VACATION / PART 6
VACATION / PART 6
VACATION / PART 6
തുടർക്കഥ
Written by Hibon Chacko
©copyright protected
സമയം വൈകുന്നേരം കഴിഞ്ഞുതുടങ്ങിയിരുന്നു. തിരക്കേറിയതും എന്നാൽ, ഒഴിഞ്ഞൊരിടത്തായി കടലിനെ നോക്കി കൈകൾ നെഞ്ചിലായി മടക്കിക്കെട്ടി അനക്കമില്ലാതെ നിൽക്കുകയാണ് അനുപമ -ഡാർക്ക് മഞ്ഞ നിറമുള്ള കോട്ട് ധരിച്ചിരിക്കെ. അല്പനിമിഷം കഴിഞ്ഞതോടെ, ഇരുകൈകളിലും പുതിയ ഐസ്ക്രീമുമായി ഒരു യുവാവ്- ഷർട്ടും കാക്കി പാന്റും ബ്രൗൺ ഷൂസും ധരിച്ചിരിക്കെ അവളുടെ അടുത്തേക്ക്, പിന്നിൽനിന്നും -ഒരു കോണിൽനിന്നെന്നപോലെ അല്പം വേഗം നടന്നെത്തി.
“ഇതാ പിടിച്ചേ... നിന്റെ ഫേവറേറ്റ് കിട്ടി ഇന്ന്...”
അനുപമ ചെറുതായൊന്ന് മന്ദഹസിച്ചുകൊണ്ട്, തന്റെ ഇരുകൈ നീട്ടി അവനിൽ നിന്നുമത് വാങ്ങി. അവളെ നോക്കി, അവൻ തന്റെ ഐസ്ക്രീം ഒരുതവണ നുണഞ്ഞു -തെല്ലു പുഞ്ചിരിയോടെ, ഈ വാചകം പറഞ്ഞതിനുശേഷം.
“ഇന്ന് നിനക്ക് വൈകിട്ടാ ഡ്യൂട്ടി?”
അവൾ, കടലിനെയും അവനെയും മാറി-മാറി സാവധാനം നോക്കുന്നതിനിടയിൽ ചോദിച്ചു.
“ആഹ്, നൈറ്റാണ്. പക്ഷെ എപ്പോൾ വിളിച്ചാലും പോകേണ്ട സ്ഥിതിയാ.”
ഐസ്ക്രീം നുണഞ്ഞ് അവൻ മറുപടി നൽകി.
അല്പനിമിഷങ്ങൾ, കടലിന്റെ തിരമാലകളുടെ ശബ്ദം മാത്രമായിരുന്നു അവർക്കിടയിൽ. ഇടവിട്ടുള്ള ആളുകളുടെയും മറ്റും, ബഹളവും മറ്റുമൊക്കെ അവരിരുവരെയും ബാധിക്കുന്നുണ്ടായിരുന്നില്ല.
“ഞാനൊരു സത്യം പറയട്ടെ, നമ്മള് വീണ്ടും കണ്ടുമുട്ടുമെന്നോ...
ഇങ്ങനെയൊക്കെയുണ്ടാകുമെന്നോ... ഒന്നും ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല...”
തന്റെ ഐസ്ക്രീം ധൃതിയിലെന്നവിധം തീർക്കാറാക്കിയശേഷം ഒരുനിമിഷം പെട്ടെന്നവൻ പറഞ്ഞു. ഇതുകേട്ട് അവൾ, അവനെ നോക്കാതെ കടലിലേക്കുതന്നെ നോക്കിനിൽക്കെ മറുപടിയായി പറഞ്ഞു;
“അതിപ്പോ..., നിനക്ക് പോലീസുകാരനായാൽ മതിയായിരുന്നല്ലോ...
കുറേ കൊല്ലം പ്രേമിച്ച എന്നെ വേണ്ട...!”
ചെറുതായൊന്ന് തലകുനിച്ചശേഷം, അത് പൊക്കി മുഖത്ത് മന്ദഹാസം വരുത്തി പറഞ്ഞു അവൻ;
“അതു... അത് ആ സമയത്ത് അങ്ങനെയൊക്കെ ആയിപ്പോയി...
എന്താ ഞാൻ പറയുക,,... എനിക്കൊന്നും പറയാനില്ല...”
അവൾ പഴയപടി ഐസ്ക്രീം നുണഞ്ഞ് നിൽക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കടൽത്തിരകൾ ശക്തമായി വന്നുപോയിക്കൊണ്ടിരുന്നു.
“കഴിഞ്ഞതൊക്കെ കഴിഞ്ഞു...
ഇനിയിപ്പോൾ എന്താ നിന്റെ പ്ലാൻ?”
സൂര്യൻ അല്പംകൂടി മങ്ങിയതോടെ വേഗത്തിൽ ഐസ്ക്രീം പൂർണ്ണമായും കഴിച്ചശേഷം അവൾ മെല്ലെ ചോദിച്ചു, അവനെനോക്കി. തന്റെ ഐസ്ക്രീം വേഗത്തിൽ തീർത്ത് കൈകൾ പരസ്പരം കൊട്ടിക്കുടഞ്ഞശേഷം അവൻ പറഞ്ഞു;
“ഞാൻ കല്യാണം കഴിച്ചിട്ടൊന്നുമില്ലല്ലോ...
ധൃതിയൊന്നുമില്ല, ഐ ആം ടോട്ടലി ഫ്രീ!”
ശ്വാസം ചുണ്ടിലൂടെ അകത്തേക്ക് വലിച്ച് ഒരു ശബ്ദം പ്രകടമാക്കിയശേഷം, മുന്നോട്ട് നോക്കിനിൽക്കെത്തന്നെ അവൾ പറഞ്ഞു;
“എന്നാൽ ഞാൻ കല്യാണം കഴിച്ചിട്ടുണ്ട്...
എന്റെ കാമുകന്റെ കൈയ്യിലിരിപ്പ് കാരണം,,”
ഒന്നുനിർത്തി അല്പനിമിഷത്തിനകം അവൾ തുടർന്നുപറഞ്ഞു;
“... ഹുമ്, നിന്റെ കയ്യീന്നും ഞാൻ അനുഭവിച്ചു...
ഇപ്പോ വേറൊരുത്തന്റെകൂടി സൂക്കേട് ഞാൻ അനുഭവിച്ച് വരികയാ...”
ഒന്നുകൂടിയവൾ നിർത്തി, പിന്നെ പഴയപടിതന്നെ കൂട്ടിച്ചേർത്തു;
“... ഇഷ്ടപ്പെട്ടാൽ ആ ആളെത്തന്നെ കെട്ടണം,,
ഇല്ലേൽ എന്റെ അവസ്ഥയാകും.”
ഒന്നുകൂടി അവൾ നിർത്തിയശേഷം അവന്റെ മുഖത്തുനോക്കി പറഞ്ഞു;
“... നമ്മുടെ വില പോവുകയും ചെയ്യും...
ചെല്ലുന്നിടത്ത് നമുക്ക് വില കിട്ടുകയുമില്ല!”
ഉടനടിതന്നെ, കൈ പഴയപടി മടക്കിക്കെട്ടി നെഞ്ചിൽ വെച്ചുനിൽക്കുന്ന അവളോടായി, അവൻ തല ചെറുതായൊന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു;
“എന്റെ പോന്ന് അനൂ...
നീയീ കഴിഞ്ഞ ദിവസമൊക്കെ പറഞ്ഞതെല്ലാം...”
ഒന്നുനിർത്തിപ്പോയി ‘എല്ലാം’ എന്നൊരു ആംഗ്യം കൈകൾകൊണ്ട് അർത്ഥരഹിതമായി കാണിച്ചശേഷം അവൻ തുടർന്നു;
“എല്ലാം... നിന്നേക്കുറിച്ചുള്ളതെല്ലാം എനിക്കോർമ്മയുണ്ട്.
അതിനി മറന്നിട്ടൊരു പണിയും എനിക്കില്ല, ഉറപ്പ്...”
ഇത്രയുമായപ്പോൾ അവൾ ഭാവവ്യത്യാസമില്ലാതെ ഇടയ്ക്കുകയറി;
“ഇനി ഒരടി പിന്നോട്ട് വെക്കാൻ എനിക്ക് പറ്റില്ല...
ഞാൻ സ്വന്തമായെടുക്കുന്ന തീരുമാനം കൂടിയാ ഇത്.”
ദൃഢതയാർന്ന അവളുടെയീ വാചകങ്ങൾ കേട്ട് ഗ്രഹിച്ചെന്നവിധം അവൻ പറഞ്ഞു;
“യാദൃശ്ചികമായി നമ്മളിവിടെവെച്ചൊരു ദിവസം കണ്ടു...
അതിവിടെവരെയായി വീണ്ടും നമ്മൾ ഇഷ്ടം പുതുക്കി... ഇഷ്ടപ്പെട്ടു നമ്മൾ.”
ഒരുനിമിഷം ഒന്നു ചിന്തിച്ചശേഷംപോലെ അവൻ തുടർന്നുപറഞ്ഞു;
“ഇനിയെല്ലാം ഞാൻ നോക്കിക്കോളാം...
നീ വെറുതെ നിന്നുതന്നാൽ മാത്രം മതി... ഇനിയാരേയും ഒന്നിനേയും സഹിക്കേണ്ട.”
മറുപടിവാചകങ്ങൾ സ്വീകരിച്ചെന്നവിധം അവൾ, അവനിൽനിന്നും മുഖംമാറ്റി അതല്പം താഴേക്കാക്കി ഒന്നനങ്ങി നിന്നു.
“എന്റെ കാര്യമെല്ലാം ഞാൻതന്നെ കൃത്യമായി നോക്കിക്കോളാം.
വേറെയൊന്നും... ഒന്നും എനിക്കറിയേണ്ട. നമുക്ക് നമ്മുടെ കാര്യം, പോരെ...”
ഇങ്ങനെ ദൃഢമായി പറഞ്ഞശേഷം, ചോദ്യഭാവത്തിലവൻ അനുപമയ്ക്കുനേരെ നിന്നുപോയി. അപ്പോഴേക്കുമാണ് ഇരുട്ട് പരന്നുതുടങ്ങിയിരിക്കുന്നുവെന്ന് അവർ ഇരുവരും ശ്രദ്ദിച്ചുപോകുന്നത്. സൂര്യൻ ആഴിയിലേക്ക് അവസാനിക്കുന്നതിനെ ചിലയാളുകൾ എന്തൊക്കെയോ പറഞ്ഞ് അമ്പരക്കുന്നതും മറ്റും ലഘുവായിന്നവർക്ക് കേൾക്കാമെന്നായി.
“നിനക്കിനി... രണ്ടാമതൊന്ന് ആലോചിക്കണോ...,,
അന്നത്തേപോലെ?...”
അവളൊരു പ്രത്യേകഭാവത്തിൽ, അവന്റെ മുഖത്തുനോക്കാതെയിങ്ങനെ പറഞ്ഞു. മറുപടിയായി ഒരു പ്രത്യേകഭാവം വേഗത്തിൽ പ്രകടമാക്കിയശേഷം അവനവളെ തന്നോടുചേർത്തുകൊണ്ട് തിരികെനടക്കുവാൻ വഴിതെളിച്ചു. ഇങ്ങനെ പറഞ്ഞുകൊണ്ട്;
“നിന്നെ എന്നേക്കാൾ നന്നായി ആർക്കാണ് അറിയാൻ പറ്റുക അനൂ...
നടന്നേ നീ എന്റെ കൂടെ...”
ഇരുവരുമങ്ങനെ ചേർന്ന് ബീച്ചിൽനിന്നും പുറത്തേക്കെന്നവിധം നടന്നു. ചുവടുകൾ മുന്നോട്ടുപോകവേ അവൻ പുതിയൊരുഭാവത്തിൽ, ലഘുവായി അവളോട് പറഞ്ഞു;
“എല്ലാം നന്നായിട്ട് ആലോചിച്ചിട്ട്...
നിനക്കായി ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്...”
ഇതുകേട്ടപാടെ അവളവനെയൊന്ന് കൗശലത്തോടെ നോക്കി. ആ ഭാവത്തെ അംഗീകരിച്ചെന്നവിധമുള്ളൊരു ഭാവം, സ്വന്തം മുഖത്തവൻ തുടർന്നുകാണിച്ചു -മുന്നോട്ട് പോകവേ.
അല്പംകൂടി പരന്നിറങ്ങിയ ഇരുട്ടിനേയും ആളുകളുടെ തിരക്കിനെയും ബഹളത്തിനെയും ശ്രദ്ദിക്കാത്തവിധം മറികടന്ന് ഇരുവരും അവന്റെ പുതിയതെന്ന് തോന്നിക്കുന്നൊരു വാഹനത്തിനടുത്തേക്കെത്തി. അവളോട് കയറുവാൻ ആംഗ്യം കാണിച്ചശേഷം അവൻ കറങ്ങിച്ചെന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
വാഹനത്തിൽ ഇരുവരും ഭദ്രമായശേഷം, വാഹനം സ്റ്റാർട്ടാക്കി നിർത്തി പരിസരം മുൻപേ വീക്ഷിച്ചിരുന്നെന്നവിധം ലാഘവത്തോടെ മുന്നിലൊരിടത്തുനിന്നും ഒരു പഴക്കംതോന്നിക്കുന്ന റിവോൾവർ അവനെടുത്തു. അതിനെയൊന്ന് നോക്കി മന്ദഹസിച്ചശേഷം അവൾക്കുനേരെ നീട്ടി;
“ഇത് നീ എന്റെ വകയായി... അല്ലേൽ വേണ്ട, ഇത് നീ കൈയ്യിൽ വെച്ചോ...,,
എന്റെ ഉറപ്പാ ഇത്!”
അവൾ പരിസരം മറന്നവിധം അല്പനിമിഷം തനിക്കുനേരെ നീട്ടിയിരിക്കുന്ന റിവോൾവറിൽ നോക്കിയിരുന്നുപോയി, ചലനമറ്റ്.
“കാര്യങ്ങള് വഴിയേ നമുക്ക് പഠിക്കാം...
ഇതെന്റെയാ പഴയ കള്ളത്തോക്കാ... പിടിച്ചേ ഇത്..!”
പഴയപടിയിരിക്കെത്തന്നെ അവനിങ്ങനെ തുടർന്നുവെച്ചു. അവൾ സാവധാനമത് വാങ്ങിച്ച് സ്വന്തം കോട്ടിന്റെ ഉള്ളിലൊളിപ്പിച്ചു, ലാഘവത്തോടെ. പിന്നെയും അവൻ നോക്കിയിരിക്കുന്നത് മുഖമെടുക്കാതെ ശ്രദ്ധിച്ച അവൾ പറഞ്ഞു;
“എന്റെ സ്വഭാവം പറയാൻ പറ്റില്ല... തോന്നിയാൽ ഞാൻ നാളെ വരും...”
അതിലാഘവം കലർത്തിയ ദൃഢതയോടെ അവളിങ്ങനെ പറഞ്ഞുനിർത്തിയശേഷം തുടർന്നു ലഘുവായി;
“... എനിക്ക് ഇഷ്ടമുള്ളവരുടെ വർത്തമാനം മാത്രമേ ഞാൻ കേൾക്കൂ.”
തന്നെ നോക്കാതെ പറഞ്ഞയീ വാചകത്തിന് മറുപടിയെന്നവിധം ഗിയർ ഫസ്റ്റിലേക്കിട്ട് വേഗത്തിലവൻ വാഹനം മുന്നോട്ട് പായിച്ചു, അവിടെനിന്നും. അപ്പോഴേക്കും ഇരുട്ടും വെളിച്ചങ്ങളും തിരക്കുകളെ വിഴുങ്ങിനിന്നുതുടങ്ങിയിരുന്നു ഉദ്ദേശം പൂർണ്ണമായും.
7
സമയം ഉച്ചതിരിഞ്ഞു വൈകുന്നേരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കഫേയിൽ, ഭൂരിഭാഗവും ഗ്ലാസ്സുകൊണ്ട് നിർമ്മിതമായ ‘ഭിത്തി’ യോട് ചേർന്നുള്ള, രണ്ടുപേർക്കിരിക്കാവുന്ന കവറിൽ, രണ്ടാം നിലയിലായി അരുണും അവനഭിമുഖമായി നെറ്റിക്ക് മുകളിലേക്ക് മുടിയിൽ കൂളിംഗ് ഗ്ലാസ്സ് കയറ്റിവെച്ച് കടും വയലറ്റ് വസ്ത്രം ധരിച്ചതായി കാണാവുന്നൊരു യുവതിയും ഇരിക്കുകയാണ്. ഇരുവർക്കും, ഓർഡർ ചെയ്തിരുന്ന കോഫി വെയ്റ്റെർ എത്തിച്ചുനൽകി. അടുത്ത ആജ്ഞയ്ക്കായി കാത്തുനിന്ന വെയ്റ്റർക്ക് ‘അല്പസമയം കഴിഞ്ഞ്’ എന്ന ആംഗ്യം യുവതിയും ഒത്തഭാവം അരുണും കാണിച്ച് പറഞ്ഞയച്ചു. മങ്ങിക്കൊണ്ടിരിക്കുന്ന വെയിൽ ചെറുതായി ഗ്ലാസിനെ കടന്ന് അവരിരുവരിലും പതിച്ചുകൊണ്ടിരുന്നു.
//തുടരും...

