VACATION / PART 9
VACATION / PART 9
VACATION / PART 9
തുടർക്കഥ
Written by Hibon Chacko
©copyright protected
കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ളൊരു രാത്രി, നിക്കർ ഉൾപ്പെട്ട സാധാരണ വസ്ത്രം ധരിച്ചിരിക്കെ അരുൺ രണ്ടാംനിലയിലെ സിറ്റ്-ഔട്ടിൽ, കൈവരിയോട് ചേർന്ന് അകത്തേക്ക് ലക്ഷ്യംവെച്ചെന്നവിധം നിൽക്കുകയാണ്, വെളിച്ചത്തിന്റെ സഹായമില്ലാതെ -പരസ്പരം കൈകൾ പിണച്ച് നെഞ്ചിൽ കെട്ടിവെച്ച്. രണ്ടാം നിലയ്ക്കുള്ളിൽ നിന്നായി നേർത്ത, തിരക്കോടുകൂടിയ ബഹളം കേൾക്കാം. അരുണിനെ പിന്നിൽ വലതുഭാഗത്തുനിന്നും വഴിവിളക്ക് തന്നെക്കൊണ്ടാവുംവിധം സഹായിച്ചുനിൽക്കുന്നുണ്ട്. അതിന് പിന്നിലായുള്ള, പുരുഷന്റെയും സ്ത്രീയുടെയും കെട്ടിടത്തിൽ മുകളിലെ നില ആ സമയം അന്ധകാരമായി അല്പസമയത്തിനകം താഴത്തെ നിലയിൽ വെളിച്ചം തെളിഞ്ഞു.
അല്പസമയം അങ്ങനെ കടന്നുപോയതോടെ ഡിലീന ഒരുങ്ങിയ വിധത്തിൽ അരുണിനടുത്തേക്ക്, താഴത്തെ നിലയിൽ നിന്നെന്നവിധം എത്തി. അവൾ വന്നവഴി, അരുണിന്റെയും അനുപമയുടെയും റൂം അടഞ്ഞുകിടക്കുന്നത് നോക്കിയാണ് വന്നത്. ആ ഭാഗത്തേക്ക് ശ്രദ്ധകൊടുക്കുംവിധം അവൾ, പാതി ഇരുട്ടിലെന്നവിധം നിൽക്കുന്ന അരുണിനോടായി പറഞ്ഞു;
“ചേച്ചീ... ഇപ്പോഴും ഓക്കെയ് അല്ലേ?!”
പഴയപടിനിൽക്കെത്തന്നെ, ചലനംകൂടാതെ അവൻ മറുപടി നൽകി;
“ആള് ഉറങ്ങുവാ...
ക്ഷീണം മാറിയിട്ടില്ലായിരുന്നു...”
ഒരുനിമിഷമൊന്നാലോചിച്ചശേഷം അവൾ മറുപടിയായി പറഞ്ഞു;
“വയ്യെങ്കില്... കിടന്നോട്ടെ...,,
ചേട്ടൻ...”
അരുൺ മറുപടി നൽകി, പഴയപടിതന്നെ;
“ഞാനെങ്ങെനെയാ വരിക...
അവൾക്കെന്തെങ്കിലും ആവശ്യം വന്നാലോ?”
‘അതുശരിയാ’ എന്ന് ലാഘവത്തോടെ പറഞ്ഞശേഷം ഒരു കള്ളച്ചിരി ഭാവിച്ചെന്നവിധം ഡിലീന വന്നവഴി തിരികെപോയി.
കുറച്ചുസമയംകൂടി അങ്ങനെ കഴിഞ്ഞുപോയി. താഴത്തെനിലയിൽനിന്നും സന്തോഷം പലതരത്തിൽ പുറത്തേക്ക് വരുന്നതിനെ പരമാവധി നിയന്ത്രിച്ചും, നിയന്ത്രിക്കുവാൻ കഷ്ടപ്പെട്ടും ആദ്യം പപ്പയും പിറകെ മമ്മിയും അതിനും പിറകെ കുശലം പറഞ്ഞുകൊണ്ട് ഡിലീനയും മിലനും ഒരുമിച്ച് മുകളിലേക്ക് സ്റ്റെയർ വഴി കയറി എത്തി ഹാളിൽ നിന്നു. പപ്പാ, അനുപമ കിടക്കുന്ന റൂം ഭദ്രമായത് നോക്കിയശേഷം ഹാളിൽ നിൽക്കെത്തന്നെ, പാതി ഇരുട്ടിൽ നിൽക്കുന്ന അരുണിനോടായി പറഞ്ഞു;
“മോനേ, ഞങ്ങള് പോയിട്ട് വരാം...
അവളുടെ വിശേഷം ഉണ്ടെങ്കിൽ അറിയിക്കണം...”
‘ശരി, പോയിട്ട് വാ’ എന്നവൻ ചലനംകൂടാതെ മറുപടി നൽകി, ഒരുങ്ങിയ വിധം നിൽക്കുന്ന അവർ നാലുപേരെയും പരിഗണിച്ചെന്നവിധം.
“മോനേ, കിച്ചണിൽ എല്ലാം റെഡിയാ കെട്ടോ...
ഞങ്ങള് വരാറാകുമ്പോൾ വിളിക്കാം...,”
പപ്പയോടൊപ്പം നിൽക്കെ, അരുണിനോടായി ഇങ്ങനെ പറഞ്ഞ്, ബാക്കി വിഴുങ്ങിയെന്നവിധം മമ്മി തുടർന്നുനിന്നു.
‘ആഹ്..., ശരി മമ്മി’ ചെറുമന്ദഹാസം വരുത്തി അവനിങ്ങനെ അല്പമയഞ്ഞ് മറുപടിനൽകിയവിടെത്തന്നെ നിന്നു, മറ്റിരുവരും പ്രത്യേകമൊന്നും പറയുവാനില്ലാതെയങ്ങനെ നിൽക്കെ.
ശേഷം ‘പ്രത്യേകമൊന്നുമില്ല’ എന്ന് തിരിച്ചറിഞ്ഞെന്നവിധം ഓരോരുത്തരും, പോകുന്നു എന്ന ഭാവം പ്രകടമാക്കിയശേഷം പപ്പയോടൊപ്പം മറ്റ് മൂവരും ഹാളിൽ നിന്നും പുറത്തേക്ക് പോയി. അരുൺ പാതി ഇരുട്ടിലങ്ങനെ നിൽപ്പ് പഴയപടി തുടരുകയായിരുന്നു. നാൽവർസംഘം ചെറിയ മുറ്റത്തുകൂടി നടന്ന് ഗേറ്റിന് മുന്നിലായെന്നവിധം പാർക്ക് ചെയ്തിരുന്ന ചുവന്ന കാറിനടുത്തെത്തി അതിൽ കയറി, ഡിലീനയും മമ്മിയും പിന്നിലായിരിക്കെ. സാധാരണഗതിയിൽനിന്നും അല്പം ബുദ്ധിമുട്ടിയാണ് കാർ മിലൻ സ്റ്റാർട്ട് ചെയ്തത്.
“പിള്ളേർക്കൊരു വണ്ടി ആവശ്യമാ അല്ലേ...”
കാർ അല്പം പ്രയാസപ്പെട്ട് തിരിക്കുവാൻ മിലൻ തുടങ്ങുന്നതിനിടയിൽ പപ്പ ഇങ്ങനെ പൊതുവായി പറഞ്ഞു, മുന്നിലെ പാസഞ്ചർ സീറ്റിലിരുന്ന്.
“അവർക്ക് ഉടനെ ഒരു സാധനവും വേണ്ടാ എന്ന്
അന്ന് പറഞ്ഞതുകൊണ്ടല്ലേ...”
പിന്നിൽ ഡിലീനയോട് പരമാവധി ചേർന്നിരിക്കെ പപ്പയെ നോക്കി മമ്മിയിങ്ങനെ പറഞ്ഞു.
“ഇനിയിപ്പോൾ വണ്ടിയൊക്കെ ആകാം...”
പിന്നിൽ, മമ്മിയുമായി വളരെ അടുത്ത് ഒതുങ്ങിച്ചേർന്നെന്നവിധം ഇരിക്കെ ഡിലീനയിങ്ങനെ പൊതുവായെന്നവിധമൊരു പ്രത്യേകഭാവത്തിൽ പറഞ്ഞു. ശേഷം മിലനെ ഒന്നുനോക്കി, ഹെഡ്സെറ്റിന്റെ സാന്നിധ്യമില്ലാത്ത കഴുത്തായിരുന്നു അവന്റേത്.
“ആഹ്, അവര് എവിടെയേലുമൊക്കെ പോകട്ടേ.”
അല്പം സ്വരം താഴ്ത്തിയാണെങ്കിലും ഡിലീനയുടെ അഭിപ്രായത്തോട് മിലൻ യോജിപ്പ് രേഖപ്പെടുത്തി, കാർ തിരിച്ചെടുത്തുകൊണ്ട്.
ഇവരെ ശ്രദ്ദിക്കാത്തവിധം, എന്നാൽ തന്റെ ഇരുചെവികളെയും വളരെയധികം കൂർപ്പിച്ചുകൊണ്ട് പഴയപടിതന്നെ നിൽക്കുകയായിരുന്നു മുകളിലപ്പോഴും അരുൺ.
വെളിച്ചത്തിന്റെ അതിപ്രസരമില്ലാത്ത ചുറ്റുപാടുകളെ മറന്ന് മിലൻ കാറല്പം മുന്നോട്ടെടുത്ത്, പിന്നിൽനിന്നുമുള്ള കെട്ടിടത്തിന്റെ വെളിച്ചത്തെ പിന്തള്ളിയെന്നവിധം മുന്നിലായി വെളുത്തവെളിച്ചം തൂകിനിൽക്കുന്ന വഴിവിളക്കിനടുത്തേക്കാക്കി നിർത്തി. പപ്പ ഒന്ന് നിവർന്ന് അനങ്ങിയിരുന്നു. ശേഷം തന്റെ വലത്തേക്ക്, കാറിന് പുറത്തേക്ക്, പുരുഷന്റെയും സ്ത്രീയുടെയും കെട്ടിടത്തിലേക്ക് നോക്കി -ആയാസം കൂടാതെ.
ഇവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ല, കാർ ഓഫാക്കി ഇടാതെ നിലനിർത്തിയതൊഴിച്ചാൽ. സ്ത്രീയും പുരുഷനും ഒരുങ്ങി, പിന്നിൽ പൂർണ്ണ അന്ധകാരമാക്കാതെ ധൃതിയിൽ വന്ന് കാറിൽ കയറി -പിന്നിലായി, ഡിലീനയുടെ ഒപ്പം പുരുഷനും മറുവശത്ത് മമ്മിയോടൊപ്പം സ്ത്രീയും. നാലുപേരും കാര്യമായി ഒന്നുകൂടി ഒതുങ്ങിയിരുന്നശേഷം ‘പോകാം’ എന്നഭാവം പുറപ്പെടുവിച്ചു. തക്കും-പൊക്കും നോക്കിയെന്നവിധം മിലൻ കാർ മെല്ലെ മുന്നോട്ടെടുത്തു. അരുണിന് ഈ സമയം, അവന്റെ ചെവികൾ ആനന്ദം നൽകിയിരുന്നു.
“ഹൊഹ്... ഇവിടേക്ക് വന്നിട്ട്,, ശരിക്കും ഒന്ന്
സ്വസ്ഥമായത് ഇന്നാ നമ്മള്... അല്ലേ?”
പൊതുവായെന്നവിധം അല്പം ശബ്ദമുയർത്തി പപ്പ ഇങ്ങനെ പറഞ്ഞു.
“ആണോന്നോ! ഇപ്പോഴാ ശരിക്കും
എനിക്കൊന്ന് സമാധാനമായത്...”
അതേ നാണയത്തിൽത്തന്നെ മമ്മി പിന്നിലിരുന്ന്, ഒതുങ്ങി മറുപടി ഇരുന്നങ്ങനെ നൽകി.
“ഇവിടെ വന്നിട്ട് ശരിക്കുമൊന്ന് റിലാക്സ് ചെയ്ത്...
എൻജോയ് ചെയ്ത്..., എക്സ്പ്ലോർ ചെയ്യാതെ പോകുന്നതെങ്ങനെയാ!”
മറുപടി ആഗ്രഹിക്കാത്തവിധം, എന്നാൽ പൊതുവായി, മന്ദഹാസം തൂകി ഡിലീന കൂട്ടിച്ചേർത്തു.
“കാര്യം നമ്മളൊരുമിച്ച് പുറത്തൊക്കെ പോയെങ്കിലും,
ഇപ്പോഴാണൊന്ന് മനസ്സറിഞ്... അല്ലേ?!”
വാചകം പൂർത്തിയാക്കുവാൻ താല്പര്യം കാണിക്കാതെ, ഡ്രൈവിംഗിൽ ശ്രദ്ധകൊടുത്തുതന്നെ ഇങ്ങനെ അടുത്തതായി മിലൻ പറഞ്ഞതും പിന്നെയൊരു നിമിഷത്തേക്കവൻ പപ്പയെയൊന്ന് നോക്കി. അപ്പോൾ തങ്ങളുടെ ഊഴമെന്ന് കരുതുംവിധം സ്ത്രീ, പിന്നിലിരിക്കെ പറഞ്ഞു;
“അതൊക്കെ പിള്ളേര് രണ്ടുംകൂടി ഉള്ളപ്പോഴല്ലേ...
അപ്പോഴൊക്കെ നമുക്ക് വല്ല സമാധാനവും ഉണ്ടോ, പേടിയല്ലേ മൊത്തത്തിൽ...”
ഉടൻതന്നെ പുരുഷൻ ‘അതെ’ എന്ന് സ്ത്രീയുടെ അതേ ഭാവത്തോട് കൂട്ടിച്ചേർത്തു.
വഴിവിളക്കുകളെ പിന്നിട്ട് കാർ മെല്ലെ മുന്നോട്ട് പോവുകയാണ്. ചുറ്റുപാടും അത്രയധികം വെളിച്ചമുഖരിതമല്ല എന്നത് കൃത്യമായ ഇടവേളകളിൽ വലതുവശത്തായി നിൽക്കുന്ന, വെളുത്ത വെളിച്ചം പ്രവഹിപ്പിച്ച് നിലകൊള്ളുന്ന വഴിവിളക്കുകൾ മറച്ചിരിക്കുന്നു.
“ഇത്തിരി ദുരിതമായിരുന്നു കുറച്ചുദിവസം ഇവിടെ... അല്ലേ,”
ആത്മാർത്ഥ കലർത്തി പപ്പയിങ്ങനെ തുടങ്ങിവെച്ചു, പൊതുവായി. ഉടനെ മമ്മി ധൃതികലർത്തി പറഞ്ഞു;
“... അതെങ്ങനെയാ പിള്ളേരിൽനിന്നും കണ്ണെടുക്കുവാൻ പറ്റുമോ...?”
തെല്ലുമാത്രം ലാഘവം പാലിച്ച് പപ്പ തുടർന്നിങ്ങനെ പിറകെയെന്നവിധം പറഞ്ഞു;
“നമ്മളിവിടെ വന്നിട്ട്... ഒരുതരത്തിൽ പറഞ്ഞാൽ,,
സക്സസാ നമുക്ക്...”
അയാളൊന്ന് നിർത്തിയതും പുരുഷൻ ഇടയ്ക്കുകയറിപ്പോയി;
“പിള്ളേര് വഴക്കിട്ടിട്ടില്ല എന്തായാലും...”
ശേഷം പുരുഷൻ, സ്ത്രീയെ നോക്കിപ്പോയതും മന്ദഹാസം കലർത്തിയവർ പറഞ്ഞു, പൊതുവായി;
“അതെ... ആ ഉറപ്പ് നിങ്ങളെക്കാൾ ഞങ്ങളിവിടെ പറയുവാ...”
പപ്പ മുന്നിലിരുന്ന് ഒരു നിമിഷത്തേക്ക് മന്ദഹാസം വിടർത്തി. മമ്മിയും ഡിലീനയും അത് അനുകരിച്ചിരുന്നു.
“എന്തായാലും ഇന്നിപ്പോൾ, ഈ രാത്രി നമുക്ക് റിസ്ക് എടുക്കാം...”
അല്പനിമിഷത്തിനകം തന്റെ ജോലിയിൽ തുടരവേതന്നെ മിലൻ പറഞ്ഞു. പപ്പയൊന്നവനെ അർത്ഥമില്ലാത്തവിധം നോക്കിപ്പോയി. തെല്ലൊന്ന് ചിന്തിച്ചപടി ഭാവിച്ചശേഷം സ്ത്രീ മുന്നിലേക്കായി ചോദിച്ചുപോയി;
“അവര്... പിള്ളേരെന്ത് പറഞ്ഞു പോരാൻ നേരം?”
എന്നാൽ മുഖം തിരിച്ച് അവർക്ക് മറുപടി നൽകിയത് മമ്മിയായിരുന്നു;
“അവൾക്ക് ഉച്ചകഴിഞ്ഞു തൊട്ട് വയ്യ എന്ന് പറയുന്നു...”
ഡിലീന ഇടയ്ക്കുകയറി;
“പോരാൻ നേരം ഒന്നുകൂടി ചോദിച്ചതാ ഞങ്ങൾ...
ചേച്ചിക്ക് കൂട്ടിരിക്കുവാന്ന് ചേട്ടൻ പറഞ്ഞു...,”
അടുത്തതായി പപ്പ പറഞ്ഞു;
“പിള്ളേർക്ക് തമ്മിൽ എന്തെങ്കിലും പ്ലാൻ കാണുമെന്നേയ്...
ഇപ്പോ നമ്മളെത്തന്നെ നോക്ക്,,”
ലാഘവത്തോടെ തുടങ്ങിയ ഈ വാചകം അയാൾ, പിന്നിലേക്കുകൂടി തലതിരിച്ച് വ്യാപിപ്പിച്ചാണ് അവസാനിപ്പിച്ചത്. മിലൻ ഡ്രൈവിംഗ് തുടരുകയായിരുന്നു.
മമ്മിയുടനെ ചെറുതായൊരു കള്ളച്ചിരി ചിരിക്കുന്നത് ശ്രദ്ദിച്ചുപോയ പപ്പ, പുഞ്ചിരി കലർത്തിയിങ്ങനെ പറഞ്ഞു;
“ദേ അവള് ചിരിക്കുന്നു,
ഇപ്പോഴത്തെ പിള്ളേർക്കൊരു മറയില്ല എന്നതുകൊണ്ടാണോടീ...”
മമ്മി ചിരിയുടെ ശബ്ദമല്പം വർദ്ധിപ്പിച്ചുപോയതേയുള്ളൂ.
“... സത്യം പറയാല്ലോ... മിനിഞ്ഞാന്ന് ഞങ്ങള് കണ്ടെന്നേയ്,,
അവരുടെ റൂമിന് വാതിലും കൊളുത്തുമൊക്കെ പേരിനേയുള്ളൂ...”
അരുണും അനുപമയും രാത്രി ലൈംഗികബന്ധത്തിലേർപ്പെടുന്നത്, ശ്രദ്ദിച്ചുപോയത് പപ്പയും മമ്മിയും ഏതാണ്ട് ഒരേപോലെ ഓർത്തു -ഹാളിൽ പതുങ്ങി നിൽക്കവേ.
കാര്യം മനസ്സിലാക്കിയെന്നവിധം എല്ലാവരുമൊന്ന് ലഘുവായി മനസ്സറിഞ്ഞു ചിരിച്ചു, മിലൻ പക്ഷെ മന്ദഹസിച്ച് ഡ്രൈവിംഗ് തുടർന്നതേയുള്ളൂ.
അല്പനിമിഷമങ്ങനെ കടന്നുപോയതോടെ കാർ മെയിൻ റോഡിലേക്കടുത്തു.
“ഹാഹ്, അങ്ങനെയൊക്കെ പറയാനാണേൽ ഞങ്ങള്...
പലതും കേൾക്കുകയും കാണുകയും ചെയ്തു... അല്ലേടീ,,”
ഒരു വഷളത്തം ചാലിച്ച് പപ്പയിങ്ങനെ പൊതുവായി പറഞ്ഞ് ചിരിച്ചു. എല്ലാവരും വീണ്ടും ചിരിച്ചെങ്കിലും ഡിലീനയും മിലനുമൊന്ന് ശ്രദ്ദിച്ചു.
“എല്ലാമൊന്നും പ്രസക്തമല്ല കെട്ടോ.”
എന്ന് പുരുഷൻ ചിരിയോടെ ചേർത്തുപറഞ്ഞു. വീണ്ടും എല്ലാവരും ചിരിച്ചു.
മെയിൻ റോഡിലേക്ക് കയറുന്നിടത്ത് മിലൻ കാർ നിർത്തി. ശേഷം പപ്പയെ നോക്കി;
“നിനക്കിവിടം പരിചിതമല്ലേ...
നമുക്കേയ്... ഇടത്തേക്ക് പോകാം,,”
ഇതുകേട്ട്, ഇന്റിക്കേറ്ററിട്ട് അവൻ മെയിൻ റോഡിൽ, ഇടത്തേക്ക് കാർ വളച്ച് കയറിയപ്പോഴേക്കും പപ്പ തുടർന്നെന്നവിധം പറഞ്ഞു;
“... നമുക്കേയ്, മുന്നോട്ട്തന്നെ പോയേക്കാം...
എന്നുകരുതിയാ...”
മിലൻ മറുപടിയായി ചെറിയ ശബ്ദത്തിലൊന്ന് മന്ദഹസിച്ച് മൂളി.
പിൻസീറ്റിലിരിക്കുന്നവർ മെയിൻ റോഡിലൂടെ കാർ പോകുന്നതിലുള്ള കാഴ്ചകളും മറ്റും സ്വയം കേന്ദ്രീകൃതമായി ശ്രദ്ദിച്ചുതുടങ്ങി. താനുമതിന് വിധേയനായെന്ന വിധത്തിൽ പപ്പ മിലനോടായി പറഞ്ഞു;
“ഇന്നൊരു തുടക്കമാകട്ടെ....
ഒന്നും നോക്കേണ്ട,, നീയാണ് ഞങ്ങളുടെ പടക്കുതിര...”
മിലൻ ഇതുകേട്ട് ഡ്രൈവ് ചെയ്യവേതന്നെ ചിരിച്ചുപോയി. പിന്നെ പറഞ്ഞു;
“ഇവിടെ കാണാൻ കുറച്ചു സ്ഥലങ്ങളുണ്ട്... രാത്രി പ്രത്യേകിച്ച്,,
അങ്ങോട്ടേക്ക് ആദ്യം പോകാം,,”
മറുപടി പ്രതീക്ഷിക്കാത്തവിധമവനിങ്ങനെ പറഞ്ഞുതുടർന്നതും പപ്പ ഒന്നൊതുങ്ങി മുന്നിലേക്ക് ശ്രദ്ദിച്ചിരുന്നു. പിന്നിലുള്ളവർ തെല്ലുനേരത്തേക്ക് മാത്രമുണ്ടാവാൻ സാധ്യതയുള്ള തങ്ങളുടെ ലോകത്തിൽ കടന്ന്, ചുറ്റുപാടുകൾ ഓടിപ്പോകുന്നത് ശ്രദ്ദിച്ചിരുന്നു. തിരക്കേറിയ സ്ഥലങ്ങളും വലിയ വെളിച്ചമുഖരിതമായ പലതരം കെട്ടിടസമുച്ചയങ്ങളും ഒരുപാട് വാഹനങ്ങളെയും തങ്ങളുടെ വരവറിയിച്ച് കാർ മുന്നോട്ട് പാഞ്ഞു.
10
രാത്രി കനത്തതോടുകൂടി തണുപ്പിന്റെ നിലവാരവും ഉയർന്നിരിക്കുകയാണ്. പുരുഷനും സ്ത്രീയും, ഹോട്ടലിന്റെ മുന്നിൽ തുറസ്സായി നീണ്ടുകിടക്കുന്നതിൽ ഒരു വലിയ കവറിൽ പരസ്പരം എതിരെയായി ഇരിക്കുകയാണ്- കുശലങ്ങൾ മൃദുവായി പറഞ്ഞുകൊണ്ടൊക്കെ. സമയം വൈകിയതിനാലാകണം അധികം ആളുകൾ ഭക്ഷണം കഴിക്കുവാനായി ഉണ്ടായിരുന്നില്ല, പുറത്ത്. അകത്ത് അത്യാവശ്യം തിരക്കനുഭവപ്പെടുന്നുണ്ടായിരുന്നു. അല്പനിമിഷം കഴിഞ്ഞതോടെ ഹോട്ടലിനകത്തുനിന്നും, വാഷിംഗ് ഏരിയയിൽ നിന്നെന്നപടി, മൊത്തത്തിലൊരു വൃത്തി ഭാവിച്ച് പപ്പയും മമ്മിയും ആദ്യവും തൊട്ടുപിന്നിലായി ഡിലീനയും മിലനും മെല്ലെ നടന്നിറങ്ങി, പുരുഷനും സ്ത്രീയുമിരിക്കുന്ന ടേബിളിലേക്ക് വന്നു. സ്ത്രീയുടെ അടുത്തായി മമ്മിയും അറ്റത്തായി ഡിലീനയും ഇരുന്നുപോയപ്പോൾ എതിർവശത്ത് റോഡിനോട് ചേർന്നിരുന്നിരുന്ന പുരുഷനെ നീക്കി മിലൻ ഇരുന്നു -പപ്പ ഡിലീനയുടെ എതിർവശം ഇരുന്നതിനാൽ.
രണ്ട് മെനു കാർഡുകൾ ആ ടേബിളിൽ ലഭ്യമായിരുന്നു. ഇരുവശത്തുനിന്നും മുതിർന്നവർ പങ്കിട്ട് ഓരോന്നും കൃത്യതയോടെ നോക്കിതുടങ്ങി. ഡിലീന ഇതിനിടയിൽ മിലനെ ശ്രദ്ധിച്ചുപോയി -അവൻ അല്പം ഉഷാറ് കുറഞ്ഞാണിരിക്കുന്നത്. മറ്റുള്ളവർ വെയ്റ്ററെ വിളിച്ച് ഫുഡ് ഓർഡർ ചെയ്യുവാൻ ആരംഭിച്ചപ്പോൾ മിലനെ വീക്ഷിക്കുകയായിരുന്നു ഡിലീന -ഏവരോടും പങ്കുചേർന്നെന്ന് ഭാവിച്ചുകൊണ്ടുതന്നെ. ഒന്ന് നന്നായി കറങ്ങിയതിന്റെ ഹാങ്ങ്-ഓവറിലെന്നവിധമാണ് ഏവരും. അവന്റെ ഊഴമെത്തിയപ്പോൾ, അല്പം പകച്ചിരുന്നുപോയ അവന്റെ ഫുഡ് കൂടി അവൾ ഓർഡർ ചെയ്തു.
ഏവരും അല്പം ക്ഷീണിതരായി തുടർന്നിരുന്നു, വെയ്റ്റർ ഓർഡറുമായി പോയശേഷം -മറ്റൊന്നിനും തുനിയാതെ. അത്യാവശ്യം വിശപ്പുണ്ടായിരുന്നിട്ടും, ഡിലീന തന്റെ കണ്ണുകൾക്കൊണ്ട് ‘എന്താണ്’ എന്നഭാവം അവനെ കാണിച്ചു. മറുപടിയായി അവൻ തീർത്തും അർത്ഥരഹിതമായി തലയാട്ടിയശേഷം വീണ്ടും ചിന്തയിലാണ്ടിരുന്നു.
“ഹൊഹ്... എനിക്ക് നല്ല വിശപ്പുണ്ട്,,
സമാധാനമായിട്ട് വയറുനിറച്ചൊന്ന് കഴിക്കണം...”
ലഭിച്ച ഒരൂർജ്ജത്തിൻപുറത്ത് പപ്പ ഒന്നനങ്ങിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു. ഡിലീന മറുപടിയെന്നവിധം മന്ദഹസിച്ചു. മമ്മി അപ്പോൾ കൂട്ടിച്ചേർത്തു;
“ആർക്കാ അതിന് വിശപ്പില്ലാത്തത്...,
ഓർഡർ ഡബിൾ ആക്കാം വേണേൽ...”
മമ്മി ശേഷം പുരുഷനെയും സ്ത്രീയെയും നോക്കിയപ്പോൾ മന്ദഹാസം തുടർന്നിരുന്ന അവർ, ചിരിച്ചുപോയി. ഇതിനിടയിൽ അധികം അനക്കമില്ലാതെ തുടർന്ന മിലനെ ശ്രദ്ദിച്ച മമ്മി ഒരുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഡിലീനയെ മുഖംകാണിച്ച് ചോദിച്ചു;
“അവനെന്ത് പറ്റിയെടീ,,
കുറച്ചായല്ലോ ഒരനക്കമില്ലാതെ...”
ഡിലീന മറുപടിയെന്നവിധം അവനെയൊന്ന് നോക്കിയപ്പോൾ, ഇതുകേട്ട പപ്പ അവനെ നോക്കി പറഞ്ഞു- പൊതുവായി;
“പുതിയ പാട്ടുവല്ലതും അവൻ കമ്പോസ് ചെയ്യുകയായിരിക്കും...”
ഇതുപറഞ്ഞു പപ്പ പൊതുവായിത്തന്നെ ചെറുചിരി പുലർത്തിയപ്പോൾ മന്ദഹസിച്ച് എല്ലാവരോടുമൊപ്പം തുടർന്നിരുന്ന പുരുഷൻ അവനോടായി പറഞ്ഞു;
“മോനേ, നീ ചത്തപടിയിരുന്നാൽ ഞങ്ങള് കുഴയും കെട്ടോ...
നീയാണ് ഞങ്ങളുടെ പടക്കുതിര,,”
ഇതിന്റെ പിറകെ സ്ത്രീ കൂട്ടിച്ചേർത്തു;
“... അതെ. ഒന്ന് ഉഷാറായിക്കേ...”
മറുപടിയായി അവനൊന്ന് മന്ദഹസിച്ചതേയുള്ളു. അല്പസമയം എല്ലാവരും ചെറുകളിചിരികളുമായി തുടരുന്നതിനിടയിൽ മിലൻ ആദ്യമായെന്നവിധം സംശയഭാവത്തോടെ ഡിലീനയെ ഒന്നുനോക്കി. ഇതു ശ്രദ്ധിച്ച് അവളും തന്റെ കണ്ണുകൾ അവനായി വിട്ടുകൊടുത്ത് ഇരുന്നു.
//തുടരും...

