വൈഗ - ഭാഗം ഒന്ന്
വൈഗ - ഭാഗം ഒന്ന്
വൈഗ സ്കൂട്ടിയുടെ സ്പീഡ് കൂട്ടി. മനസ് ശരിയല്ല. പാവം തൻ്റെ അമ്മ. അച്ഛൻ്റെ മരണ ശേഷം എത്ര കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിച്ചത്. അരുക്കിച്ചുരുക്കിയുള്ള ജീവിതത്തിൽ സന്തോഷം എന്നത് അമ്മ അറിഞ്ഞിട്ടില്ല. ആ അമ്മയെ ഒറ്റയ്ക്കാക്കി മരണത്തിനെ കൂട്ടുപിടിക്കാൻ തനിക്കാവില്ല. താൻ വിഡ്ഢിയാക്കപ്പെടുന്നു എന്ന തോന്നൽ മനസിലായിട്ടും പ്രതീക്ഷിനോട് പിണങ്ങാനും തനിക്കാവുന്നില്ല.
ഈ ഡിസംബർ നഷ്ടങ്ങളുടെയാണ്. എന്തൊക്കെ പ്രതീക്ഷകളാരുന്നു. താനും പ്രതീക്ഷും ഒന്നിച്ചുള്ള ജീവിതം. എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും അവസാനിക്കാൻ പോകുന്നു. എപ്പോഴാണ് തങ്ങൾക്കിടയിൽ അകൽച്ച തുടങ്ങിയത്? കൃത്യമായി അറിയില്ലയെങ്കിലും ഒരു കാര്യം ഉറപ്പാണ് കാരണം പ്രതീക്ഷിൻ്റെ ഫ്രണ്ട്സാണ്.
അവന് എന്നേക്കാൾ ഇഷ്ടം ഫ്രണ്ട്സാണ്. അവൻ്റെ ഇഷ്ടം നടക്കട്ടെ... വൈഗയ്ക്ക് തൻ്റെ സമനില തെറ്റുമെന്നു തോന്നി. കണ്ണുകൾ നിറഞ്ഞ് റോഡ് കാണാതായി. എതിരെ വരുന്ന വണ്ടിയും കാണാനാവുന്നില്ല. ആകെ മൂടൽ.
"ഇയാൾ ചാകാൻ ഇറങ്ങിയിരിക്കയാണോ...? ഓരോന്ന് ഇറങ്ങും മറ്റുള്ളവരെ ചുറ്റിക്കാൻ..."
വൈഗ ഞെട്ടിപ്പോയി. ഒരു ബൈക്കുകാരൻ തൻെറ ഭാഗ്യത്തിനോ അയാളുടെ ഭാഗ്യത്തിനോ ഇടിച്ചില്ല. പെട്ടെന്ന് ബ്രേക്ക്ചെയ്തു. ട്ണിം... ഒരൊച്ചയും വണ്ടിയൊന്നു കുലുങ്ങി വൈഗ മുന്നോട്ടാഞ്ഞു. എന്താ സംഭവിച്ചതെന്ന് മനസിലാകാൻ കുറച്ചു നിമിഷം വേണ്ടി വന്നു.
വൈഗയുടെ പിറകെ വന്ന വണ്ടികൾ ബ്രേക്കിട്ടു. വൈഗ തിരിഞ്ഞു നോക്കി. തൻ്റെ വണ്ടിയുടെ സാരി ഗാർഡിൽ തൊട്ടുപിറകെ വന്ന കാർ തട്ടിയ ശബ്ദമാണ് താൻ കേട്ടത്. കാർ ഓടിച്ചയാൾ വേഗം കാറിൽ നിന്നും ഇറങ്ങി വന്ന് സോറി പറഞ്ഞു. ആരൊക്കയോ വൈഗയുടെ ചുറ്റിനും കൂടി.
"എന്താ എന്തു പറ്റി?"
ആരൊക്കെയോ ചോദിക്കുന്നു.
"ഏയ് ഒന്നുമില്ല..."
ചിലർ വണ്ടിയുടെ പിറകൊക്കെ നോക്കി.
"ഒന്നും പറ്റിയില്ല.കുട്ടി പൊക്കോളൂ..."
വൈഗ വണ്ടി സ്റ്റാർട്ട് ചെയ്തു.
പിന്നെയും പ്രതീക്ഷിനെപ്പറ്റി മാത്രമായി ചിന്ത. അവന് അവൻ്റെ ഫ്രണ്ട്സാണ് എല്ലാം. ഡ്യൂട്ടി കഴിഞ്ഞാലും അല്ലാത്തപ്പോഴൂം എല്ലാം. എന്തെങ്കിലും പരാതി പറഞ്ഞാൽ അപ്പോൾ തുടങ്ങും:
"വൈഗാ... ഞാൻ നിന്നേപ്പോലെ എപ്പോഴും വാട്സ് ആപ്പിലല്ല. നീ കരുതിയിരിക്കുന്നത് സിനിമയിലും നോവലിലും കാണുന്നതാണ് ജീവിതം എന്നാണ്. അതൊക്കെ ഓരോരുത്തരുടെ ഭാവന. റിയൽ ലൈഫ് മറ്റൊന്നാണ്... നമ്മൾ പരസ്പരം സ്നേഹിക്കുന്നവരാണ്... വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്. എന്നു വെച്ച് എപ്പോഴും അതു തന്നെ സംസാരിക്കണമെന്നില്ല. മെസേജ് കണ്ടില്ലേൽ അപ്പോൾ തുടങ്ങും
എവിടാ?
എത്ര നേരായി?
ബിസിയാണോ?
അല്ലേലും എന്നോട് മിണ്ടാൻ സമയമില്ലല്ലോ...
തുടങ്ങി ഓരോന്ന്... ദേ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. എനിക്ക് സമയം കിട്ടും പോലെ ഞാൻ മെസേജ് ഇട്ടോളാം അല്ലേൽ കോൾ ചെയ്യും... നീ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങൾ മനസിലാക്കൂ..."
പിന്നെ കുറച്ചു ദിവസത്തേക്ക് മെസേജും ഇല്ല കോളും ഇല്ല. ഇപ്പോൾ ഒരാഴ്ചയായി. യാതൊരു വിവരവും ഇല്ല. എന്തായാലും എൻ്റെ സമാധാനം നഷ്ടായി... അവനറിയില്ലല്ലോ ഈ വൈഗ അവനെപ്പറ്റി മാത്രാമാണ് ചിന്തിക്കുന്നതെന്ന്. എന്നിട്ടും ചില നേരത്തെ സംസാരം കേട്ടാൽ തോന്നും താൻ അറിയുന്ന സ്നേഹിക്കുന്ന പ്രതീക്ഷ് അല്ല വേറെ ആരോ ആണെന്ന്...
കണ്ണുനിറഞ്ഞ് റോഡ് കാണാത്ത പോലെ... ആകെ ഒരു മൂടൽ... വൈഗ കണ്ണ് അടച്ചു തുറന്നു.
"എന്താ അമ്മച്ചി... ചാകാൻ ഇറങ്ങിയിരിക്കയാ...?"
ഒരു ബൈക്കുകാരൻ ഉച്ചത്തിൽ പറഞ്ഞതും ബൈക്ക് വെട്ടിച്ചതും ഒരുമിച്ച്.
"അയ്യോ...!"
വൈഗ നിലവിളിച്ചു കൊണ്ട് ബ്രേക്ക് പിടിച്ചു. തൊട്ടു മുന്നിൽ ഒരമ്മച്ചി. രാവിലെ ആയതിനാൽ നല്ല തിരക്കും. പുറകെ വന്ന വണ്ടികൾ എല്ലാം ബ്രേക്ക് ചെയ്യുന്ന ശബ്ദം. ചിലർ ഇറങ്ങി വന്നു...
"എന്താ... എന്തുണ്ടായി...?" ആരൊക്കയോ ചോദിച്ചു.
"ഒന്നുമില്ല. ഈ അമ്മച്ചി..." അത്രയേ പറഞ്ഞുള്ളൂ...
"ഇയാൾ എന്തിനാ അലറി വിളിച്ചത്...? ഒരു കാർന്നോർ ചോദിച്ചു.
അത്രയും ഉച്ചത്തിലാരുന്നോ താൻ അയ്യോ എന്നു പറഞ്ഞത്.
"സൂക്ഷിച്ച് വണ്ടിയോടിക്ക്... ഈ അമ്മയുടെ ഭാഗ്യത്തിനോ കുട്ടിയുടെ ഭാഗ്യത്തിനോ അനിഷ്ടമായതൊന്നും നടന്നില്ലല്ലോ..." ആരോ പറഞ്ഞു.
"അതെങ്ങനാ? ചിലർ സ്കൂട്ടർ ഓടിക്കുന്നതു കണ്ടാൽ.. അവരുടെ ഭാവം ഫ്ലൈറ്റാണ് ഓടിക്കുന്നത് എന്നാണ്..."ഒരാൾ അരിശത്തോടെ പറഞ്ഞു.
കൂടിയവർ എല്ലാം പോയി. വൈഗ സ്കൂട്ടി സൈഡ് ഒതുക്കി നിർത്തി. ഇവിടെ തൻ്റെ മുന്നിൽ നിന്ന അമ്മ എവിടെ...? വൈഗ നോക്കി. കുറച്ചു മാറി ഒരു കല്ലേൽ ഇരിക്കുന്നുണ്ടായിരുന്നു ആ അമ്മ. ആഹാ... പാവം പേടിച്ചു പോയിക്കാണും. എവിടെ പോകാനാന്ന് ചോദിക്കാം.
വൈഗ ആ അമ്മയുടെ അടുത്തേക്ക് നടന്നു.
"അമ്മ എന്തു പണിയാ കാണിച്ചത്...? റോഡ് ക്രോസ് ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണ്ടായോ? ഞാൻ പതിയെ ഓടിച്ചതു കൊണ്ടാ നമ്മൾ രക്ഷപെട്ടത്, അറിയോ അമ്മയ്ക്ക്? അമ്മ പേടിച്ചോ...?"
"ൻ്റെ മോളെ... ഞാൻ നോക്കിയപ്പോൾ ആ ബൈക്ക് കണ്ടില്ല അതാ... മിന്നായംപോലാ വന്നത് അടുത്തു വന്നപ്പഴാ കണ്ടത്... മോളും ഞാൻ കാരണം കുഴപ്പത്തിലായി അല്ലേ...? മോളെന്നെ കണ്ടു കാണുമെന്ന് ഞാനും കരുതി. ഈ അമ്മ മോളെക്കൂടി കുഴപ്പത്തിലാക്കിയേനെ. അല്ലേ...? മോളു ക്ഷമിക്കൂ... അല്ലാതിനി എന്താ പറയ്ക."
ആ അമ്മയുടെ കണ്ണു നിറഞ്ഞു.
"സാരമില്ല...പോട്ടെ... അമ്മയ്ക്ക് എവിടേയ്ക്കാ പോകേണ്ടേ...?"
"അത്... അത്... ഇവിടെ അടുത്താ..."
"ആണോ...? എന്നാൽ വാ, ഞാൻ കൊണ്ടുവിടാം..."
"അയ്യോ... വേണ്ട മോള് പൊക്കോ... ഇത്തിരി വിശ്രമിച്ചിട്ട് ഞാൻ പൊക്കോളാം..."
"ശരി... ഇനി റോഡ് മറികടക്കാതെ ഈ സൈഡ് ചേർന്ന് പോയാമതി... കേട്ടല്ലോ...?"
"ശരി..."
"എന്നാൽ ഞാൻ പോവാ..."
വൈഗ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു. മനസ് വല്ലാതെ കലങ്ങിയിരിക്കുന്നു. ഈ അമ്മയെ വിട്ടിട്ടു പോകാൻ മനസ് സമ്മതിക്കുന്നില്ല. തൻ്റെ ആരുമല്ല എന്നിട്ടും ഒരു വിഷമം. ഒന്നുകൂടി തിരിഞ്ഞു നോക്കി. തന്നെ നോക്കിരിക്കയാണ്... വൈഗ ചിരിച്ചു. ആ അമ്മയും ചിരിച്ചു.
"പൊക്കോ മോളേ..." അമ്മ പറഞ്ഞു.
"ഉംം..." വൈഗ മനസില്ലാമനസോടെ പോന്നു.
°°°°°°°°’ °°°°°°°° °°°°°°°°
എൽ ഐ സി ഓഫീസിൽ വലിയ താമസം ഒന്നുമുണ്ടായില്ല. പൈസ അടച്ചു. ഹോ ഇനി മൂന്നുമാസത്തേയ്ക്ക് ഇക്കാര്യം ഓർക്കേണ്ട. വൈഗ ആശ്വാസത്തോടെ ഇറങ്ങി. ഓഫീസിൽ നിന്നും ഇറങ്ങി വണ്ടിക്കടുത്തെത്തിയതും ഫോൺ ബെല്ലടിച്ചു. ആരാണോ...? ഐഡിയക്കാരാവും വേറാരു വിളിക്കാൻ... ഫോണിൽ നോക്കിയ വൈഗ സന്തോഷത്തോടെ കോൾ എടുത്തു.
വേണ്ട... ആദ്യം ഇങ്ങോട്ടു മിണ്ടട്ടേ... ഫോൺ ചെവിയോടു ചേർത്ത് മിണ്ടാതിരുന്നു. അല്പനിമിഷത്തിനകം ആ വിളി കാതിലെത്തി.
"വാവേ... വാവച്ചീ..."
വൈഗയ്ക്ക് മനസ് നിറഞ്ഞു.
പ്രതീക്ഷ്... എത്ര നാളായി ഇങ്ങനെ വിളിച്ചിട്ട്? എന്തെല്ലാം ഓർത്ത് വിഷമിച്ചോ അതെല്ലാം ദാ ഈ വിളിയിൽ ഇല്ലാതായി.
"എടി പെണ്ണേ... ജോബ് ബിസി. പിന്നെ ഞാൻ പറഞ്ഞില്ലേ ഒരാൾ ലീവിലാണെന്ന്...? ആകെ തിരക്കും. പിന്നെ വാവേ എന്നു വിളിച്ചാലും ഇല്ലെങ്കിലും നീ എൻ്റേയല്ലേ പൊട്ടിക്കാളീ... ഡ്യൂട്ടി ടൈമിലാ വിളിക്കുന്നത്. തൽക്കാലം ഒരു ഉമ്മ ഇങ്ങു തന്നേരെ... ഞാൻ പോകട്ടെ... വേഗാവട്ടെ... വാവേ..."
വൈഗ പതിയെ പറഞ്ഞു. "ഉമ്മ..."
"ഓക്കെ ബൈ..."
"ബൈ..."
വൈഗ ബൈ പറയുന്നതിനു മുന്നെ പ്രതീക്ഷ് ഫോൺ കട്ട് ചെയ്തിരുന്നു.
ഈശ്വരാ... എൻ്റെ പ്രതീക്ഷിനെ കാത്തോണേ...
ദിവസവും ഇങ്ങനെ ഒന്നോ രണ്ടോ വാക്കു മിണ്ടിയാൽ പോരെ ഈ വൈഗയ്ക്ക് സന്തോഷമാവാൻ. എന്തെല്ലാം ചിന്തിച്ചു കൂട്ടി. വെറുതെയല്ല പ്രതീഷ് പറയുന്നത് തനിക്ക് വട്ടാന്ന്. എത്ര ശരിയാ അവനോടുള്ള സ്നേഹം തന്നെ വട്ടുപിടിപ്പിക്കും.
വൈഗ ഒരു മൂളിപ്പാട്ടും പാടി, പതിയെ സ്കൂട്ടി ഓടിച്ചു.
.......... .......... ...........
സ്കൂൾ പടിക്കൽ ഒരാൾക്കൂട്ടം. എന്താവോ സംഭവിച്ചത്? വൈഗ ശലഫം ലേഡീസ് സെൻ്ററിനു മുന്നിൽ വണ്ടി നിർത്തി.
"എന്താ അവിടൊരാൾക്കൂട്ടം?" കടയിലിരിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു.
"അതോ... ഒരു മണിക്കൂർ ആയിട്ടുണ്ടാവും, ഒരമ്മ അവിടെ തലകറങ്ങി വീണു. ആരാന്ന് ഇവിടാർക്കും അറിയില്ല. എവിടാന്നാണോ വന്നത്? എങ്ങോട്ടാണോ പോകേണ്ടത് എന്നൊക്കെ എല്ലാവരും മാറി മാറി ചോദിച്ചു. ആ അമ്മ ഒന്നും പറയുന്നില്ല."
ഈശ്വരാ... രാവിലെ കണ്ട അമ്മയെങ്ങാനും ആണോ...
"ആ അമ്മ ഇപ്പോൾ അവിടുണ്ടോ...?"
"ഉണ്ട്, വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരിപ്പുണ്ട്. അതാ അവിടെ എല്ലാരും കൂടി നിൽക്കുന്നത്."
"ഞാനൊന്ന് നോക്കീട്ടു വരാം..."
"ചേച്ചി അറിയുന്നതാണോ...?"
അവൾ ചോദിച്ചത് വൈഗ കേട്ടില്ല. മനസിൽ ആ അമ്മയുടെ ദയനീയമുഖമായിരുന്നു. വൈഗ വെയ്റ്റിംഗ് ഷെഡ്ഡിൽ ചെന്നു നോക്കി. അതെ, ഇത് രാവിലെ കണ്ട അമ്മ തന്നെ. ഇവിടെ അടുത്താ വീടെന്നു പറഞ്ഞിട്ട്. പോകാതെ എന്തിന് ഇവിടിരുന്നു.
വൈഗ അടുത്തു ചെന്നു. വൈഗയെ കണ്ടതും ആ അമ്മ "മോളെ..." എന്നു വിളിച്ച് കയ്യിൽ പിടിച്ചു കൊണ്ട് കരഞ്ഞു.
"അമ്മേ... എന്തിനാ കരയുന്നത്? കരയാതെ... എന്താ വീട്ടിൽ പോകാഞ്ഞത്? രാവിലെ ഞാൻ കൊണ്ടു വിടാമെന്നു പറഞ്ഞതല്ലേ...? സമ്മതിച്ചില്ലല്ലോ...?"
"ആഹാ... കുട്ടിയുടെ അമ്മയാണല്ലേ...? പ്രായമായവരെ ഒറ്റയ്ക്ക് വിടാമോ...?" ആരോ പറഞ്ഞു.
"സോറി ചേട്ടാ... എനിക്കൊരത്യാവശ്യ.കാര്യത്തിനു പോകേണ്ടി വന്നു."
"ആദ്യം അമ്മയെ ഡോക്ടറെ കാണിക്കൂ. തലചുറ്റൽ ഉണ്ടായി."
വൈഗ എല്ലാവരോടും നന്ദി പറഞ്ഞു.
"അമ്മേ വാ... നമുക്ക് ഹോസ്പിറ്റലിൽ പോകാം..."
"ചേട്ടാ, ഒരു ഓട്ടോ വിളിക്കാമോ...?"
"അതിനെന്നാ... കൊച്ചേ, ചേതമില്ലാത്ത ഉപകാരമല്ലേ...? എടേ... വാ..." അയാൾ കൈകൊട്ടി ഒരു ഓട്ടോക്കാരനെ വിളിച്ചു.
"വരൂ അമ്മേ..." മറുത്തൊന്നും പറയാതെ ആ അമ്മ വൈഗയ്ക്കൊപ്പം ഓട്ടോയിൽ കയറി.
"ചേട്ടാ, എൻ്റെ സ്കൂട്ടി അവിടെ ഉണ്ട്. ഞാനതിൽ വരാം."
വൈഗയുടെ പിന്നാലെ ആ ഓട്ടോയും നീങ്ങി
വീട്ടു പടിക്കൽ ഓട്ടോ നിർത്തുന്ന ശബ്ദം കേട്ട് സുഷമ അകത്തു നിന്നും ഇറങ്ങിവന്നു. ആരാണ് ഓട്ടോയിൽ? വൈഗ ആരേയാണ് കൈപിടിച്ച് ഇറക്കുന്നത്? പ്രായമുള്ള സ്ത്രീയാണല്ലോ... സുഷമ ഇത് ആരെന്നറിയാൻ ഓർമ്മയിൽ പരതി; ഇങ്ങനൊരു മുഖം ഓർമ്മയിൽ തെളിഞ്ഞില്ല.
ആരാണേലും ഇങ്ങോട്ടല്ലേ പതിയെ ചോദിക്കാം...
ഓട്ടോക്കാശ് കൊടുത്ത് ഓട്ടോ പറഞ്ഞു വിട്ട് വൈഗ ആ അമ്മയുടെ കയ്യിൽ പിടിച്ചു.
"അമ്മെ... ഇതാണ് എൻ്റെ വീട്. വരൂ..."
ആരാടീ ഇത്, സുഷമ കണ്ണു,കൊണ്ട് ചോദിച്ചു. പിന്നെപ്പറയാമെന്ന് വൈഗയും പറഞ്ഞു.
"കേറിവാ ചേച്ചി..." സുഷമ ആതിഥ്യ മര്യാദ മറന്നില്ല.
അകത്തു കടന്ന് മുറിയിൽ കട്ടിലിൽ ഇരുത്തിയിട്ട് വൈഗ പറഞ്ഞു.
"അമ്മ കുറച്ചു നേരം കിടന്നോളൂ..."
"ഇല്ല മോളെ... കിടന്നാലൊന്നും ശരിയാവില്ല. ഞാൻ ആരെന്നോർത്താ മോള് എന്നെ ഇവിടെ കൂട്ടിക്കൊണ്ടു വന്നത്."
"കൂടുതൽ ഒന്നും ഓർത്തില്ല. എൻ്റെ അമ്മേപ്പോലൊരു അമ്മ. അല്ല അമ്മ എന്തു വിശ്വാസത്തിലാ ഞാൻ വിളിച്ചപ്പോൾ കൂടെ വന്നത്?"
"നിന്നിലൂടെ ഞാൻ ഈശ്വരനെ കണ്ടു. ഈശ്വരനാണ് നിന്നെ എൻ്റടുത്ത് എത്തിച്ചത്."
"ആണല്ലോ, അല്ലേ? എന്നാൽ അമ്മ ഒന്നു മയങ്ങി എണീറ്റിട്ടു ബാക്കി പറയാം."
അപ്പോഴേയ്ക്കും സുഷമ ചായ എടുത്തു കൊണ്ടു വന്നു.
"ചേച്ചി, ഇത് കുടിച്ചിട്ട് കിടക്ക്..."
ആ അമ്മ ചായ കയ്യിൽ വാങ്ങി. അവരുടെ കണ്ണു നിറഞ്ഞു. കൈ വിറച്ചു. ഒന്നും മിണ്ടാതെ ചായ കുടിച്ചു. അമ്മയുടെ കണ്ണുനീർ ആ ചായയിൽ വീണലിഞ്ഞു. നേര്യതൻ്റെ തുമ്പു കൊണ്ട് മുഖം തുടച്ചിട്ട് കട്ടിലിൽ കിടന്നു. കണ്ണുകൾ അടച്ചു.
സുഷമ ചോദ്യരൂപേണ വൈഗയെ നോക്കി...
***** ****** *****
വൈഗ താൻ ഈ അമ്മയെ കണ്ടതും കൂടെ കൂട്ടിയതും എല്ലാം സുഷമയോട് പറഞ്ഞു.
"എൻ്റെ മോളെ... നീ എന്താ തീരുമാനിച്ചിരിക്കുന്നത്...?" വൈഗ പറഞ്ഞതെല്ലാം കേട്ട സുഷമ ചോദിച്ചു.
"ആദ്യം ഈ അമ്മയെക്കുറിച്ച് അറിയണം. എവിടുന്ന് വരുന്നു, എവിടെ പോകുന്നു എന്നൊക്കെ അറിയണം. എന്തോ എനിക്ക് കണ്ടില്ലാന്നു നടിച്ചു പോരാൻ തോന്നിയില്ല... എന്താന്നറിയില്ല അമ്മേ വല്ലാത്ത ഒരു ഇഷ്ടം തോന്നി രാവിലെ കണ്ടപ്പോൾ തന്നെ... ആരും ഇല്ലാത്തതാണെങ്കിൽ നമുക്കൊപ്പം നിൽക്കട്ടെ."
"എനിക്കറിയില്ല കുട്ടി. ഇവിടെ വച്ച് എന്തെങ്കിലും സംഭവിച്ചാൽ എന്താകും കഥ." സുഷമയ്ക്ക് ആലോചിച്ചിട്ട് തല പെരുത്തു.
"അമ്മ പേടിക്കാതെ... അമ്മ ഉണരട്ടെ എന്നിട്ടാകാം ബാക്കി."
°°°°°°°°°° °°°°°°°°°°°°
രണ്ടു മണിക്കൂർ നേരം ആ അമ്മ ഉറങ്ങി. ഉണരുമ്പോൾ ഉണരട്ടെ എന്നു കരുതി വൈഗയോ സുഷമയോ വിളിച്ചില്ല. ആ അമ്മ ഉണരുമ്പോൾ തൻ്റെ അടുത്തിരിക്കുന്ന വൈഗയെ ആണ് കണ്ടത്.
"ഒരുപാട് നേരം ഉറങ്ങിയോ, മോളെ?"
ഇല്ല... ഞാൻ നോക്കുമ്പോൾ അമ്മ നല്ല ഉറക്കം. എന്നാപ്പിന്നെ ഉറങ്ങട്ടെ എന്നു വെച്ചു."
"കയ്യും മുഖവും കഴുകൂ... ചോറുണ്ണാം."
"മോളു കഴിച്ചില്ലേ...?"
"ഇല്ല, അമ്മ എണീറ്റിട്ടു കഴിക്കാമെന്നു വച്ചു."
"എനിക്ക് വിശപ്പ് തോന്നുന്നില്ല, മോളെ.., നിങ്ങൾ കഴിക്ക്."
"പറ്റില്ല, കുറച്ചെങ്കിലും കഴിക്കണം..." വൈഗ നിർബന്ധം പിടിച്ചു.
ഒരു വറ്റു പോലും തനിക്ക് ഇറങ്ങില്ല... എന്നാലും ഈ സ്നേഹം നിരസിക്കുന്നതെങ്ങനെ...?
മൂവരും ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് ഒരിക്കൽ പോലും വൈഗ ആ അമ്മയെക്കുറിച്ചു ചോദിച്ചില്ല.
ഭക്ഷണത്തിനു ശേഷം
"അമ്മേ... അമ്മയുടെ പേരു പറഞ്ഞില്ലല്ലോ? അമ്മയുടെ വീടെവിടെയാണ്...? എവിടെ പോകാനാണ് വന്നത്... പറയൂ..."
തുടരും...

