൂടുതൽ ചോദിച്ചില്ല.


അവൾ മുറ്റത്തേക്കിറങ്ങി, നല്ല നിലാവുണ്ട്. ആകാശത്ത് പൂത്തുലഞ്ഞു നക്ഷത്രങ്ങളും. പാതിരാ കാറ്റ് അവളെ തലോടി, നല്ല തണുപ്പ് അനുഭവപ്പെട്ടു. വൈഗ തന്റെ ബാല്യകാലസ്മരണയിലേക്ക് പോയി.


നിലാവിന്റെ വെളിച്ചം ചിതറി കിടക്കുന്ന മുറ്റത്ത്‌, കാറ്റിന്റെ തലോടലുമേറ്റ് നക്ഷത്രങ്ങളെയും എണ്ണിപെറുക്കി വിശേഷം പറഞ്ഞിരുന്ന രാത്രികൾ വിദൂരമായിരിക്കുന്നു. അവൾ നിലാവെളിച്ചം തൂകി നിൽക്കുന്ന ചന്ദ്രനെ നോക്കി. എല്ലാ കൊച്ചു കുട്ടികൾക്കും ഏറെ പ്രീയപ്പെട്ട ഒരു സുഹൃത്തുണ്ടാകും. മനുഷ്യനുപരി അത് ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടിയായിരിക്കും. പൂമ്പാറ്റ, കിളികൾ, പൂക്കൾ, മൃഗങ്ങൾ, നക്ഷത്രം, മിന്നാമിന്നി തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ടാകും. തന്റെ കുട്ടിക്കാലത്തെ പ്രീയപ്പെട്ട സുഹൃത്തായിരുന്നു തിളങ്ങുന്ന ആ തേങ്ങാ പൂൾ. അതുപോലെ വേദനജനകവുമായ ഒരു സ്മരണ കൂടി എന്നിൽ തീർത്ത സുഹൃത്തും. എന്റെ നിഷ്കളങ്കമായ ചിന്തകളിൽ എനിക്കായി മാത്രം വരുന്ന, എന്റെ അടുക്കൽ തന്നെ കൂട്ടായി നിൽക്കുന്ന, എന്റെ കഥകൾ കേൾക്കുന്ന, ഞാൻ പോകുന്ന വഴികളത്രയും ദൂരം സഞ്ചരിക്കുന്ന എന്റെ പ്രിയ തോഴനായിരുന്നു ആ പ്രകാശവട്ടം.


ഒരു സയൻസ് ക്ലാസ്സിലാണ് എനിക്കെന്റെ പ്രിയ തൊഴനെ ആദ്യമായി നഷ്ടമാകുന്നത്. ഞാനറിയാതെ എന്നെപ്പോലെ മറ്റൊരു കുട്ടിക്കും സ്വന്തമായിരുന്നു അവൻ എന്ന സത്യം എന്നെ വല്ലാത്ത ദുഃഖത്തിലാഴ്ത്തി. ബാല്യക്കാലത്തെ നിഷ്കളങ്ക വാദപ്രതിവാദങ്ങൾക്കൊടുവിൽ ടീച്ചർ പറഞ്ഞു തന്ന ആംഗിൾ മോഷനും ഡയറക്ഷനുമൊന്നും അന്ന് മനസ്സിലായില്ലെങ്കിലും ഒരു പ്രതിഭാസം മാത്രമാണ് എന്നെയും ചന്ദ്രനെയും കൂട്ടിയിണക്കിയതെന്ന തിരിച്ചറിവുണ്ടായി, അതിലൂടെ കുറച്ചു പാഠങ്ങളും പഠിച്ചു.


ആരും ആരുടേയും ഒരിക്കലും സ്വന്തമല്ല. നമ്മൾ നിധിയായി കൊണ്ട് നടക്കുന്ന പല കാര്യങ്ങളും നാമറിയാതെ മറ്റു ചിലരും നിധിയായി കരുതി കാത്തുസൂക്ഷിക്കുന്നുണ്ടാകും. അറിയാതെ പോകുന്ന വാസ്തവങ്ങളുടെ പേരിൽ ചില ബന്ധങ്ങൾക്ക് തീവ്രത കൈവരുമ്പോഴും, വാസ്തവമറിയുന്ന നിമിഷത്തിൽ ആ തീവ്രതയ്ക്ക് പോലും നമ്മെ ആശ്വാസിപ്പിക്കാനാവില്ല. നാമറിയാത്ത ഏതോ പ്രതിഭാസമാണ് ബന്ധങ്ങളെ നിലനിർത്തുന്നത്. അതില്ലാതായാൽ ഈ ലോകത്ത് എല്ലാവരും ഏകനാണ്.


നിഷാഗന്ധിയുടെ നറുമണം വഹിച്ച കാറ്റിന്റെ തലോടലിൽ ആ സുഗന്ധം അവളുടെ മൂക്കിലേക്ക് പടർന്നു കയറി. അവൾ ചിന്തകളിൽ നിന്നുണർന്നു. വൈഗ മൃദുവായി ചിരിച്ചു.


തന്റെ കുട്ടികാലം തീർത്ത അതെ നൊമ്പരമാണ് യൗവ്വനവും നൽകിയത്. തന്റെ മാത്രമെന്നു കരുതിയ ശരത് മാറ്റാർക്കോ കൂടി സ്വന്തമാണ്. അവൾ ആകാശത്തു കൂടി നീങ്ങി പോയ നക്ഷത്രത്തെ നോക്കി...


ഈ നക്ഷത്രങ്ങൾ മുഴുവനും പ്രേമിക്കുന്ന വീരനായിരിക്കും ചന്ദ്രൻ. എന്നാൽ ചന്ദ്രൻ പ്രേമിക്കുന്നത് ഒരാളെയായിരിക്കില്ലേ...? അവന്റടുത്തേക്കുള്ള പ്രയാണമായിരിക്കാം നക്ഷത്രങ്ങളുടെ ഈ ഓട്ടം... മറ്റുള്ളവർ സങ്കടപ്പെടുന്നുണ്ടാകാം, തന്നെ പോലെ.


ശരത് സ്നേഹിക്കുന്ന നക്ഷത്രം താനാണെന്ന് വിചാരിക്കുകയും അഹങ്കരിക്കുകയും ചെയ്ത വിഡ്ഢിയായ നക്ഷത്രമാണ് താൻ. വിജയിച്ചു നിൽക്കുന്ന മേഘയോടവൾക്കൊരു വെറുപ്പും തോന്നിയില്ല. കാരണം ചന്ദ്രനാണ് നക്ഷത്രങ്ങളെ മോഹിപ്പിച്ചത്. ചന്ദ്രൻ തിരിഞ്ഞു നോക്കാത്ത നക്ഷത്രങ്ങളും, വഞ്ചിക്കപ്പെട്ട നക്ഷത്രങ്ങളും എത്ര ഭംഗിയായി തിളങ്ങി നിൽക്കുന്നു. അവരെ പോലെയായിരിക്കണം താനെന്നു വൈഗ മനസ്സിലോർത്തു.


വമ്പൻ കാർമേഘ കൂട്ടം ചന്ദ്രനെ മറച്ചു. അവൾ ചിന്തകളെ ഭേദിച്ചു.


പിറ്റേന്നും വൈഗ സുഖമില്ലെന്ന് പറഞ്ഞു അവധിയെടുത്തു. ശരത്തിനു മേടിച്ച ഗിഫ്റ്റുമായി അവൾ വാങ്ങിയ ഗിഫ്റ്റ് ഷോപ്പിൽ എത്തി.


"ഇത് കഴിഞ്ഞ ദിവസം ഇവിടുന്ന് മേടിച്ചതാണ്. എനിക്കിതൊന്നു മാറ്റി തരാമോ? "

"മാഡം, ബില്ലുണ്ടോ കയ്യിൽ? "

"ദാ... ബില്ലുണ്ട്..."

"ഓക്കേ മാഡം, സെലക്ട്‌ ചെയ്തോളു "

അവൾ പത്തി വിടർത്തി നിൽക്കുന്ന കരിമൂർഖന്റെ ഷോകേസ്‌ പീസ് എടുത്തു. ബില്ല് കൊടുത്ത് നേരെ സർവൈവ് മെഡിസിറ്റിയിലേക്ക് വിട്ടു.


Rate this content
Log in

Similar malayalam story from Drama