വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം പന്ത്രണ്ട്

വൈഗ - ഭാഗം പന്ത്രണ്ട്

4 mins
190


പ്രതീക്ഷ് ഒന്നു ചിരിച്ചു.

"ചിരിക്കാതെ എത് വീടാണെന്ന് പറയ്...?" വൈഗ പിന്നെയും ചോദിച്ചു.

"എൻ്റെ വീട്..."


"അവർക്ക് താമസിക്കാൻ കൊടുത്താൽ പ്രതീക്ഷ് എവിടെ കഴിയും?"

"അതിനല്ലേ നിൻെറ വീട്..."

"കല്യാണം കഴിയാതെയോ...?"

"നാളെ നമുക്ക് രജിസ്റ്റർ ചെയ്യാം. അപ്പോൾ പിന്നെ എന്താ കുഴപ്പം... ലൈസൻസ് ആയല്ലോ...?"


"അതൊന്നും പറ്റില്ല. എൻ്റെ കല്യാണം ആഘോഷമായി നടത്തണമെന്നത് എൻ്റെ അമ്മയുടെ ആഗ്രഹമാ..." വൈഗയുടെ മുഖംവാടി ശബ്ദം താഴ്ന്നു.

"എൻ്റെ പൊട്ടിപ്പെണ്ണേ... ഞാനൊരു ജോക്ക് പറഞ്ഞതല്ലേ...? അവർ അവിടെ താമസിച്ചോട്ടെ, എനിക്ക് കഴിയാൻ ഒരു റൂം മതി..."


"നമുക്ക് ദീപേച്ചിയെ വിളിച്ച് പറയാം."

"വേണ്ട, നാളെ ഞാൻ നേരിട്ട് പറഞ്ഞോളാം. ഇങ്ങനെ ഉള്ള കാര്യങ്ങൾ നേരിൽ ആവണം. കാരണം അവർക്ക് നമ്മളെ അത്ര പരിചയം ഇല്ല. ഫോണിൽ കൂടി പറഞ്ഞാൽ ചിലപ്പോൾ സമ്മതിച്ചെന്നു വരില്ല. ഇന്നു കണ്ട ഒരാളുടെ സഹായം സ്വീകരിക്കാൻ ആരും മടിക്കും."


"നാളെ ഞാൻ വരണോ...? ജോലിക്ക് പോണം..."

"നീ വരേണ്ട, ഞാൻ പൊക്കോളാം... നീ പറഞ്ഞതെത്ര ശരിയാ... ഗീതമ്മയെ പരിചയപ്പെട്ടാൽ ഇഷ്ടം കൂടുകയേ ഉള്ളെന്ന്. അതു സത്യമാ... ഗീതമ്മയോടും ദീപേച്ഛിയോടും ഒക്കെ വല്ലാത്ത ഇഷ്ടം തോന്നുന്നു. എൻ്റെ അമ്മയും പെങ്ങളും ആണെന്ന ഒരു ഫീൽ ആണ്."


"ഒരു നിമിത്തം പോലെയാണ് ഗീതമ്മ എൻ്റെ മുന്നിൽ വന്നുപെട്ടത്. എൻ്റെ ആരോ ആണെന്ന തോന്നൽ ആണ് ഓരോ തവണ കാണുമ്പോഴും. നിനക്കറിയോ, നമ്മൾ ഒറ്റയ്ക്കല്ലേ? എനിക്കും നിനക്കും അമ്മ മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ...? നമ്മുക്ക് സഹോദരങ്ങൾ ഇല്ല, ബന്ധുക്കളും ഇല്ല. നമ്മളെ സ്നേഹിക്കാൻ മറ്റാരും ഉണ്ടായിരുന്നുമില്ല. അതാവും ഗീതമ്മയെ ഇങ്ങനെ സ്നേഹിക്കുന്നത്. തണലിൽ ആക്കാൻ എനിക്ക് സമ്മതമായിരുന്നില്ല. ഗീതമ്മയുടെ നിർബന്ധം കൊണ്ടാണ് അവിടെ ആക്കിയത്."


"അതു നന്നായി, ഗീതമ്മയുടെ മക്കൾ കേസു കൊടുത്താൽ നീ പെട്ടേനെ..."

"പ്രതീക്ഷ്... ദീപേച്ചി ഒക്കെ നിൻെറ വീട്ടിൽ താമസിക്കാൻ സമ്മതിച്ചാൽ ഗീതമ്മയ്ക്കും അവർക്കൊപ്പം നിൽക്കാലോ...?"

"അതൊക്കെ ആലോചിച്ചിട്ടാണ് എൻ്റെ വീട് കൊടുക്കാമെന്ന് പറഞ്ഞത്. വാടക തന്നില്ലേലും വിഷയമില്ല. അർഹതയുള്ളത് ആർക്കും തട്ടിക്കളയാൻ സാധിക്കില്ല." പ്രതീക്ഷ് പറഞ്ഞത് വൈഗയ്ക്ക് മനസിലായില്ല...


"എന്തർഹതയുടെ കാര്യമാ പറഞ്ഞത്?"

"ഒന്നുമില്ല, എൻ്റെ വൈഗക്കുട്ടി... എനിക്ക് നിൻെറ അമ്മെ ഒന്നു കാണണം."

"എന്താ പ്രത്യേകിച്ച് ഇത്ര കാണാൻ... ഇന്നും കണ്ടതല്ലേ...?"

"ആ കാഴ്ച വേറെ... ഇനിയുള്ള കാഴ്ച സീരിയസായി സംസാരിക്കാനാണ്... നിൻെറ അമ്മ നിന്നെ കെട്ടിച്ചു തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കാൻ തുടങ്ങിയിട്ട് നാലു വർഷമായി. അതിനൊരു തീരുമാനം ഉണ്ടാക്കണം..."


"അമ്മ പറഞ്ഞാൽ കെട്ടിച്ചു തരും... ലോട്ടറി ക്കാരെപ്പോലെ നാളെ നാളെ എന്നതിനു പകരം അടുത്ത ലീവിന് അടുത്ത ലീവിന് എന്നുപറഞ്ഞ് നീട്ടിക്കൊണ്ടു പോയത് എൻ്റമ്മയല്ല. നീയല്ലെ...? അതെങ്ങനാ ...? മനസ്സിൽ മറ്റാരേലും ഉണ്ടോന്ന് ആർക്കറിയാം. കാത്തിരുന്ന് കാത്തിരുന്ന് മൂക്കിൽ പല്ലു കിളിർക്കും." പ്രതീക്ഷിനെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി വൈഗ പറഞ്ഞു.

"മൂക്കിൽ പല്ലുകിളിർത്താൽപ്പിന്നെ കാണാൻ ഒരു ഭംഗിയുണ്ടാവില്ല." 


ഇണങ്ങിയും പിണങ്ങിയും അവർ വൈഗയുടെ വീടെത്തി.

"പോയ കാര്യം നടന്നോ പ്രതീക്ഷ്...?" സുഷമ പ്രതീക്ഷിനോട് ചോദിച്ചു.

"പിന്നല്ലാതെ മുന്നോട്ടു വച്ചകാൽ പിന്നോട്ടെടുക്കില്ല, അമ്മേ..."

"സന്തോഷം മോനെ... വാ, ചായ കുടിച്ചിട്ട് സംസാരിക്കാം ..." സുഷമ ചായയെടോക്കാനായി അടുക്കളയിലേയ്ക്ക് പോയി. 


"നിനക്ക് അമ്മയോട് എന്തോ സംസാരിക്കാനില്ലേ...? അപ്പോഴേയ്ക്കും ഞാൻ പോയി ഒന്നു ഫ്രഷ് ആയി വരാം. കല്യാണക്കാര്യമൊക്കെ നിങ്ങൾ തമ്മിൽ ആയിക്കോ... എപ്പോഴാന്ന് പറഞ്ഞാൽ മതി ഞാൻ റെഡി..." വൈഗ കള്ളച്ചിരിയോടെ മുറിയിലേയ്ക്ക് നടന്നു.

"അവളെവിടെ മോനെ...?"

"കുളിച്ചിട്ടുവരാമെന്നോ പറഞ്ഞ് പോയി."


"ചായ കുടിക്ക്... എനിക്ക് ചിലത് പറയാനുണ്ട്."

"എനിക്കും പറയാനുണ്ട്. ആദ്യം അമ്മ പറയ്... എന്താ അമ്മേ...?"

"മറ്റൊന്നുമല്ല. നിങ്ങളുടെ കല്യാണക്കാര്യമാ..."


"ഇനിയും നീട്ടി വയ്ക്കണ്ട... ഇങ്ങനെ ഒന്നിച്ചുള്ള യാത്രയൊന്നും ശരിയല്ല. നിങ്ങളെ വിശ്വാസമില്ലാഞ്ഞിട്ടല്ല. നമ്മുടെ നാടിൻ്റെ രീതിയും നാട്ടുകാരുടെ സ്വഭാവവും ഒക്കെ പഴഞ്ചനാ... സ്വന്തം കാര്യം എങ്ങനാണേലും മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാത്ത വിലയിരുത്തൽ നടത്തും. അതിനിട കൊടുക്കാതെ എത്രയും പെട്ടെന്ന് തന്നെ നടത്തണം... നീ എന്തു പറയുന്നു?"

"അമ്മ പറയുമ്പോലെ ... എന്നാ ഞാനിറങ്ങട്ടെ... അവളോട് ഞാൻ പോയെന്നു പറഞ്ഞാൽ മതി."

"ശരി..."


പ്രതീക്ഷിൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു. താൻ പറയാൻ വന്നത്... അമ്മ പറഞ്ഞിരിക്കുന്നു. പ്രതീക്ഷ് വണ്ടി സ്റ്റാർട്ട് ചെയ്തു.


"ആഹാ എന്നോട് പറയാതെ പോവാണോ...? മുറ്റത്തേക്ക് ഓടിയിറങ്ങി വന്ന വൈഗ പറഞ്ഞു.

"നീ താമസിക്കുമെന്നോർത്തു. കോൾ ചെയ്യാം... മടുത്തു പെണ്ണേ... ഒന്നു ഉറങ്ങണം. നല്ല ക്ഷീണമുണ്ട്..." പ്രതീക്ഷ് പറഞ്ഞു.


"അതേയ്... നീ മുമ്പേ പറഞ്ഞ കാര്യം അമ്മയോട് പറഞ്ഞോ...?"

"ഇല്ല..." പ്രതീക്ഷ് അമ്മ തിണ്ണയിൽ നിൽപ്പുണ്ടോ എന്നുനോക്കി.

"നോക്കേണ്ട, അമ്മ അകത്തോട്ട് പോയി. അതെന്നാ പറയാഞ്ഞത്...?" വൈഗ ചിണുങ്ങി ചോദിച്ചു.

"ഞാനെങ്ങനെ ചോദിക്കും... അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അമ്മ എന്നോട് ചോദിച്ചു. ഇങ്ങനെ കറങ്ങി നടന്നാൽ മതിയോ എന്ന്." 


"അമ്പട കള്ളാ...എന്നിട്ട്..."

"ഞാൻ പറഞ്ഞു ഇപ്പോൾ വേണ്ട എന്ന് ..."

"അതു ശരി... അടുത്ത ലീവിനു വരുമ്പോൾ ആട്ടെ എന്നു പറഞ്ഞല്ലെ...?" 

"ഉംം... അല്ലാതെ പിന്നെ... അമ്മ നിർബന്ധിക്കുമെന്നു കരുതി. അമ്മ സമ്മതിച്ചു. അടുത്ത ലീവിനു വരുമ്പോൾ മതിയെന്ന്. പിന്നെ ഞാനെന്നാ പറയാനാ..." പ്രതീക്ഷ് വൈഗയുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചു.


"കഷ്ടം... എന്തൊക്കെ ആയിരുന്നു... പ്ലാൻ... കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് മാറുക. ആ വീട് ദീപേച്ചിക്ക് താമസിക്കാൻ കൊടുക്കുക... ശ്ശെ... ഇനി എങ്ങനെ ... അവർക്കൊരു വീട് കണ്ടെത്തണ്ടെ...?

"പിന്നെ കാണാം ഞാൻ പോട്ടെടി..."

"ശരി ശരി... നാളെ ദീപേച്ചിയുടെ അടുത്തു പോയി വരുമ്പോൾ ഇതിലെ വരണേ..." വൈഗ പറഞ്ഞു.

"ഓക്കെ..." കാർ കണ്ണിൽ നിന്നും മറയുന്നതുവരെ വൈഗ നോക്കി നിന്നു.


"അവൻ വീടെത്തിക്കാണും... നിനക്ക് ചായ വേണ്ടെ...? എടുത്തു മേശപ്പുറത്ത് വച്ചിട്ടുണ്ട്, തണുത്തു പോകും..." സുഷമ അകത്തു നിന്നും വിളിച്ചു പറഞ്ഞു.

"ദാ വരുന്നു..." വൈഗ അടുക്കളയിലേയ്ക്ക് ചെന്നു.

"പോയ കാര്യം എന്തായി...?"


"എൻ്റമ്മേ... ഗീതമ്മയുടെ വീട്ടിൽ പോയി, മരുമോൾ ഉണ്ടായിരുന്നു. ഞങ്ങൾ ഗീതമ്മയുടെ മോൻ രാഹുലിന്റെ ഫ്രണ്ടാണെന്നാണ് പറഞ്ഞു.

അത് അവർ വിശ്വസിച്ചു. അമ്മ എവിടെ എന്നു ചോദിച്ചു. അപ്പോൾ പറയുവാണ് മോളുടെ അടുത്തു പോയതാണ് നാളെയേ വരു എന്ന്... കള്ളം പറയാൻ മിടുക്കി ആണ്. ഞങ്ങൾ അങ്ങോട്ട് ചെല്ലുമ്പോൾ ഒരു ചേച്ചി കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നത് കണ്ടിരുന്നു. ഗീതമ്മയ്ക്ക് രണ്ടു മക്കൾ ആണുള്ളത്, മൂത്തത് രാഹുലും ഇളയത് ദീപയും..."


"അവർക്കറിയാരുന്നോ ഗീതമ്മ എവിടാണെന്ന്...?"

"അതല്ലേ... രസം... രാഹുൽ തണലിൽ വന്ന് ഗീതമ്മയെ കണ്ട കാര്യം പറഞ്ഞു. എവിടാണെന്നു പറഞ്ഞില്ല."

"അതെന്താ ഭാര്യയോട് പറയാഞ്ഞത്...?"


"അയാൾ പാവമാ...അയാളുടെ ഭാര്യ മായ അത്ര പാവമല്ല. മനസ്സിൽ ഒന്നുമില്ലേലും നാവിൽ വരുന്നത് പറയും... അങ്ങനെ എന്തോ പറഞ്ഞു ഗീതമ്മയ്ക്ക് ഇഷ്ടായില്ല. ഇറങ്ങിപ്പോന്നു. എന്നാൽ മായേച്ചിക്ക് ഒരു വിഷമവും ഇല്ല... അമ്മായിയമ്മയല്ലേ...? എന്തിനു വിഷമിക്കണം... ഇതൊക്കെ ആണു ലോകം..."


"ഗീതമ്മയുടെ മോളെ എവിടെ വെച്ച് കണ്ടു...?" വൈഗ ദീപയെ കണ്ടതും ദീപേച്ചിയുടെ വീട്ടിൽ പോയതും അവരുടെ അവസ്ഥയും എല്ലാം പറഞ്ഞു...

"എൻ്റെ അമ്മേ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം അല്ലേൽ അവർ വല്ല അവിവേകവും ചെയ്യും... ദയനീയമാണ് അതു പറഞ്ഞാൽ മതി." 


"നമ്മൾ എന്തു ചെയ്യാനാ... ഒരു കാര്യം പറഞ്ഞേക്കാം... ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടേണ്ട... കേട്ടല്ലോ...? ആ ചെറുക്കനെക്കൂടി ഇതിൽ പിടിച്ചിട്ടു. "

"എൻ്റമ്മേ... മനസാക്ഷി ഇല്ലാതെ പറയല്ലേ...? എന്നേക്കാൾ അവരെ സഹായിക്കാൻ മനസു കാണിക്കുന്നത് പ്രതീക്ഷാണ്. സ്വന്തം വീട് അവർക്ക് താമസിക്കാൻ കൊടുക്കാനാ പ്ലാൻ ..."


"ഈശ്വരാ... ഈ പിള്ളേരെന്നാ ഇങ്ങനെ...? ഒന്നും ചിന്തിക്കാതെ എടുത്തു ചാടുന്നത്. കല്യാണം കഴിഞ്ഞാൽ നിങ്ങൾക്ക് അവിടെ താമസിക്കേണ്ടതല്ലേ...?"

"ഓ... അടുത്ത ലീവ് വരെ ടൈം കിടക്കുവല്ലേ...? അപ്പോഴേയ്ക്കും... മറ്റൊരു വീട് കണ്ടെത്താലോ...?"


"അടുത്ത ലീവോ...? ഞാൻ നാളെത്തന്നെ തിരുമേനിയെ കണ്ട് തീയതി കുറിപ്പിക്കാൻ പോവാ... ഇതിങ്ങനെ വിട്ടാൽ പറ്റില്ല..."

ബാക്കി പറയോന്നത് കേൾക്കാൻ നിൽക്കാതെ സുഷമ എണീറ്റു പോയി..


"അമ്മ എന്താ പറഞ്ഞത്? നാളെ തീയതി കുറിപ്പിക്കാൻ പോവാണെന്നല്ലേ...? അവൻ പറഞ്ഞത് അടുത്ത ലീവിനു മതിയെന്നല്ലേ...? അമ്മ പിന്നെ എന്തിനു തീയതി കുറിപ്പിക്കണം...? എന്തൊ കള്ളത്തരം ഉണ്ട്...?"

അന്ന് കിടക്കുമ്പോഴും വൈഗയുടെ മനസ്സിൽ കല്യാണത്തെപ്പറ്റി അമ്മയും പ്രതീക്ഷും പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.


പിറ്റേന്ന് രാവിലെ നിർത്താതെ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വൈഗ ഉണർന്നത്...

"എത്ര നേരായി ബെല്ലടിക്കുന്നു. ഒന്നേൽ എടുക്ക് അല്ലേൽ കട്ട് ചെയ്യ്..." സുഷമ പറഞ്ഞു.

വൈഗ എണീറ്റ് ഫോണെടുത്തു. ആരാവും ഇത്ര രാവിലെ...? മനസ്സിൽ പറഞ്ഞു കൊണ്ട് കോൾ എടുത്തു. 

"ഹലോ... ഹലോ..."


 റിംസ് ഹോസ്പിറ്റലിൽ നിന്നാണ്...


 തുടരും...


Rate this content
Log in

Similar malayalam story from Drama