VACATION / PART 3
VACATION / PART 3
ഇത്തവണ പുരുഷൻ ഒപ്പംകൂടിയത് സ്വയം തലയാട്ടിയായിരുന്നു, മറുപടിയായി. ബാക്കി കാര്യങ്ങളിലേക്ക് കടക്കട്ടെയെന്ന് അറിയിച്ച് അങ്ങേ തലയ്ക്കൽ നിന്നും കോൾ കട്ടായി. സ്ത്രീയും പുരുഷനും കൂർമ്മതഭാവിച്ച് പരസ്പരം ഒന്നുകൂടി നോക്കിയശേഷം, മുന്നിലെ ചെറിയ ടേബിളിൽ അങ്കം കഴിഞ്ഞുകിടക്കുന്ന മൊബൈലിനെ അവഗണിച്ച് പരസ്പരം ഒരുമിച്ച് തങ്ങളുടെ പിന്നിലേക്ക്, ചെറിയ കാറ്റേറ്റ് അനങ്ങിയിരുന്ന വിൻഡോയുടെ വിരിപ്പിന്റെ നേർത്ത കീറലിലൂടെ പുറത്തേക്കെന്നവിധം, അരുണിന്റെയും അനുപമയുടെയും കെട്ടിടത്തിലേക്കെന്നവിധം നോക്കി.
“ഞങ്ങളെ അറിയാത്ത പിള്ളേരെ, ഞങ്ങളെ അറിയിക്കാതെ നിങ്ങള് വന്ന് പോ...”
ഇരുവരുടെയും മനസ്സിലങ്ങനെ ഒരുമിച്ച് മുഴങ്ങി.
3
അനുപമ മെല്ലെ, ഇരുട്ടിൽ കലർന്ന്, വഴിവിളക്കുകളുടെ സഹായത്തോടെ മുന്നോട്ട് നടന്നുവരികയാണ്. തന്നെ സംബന്ധിച്ച, തന്റെ ഇടത്തായുള്ള അവസാന വഴിവിളക്കിന്റെ വെളുത്ത വെളിച്ചവും സ്വീകരിച്ചശേഷം, റോഡിന് നടുവിൽ നിന്നും സഞ്ചാരം തന്റെ വലത്തേക്കാക്കി ചെറിയ മെയിൻ ഗേറ്റ് കടക്കുവാൻ ചിന്തിക്കുന്നതിനൊപ്പം അവിടെ ചുവന്ന കാർ പാർക്ക് ചെയ്തിട്ടിരിക്കുന്നത് അനുപമ ശ്രദ്ദിച്ചൊരു നിമിഷം അവിടെ നിന്നു. പിന്നെ അല്പം വേഗത്തിൽ, എന്നാൽ ഗേറ്റ് കടന്ന് അത് അത്യാവശ്യം ഭദ്രമായി ചാരിയശേഷം ലൈറ്റിന്റെ സാന്നിധ്യമുണ്ടായിരുന്ന രണ്ടാം നിലയിലേക്ക് ലക്ഷ്യംവെച്ചു അവൾ.
രണ്ടാം നിലയിലേക്കുള്ള ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ പടികൾ, വിവിധ നിറങ്ങളെ പ്രതിനിധീകരിക്കുംവിധമുള്ള വസ്ത്രങ്ങളുടെമേൽ ധരിച്ചിരുന്ന ഇറക്കമുള്ള മഞ്ഞ കോട്ട് കാരണമില്ലാതെ ഒന്നൊതുക്കിയിട്ട് പതിവിലും വേഗത്തിലെന്നപോലെ അനുപമ കയറിച്ചെന്നു- താഴത്തെ ഡോർ ചാരി ഭദ്രമാക്കിയശേഷം. പതിവിന് വിപരീതമായ രീതിയിൽ തുറന്നുകിടന്നിരുന്ന, രണ്ടാം നിലയിലെ റൂമിലേക്കുള്ള വാതിൽ കടന്നവൾ ഹാളിലേക്ക് എത്തിയതും അവിടെ മുന്നിലൊരിടത്തായി സോഫയിൽ ഡിലീനയും പപ്പയും അരുണും -അതിനെ അപേക്ഷിച്ച് ചെറുതായ മറ്റൊരു സോഫയിൽ അല്പം അകലത്തിലായി മിലനും മമ്മിയും വന്നുകേറിയപടി ഇരിക്കുകയാണ്. അതേപോലൊരു സോഫ ഒഴിഞ്ഞ് അല്പം മാറി കിടന്നിരുന്നു.
തന്നെ കണ്ടപാടെ എല്ലാവരുംകൂടി നോക്കിയതോടെ, എല്ലാവരെയും ഒരേനിമിഷത്തിൽ പരിഗണിച്ച് വേഗത്തിൽ പപ്പയുടെ മുന്നിൽ മുട്ടുകുത്തി പിന്നോട്ടാഞ്ഞിരുന്ന് സന്തോഷം പ്രകടമാക്കി തന്റെ ഇരുകൈകളും, പപ്പയുടെ കൈകളും മറ്റുമായി കോർത്തുകൊണ്ട് അനുപമ പറഞ്ഞു;
“എന്താ പപ്പാ, എത്ര നാളായി...
എന്താ വിളിക്കാതെ വന്നത്...?!”
മകളുടെ, പിണക്കഭാവം നടിച്ച് അവസാനിച്ച വാചകത്തിന് മറുപടിയായി, തന്റെ ഇരുകൈകളുമെടുത്ത് അവളെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു;
“ഓഹ്, എന്നാത്തിന്...
എനിക്കെന്താ പറയാതെ നിന്റെയടുത്തേക്ക് വരത്തില്ലേ...”
ഒരു പ്രത്യേകസ്വരത്തിലാണ് അയാളിങ്ങനെ പറഞ്ഞത്, ഒപ്പം മന്ദഹാസത്തോടെ മറ്റെല്ലാവരെയും മുഖംകാണിച്ചു.
“ഞങ്ങള് നിന്റെയടുത്തേക്കല്ലേടീ വന്നത്!
വേറെ എങ്ങോട്ടേലും ആണോ... അനൂ...,,”
ഉടനടിതന്നെ ചിരികലർപ്പിച്ച് മമ്മിയുടെ വാചകങ്ങളിങ്ങനെ എത്തി. അനുപമ അവിടേക്കൊന്ന് നോക്കി ചിരിച്ചെന്തോ പറയുവാൻ തുനിഞ്ഞത് വേണ്ടെന്നുവെച്ച് ഡിലീനയെ എതിറേറ്റു- പഴയപടിയിരിക്കെത്തന്നെ ഒരുകൈ താടയ്ക്കുകൊടുത്തശേഷം;
“ഓഹ്, നീയൊക്കെയങ്ങ് വലിയ ആളായിപ്പോയല്ലോ...
നിനക്ക് അവധിയാണോ?”
ചിരിപടർത്തിയ മുഖംകൊണ്ടീ വാചകത്തെ വരവേറ്റശേഷം ഡിലീന, സോഫയിലിരുന്നുതന്നെ ഭാവം മാറ്റാതെ ‘അതെ’ എന്ന് മുഖംകൊണ്ട് ആംഗ്യംകാണിച്ചു.
അനുപമയുടനെ എഴുന്നേറ്റശേഷം, ഇതെല്ലാം നോക്കിക്കൊണ്ടിരുന്നിരുന്ന -എല്ലാവർക്കും കാണുവാനായി മാത്രം മുഖത്ത് ചിരി ഒട്ടിച്ച് ഇരുന്ന അരുണിനെ ഒന്നുനോക്കിയശേഷം പൊതുവായി, ഒന്നുകറങ്ങിയനങ്ങി പറഞ്ഞു;
“എല്ലാവരും വന്നപടി ഇരിക്കുവാണോ...
നമുക്ക് പുറത്തുപോയി വല്ലതും കഴിച്ചാലോ...,”
ഉടനെതന്നെ സോഫയിൽ ഇരുന്നിടത്തുനിന്നും തന്നെക്കൊണ്ടാവുംവിധം വേഗത്തിൽ എഴുന്നേറ്റ് അവൾക്കെതിരെ നിന്നശേഷം പപ്പ പറഞ്ഞു;
“എന്റെ പൊന്നുമോളേ, ഞങ്ങളുടെ വയറ് ഫുൾ ആണ്.
രാത്രിയല്ലേ, ഒന്ന് കിടക്കുവാനുള്ള സ്ഥലം മാത്രം നീ തന്നാൽ മതി.”
ചെറുതായൊന്ന് വാ തുറന്നുപോയ അവൾ, തലതിരിച്ച് മമ്മിയെ നോക്കി.
“എന്റെ അനൂ, വേഗം...
ഞങ്ങളെ നോക്കിനിൽക്കാതെ പോയി കിടന്നുറങ്ങ് എന്നിട്ട്...”
അനുപമ വേഗം ഒരുവട്ടം കറങ്ങിയപോലെ തിരിഞ്ഞുനോക്കിയശേഷം താൻ നിൽക്കുന്നതിന്റെ വലതുവശത്ത് പിറകിലെ മൂലയ്ക്കുള്ള അടഞ്ഞുകിടക്കുന്ന റൂം കാണിച്ചുകൊണ്ട് പറഞ്ഞു;
“പപ്പയും മമ്മിയും അവിടേക്ക് പൊയ്ക്കോ.
ഞാൻ ദേ വരുന്നു.”
ശേഷം അല്പം തലതിരിച്ച്, എഴുന്നേറ്റ് നിന്നിരുന്ന ഡിലീനയോട് പറഞ്ഞു;
“നീയും... ഹമ്... തത്കാലം അവിടെയൊന്ന്
അഡ്ജസ്റ്റ് ചെയ്യണം...”
അവളൊന്നുകൂടി, ഇങ്ങനെ പാതിനിർത്തി തല എതിരേക്ക് തിരിച്ച് മിലനിനോടായി പറഞ്ഞു;
“എടാ നിന്റെ തട്ടകം താഴെ... നിന്റെ സ്വന്തം മുറി.
ഞാൻ നിന്നെ ആനയിക്കണോടാ!?”
ഇങ്ങനെയവനോട് നിർത്തി അവളൊന്ന് ചിരിച്ചു. മിലൻ ചിരി മറുപടിയായി, സമ്മതഭാവത്തിൽ നടിച്ച് തന്റെ ലഗ്ഗേജും കഴുത്തിൽ ഹെഡ്സെറ്റുമായി ഹാളിൽനിന്നും, കിച്ചണിന്റെ അരികിലൂടെ താഴത്തെ നിലയിലേക്കുള്ള സ്റ്റെയറിലൂടെ ഇറങ്ങാനുള്ള ഭാവത്തിൽ നടന്നു.
“... എടീ നാളെ നിനക്ക് താഴെയൊരു റൂമുണ്ട്.
അത് റെഡിയാക്കാം... നാളെ.”
ഡിലീനയോട് മുഴുമിപ്പിച്ചിങ്ങനെ പറഞ്ഞശേഷം അനുപമ അവളെ തന്റെ പപ്പയുടെയും മമ്മിയുടെയും ഒപ്പത്തിലേക്കൊന്ന് മൃദുവായി തള്ളി.
“മോൻ കഴിച്ചതാണല്ലോ അല്ലേ..”
ഒരിക്കൽക്കൂടി ഉറപ്പുവരുത്തുംവിധം, തന്റെയടുത്ത് എഴുന്നേറ്റ് നിന്നിരുന്ന അരുണിനോട് ഇങ്ങനെ ചോദിച്ചു പപ്പ.
“അതെ പപ്പാ. ഞാൻ കഴിച്ചിരുന്നു.”
അരുണിന്റെയീ ഭാവ്യതകലർന്ന മറുപടിയ്ക്കുശേഷം, മാറ്റൊന്നിനുമിനി തുനിയേണ്ടെന്നഭാവത്തിൽ തന്റെ ലഗ്ഗേജുമായി അനുപമ പറഞ്ഞിരുന്നതനുസരിക്കുന്നതിലേക്ക് തുനിഞ്ഞു പപ്പ. ഇത് മാനിച്ചെന്നവിധം, ഒരേപോലെതന്നെ ഡിലീനയും മമ്മിയും ഒപ്പംകൂടി.
താഴത്തെ നിലയിലെ ഒരുമുറി തുറന്ന് മിലൻ കയറുന്നശബ്ദം കേട്ടുകൊണ്ടിരിക്കെ അരുണിനെയൊന്നുകൂടി കാരണമില്ലാതെ നോക്കിപ്പോയ അനുപമ, തങ്ങളുടെ റൂം ലക്ഷ്യമാക്കി നടക്കുന്ന മൂവരെയും അനുഗമിച്ചു. ഓരോരുത്തരായി റൂമിലേക്ക് കയറുന്നത് നോക്കിനിൽക്കേണ്ടിവന്ന അരുൺ വളരെ നേർപ്പിച്ചൊരു ശ്വാസം വിട്ടു.
“നീയിതെങ്ങോട്ടേക്കാ, പോയി കിടന്നേ...”
റൂമിൽനിന്നും ഉടൻ പപ്പയുടെ ഉച്ചത്തിലുള്ള ഈ വാചകങ്ങൾ മുഴങ്ങി, അനുപമയോടെന്നവിധം.
“ഇവിടെയെല്ലാം ഞങ്ങള് നോക്കിക്കോളാം.. നീ പോ.
ബാക്കിയെല്ലാമിനി നാളെ.”
ഒപ്പംതന്നെ മമ്മിയുടെ ശബ്ദവും റൂമിൽനിന്നും ധൃതിയിൽ മുഴങ്ങി.
“അരുണേ മോനേ, ഇവളെ അങ്ങ് പിടിച്ചോണ്ട് പൊയ്ക്കോ വേഗം.”
ഒട്ടും അമാന്തിക്കാതെ പപ്പയുടെ ശബ്ദം അല്പംകൂടി ഉച്ചത്തിൽ മുഴങ്ങി, അരുൺ കേൾക്കുവാനെന്നവിധം.
അടുത്തനിമിഷംതന്നെ അനുപമ റൂമിന് വെളിയിലേക്കിറങ്ങി, ഒരിക്കൽക്കൂടി അകത്തേക്ക് നോക്കി. അകത്തുനിന്നും അല്പനിമിഷം, ഡിലീന എന്തോ അശ്വസിപ്പിക്കുംവിധം പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു വളരെ നേർത്ത് -അനുപമയോട്. ഇരുവരും കൈകൾകൊണ്ട് പരസ്പരമെന്തൊക്കെയോ വിക്രിയകൾ കാണിച്ചശേഷം, അനുപമ തിരിഞ്ഞു. ആ റൂം അകത്തുനിന്നും ചാരപ്പെട്ടു, പൂട്ടിയപടി.
അവൾ ഒരുനിമിഷം, അവിടേക്ക് നോക്കിനിന്നിരുന്ന അരുണിനെ നോക്കി. ശേഷം താഴത്തെ ഇരുട്ടുനിറഞ്ഞ ഹാളിലേക്കും.
“എല്ലാവരും കിടന്നു. ദേ...
നമുക്ക് ഉറങ്ങേണ്ടേ ഇന്ന്!”
നേരെനിന്ന് അരുണിനോടായവൾ ഇങ്ങനെ പറഞ്ഞു, അല്പം ഉച്ചത്തിൽ പ്രകടനപരമായി. രണ്ടുനിമിഷം നിശബ്ദനായങ്ങനെ അവളെനോക്കി നിന്നശേഷം ഇരുകൈകളും പരസ്പരം കോർപ്പിച്ച്, കൈയ്യല്പം മടക്കിപ്പിടിച്ച് വയറിനോട് ചേർത്ത് ചെറുതായൊന്നനങ്ങിക്കൊണ്ട് അരുൺ മറുപടിയെന്നവിധം പറഞ്ഞു;
“വേണ്ട, നമുക്കിന്ന് ഉറങ്ങാതെയിരിക്കാം...
ഒന്നു വേഗം വാ, രാത്രി എത്രയായെന്നാ.”
ഇതുമല്പം പ്രകടനപരവും, ഉച്ചത്തിലുമായിരുന്നു അരുൺ പുറപ്പെടുവിച്ചത്. അനുപമ അനുബന്ധമെന്നവിധം തന്റെ ഇടത്തായുണ്ടായിരുന്ന കൈവരിയിൽ, ഇടതുകൈവിരലുകളോടിച്ച് അരുണിന്റെ വശത്തായുള്ള തങ്ങളുടെ റൂം ലക്ഷ്യമാക്കി.
അവൾ അടുത്തെത്തിയതോടെ, റൂമിലേക്ക് പോകുന്നവഴി ഹാളിലെ ലൈറ്റ് ഓഫാക്കിയശേഷം അരുൺ, റൂമിന്റെ പടികടന്നു. അവൾ തൊട്ടുപിന്നിൽ ഒന്നുകൂടി പിറകിലേക്ക് തിരിഞ്ഞുനോക്കിയശേഷം ഇരുട്ട് വകവെയ്ക്കാതെ അതിൽനിന്നും റൂമിലേക്ക് കടന്നു. അരുൺ ഉടനെതന്നെ ബെഡ്ഡിൽ കയറിക്കിടന്നു, മലർക്കെ ഒരുകാൽ അല്പം മടക്കി ഒരുകൈ മടക്കി നെറ്റിക്ക് വട്ടംവെച്ച്. റൂമിലെ ലൈറ്റ് വേഗത്തിൽ ഓഫ് ചെയ്തശേഷം തന്റെ കോട്ട് സാവധാനം ഊരി ഒരിടത്തേക്കിട്ടു അനുപമ. ശേഷം മുടിയഴിച്ചിട്ട് അവനടുത്തായി മലർക്കെത്തന്നെ ബെഡ്ഡിൽ അവളും കിടന്നു.
പുറത്ത് ഹാളിൽ, മെയിൻ ഡോർ ഇരുട്ടിനെ കൈമാറ്റം ചെയ്തുകൊണ്ട് പഴയപടി തുറന്നുതന്നെ കിടക്കുകയായിരുന്നു.
//തുടരും...

