N N

Drama Inspirational

3  

N N

Drama Inspirational

വൈഗയുടെ 30 ദിവസങ്ങൾ - ദൈവദൂതൻ

വൈഗയുടെ 30 ദിവസങ്ങൾ - ദൈവദൂതൻ

2 mins
147


ദിനം 3: 26 ഏപ്രിൽ 2020.


വൈഗ എടിഎം കൗണ്ടറിൽ നിന്നും പൈസ എടുക്കുവാനായി കാത്തുനിൽക്കുകയാണ്. നല്ല തിരക്കുണ്ട്. ഞായറാഴ്ച്ച ആയത് കൊണ്ടാകാം.


"ഏയ്‌, മീര!"


ക്യുവിന്റെ മുൻവശത്തു നിന്ന മീരയെ അപ്പോഴാണ് വൈഗ കണ്ടത്. ഹൈ സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും പതിയെ ബന്ധത്തിന് മങ്ങലേറ്റു. പഠന തിരക്കുകൾ മൂലമോ കാലത്തിന്റെ കുസൃതി മൂലമോ ഇരുവരുടെയും ബന്ധത്തിന് പഴയ കെമിസ്ട്രി രൂപപ്പെട്ടില്ല, കാണുമ്പോൾ കുശലം ചോദിക്കും, വിശേഷം പറയും.


മീര വൈഗയെ കണ്ടപ്പോൾ ഒന്ന് പതറി.

"ആ വൈഗ, എന്തൊക്കെയുണ്ട് വിശേഷം?"

"നല്ലത് തന്നെ, നിനക്ക് ജോലിയില്ലേ?"

"ആ ഉണ്ട്. ഇപ്പോൾ  ലോക്ഡൌൺ അല്ലേ, അതുകൊണ്ട് പോകണ്ട. "

"ഓ, അമ്മയ്ക്കോ?"

"അമ്മക്കും ഇപ്പോ പോകണ്ട."


"പിന്നെ എന്താ പരിപാടി?"

"കുറച്ച് സാധനങ്ങൾ മേടിക്കാൻ ഉണ്ടായിരുന്നു, പൈസ എടുക്കാൻ വന്നതാ."

മീര പൈസ എടുക്കാനായി കയറി.

"ഞാൻ പോകുവാട്ടോ, പിന്നെ കാണാം."

"ശരി, ടി. പിന്നെ കാണാം, ബൈ "

മീര വേഗത്തിൽ നടന്നു.


"മീര വല്ലാതെ മാറിപ്പോയല്ലോ എന്റെ വിശേഷമെങ്കിലും മുമ്പ് ചോദിക്കുമായിരുന്നു. ഇപ്പൊ അതും ഇല്ല."

അവൾ മീര പോയ വഴിയിലേക്ക് നോക്കി.

"നീയൊന്നും മേടിച്ചില്ലേ?"

വെറും കൈയോടെ കയറി വന്ന മീരയോട് സാവിത്രി ചോദിച്ചു.

"ഞാനെന്ത് എടുത്തു വെച്ച് മേടിക്കാനാണ്? ആകെ ഉണ്ടായിരുന്നത് 56 രൂപയായിരുന്നു. എടുക്കാൻ നോക്കിയിട്ട് പറ്റിയില്ല, എന്റെയിലിനി ഒരു രൂപയില്ല."

മീര നീരസപ്പെട്ടു.


"നമ്മുടെ കാര്യം വിട്, അപ്പുവിന് വല്ലതും കൊടുക്കണ്ടേ മോളെ?"

"അവന്റെ അച്ഛന്റെ അടുത്തേക്ക് പറഞ്ഞു വിട്."

"മീരേ..."

സാവിത്രിക്ക് കരച്ചിൽ വന്നു.

"അല്ലാതെ ഞാനെന്തു പറയാനാ, അമ്മേ? കടം പെരുകിയപ്പോ അച്ഛൻ പോയി. ഭർത്താവിന്റെ ദ്രോഹം സഹിക്കാതെ ചേച്ചിയും പോയി. ഇനി പട്ടിണിക്കിട്ടു ഇവനെയും പറഞ്ഞു വിടണോ? ഡിഗ്രി പഠിച്ചവർക്ക് ജോലിയില്ല, പിന്നെയല്ലേ ഹൈ സ്കൂൾ വിദ്യാഭ്യാസമുള്ള എനിക്ക്. ആകെ ഉണ്ടായിരുന്ന നക്കാപ്പിച്ച ജോലിയും ഇപ്പോൾ ഇല്ലാതായിട്ട് മാസം ഒന്നു കഴിഞ്ഞു. ഒരു തരി സ്വർണമില്ല പണയം വെക്കാൻ. ഞാൻ എന്ത് ചെയ്യണം ...? മതിയായി. ബന്ധുക്കൾക്കും, വേണ്ട നാട്ടുകാർക്കും വേണ്ട. മരിക്കുന്നത് തന്നെയാ നല്ലത്."


സാവിത്രി കരയാൻ തുടങ്ങി.

"പട്ടിണികിടന്നാലും ശരി തല്ലിക്കൊല്ലാനായി അപ്പുനെ ഞാനങ്ങോട്ട് വിടത്തില്ല."

മീന മരിക്കുമ്പോൾ അപ്പുവിന് നാല് വയസ്സായിരുന്നു. പരാതിയും കേസുമെല്ലാം എളുപ്പം തേഞ്ഞു മാഞ്ഞു പോയി. ആകെ ഉണ്ടായിരുന്ന ആശ്വാസം അപ്പൂനെ കിട്ടിയത് മാത്രമായിരുന്നു.

"മീരേ..."

"അമ്മ എന്നെ വിളിക്കണ്ട, ചോദിക്കാനിനി ആരുമില്ല. അയൽവക്കത്തു പോയി നാണം കെടേണ്ട. അവരും കഷ്ടപ്പെട്ട് ജീവിക്കുന്നവരാ."

മീര മുറിക്കകത്ത് കയറി വാതിലടച്ചു.


അപ്പു ഇപ്പോഴും ഉറക്കമാണ്. അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് സാവിത്രി നോക്കി, തലയിൽ മെല്ലെ തഴുകി. മീനയെ അവർക്കോർമ്മ വന്നു. ഇതു പോലെ തന്നെയായിരുന്നു അവളും.

"എന്തിനാ മോളെ നീയും അത് ചെയ്തത്? അച്ഛന്റെ ആത്മഹത്യയിൽ പഴിച്ചു കൊണ്ടിരുന്ന നീ തന്നെ അത് ചെയ്തല്ലോ!"

അവർ കണ്ണീർ തുടച്ചു. സാവിത്രി തിണ്ണയിൽ വന്നിരുന്നു.

"മതിയായി ജീവിതം."


തുരുമ്പിച്ച ഗേറ്റ് തുറക്കുന്ന ശബ്ദം അവരെ ചിന്തയിൽ നിന്നുണർത്തി. ഒരു ഓട്ടോയാണ്. പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ. ഒരു ചാക്കരിയും പലവ്യഞ്ജനങ്ങൾ അടങ്ങിയ കൂടും തിണ്ണയിൽ എടുത്തു വെച്ചു. സാവിത്രി അന്തം വിട്ടു നിന്നു.


"ചേച്ചി ഞാൻ ഇവിടൊക്കെ തന്നെ ഉള്ളതാ. ഞങ്ങളുടെ കാരുണ്യ സംഘം കാരുണ്യ പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. ഇപ്രാവശ്യം ഈ ജംഗ്ഷനിലാണ് ചെയ്യുന്നത്, ഗൃഹനാഥനില്ലാത്ത വീടുകൾക്കാണ് മുഖ്യമായും സഹായം നൽകുന്നത്."

അപ്പു ഇറയത്തേക്കിറങ്ങി വന്നു.

സാവിത്രിയുടെ കയ്യിലേക്ക് 2500 രൂപ ആ ചെറുപ്പക്കാരൻ വച്ചു കൊടുത്തു.

"വേണ്ട മോനെ, ഇതുതന്നെ ധാരാളം. നിങ്ങൾക്ക് ഈശ്വരൻ നന്മയെ നൽകുള്ളൂ."

"അത് സാരമില്ല, ചേച്ചി. കൊച്ചു ഉള്ളതല്ലേ, വല്ല മീനോ ഇറച്ചിയോ മേടിക്കാലോ?"

അവൻ നിർബന്ധിച്ച് രൂപ കയ്യിൽ വച്ചു കൊടുത്തിട്ട് ഓട്ടോയിലേക്ക് കയറി.


മീര ജനലിന് പിന്നിൽ നിന്നും എല്ലാം കാണുന്നുണ്ടായിരുന്നു

"എന്താ അമ്മേ ഇത്? മേടിക്കണ്ടായിരുന്നു."

"നീ അഭിമാനവും കെട്ടിപ്പിടിച്ച് ഇരുന്നോ, ദൈവം എത്തിച്ച കുഞ്ഞാ അത്."

 സാവിത്രി നിറകണ്ണുകളോടെ കൈകൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു.

 മീരയും സാവിത്രിയും കൂടി കിറ്റുകൾ അകത്തേക്ക് കയറ്റി.


"വൈഗേ, നീ പറഞ്ഞതുപോലെ എത്തിച്ചിട്ടുണ്ട് കേട്ടോ."

"പൈസ മേടിച്ചോ?"

"ആദ്യം മേടിച്ചില്ല,പിന്നെ നിർബന്ധിച്ച് കൊടുത്തു. പാവം അമ്മ, ആരാത്?"

"എനിക്ക് വേണ്ടപ്പെട്ട ഒരു വീടാ. എന്തായാലും താങ്ക്യൂ, അഭി. നീ വിളിച്ചപ്പോൾ വന്നല്ലോ."

"ഇതൊക്കെ ഒരു സഹായം അല്ലേടി, എന്തിനാ നന്ദിയൊക്കെ?"

വൈഗ ചിരിച്ചു.


Rate this content
Log in

Similar malayalam story from Drama