Hibon Chacko

Drama Romance

4  

Hibon Chacko

Drama Romance

ഉപേക്ഷ (ഭാഗം-9)

ഉപേക്ഷ (ഭാഗം-9)

3 mins
192


അടുത്ത നിമിഷം അവളുടെ ഫോൺ ശബ്ദിച്ചു. അപ്പോഴാണ് നേരം ഇരുട്ടിയിരിക്കുന്നുവെന്നതവൾ ഗൗനിച്ചത്!


“നന്ദൂ, എവിടെയായി നീ...? വണ്ടിയുമായി വരണോ ഞങ്ങൾ...?”

കോളിൽ ഹരികൃഷ്ണന്റെ ശബ്ദമായിരുന്നു. 

“ഇല്ല, ഞാൻ ദേ എത്താറായി. വണ്ടി എടുക്കുന്ന നേരം മതിയെന്നേ.”


അവൾ നടത്തം വേഗത്തിലാക്കി മറുപടി പറഞ്ഞു, തനിക്കെതിരെ നടന്നു മാറുന്ന ആളുകളെ ഗൗനിക്കുവാൻ സാധിക്കാതെ. താൻ വല്ലാതെ നനഞ്ഞിരിക്കുന്നതായി അവൾക്ക് അപ്പോഴാണ് അനുഭവപ്പെട്ടു തുടങ്ങിയത്.


>>>>>


“എടീ നിന്നോട് പറഞ്ഞായിരുന്നോ?”


വർക്കിനിടയിൽ ഉച്ചഭക്ഷണം കഴിക്കുവാൻ തരംകിട്ടിയ സമയം ജയന്തി നന്ദനയോടായി ചോദിച്ചു. നന്ദനയാകട്ടെ, ഊണുകഴിച്ചു കൊണ്ട് അവളെ തിരികെ നോക്കി നെറ്റിചുളുപ്പിച്ചു. 


“എന്നോട്... ചേട്ടൻ പറഞ്ഞതാ കേട്ടോ, നമ്മുടെ പ്രവീണിന് ബ്ലഡ്‌-ക്യാൻസർ സ്ഥിരീകരിച്ചു. രണ്ടു ദിവസം മുൻപ്!ഇന്നലെയാ ചേട്ടൻ അറിഞ്ഞെന്നോട് പറയുന്നത്!”


എങ്ങനെയോ, ആ നിമിഷം നന്ദനയ്ക്ക് താൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം മതിയാക്കണം എന്നായി. അവൾ ആ നിമിഷം തന്നെ ചിന്തകളിലേക്ക് വഴുതി. 


“അവിടേക്കൊക്കെ ഒന്ന് ഇറങ്ങിയിട്ട് കുറച്ചായല്ലോ!?കാര്യം പറഞ്ഞാൽ അയല്പക്കമാ... നീയെന്താ കഴിക്കുന്നില്ലേ!?”

ശാന്തമായി തുടങ്ങി, നന്ദനയെ നോക്കി നെറ്റിചുളുപ്പിച്ചു ജയന്തി ഇങ്ങനെ പറഞ്ഞു നിർത്തി. 


“എനിക്ക് മതിയായി. വിശപ്പ് പോയി...”

ഇങ്ങനെ പറഞ്ഞു കൊണ്ട് നന്ദന താൻ ഇരുന്നിടത്തു നിന്നും, കൈയ്യിൽ പറ്റിയ ചോറുമണികൾ പാത്രത്തിലേക്ക് കുടഞ്ഞു കൊണ്ട് എഴുന്നേറ്റു. 


ഊണിനു ശേഷം മുഖംകഴുകി, ബാത്റൂമിൽ നിന്നും ഇറങ്ങിവന്ന നന്ദനയെ വരവേറ്റത് പ്രവീണിന്റെ വളരെ കാലംകൂടിയുള്ള ഫോൺകോൾ ആയിരുന്നു. അല്പനിമിഷം എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നു പോയി. ജയന്തിയും മറ്റുള്ളവരും വർക്കിലേക്ക് തിരിഞ്ഞിരുന്ന ആ സമയം അവരുടെ കാൺകെ അല്പം ദൂരെയായി നിൽക്കെ നന്ദന കോൾ അവസാന നിമിഷം അറ്റൻഡ് ചെയ്തു. 


“നന്ദനാ....”


അവളുടെ ചെവിയിലേക്ക് സാവകാശം ഇങ്ങനെ പ്രവീണിന്റെ സ്വരമെത്തി. മറുപടിയായി അവൾ അനങ്ങിയില്ല. ഒന്ന് നിശ്വസിച്ചെന്ന പോലെ അവൻ അല്പസമയശേഷം തുടർന്നു;

“ഹാഹ്... ഒരുപാട് നാളായല്ലോ വിളിച്ചിട്ടും കണ്ടിട്ടും! എനിക്ക് തീരെ വയ്യ... എല്ലാത്തരത്തിലും. ഹഹ്, ഇത്‌... പറയാനാ വിളിച്ചത്, പറയണ്ട എന്ന് വിചാരിച്ചു, പക്ഷെ... പറ്റിയില്ല...”


ഒന്നു നിർത്തി, മടികൂടാതെയെന്ന പോലെ അയാൾ തുടർന്നു;

“എനിക്ക് ബ്ലഡിൽ ക്യാൻസർ ആണ്. രണ്ടു ദിവസമായി... ഡോക്ടർ ഉറപ്പിച്ചിട്ട്! മൂന്നുനാലു മാസമായി ലക്ഷണങ്ങൾ ഉണ്ടായിരുന്നു നന്നായി. 

ഈ പണിയല്ലേ ചത്തു കിടന്ന്, ആദ്യം ഗൗനിച്ചില്ല. പിന്നെപ്പിന്നെ ചെറിയ സംശയങ്ങൾ എന്നെ അലട്ടിത്തുടങ്ങി. അതിങ്ങനെ കലാശിച്ചു നിൽക്കുന്നു.”


അവൾ അല്പനിമിഷം നിശ്ചലയായിരുന്നു. പിന്നെ ചോദിച്ചു പോയി;

“പ്രവീൺ... പ്രവീൺ ഇപ്പോൾ എവിടെയാ!”

ശാന്തമായിത്തന്നെ മറുപടി എത്തി;

“ഞാനിപ്പോൾ വീട്ടിൽ കിടപ്പാണ്... വയ്യ തീർത്തും. മനസ്സും ആകെ തളർന്നു. കുറച്ചുദിവസത്തിനകം ചെന്ന് അഡ്മിറ്റാകുവാൻ 

പറഞ്ഞിരിക്കുകയാ ഡോക്ടർ.”


അവനിങ്ങനെ നിർത്തിയതും നന്ദന അറിയാതെ ശബ്ദിച്ചു;

“ഞാൻ...”

അപ്പോഴേക്കും അവൻ മനഃപൂർവ്വമെന്നവണ്ണം ഇടയ്ക്കുകയറി;

“നന്ദനാ, എനിക്കേറ്റവും വിഷമം... എന്നെയേറ്റവും വിഷമിപ്പിക്കുന്നത് എന്താണെന്ന് അറിയാമോ!?”


ഒന്നുനിർത്തി അവൻ തുടർന്നു;

“അവളുടെയും പിള്ളേരുടെയും എന്നോടുള്ള സ്നേഹവും അതിനുമപ്പുറത്തുള്ള അവരുടെ സങ്കടവും! എനിക്കിപ്പോൾ... 

എനിക്കിപ്പോൾ ലജ്ജയാണ് നന്ദനാ എല്ലാത്തിനോടും! എന്റെ ഭാര്യയെയും പിള്ളേരെയും ഒരുനോക്ക് നോക്കുവാൻ പോലും 

എനിക്കിപ്പോൾ ലജ്ജയാണ്. എന്നെയറിയാതെയുള്ള അവരുടെ സ്നേഹത്തിനും വിഷമത്തിനും മുൻപിൽ ഞാനെന്ത് ചെയ്യും!?”


അവൻ ഒരിക്കൽക്കൂടി നിർത്തി, നന്ദനയാകട്ടെ ഇവയെല്ലാം ഗ്രഹിച്ചുവരുന്നെന്ന പോലെ ചലനമറ്റു നിന്നു. അവൻ തുടർന്നു;

“ഞാനിപ്പോൾ സംശയിക്കുന്നത്, എന്റെ ജീവൻ പോകുവാൻ പോകുന്നതോ അതോ എനിക്ക് ചുറ്റുമുള്ളവർ എന്നെ സ്നേഹിക്കുന്നതോ ആണ്... ഇവയിലേതാണ് എനിക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ എന്നതാണ്. 

ഞാൻ... ഞാനൊരുപാട് വഴുതിപ്പോയിരുന്നു നന്ദനാ...”


ഇത്രയും പറഞ്ഞു അവൻ കരഞ്ഞു. അപ്പോഴേക്കും നന്ദനയ്ക്ക് എന്തെങ്കിലും മറുപടി പറഞ്ഞേ തീരൂ എന്ന അവസ്ഥയായി;

“പ്രവീൺ... എന്തായിത്, ഇങ്ങനെയൊക്കെ പറയാതെ നീ...”

നന്ദനയെ ഗൗനിക്കാനാവില്ലയെന്നവണ്ണം അവൻ വീണ്ടും തുടർന്നു;

“ഇനിയിപ്പോൾ ബാക്കി, ഇതുപോലെ... എന്നിൽ ദഹിക്കുവാനാകാത്തത് ഛർദ്ദിച്ചു കളഞ്ഞശേഷം എനിക്ക് മരിക്കാം എന്നതാകും...അല്ലേ നന്ദനാ...!?”


നന്ദനയുടെ ഹൃദയത്തിനാകെ നല്ല ഭാരം അനുഭവപ്പെട്ടു തുടങ്ങി. അവൾ പറഞ്ഞു;

“പ്രവീൺ, നീ പറയുന്നത് കേൾക്ക്...ഇങ്ങനെയൊക്കെ പറയാതെ, നീ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ചികിത്സക്കുള്ളത് നോക്ക് വേഗം...

തളർന്നു പോകാതെ...”


 ഇത്രയുമൊന്ന് ഒപ്പിച്ചുപറഞ്ഞപ്പോഴേക്കും മറുപടിയെന്നവണ്ണം ഒരു അട്ടഹാസത്തോടെ പ്രവീൺ കോൾ കട്ട്‌ ചെയ്തു. നന്ദന തന്റെ ഫോണുമേന്തി ചുണ്ടുകൾ പരസ്പരം കടിച്ചു അവിടെയൊരിടത്ത് ഇരുന്നു പോയി. എന്താണ് ചിന്തിക്കേണ്ടത് എന്നായി അവളുടെ ആലോചന, ആ സമയം. 


“എന്താടീ നന്ദനാ... എന്തുപറ്റി നിനക്ക്... വയ്യേ...!?”

നന്ദനയുടെ ഇരിപ്പു കണ്ട് ഇങ്ങനെ പറഞ്ഞു കൊണ്ട് എത്തിയതായിരുന്നു ജയന്തി. ഒന്നുമില്ലയെന്നമട്ടിൽ ജയന്തിയെ നോക്കാതെ തന്നെ നന്ദന തലയാട്ടിക്കാണിച്ചു. 

“വയ്യേൽ നീ വാ... റസ്റ് റൂം വല്ലതും ഉണ്ടോന്ന് തപ്പാം. അല്പം കിടന്നോ, 

കുറച്ചു കഴിഞ്ഞു ഒരു ചായകുടിക്കാം. അപ്പോൾ ക്ഷീണമങ്ങു മാറും... 

ഈ വെയിലും ചൂടുമല്ലേടീ... ഇങ്ങനെയായില്ലേലേ അത്ഭുതമുള്ളൂ!”


 മറുപടിയായി, അർത്ഥമില്ലാത്തതരത്തിലൊന്ന് നന്ദന നിശ്വസിച്ചു. പിന്നെ പറഞ്ഞു; 

“വയ്യെടീ... റസ്റ് റൂമുകൊണ്ടൊന്നും ഒന്നുമാവില്ല! തല്ക്കാലം നീയിവിടെ ഇത്തിരി ഇരിക്ക്... ഞാനുടനെ എണീക്കില്ല ഇവിടുന്ന്!”

ഉടനെ ജയന്തി പറഞ്ഞു;

“ഒരുകാര്യം ചെയ്യ്... ഞാനെന്റെ ബാഗ് എടുത്തു കൊണ്ടു വരാം. അതിൽ വെള്ളം ഉണ്ട്, അതിത്തിരി കുടിക്ക്. ഞാനും ഇരിക്കാം.”

ജയന്തി ബാഗെടുക്കുവാനായി മെല്ലെ നടന്നകലുന്നത് നന്ദന നോക്കിയിരുന്നു. 


തുടരും...


Rate this content
Log in

Similar malayalam story from Drama