Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

N N

Drama Romance


3  

N N

Drama Romance


വൈഗയുടെ 30 ദിവസങ്ങൾ - "നൊമ്പരം"

വൈഗയുടെ 30 ദിവസങ്ങൾ - "നൊമ്പരം"

2 mins 140 2 mins 140

ദിനം 21: 6 ഡിസംബർ 2020


"വൈഗ, നീയെന്താ പോത്തുപോലെ കിടന്നുറങ്ങുന്നത്? സമയം ഏഴര ആയി." വൈഗ അനങ്ങുന്നത് കൂടിയില്ല.

"എടി,നിനക്കെന്താ ചെവി കേട്ടൂടെ?" അവർ പുതപ്പു വലിച്ചു മാറ്റാൻ ശ്രമിച്ചു.

"അമ്മയ്ക്കെന്താ...? എനിക്ക് വയ്യാ... ഞാനിന്ന് പോണില്ല." അവൾ ചൂടായി.

"നീ കിടന്നു ചാടുന്നതെന്തിനാ...? അത് പറഞ്ഞാൽ പോരെ,എനിക്കറിയാമോ?"

ശാരദയുടെ ശബ്ദമിടറി. അവർ മുറി വിട്ടിറങ്ങി, വാതിൽ ചാരി.


അവൾക്ക് വല്ലായ്മ തോന്നി.

"എന്റെ ഈ നശിച്ച ദേഷ്യം ഞാൻ മരിച്ചാലെങ്കിലും മാറോ? എല്ലാവരെയും വേദനിപ്പിക്കുവാനെ എന്നെക്കൊണ്ട് കഴിയുള്ളൂ." അവളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകി.

അവൾ ലീവ് വിളിച്ചു പറയാൻ കൂട്ടാക്കിയില്ല. കണ്ണുകൾ മുറുകെ അടച്ചു കിടന്നു.


സമയം 11 കഴിഞ്ഞിട്ടും വൈഗ എഴുന്നേൽക്കാതായപ്പോൾ ശാരദ വീണ്ടും അവളുടെ മുറിയിൽ എത്തി.

"നല്ല ഉറക്കം ആണെന്ന് തോന്നുന്നു."

അവർ നെറ്റിയിൽ കൈ വച്ചു നോക്കി. ചൂട് ഒന്നുമില്ല, അവർക്കവളെ വിളിക്കാൻ ധൈര്യം വന്നില്ല. വീണ്ടും ചൂടായാലോ? അവർ സംശയിച്ചു നിന്നു.


"അമ്മേ, ഞാൻ ഉറങ്ങിയിട്ടില്ല."

അവൾ കണ്ണുകൾ തുറന്നു. ശാന്ത ഭാവമായിരുന്നു.

"നിനക്ക് സുഖമില്ലേ?"

"എനിക്കെന്തോ ഒരു സുഖം തോന്നുന്നില്ല, ആ മെഡിക്കൽ ഷോപ്പ് തന്നെയായിരുന്നു എനിക്ക് ചേരുന്നത്."

"ഒരു മാസം കഴിഞ്ഞപ്പോഴാണോ നിനക്ക് ബോധോദയമുണ്ടായത്എ/ ന്താ പ്രശ്നം?"

"വലിയ പ്രശ്നമൊന്നുമല്ല, അമ്മേ. ഒരാൾ എന്നെ സഹായിച്ചു. എനിക്കാ സഹായം ഇഷ്ടമായില്ല, ഞാൻ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. ഇപ്പോ എനിക്കവിടെ ജോലിക്ക് പോകാൻ തോന്നുന്നില്ല."

"നിന്റെ ദേഷ്യം കുറയ്ക്കുന്നതാ വൈഗ നിനക്കും, നിന്റെ ഭാവിക്കും നല്ലത്. ഞാനെന്തു പറയാനാ...? നിന്റെ ഇഷ്ടം പോലെയല്ലേ എല്ലാം നടക്കുന്നത്? ഇതും അങ്ങനെ തന്നെ ചെയ്യ്. പോകുകയോ, പോകാതിരിക്കുകയോ... എല്ലാം നിന്റെ ഇഷ്ടം."

അവളെ കുറ്റപ്പെടുത്തിക്കൊണ്ട് ശാരദ അടുക്കളയിലേക്ക് പോയി.

 

ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ സൗമ്യ ചേച്ചിയെ(ഹെഡ് ഫാർമസിസ്റ് ) വിളിച്ചു.

"എന്താ വൈഗ വരാഞ്ഞത്?"

"ചേച്ചി, എനിക്ക് നല്ല സുഖമില്ല. കുറച്ചു മുന്നേ എഴുന്നേറ്റുള്ളൂ... അതുകൊണ്ടാ വിളിക്കാൻ വൈകിയത്."

"എന്തു പറ്റി?"

"നല്ല തലവേദന, നാളെ വരാം ചേച്ചി. എനിക്ക് ലീവ് തരാമോ?'

"ശരി പക്ഷേ ഇതിനി ആവർത്തിക്കരുത്. വല്ല അത്യാവശ്യമുണ്ടെങ്കിൽ നേരത്തെ വിളിച്ചറിയിക്കണം."

"സോറി, ചേച്ചി."

"ശരി, റെസ്റ്റ് എടുക്ക്."

"താങ്ക്യൂ ചേച്ചി!"


പിറ്റേന്ന് രാവിലെ തന്നെ വൈഗ വീട്ടിൽ നിന്നിറങ്ങി. സ്കൂട്ടർ പാർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ വരുൺന്റെ കാർ വരുന്നതവൾ കണ്ടു. ഈ സമയത്താണവൻ വരുന്നതെന്ന് വൈഗക്ക് അറിയാമായിരുന്നു. അവൾ അവിടെത്തന്നെ വെയിറ്റ് ചെയ്തു. വരുൺ അടുത്തെത്തിയപ്പോൾ വൈഗ ചിരിച്ചു കൊണ്ട് വിഷ് ചെയ്തു.

"ഗുഡ്മോണിങ് ഡോക്ടർ!"

വൈഗയെ ശ്രദ്ധിക്കാതെ അവൻ മുന്നോട്ടു നടന്നു... അവൾ വല്ലാതായി.


വൈകിട്ടും ഇതാവർത്തിച്ചു.

"Excuse me, ഡോക്ടർ."

വരുണിന്റെ മുന്നിലേക്കവൾ ചെന്നു.

"എനിക്കറിയാം ഞാൻ പറഞ്ഞതല്പം കൂടിപ്പോയെന്ന്. Sorry, I am extremely sorry."

"Its ok, ഞാനാ വിഷയം വിട്ടു. താൻ പൊയ്ക്കോളൂ."

"ഞാൻ റിസൈൻ ചെയ്യുന്നില്ല."

"As you wish."


"ഡോക്ടർ, പ്ലീസ്. എനിക്ക് മനസ്സിലായി, ഞാൻ ഒരു അഹങ്കാരിയാണെന്ന്."

"വൈഗ, താൻ അഹങ്കാരിയായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ വ്യക്തമായ ലക്ഷ്യങ്ങളുള്ള ഒരാളാണെന്ന് എനിക്ക് തോന്നി. സത്യം പറഞ്ഞാൽ എനിക്ക് തന്നെ ഇഷ്ടപ്പെട്ടിരുന്നു. താൻ ഇപ്പൊ കല്യാണം വേണ്ടെന്ന് പറഞ്ഞു അകത്തേക്കോടി പോയപ്പോഴാണ് കൂടുതൽ ഇഷ്ടം തോന്നിയത്, തന്നെ മാത്രമല്ല തന്റെ ആഗ്രഹങ്ങളോടും. എന്റെ ആ ആത്മാർത്ഥ ഇഷ്ടം കൊണ്ടാകാം ദൈവമായി തന്നെ എന്റെ മുന്നിലെത്തിച്ചത്. തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടി സഹായിക്കാൻ ഞാനർഹനാണെന്ന് അറിയാതെ ധരിച്ചു പോയി, തിരിച്ചൊന്നും പ്രതീക്ഷിട്ടില്ല. താൻ എന്നെ ഇഷ്ടപ്പെടണമെന്ന് ഞാൻ ആവശ്യപ്പെട്ടില്ലല്ലോ. തന്റെ തീരുമാനത്തെ മാനിക്കുകയാണ് ചെയ്തത്. പക്ഷേ ഞാനറിയാതെയാണെങ്കിലും തനിക്കൊരു ശല്യമാണ് ഉണ്ടാക്കിയത്. ഇനിയാ ശല്യം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല... ഇന്നു മുതൽ മറ്റുള്ളവരെ പോലെ തന്നെ ഞാൻ വൈഗയെയും കാണുന്നുള്ളൂ."

വരുൺ അവളെ നോക്കി മൃദുവായി ചിരിച്ചു.

"ബൈ!"


വൈഗയുടെ മറുപടി കാക്കാതെ വരുൺ മുന്നോട്ടു നടന്നു. അവൾക്കെന്തോ പ്രീയപ്പെട്ട വസ്തു നഷ്ടപ്പെട്ടതു പോലെ തോന്നി. അറിയാതെ ശരത്തിനെയും വരുണിനെയും ഒരു പോലെ ഓർത്തു പോയി. കപട സ്നേഹത്തെയും, യാഥാർത്ഥ്യ സ്നേഹത്തെയും അവൾ മുഖാമുഖം കണ്ടു. തന്റെ ചെറിയ ആഗ്രഹത്തെ പോലും ഓർത്തു വെച്ച് തന്റെ കൂടെ നിന്ന്, താൻ പോലുമറിയാതെ സഹായിക്കുകയാണ് വരുൺ ചെയ്തത്. നിസ്വാർത്ഥമായ സ്നേഹം കാണാൻ തനിക്ക് കഴിയാതെ പോയി. കണ്ണുനീരവളുടെ കവിളിനെ ചുംബിച്ചു.


പിന്നീട് പലപ്പോഴും അവർ തമ്മിൽ കണ്ടുമുട്ടിയെങ്കിലും അപരിചിതരെ പോലെയാണ് വരുൺ പെരുമാറിയത്. പാർക്കിംഗിൽ വെച്ച് കാണുമ്പോഴൊക്കെ വൈഗ വിഷ് ചെയ്യാൻ ശ്രമിച്ചെങ്കിലും അറിയാതെയോ മനഃപൂർവ്വമോ കണ്ടഭാവം നടിച്ചില്ല. അവൾക്കുറപ്പായി അന്ന് വരുൺ പറഞ്ഞത് കാര്യമായിട്ടായിരുന്നു.


"ഇന്നു മുതൽ മറ്റുള്ളവരെപോലെ തന്നെ ഞാൻ വൈഗയെയും കാണുന്നുള്ളൂ."

 അവൾക്ക് പേരറിയാത്തൊരു നൊമ്പരം മനസ്സിൽ രൂപപ്പെട്ടു.


Rate this content
Log in

More malayalam story from N N

Similar malayalam story from Drama