N N

Drama Romance

3  

N N

Drama Romance

വൈഗയുടെ 30 ദിവസങ്ങൾ - "ചിലവ്"

വൈഗയുടെ 30 ദിവസങ്ങൾ - "ചിലവ്"

2 mins
240


ദിനം 19: 4 ഡിസംബർ 2020


വൈഗ ഇപ്പോൾ ധർമഗിരി ഹോസ്പിറ്റൽ ഫാർമസിയുടെ ഒരു ഭാഗമായി കഴിഞ്ഞു. ഊരിവെച്ച തന്റെ കോട്ടിനോട് അവൾക്ക് വീണ്ടും വല്ലാത്ത പ്രണയം തുടങ്ങി. വൈഗ സഹപ്രവർത്തകരോട് കൂടുതൽ അടുക്കാൻ പോയില്ല. തന്റെ ഇത്രയും കാലത്തെ അനുഭവങ്ങൾ ഉൾക്കൊണ്ട് അവൾ എടുത്ത തീരുമാനമായിരുന്നു അത്. ആരോടും അമിതമായി അടുക്കുകയോ, മറ്റുള്ളവരുടെ കുറ്റം പറച്ചിലിൽ കൂടുകയോ, തന്റെ രഹസ്യങ്ങൾ പറയുകയോ വേണ്ടെന്നവൾ ഉറച്ച തീരുമാനമെടുത്തു.


ആരോടും ഇഷ്ടക്കുറവോ, ഇഷ്ട കൂടുതലോ കാണിച്ചില്ല. അവിടെ ചെന്നാൽ അവൾ ഒരു വർക്കഹോളിക്കായി മാറി. ആരെന്തു സഹായം ചോദിച്ചാലും തിരസ്കരിക്കാതെ ചെയ്യാൻ സന്നദ്ധയാണവൾ. ഡ്യൂട്ടി സമയം കഴിഞ്ഞാൽ നേരെ വീട്. അവിടുള്ളവർക്കൊക്കെ അവളോടരടുപ്പം തോന്നി തുടങ്ങി.

 

കാന്റീൻലോ, കഫ്റ്റീരിയയിലോ, പാർക്കിംഗിലോ ഒക്കെ അവിചാരിതമായി വരുണിനെ കാണും. അവർക്കിടയിൽ ഒരു ഹായ്, ബൈ ബന്ധം രൂപപ്പെട്ടു. അങ്ങനെ അവളുടെ കരിയർ സ്വപ്നസാക്ഷാത്കാരത്തിന്റെ ഒരു മാസം പിന്നിട്ടു. എല്ലാ മാസവും മൂന്നാം തീയതിയാണ് ശമ്പളം അക്കൗണ്ടിലേക്ക് കയറുന്നത്.


"വൈഗ, ഇവിടുത്തെ ആദ്യ ശമ്പളമല്ലേ? ചിലവ് വേണം."

 കീർത്തന തമാശ രീതിയിൽ പറഞ്ഞു.

"അതെ, അത് നിർബന്ധമാ."

മായയും കീർത്തനയുടെ തമാശയ്ക്ക് പിൻബലം നൽകി.

"എല്ലാവർക്കും തരുന്നുണ്ട്."

വൈഗ മൃദുവായി ചിരിച്ചു.


പിറ്റേന്ന് ഫാർമസിയിലുള്ളവർക്കായി ഒരു ബോക്സ് ലഡുവും ജിലേബിയും ആയാണ് അവൾ വന്നത്. സ്കൂട്ടർ പാർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ വരുൺ എതിരെ വരുന്നുണ്ടായിരുന്നു. അയാളവളെ ശ്രദ്ധിച്ചില്ലെങ്കിലും വൈഗ അവനെ കണ്ടു.


"ഹായ് ഡോക്ടർ, ഗുഡ്മോർണിംഗ്!"

 "ഹായ്, വൈഗ. ഗുഡ്മോർണിംഗ്! എന്തൊക്കെയുണ്ട് വിശേഷം?"

"ഫസ്റ്റ് സാലറി കയറി. അത് തന്നെ ഏറ്റവും നല്ല വിശേഷമല്ലേ?"

വരുൺ ചിരിച്ചു.

"എല്ലാവർക്കും നിർബന്ധം ചിലവ് വേണമെന്ന്, ആ... ഡോക്ടർക്ക് തന്നെ ഇരിക്കട്ടെ ആദ്യത്തെ ചിലവ്."


അവൾ ബോക്സ് അവനു നേരെ നീട്ടി.

"ഓ..."വരുൺ ഒരു ലഡ്ഡു എടുത്തു.

"താങ്ക്യൂ!"

"യു ആർ ഓൾവെയ്സ് വെൽക്കം!"

വൈഗ ചിരിച്ചു. അവന്റെ ചുണ്ടിൽ ഒരു നിമിഷമറിയാതെ ഇതുവരെയുള്ളതിൽ ഏറ്റവും ഭംഗിയുള്ള ചിരി കടന്നു പോയി.


"വൈഗ ഗുഡ്മോണിങ്!"

 മായയായിരുന്നു.

"ഹായ് ഗുഡ് മോർണിംഗ്, മായ!"

"എന്താ ഇവിടെ?"

അവൾ വൈഗയുടെ കയ്യിലെ ബോക്സും വരുൺന്റെ കയ്യിലെ ലഡുവും ശ്രദ്ധിച്ചു.


"ആഹാ ഇത് ശരിയായില്ല, ഞങ്ങൾക്കാണ് ആദ്യം ചിലവ് തരേണ്ടത്. വേണ്ടപ്പെട്ടവർക്ക് ഒളിച്ചു കൊടുക്കലൊക്കെ പിന്നെ..."

 വൈഗ വല്ലാതായി. വരുണിൽ ഭാവ വ്യത്യാസം കാണാൻ കഴിഞ്ഞില്ല.

"അപ്പൊ ശരി ഡോക്ടർ, ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ."

"ഓ, യെസ്."

 അവൻ ചിരിച്ചു. അവൾ പോയി കഴിഞ്ഞപ്പോൾ മധുരപലഹാരം കഴിക്കാത്ത ശീലമായിരുന്നിട്ടും ആ ലഡു രുചിയോടെ കഴിച്ചു.


"നീയെന്താ ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിക്കുന്നത്?"

"ഓ പിന്നെ, എനിക്ക് എല്ലാം മനസ്സിലായി..."

"എന്ത് മനസ്സിലായെന്ന്?"

"നിങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ലേടി?"

"നിനക്കെന്താ വട്ടുണ്ടോ/"

"ഒന്ന് പോടീ, പൊട്ടൻ കളിക്കാതെ... പുള്ളി ഇതുവരെയും കല്യാണം കഴിച്ചിട്ടില്ല. നല്ല സുന്ദരനായ അടിപൊളി സർജൻ. നിന്നെ പോലെ തന്നെ ആരോടും വലിയ ചങ്ങാത്തം കൂടലില്ല, പ്രത്യേകിച്ച് പെണ്ണുങ്ങളോട്. നിന്റെ സംശയം കൊണ്ടല്ലെടി അത്? എന്നിട്ടും ഞങ്ങളൊക്കെ അങ്ങോട്ട് കയറി ചിരിക്കും, ആ ചിരി പോലും കാണാത്താളാ... പക്ഷെ,നിന്നോട് മാത്രം വല്ലാത്തൊരടുപ്പവും, സംസാരവും... നീ മുന്നിൽ വന്നാൽ പുള്ളിയുടെ മുഖത്ത് കാണാം ആ പ്രകാശം."


"ഓഹോ അങ്ങനെയൊരു പ്രകാശം ഞാൻ കാണാറില്ലല്ലോ?"

"എന്നാ അങ്ങനെ ഒരു പ്രകാശമുണ്ട്. നീ ഒന്നും പറയണ്ട... നിങ്ങൾ തമ്മിൽ എവിടെയോ വച്ച് കണ്ടിഷ്ടപ്പെട്ടു തുടങ്ങിയതാ. ആ പ്രണയം കൊണ്ട് തന്നെയാ അതേ ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് വന്നത്."

 വൈഗ ആ പെണ്ണ് കാണൽ കഥ പറഞ്ഞില്ല.

"നിനക്ക് വട്ട് തന്നെ, കഥ മെനയാൻ നീ കഴിഞ്ഞേയുള്ളൂ. ഞാൻ അവിചാരിതമായാണ് ഇവിടെ വന്നത്. എനിക്ക് പുള്ളിയെ ഒരു മുൻ പരിചയം പോലുമില്ല."


"എന്റെമ്മോ, എന്ത് തള്ളാടി ഇത്...? മുൻ പരിചയം ഇല്ല പോലും. എന്നിട്ടാണോ പുള്ളിയുടെ റെക്കമെന്റേഷനിൽ നിനക്കിവിടെ ജോലി കിട്ടിയത്?"

"റെക്കമെന്റേഷനോ?" വൈഗ നിന്നു.

"അടുത്ത അഭിനയം... ഒന്ന് പോടീ, നിന്റെ നാടകം കാണാൻ എനിക്കിപ്പോ സമയമില്ല."

 മായ മുന്നോട്ടു നടന്നു.

"ഏയ്‌, മായ. എനിക്കൊന്നും മനസ്സിലാകുന്നില്ല."

 അവൾ മായെ പിടിച്ചുനിർത്തി.


"എടീ മുൻപരിചയമില്ലാഞ്ഞിട്ടും നിനക്കിവിടെ കിട്ടിയതിനു കാരണം ഡോക്ടറിന്റെ റെക്കമെന്റേഷൻ കൊണ്ടാണ്. നീയിതറിഞ്ഞില്ലെന്ന് പറഞ്ഞിട്ട് എനിക്ക് അത്ഭുതം തോന്നുന്നു. നിന്നോട് പുള്ളി ഒന്നും പറഞ്ഞില്ലേ?"

 വൈഗ ഒന്നും മിണ്ടിയില്ല അവൾക്ക് വല്ലാത്തൊരു ഷോക്ക് പോലെ തോന്നി.

"ഡോക്ടറുടെ റെക്കമെന്റേഷൻ കൊണ്ടാണോ തനിക്ക് ജോലി കിട്ടിയത്."


മായ അവളെ നോക്കി കള്ളച്ചിരി ചിരിച്ചിട്ട് അകത്തേക്ക് പോയി. അവളാകെ വിളറി നിന്നു. പുറകോട്ട് തിരിഞ്ഞു നോക്കി, വരുൺ നടന്നു വരുന്നുണ്ട്. ഇപ്പോൾ തങ്ങൾക്കിടയിൽ ഏതാനുമടി അകലം മാത്രം. അവരുടെ കണ്ണുകൾ തമ്മിലുടക്കി.


"വേണ്ട, ചോദിക്കാൻ പറ്റിയ സന്ദർഭമല്ല. എൻട്രൻസ് ആണ്, തിരക്കുമുണ്ട്."

 അവൾ വേഗം ഐഡികാർഡ് കാണിച്ചകത്തേക്ക് കയറി. അവളിലെ ഭാവ വ്യത്യാസം എന്തുകൊണ്ടാണെന്ന് വരുണിന് മനസ്സിലായില്ല. 


Rate this content
Log in

Similar malayalam story from Drama