N N

Drama Inspirational

3  

N N

Drama Inspirational

വൈഗയുടെ 30 ദിവസങ്ങൾ - "ഒരു ചായ "

വൈഗയുടെ 30 ദിവസങ്ങൾ - "ഒരു ചായ "

3 mins
236


ദിനം 16: 22 ഒക്ടോബർ 2020


"എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി?"വൈഗ മിനിയോട് യാത്ര പറഞ്ഞു.

"നീ ഫ്രീ ആണോ?"

"എന്തേ?"

"തിരക്കില്ലെങ്കിൽ എന്റെ കൂടെ ഒന്ന് വരാമോ? ബ്രോഡ്‌വേ വരെ ഒന്ന് പോകണം. ബസ്സിന് പോയി വരുമ്പോൾ സമയം ഒരുപാട് ആകും."

"ഓ അതിനെന്താ ചേച്ചി? ഞാൻ വരാം. അമ്മയോടൊന്ന് ചോദിക്കട്ടെ."

"അപ്പോഴേക്കും ഞാൻ വേഗം കട അടക്കാം."


"ഹലോ!"

"അമ്മേ, ഞാനൊരു അല്പം വൈകും കേട്ടോ?"

"നിന്റെ അല്പം എന്ന് പറയുമ്പോൾ എത്ര മണിക്കൂർ ആകും?"

"ഓ... അമ്മേ,എനിക്ക് അറിയത്തില്ല എത്രയാകുമെന്ന്. മിനി ചേച്ചിയുടെ കൂടെ പർച്ചേസ് ചെയ്യാൻ ചെല്ലാമോന്നു ചോദിച്ചു. ഞാൻ വരാമെന്ന് പറഞ്ഞു."


"ആഹാ, പിന്നെന്തിനാ നിനക്കെന്റെ സമ്മതം/"

"എന്റെ പൊന്നമ്മേ എനിക്ക് തർക്കിച്ചു നിൽക്കാൻ സമയമില്ല, മിനി ഇപ്പോ വരും. എന്തെങ്കിലും ഒന്ന് വേഗം പറ."

"പോയിട്ട് വാ, അധികം വൈകരുത് കേട്ടോ?"

"ശരി അമ്മേ."


"ശരി.... ആ പിന്നെ എന്തായാലും നീ പോകുവല്ലേ മിക്സിയുടെ ജാർ മേടിച്ചോ."

"ജാറോ...? എനിക്കൊന്നുമറിയില്ല."

"എന്തറിയാനാടി, നീ പിഞ്ചുകുഞ്ഞ് ഒന്നുമല്ലല്ലോ... സുജാതയുടെ ഗ്രൈൻഡർ ജാർ എന്ന് പറഞ്ഞാൽ മതി. അതിത്ര വലിയ ആനക്കാര്യം ഒന്നുമല്ല. "

'"നോക്കട്ടെ, "

വൈഗ ഒഴുക്കൻമട്ടിൽ പറഞ്ഞു.

"എന്നാ ശരി അമ്മേ."

മിനി വരുന്നതു കണ്ട് വൈഗ കോൾ കട്ട് ചെയ്തു. അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.


 "അഞ്ചര മണിയായി, എല്ലാം കഴിയുമ്പോൾ ഒരു ഏഴര ഒക്കെ ആകുമെന്നു തോന്നുന്നു. നിനക്ക് കുഴപ്പമുണ്ടോ?"

"ഏയ്‌... ഇല്ലെടീ."

"അമ്മ എന്തു പറഞ്ഞു?"

"പ്രത്യേകിച്ചൊന്നും പറഞ്ഞില്ല, പോയ്ക്കോളാൻ പറഞ്ഞു."


 നല്ല ട്രാഫിക്കുണ്ടായിരുന്നു.

"നീ ഒരു കാര്യം ചെയ്യ്, ഏതെങ്കിലും ബേക്കറിയിൽ നിർത്ത്. നമുക്ക് ചായ കുടിച്ചിട്ട് പോകാം."

"സമയം പോകില്ലേ?"

"ചായ കുടിച്ചു ഒന്നുഷാറാകാം. നീ പേടിക്കണ്ട, ഏഴരയ്ക്ക് തീർന്നില്ലെങ്കിലും നമുക്ക് ഇറങ്ങാം."

 മിനി അവൾക്ക് ഉറപ്പു കൊടുത്തു.

"ഏയ് അതൊന്നും കുഴപ്പമില്ലെടി. എന്തായാലും വന്നതല്ലേ, എല്ലാം വേഗം മേടിച്ചിട്ട് ഇറങ്ങാം."

"ദേ...ഒരു "ഗ്രീൻ ടീ" ബേക്കറി. "

"പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലല്ലോ. നീയിറങ്ങ് ഞാനാ പള്ളിയുടെ സൈഡിൽ സ്കൂട്ടർ പാർക്ക് ചെയ്തിട്ട് വരാം".


വൈഗ വന്നപ്പോഴേക്കും മിനി ഒരു ടേബിൾ കണ്ടുപിടിച്ചിരിക്കുന്നുണ്ടായിരുന്നു. വൈഗ കൈകഴുകി അവൾക്ക് എതിർവശം വന്നിരുന്നു.

"എന്താ കഴിക്കാൻ?"

 മിനി ബംഗാളി പയ്യനോട് ചോദിച്ചു. അവൻ ഗ്ലാസ് റാക്കിലേക്ക് കൈ ചൂണ്ടി പറയാൻ തുടങ്ങി. വൈഗക്ക് വലിയ ഇൻട്രസ്റ്റ് തോന്നിയില്ല. ഇത്തരം ഭക്ഷണം അവൾ പരമാവധി ഒഴിവാക്കുകയാണ് ചെയ്യാറ്.

"നിനക്കെന്താ വേണ്ടത്?"

"ഓ, എനിക്കൊന്നും വേണ്ട ചേച്ചി.ഒരു ചായ മാത്രം മതി. നീ കഴിച്ചോ."

"എനിക്കൊരു കോഫിയും ചിക്കൻപഫ്സും."


10 മിനിറ്റിനുള്ളിൽ ബംഗാളി പയ്യൻ ചായയും കാപ്പിയുമായി വന്നു. നല്ല ചൂട് ചായ അവൾ ഊതി ഊതി കുടിച്ചു, നല്ലൊരു ഉന്മേഷം തോന്നി.


"ഇവിടെ ചായ ഒന്നുമില്ല."

 ക്യാഷ്യർ മേശയിൽ ഇരിക്കുന്ന മധ്യവയസ്കന്റെ ഒച്ച പൊങ്ങി. വൈഗ തിരിഞ്ഞുനോക്കി. ഒരു മുഷിഞ്ഞ ഷർട്ടും മുണ്ടുമുടുത്ത മധ്യവയസ്കന് നേർക്കാണയാൾ ചാടുന്നത്. കണ്ടിട്ട് ഒരു ഭിക്ഷക്കാരനാണെന്ന് തോന്നുന്നു. നീട്ടി വളർത്തിയ താടിയും മുടിയും ഒരു ഭ്രാന്തൻ ലുക്കും അയാൾക്ക് നൽകി.

"ഇതാ പൈസ." അയാൾ ഒരു 50 രൂപ നോട്ട് കാഷ്യറിന്റെ നേർക്ക് നീട്ടുന്നുണ്ട്.

"നിങ്ങളോട് പറഞ്ഞില്ലേ ഇവിടെ ചായ ഇല്ലെന്ന്?"

അയാൾ വിഷമത്തോടെ ചായ കുടിച്ചു കൊണ്ടിരിക്കുന്നവരെ നോക്കി. രണ്ടുമൂന്നു മിനിറ്റ് കൂടി അവിടെ നോക്കി നിന്നു.

കടയിലുള്ളവർ അത്ഭുതം കണ്ട പ്രതീതിയിൽ അയാളെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നുണ്ട്.


"നിങ്ങൾ പോകുന്നുണ്ടോ, ഇവിടെ ചായ ഇല്ലന്നല്ലേ പറഞ്ഞത്...?"

 ക്യാഷ്യർ അയാളോട് കയർത്തു.വൈഗ മിനിയെ നോക്കി.

"കഷ്ടം അയാൾക്ക് ഒരു ചായ കൊടുക്കുന്നില്ലല്ലോ?"

"നിനക്ക് എന്തിന്റെ വട്ടാ വൈഗ, ഇങ്ങനെയുള്ളവർക്കൊക്കെ കൊടുക്കാൻ തോന്നില്ല. എന്ത് ചെയ്യാനാ?"

"നമുക്ക് ചായ തരാൻ കഴിയുമെങ്കിൽ അയാൾക്കും കൊടുക്കാൻ കഴിയും."

"അയാളുടെ വേഷം കണ്ടില്ലേ നീ?"

"എന്താ അങ്ങനെയുള്ളവർക്ക് വിശപ്പില്ലേ?"

 വൈഗ എഴുന്നേറ്റു.

"നീ ഒന്ന് അടങ്ങിയിരിക്ക്, എല്ലാറ്റിനും കേറി ഇടപെടാതെ... "

"എല്ലാറ്റിനും കേറി ഇടപെടുന്ന സ്വഭാവം എനിക്കില്ല. പക്ഷേ ഇതൊക്കെ കണ്ടാൽ എനിക്ക് ഇടപെടാൻ തോന്നും. കാരണം, നീ ഉൾപ്പെടെ ഇവിടെയുള്ളവർ ഇടപെടാതിരിക്കുന്നതു കൊണ്ട്."


"ഇയാളൊന്നു പോടോ.. തനിക്ക് തരാൻ ചായയില്ല."

 ചുരുട്ടിപ്പിടിച്ച ന്യൂസ് പേപ്പർ കൊണ്ടയാളെ കുത്തുന്നുണ്ട് കാഷ്യർ.

"നിങ്ങൾ എന്താ ഈ കാണിക്കുന്നത്?"

 വൈഗ പേപ്പറിനൊരു തട്ടുകൊടുത്തു.


"നിങ്ങൾ ഈ സ്ഥാപനം വെച്ചിരിക്കുന്നത് എന്തിനാ...? നിങ്ങൾക്ക് ഒരു വരുമാനമാർഗം മാത്രമല്ല, ഇതൊരു സേവനം കൂടിയാണ്. വിശക്കുന്നവർക്ക് ആഹാരം നൽകുന്ന സേവനം. അതേ സേവനമാണ് നിങ്ങളോടിയാൾ ആവശ്യപ്പെട്ടത്.

ഫ്രീയായിട്ട് ഒന്നുമല്ലല്ലോ പൈസക്ക് തന്നെയാണ്. ഇനി അയാൾ തന്നില്ലെങ്കിൽ ഞാൻ തരാം. അദ്ദേഹത്തിന് വേണ്ടത് എന്താണെന്ന് വെച്ചാൽ കൊടുക്കുക."


കാഷ്യർ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനൊരു സപ്പോർട്ട്.

"നിങ്ങൾക്ക് പ്രശ്നമില്ലായിരിക്കും. ഇവിടെയിരുത്തി കൊടുത്താൽ മറ്റു കസ്റ്റമർക്കത് ബുദ്ധിമുട്ടാണ്. എനിക്ക് എന്റെ ബിസിനസ് ആണ് വലുത്."

"എന്ത് ബിസിനസ് ആണ് സാർ? നിങ്ങൾ ഞങ്ങളുടെ സ്റ്റാറ്റസ് നോക്കിയാണോ ചായ തന്നത്? ഓ...വേഷവിധാനം ആകും അല്ലേ? പക്ഷേ മനുഷ്യർ ഒന്നാണ് സാർ,വിശപ്പും. ഇപ്പോൾ ഈ സ്റ്റാറ്റസ് ഉള്ളവർ നാളെ ഭിക്ഷക്കാർ ആയിക്കൂടെന്നില്ല, അല്ലെങ്കിൽ മനസ്സിന്റെ താളം പിഴക്കില്ല എന്നും അവർക്കുറപ്പ് പറയാൻ പറ്റില്ല. നിങ്ങൾ ചായ കൊടുത്തില്ലെങ്കിൽ ഞാൻ പോലീസിന് കംപ്ലയിന്റ് ചെയ്യും. "

കാഷ്യറിന്റെ മുഖം ചുവന്നു. അയാൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.

"ഒരു ചായ."

 അയാൾ ബംഗാളി യോട് വിളിച്ചു പറഞ്ഞു. പുറത്തു വിഷമിച്ചാ മനുഷ്യൻ നിൽക്കുന്നുണ്ട്.


"കഴിക്കാൻ എന്തെങ്കിലും വേണോ?"

 വൈഗ അയാളോട് ചോദിച്ചു.

"ഉം..." അയാൾ മൂളി.

"എന്താ വേണ്ടത്?" അവൾ അയാളോട് ചിരിച്ചു.

"അയാൾ പഴംപൊരി യിലേക്ക് കൈചൂണ്ടി.

ഡിസ്പോസിബിൾ പ്ലേറ്റിൽ രണ്ട് പഴംപൊരി ക്യാഷ്യർ എടുത്തുവച്ചു വൈഗക്ക് നേരെ നീട്ടി. അവളാ പ്ലേറ്റ് ഭിക്ഷക്കാരന് നൽകി. അയാളത് വാങ്ങി പതിയെ പതിയെ കഴിക്കാൻ തുടങ്ങി. പുറത്തു നിൽക്കുകയാണ്. അകത്തേക്ക് കയറാൻ കടക്കാരൻ സമ്മതിക്കില്ലെന്നവൾക്കുറപ്പുണ്ടായിരുന്നു.അയാളെ വകവെക്കാതെ അവൾ അകത്തു നിന്നും ഒരു കസേര എടുത്തിട്ടു കൊടുത്തു .

"ഇവിടെ ഇരുന്നു കഴിച്ചോളൂ."

 

ക്യാഷ്യർന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു. അവളത് ഗൗനിക്കാതെ തല വെട്ടിച്ചു.

"വൈഗ, പോകാം."

 മിനി ശബ്ദംതാഴ്ത്തി അവളോട് പറഞ്ഞു.

"ഒന്നു വെയിറ്റ് ചെയ്യ് "

അയാൾ ചായ കുടിച്ചു കഴിഞ്ഞ് പേപ്പർ ഗ്ലാസും പ്ലേറ്റും വേസ്റ്റ് ബിന്നിലിട്ടു. കസേര അകത്തേക്ക് നീക്കിയിട്ടു. വൈഗ ടേബിൾനരികിൽ താൻ എടുത്ത സ്ഥലത്ത് കസേര കൊണ്ടിട്ടു. അയാൾ കൊടുത്ത പൈസ കാഷ്യർ മേടിക്കാൻ കൂട്ടാക്കിയില്ല.

"ഞാൻ കൊടുത്തോളാം, ചേട്ടൻ പൊയ്ക്കോളൂ."

അവൾ 100 രൂപ നോട്ട് എടുത്ത് നീട്ടി, ക്യാഷ്യർ തട്ടിപ്പറിക്കും വിധത്തിൽ ആ പൈസ വലിച്ചെടുത്തു. അവൾക്കത് ഇഷ്ടമായില്ല.വൈഗയുടെ മുഖം ചുളിഞ്ഞു.


അവൾക്കുനേരെ നീട്ടിയ ബാക്കി 30 രൂപ അയാൾ ചെയ്ത അതേ രീതിയിൽ വൈഗ വലിച്ചെടുത്തു. അവൾ ഭിക്ഷക്കാരനെ നോക്കി ചിരിച്ചു. അയാളവളെ നോക്കി നന്ദി പൂർവ്വം ചിരിച്ചിട്ട് തന്റെ കയ്യിലിരുന്ന 50 രൂപ നോട്ടവൾക്ക് നേരെ നീട്ടി. അവൾ മേടിച്ചില്ല.

"ചേട്ടൻ വെച്ചോളൂ."

"ഇല്ല കുട്ടി, ഇത് മേടിക്കണം."

അയാളുടെ കണ്ണിൽ തെളിഞ്ഞ വ്രണപ്പെട്ട അഭിമാനം അവൾക്ക് വായിക്കാൻ കഴിഞ്ഞു. അവളാ രൂപ മേടിച്ചിട്ട് തന്റെ കയ്യിലെ ബാക്കി അയാൾക്ക്‌ നൽകി. അയാൾ മനസ്സ് നിറഞ്ഞു ചിരിച്ചിട്ടവളോട് യാത്ര പറഞ്ഞിറങ്ങി. അയാൾ പോയ വഴിയിലേക്കവൾ നോക്കി.


"വൈഗ, പോകാം."

 മിനി ധൃതികൂട്ടി,അവൾക്ക് നാണക്കേടനുഭവപ്പെട്ടു.

"അതെ മാന്യനായ സർ, നിങ്ങളേക്കാൾ മര്യാദയും, അഭിമാനവും,അന്തസ്സും ആ പോയ മനുഷ്യനുണ്ട്. വേഷവിധാനത്തിലെ അയാൾ ഭിക്ഷക്കാരനായിട്ടുള്ളു, എന്നാൽ സ്വഭാവത്തിൽ ശരിക്കും നിങ്ങളാണ് ഭിക്ഷക്കാരൻ "


ക്യാഷ്യർ മുഖത്ത് അടിയേറ്റ പോലെ നിന്നു, അയാളുടെ മറുപടിക്ക് കാത്തു നിൽക്കാതെ വൈഗ അമർഷത്തോടെ പുറത്തേക്കിറങ്ങി.


Rate this content
Log in

Similar malayalam story from Drama